സ്ത്രീവിരുദ്ധസമൂഹമെന്ന ധാരണകളെ തിരുത്തിക്കുറിക്കാനെന്നവണ്ണം വികസനോന്മുഖമായ നടപടികളിലേക്ക് കടക്കുകയാണ് സൌദി അറേബ്യ. രാജ്യത്തെ തൊഴിൽപരിഷ്കരണം ലക്ഷ്യമിടുന്ന പദ്ധതിയിലാണ് സ്ത്രീകളുടെ പങ്കാളിത്തം കൂട്ടാനുള്ള ശ്രമം. സൌദി വിഷൻ 2030 എന്ന പദ്ധതിയിലൂടെയാണ് സ്ത്രീകളെ മുഖ്യധാരയിലെത്തിക്കുക എന്ന ആശയം അധികൃതർ മുന്നോട്ടുവയ്ക്കുന്നത്. ക്രൂഡ് ഓയിലിനെ മാത്രം ആശ്രയിച്ചുള്ള സാമ്പദ്‌വ്യവസ്ഥയിൽ നിന്ന് മാറാനുള്ള ശ്രമത്തിലാണ് സൌദി അറേബ്യ. അടുത്ത 15 വർഷം കൊണ്ട് ഇത് സാധ്യമാകും എന്നാണ് സൌദി ഭരണകൂടത്തിന്റെ വിലയിരുത്തൽ. സുസ്ഥിരമായ സാമ്പത്തികവളർച്ച ലക്ഷ്യമിടുമ്പോൾ സ്ത്രീകളുടെ പങ്കാളിത്തം നിർണായകമാകും എന്ന തിരിച്ചറിവിലാണ് രാജ്യം. സൌദിയിൽ നിലവിൽ 22 ശതമാനം മാത്രമാണ് തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തം. ഇത് മുപ്പത് ശതമാനമാക്കി ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് യുവരാജാവ് മുഹമ്മദ് ബിൻ സൽമാന്റെ പ്രതിനിധി അറിയിച്ചു. 12 ശതമാനത്തോട് അടുത്ത് നിൽക്കുന്ന തൊഴിലില്ലായ്മ പദ്ധതിയിലൂടെ 7 ശതമാനമാക്കാൻ സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്. ഡിജിറ്റിൽ സാങ്കേതികവിദ്യ ഇക്കാര്യത്തിൽ സൌദിക്ക് തുണയാകും. ലോകമെങ്ങും സ്ത്രീകളെ ലിംഗസമത്വത്തിലൂടെ മുഖ്യധാരയിലേക്ക് ഉയർത്താൻ ഡിജിറ്റൽ സാങ്കേതിക തൊഴിൽ മേഖല സഹായിക്കുന്നു എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. തൊഴിലിനായുള്ള തയ്യാറെടുപ്പുകൾ നടത്താനും ജോലി കണ്ടെത്താനും ഡിജിറ്റൽ വഴി തേടുകയാണ് ഇന്ന് കൂടുതൽ സ്ത്രീകൾ. വികസിത, വികസ്വര രാജ്യങ്ങളിൽ ഇത് വൻ മാറ്റങ്ങൾക്ക് കാരണമാകും. അടുത്ത 50 വർഷത്തിനുള്ളിൽ തൊഴിലിടങ്ങളിലെ ലിംഗസമത്വം എന്ന നേട്ടം പൂർണമായും കൈവരിക്കാനാകും എന്നാണ് വിലയിരുത്തൽ