മറ്റൊരു നവോത്ഥാനത്തിന് കളമൊരുക്കുവാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം ഏറെ പ്രതീക്ഷയോടെയാണ് കേരളം കാണുന്നത്. അവസര സമത്വവും സാമൂഹ്യ നീതിയും ഉൾകൊള്ളുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുകയാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സർക്കാരിന്റെ വിദ്യാഭ്യാസത്തോടുള്ള ശരിയായ സമീപനം വ്യക്തമാക്കുന്നു. കേരളത്തിന്റെ പ്രതിസന്ധികളെ അഭിസംബോധന ചെയ്യുന്നതിന് സുസ്ഥിരവും സുശക്തവും പുരോഗനോന്മുഖവുമായ വിദ്യാഭ്യാസം ആവശ്യമാണെന്നും പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ മാർഗ്ഗരേഖയിൽ പറയുന്നുണ്ട്. വളരെ ഭാവനാപൂർണമായ ഈ പദ്ധതി കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ ഉയർത്തികൊണ്ടുവരുമെന്നതിൽ സംശയമില്ല. വിദ്യാഭ്യാസത്തെ സ്വകാര്യ മേഖലക്ക് തീറെഴുതി കൊടുത്തതിന്റെ ഗുരുതരമായ സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങൾ കേരളം അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. ഏതു കുട്ടിക്കും എല്ലാ വിവേചനകൾക്കും അപ്പുറത്തു ഗുണമേന്മയുള്ള വിദ്യാഭ്യാസം കേരളത്തിൽ ലഭിച്ചിരുന്നു.മുഴുവൻ കുട്ടികളും സ്‌കൂളിൽ പോകുന്ന ഏക സംസ്ഥാനം എന്ന പദവി കേരളത്തിന് ലഭിച്ചത് ആരുടേയും കാരുണ്യം കൊണ്ടുമല്ല. നവോത്ഥാനം, മിഷനറി പ്രവർത്തനം, കമ്മ്യുണിസ്റ് പാർട്ടി പ്രവർത്തനം തുടങ്ങി പലരും നടത്തിയ വൻഇടപെടലുകളാണ് കേരളത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഉയർത്തി നിർത്തിയത്. മാർഗ്ഗരേഖയുടെ ആമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇങ്ങനെ പറയുന്നു: "ജാതിമതഭേദചിന്ത കൂടാതെയും സാമ്പത്തികമായ വേർതിരിവില്ലാതെയും ലിംഗവ്യത്യാസമില്ലാതെയും പൊതുവിദ്യാലയങ്ങളിൽ പേടിച്ചു വളർന്ന തലമുറയാണ് കേരളം വികസനത്തിന് ശക്തി പകർന്നത്." ആർക്കും ഇക്കാര്യത്തിൽ തർക്കം ഉന്നയിക്കാൻ ആവില്ല. എന്നാൽ 21 ആം നൂറ്റാണ്ടിൽ രൂപീകരിക്കുന്ന ഒരു വിദ്യാഭ്യാസ പദ്ധതിക്ക് അവശ്യം ഉണ്ടാകേണ്ടത് ജെണ്ടർ വീക്ഷണം ആണ്. ലിംഗനീതിയും ലിംഗ സമത്വവും ഉറപ്പുനൽകുന്ന ഒരു വിദ്യാഭ്യാസപദ്ധതിയുടെ അഭാവം ആണ് കേരളത്തിലെ സ്ത്രീകളും ട്രാൻസ് ജൻഡറുകളും അനുഭവിക്കുന്നതും അതുമൂലം കേരളമാതൃകക്ക് തന്നെ മങ്ങൽ ഏറ്റതും . വിദ്യാഭ്യാസത്തെ ശിശു കേന്ദ്രീകൃതം ആക്കുമെന്നു പറയുമ്പോൾ അതിനൊപ്പം നിൽക്കേണ്ടതാണ് പെൺ(ട്രാൻസ്)ശിശു സൗഹൃദമെന്നത് .മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസം ആണ് ലക്‌ഷ്യം വെക്കുന്നതെന്നു വിദ്യാഭ്യാസ മന്ത്രി പ്രൊഫ രവീന്ദ്രനാഥ് പറയുന്നുണ്ട്. ഇക്കാര്യതയിൽ വ്യക്തമായ കാഴ്ചപ്പാടുള്ളയാളാണ് അധ്യാപകൻ കൂടിയായ മന്ത്രി. ജനാധിപത്യം എന്നതിൽ എല്ലാവരും ഉൾപ്പെടുമെന്ന് പറഞ്ഞാൽ മതിയാവില്ല. കേരളത്തിലെ സ്ത്രീ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ സങ്കീർണമാണ്. വിദ്യാഭ്യാസവും സാക്ഷരതയും കൊണ്ട് മാത്രം ലിംഗനീതി ഉറപ്പാക്കാൻ ആവില്ല എന്നതിന്റെ ഏറ്റവും നല്ല തെളിവാണു് കേരളം. ഈ ദിശയിൽ നിരവധി സ്ത്രീവാദ പഠനങ്ങളും ഇപ്പോൾ നടന്നു വരുന്നുണ്ട്. നമുക്ക് ഏറ്റവും ആവശ്യമായത് ജൻഡർ സൗഹൃദ വിദ്യാഭ്യാസ പദ്ധതിയാണ്. അടിസ്ഥാന സൗകര്യം , പാഠ്യ പദ്ധതി, ബോധന പദ്ധതി തുടങ്ങി എല്ലാ തലങ്ങളിലും ലിംഗനീതി എന്ന കാഴ്ചപ്പാടിലുള്ള പൊളിച്ചെഴുത്തു ആവശ്യമാണ്. സ്ത്രീ സുരക്ഷയെ കുറിച്ചും ബാല പീഡനത്തെ കുറിച്ചും ആശങ്കപ്പെടുമ്പോൾ അതിനുള്ള പ്രതിവിധി ആരംഭിക്കേണ്ടത് സ്‌കൂളുകളിൽ നിന്നാണ്. എല്ലാ ആധുനിക പുരോഗമന വിധ്യാഭ്യാ രീതികളും ലിംഗനീതിക്കു ഊന്നൽ കൊടുക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളും അധ്യാപകരും ഒരേപോലെ ഈ പ്രശ്നത്തെ ഗൗരവമായി കാണുകയും മനസ്സിലാക്കുകയും ചെയ്യണമെങ്കിൽ നമ്മുടെ ഓരോ ചുവടും ജൻഡർ വീക്ഷണത്തോടെ ആയെ തീരു. നിർഭാഗ്യവശാൽ പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം ഇക്കാര്യത്തിൽ പൂർണമായും നിശ്ശബ്ദത പാലിക്കുന്നു. മാർഗ്ഗരേഖയിൽ വളരെ ചെറിയ പരാമർശത്തിന് അപ്പുറത്തേക്ക് ലിംഗനീതി ഉൾപ്പെട്ടിട്ടില്ല. പക്ഷെ ഒട്ടും വൈകിയിട്ടില്ല. യജ്ഞം നമ്മൾ ആരംഭിച്ചിട്ടേയുള്ളൂ .ഒരു അനുബന്ധം കൂട്ടിച്ചേർക്കാവുന്നതേയുള്ളൂ. ഇടതുപക്ഷ സർക്കാർ അതിനു തയ്യാറാകുമെന്ന് തന്നെ യാണ് പ്രതീക്ഷിക്കുന്നത്. മാർഗ്ഗരേഖയിൽ ഉൾപ്പെടുത്തേണ്ട ചില നിർദേശങ്ങൾ മാത്രം മുന്നോട്ടു വെക്കട്ടെ: 1 . ലക്‌ഷ്യം: വിദ്യാഭ്യാസ മേഖല ലിംഗനീതി സൗഹൃദമാക്കുക 2 . പാഠ്യപദ്ധതിയിൽ ജൻഡർ ഉൾപ്പെടുത്തും - എൽ പി മുതൽ പത്തു വരെ 3 . അധ്യാപകർക്ക് നിർബന്ധിത ജൻഡർ പരിശീലനം 4 . സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യം പെൺകുട്ടി-ട്രാൻസ് ജെൻഡർ - സൗഹൃദമാക്കും 5 . കായിക പരിശീലനം പെൺകുട്ടികൾക്ക് നിർബന്ധമാക്കും 6 പെൺകുട്ടികൾക്ക് കളിയിടങ്ങൾ ഒരുക്കും , പഞ്ചായത്തിന്റെ സഹായം തേടും 7 ആൺകുട്ടികൾക്ക് പ്രത്യേക ജൻഡർ പരിശീലനം 8 ജൻഡർ പരിശീലനത്തിന് നാടകം , കഥ , സിനിമ , കളികൾ എന്നിവ പ്രയോജനപ്പെടുത്തും 9 സർക്കാർ സ്‌കൂളുകളിൽ ആവശ്യമെങ്കിൽ ( യാത്ര സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിൽ ) പെൺകുട്ടികൾക്ക് ഹോസ്റ്റൽ തുടങ്ങും 10 കൗമാരക്കാരികൾക്കു ആരോഗ്യ ക്യാമ്പുകൾ 11 പെൺകുട്ടികൾക്ക് ജൻഡർ ന്യൂട്രൽ തൊഴിൽ പരിശീലനം