സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കോടതിസംരക്ഷണം മനുഷ്യാവകാശലംഘനമാകരുത്ഃ ശാസ്ത്ര സാഹിത്യ പരിഷത്

വിമെന്‍പോയിന്‍റ് ടീം

ഇക്കഴിഞ്ഞ മെയ് 24ന്  കേരളഹൈക്കോടതി കോട്ടയം ജില്ലയിലെ വൈക്കത്തുള്ള ഇരുപത്തിനാലുവയസ്സുകാരിയായ യുവതിയെ അച്ഛന്റെ സംരക്ഷണത്തിന് വിട്ടുകൊണ്ട് ഉത്തരവിടുകയുണ്ടായി. യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും തുടര്‍ന്ന് വിവാഹം കഴിപ്പിക്കുകയും ചെയ്തുവെന്നാണ് വിധിയില്‍ പറഞ്ഞിരിക്കുന്നത്. വിവാഹം അസ്ഥിരപ്പെടുത്തിയതായി പ്രഖ്യാപിച്ച കോടതി നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാനും ഉത്തരവിട്ടിട്ടുണ്ട്. വിഷയം മതമായതിനാല്‍ യുവതിക്കും അവരുടെ വീട്ടുകാര്‍ക്കും സംരക്ഷണമെന്ന പേരില്‍ ഒരുക്കിയിരിക്കുന്നത് കടുത്ത വീട്ടുതടങ്കല്‍ തന്നെയാണ്. 
ഇരുപത്തിനാലുവയസ്സുകാരി ഒരു കൊച്ചുപെണ്‍കുട്ടിയല്ല. സ്വന്തം നിലയ്ക്ക് ചിന്തിച്ച് തീരുമാനം കൈക്കൊള്ളാന്‍ ശേഷിയുള്ള വിദ്യാസമ്പന്നയായ യുവതിയാണ്. അവര്‍ക്ക് മറ്റുള്ളവരുമായി സംസാരിക്കാന്‍പോലും അനുവാദമില്ലായെന്നും പോലീസ് ബന്തവസ്സിന്റെ പശ്ചാത്തലത്തില്‍ ഒരുവ്യക്തിക്ക് ലഭിക്കേണ്ട സാധാരണ മനുഷ്യാവകാശങ്ങള്‍പോലും ലംഘിക്കപ്പെടുന്നതായും അറിയാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ പ്രസ്തുത പ്രശ്‌നം നേരിട്ട് മനസ്സിലാക്കുന്നതിനായി കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ജനറല്‍ സെക്രട്ടറി ടി.കെ.മീരാഭായിയുടെ നേതൃത്വത്തില്‍ ഒരു സംഘം അവിടെയെത്തുകയും പോലീസിന്റെ സഹകരണത്തോടെ തന്നെ യുവതിയെ കാണാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങള്‍ക്കുണ്ടായ അനുഭവം ഇപ്രകാരമായിരുന്നു. വീടിനുചുറ്റും ടെന്റുകളിലായി പോലീസുകാര്‍ താമസിക്കുന്നുണ്ട്. വീട്ടിലേക്ക് തിരിയുന്ന വഴിയിലും ഗെയ്റ്റിലും പോലീസുകാര്‍ നിലയുറപ്പിച്ചിട്ടുണ്ട്. യുവതിയോടൊപ്പം മൂന്ന് വനിതാപോലീസുകാര്‍ പൂര്‍ണസമയവും അവരുടെ മുറിയില്‍ തന്നെ കഴിയുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. യുവതിക്ക് മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിനോ മറ്റാരെയും കാണുന്നതിനോ അനുവാദമില്ലെന്നും അറിയാന്‍ കഴിഞ്ഞു. യുവതിയുടെ അച്ഛന്റെ അനുമതി ലഭിക്കാത്തതിനാല്‍ യുവതിയെ നേരിട്ട് കാണുന്നതിന് ഞങ്ങള്‍ക്ക് സാധിച്ചില്ല. 
ഈ സാഹചര്യത്തില്‍ മനുഷ്യാവകാശകമ്മീഷനും വനിതാകമ്മീഷനും വേണ്ടിവന്നാല്‍ ഹൈക്കോടതി തന്നെയും പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും യാതൊരുവിധത്തിലും കോട്ടം വരുന്നില്ലായെന്ന് ഉറപ്പുവരുത്തണമെന്നും ശാസ്ത്രസാഹിത്യപരിഷത്ത് അഭ്യര്‍ഥിക്കുന്നു.    


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും