സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

മാദ്ധ്യമപ്രവര്‍ത്തനത്തിന് വലിയ വില നല്‍കേണ്ടി വന്നുഃ അര്‍സുയില്‍ദിസ്

വിമെന്‍പോയിന്‍റ് ടീം

സത്യസന്ധമായ മാദ്ധ്യമപ്രവര്‍ത്തനത്തിന് പ്രസിഡന്റ് തയിപ് എര്‍ദോഗന്റെ തുര്‍ക്കിയില്‍ വലിയ വിലയാണ് നല്‍കേണ്ടി വരുകയെന്ന് അര്‍സു യില്‍ദിസ് എന്ന ടര്‍ക്കിഷ് മാദ്ധ്യമ പ്രവര്‍ത്തകയുടെ അനുഭവസാക്ഷ്യം. കോടതി ആയുധക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ നിന്നുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് 20 മാസത്തെ തടവിനാണ് അര്‍സു ശിക്ഷിക്കപ്പെട്ടത്. നിലവില്‍ തുര്‍ക്കി വിട്ട് കാനഡയില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ് അര്‍സു യില്‍ദിസ്. ഇത്തരത്തില്‍ 15 ടര്‍ക്കിഷ് മാദ്ധ്യമപ്രവര്‍ത്തകരാണ് കാനഡയില്‍ കഴിഞ്ഞ വര്‍ഷം അവസാനം അഭയം തേടിയത്. തുര്‍ക്കിയില്‍ ഗവണ്‍മെന്റിന്റെ വിമര്‍ശകരായ അപൂര്‍വം വനിതാ മാദ്ധ്യമപ്രവര്‍ത്തകരില്‍ ഒരാളായ അര്‍സു യില്‍ദിസ് പറയുന്നു

ഞാനൊരു ടര്‍ക്കിഷ് മാദ്ധ്യമ പ്രവര്‍ത്തകയാണ്. ലോകത്ത് ഏറ്റവുമധികം മാദ്ധ്യമപ്രവര്‍ത്തകര്‍ ജയിലില്‍ അടയ്ക്കപ്പെടുകയും നാട് കടത്തപ്പെടുകയും ചെയ്യുന്ന ഒരു രാജ്യത്ത് നിന്നാണ് ഞാന്‍ വരുന്നത്. ഒരു പൊലീസ് നായയെ പോലും ഗവണ്‍മെന്റിന് എതിരാണെന്ന് പറഞ്ഞ് നാട് കടത്തിയ രാജ്യം. സിറിയയിലേയ്ക്ക് ആയുധം കടത്തിയ ട്രക്ക് തടഞ്ഞ വാര്‍ത്ത ഓര്‍മ്മയില്ലേ ഞാനായിരുന്നു ഈ വാര്‍ത്ത ആദ്യം കൊണ്ടുവന്നത്. പിന്നീട് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായത് നിര്‍ദ്ദയമായ അടിച്ചമര്‍ത്തല്‍ നടപടികളാണ്. പൊലീസ് ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, അഭിഭാഷകര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ ഇങ്ങനെ ആയുധക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് കൊണ്ടു വന്നവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് ഗവണ്‍മെന്റ് താല്‍പര്യപ്പെട്ടത്. ബോംബ് സ്‌ക്വാഡിന്റെ ഭാഗമായ വാഹിം എന്ന നായയെ നാട് കടത്താന്‍ ഉത്തരവിട്ടത് ആയുധങ്ങള്‍ മണത്ത് കണ്ടുപിടിച്ചു എന്ന കാരണം കൊണ്ടാണ്. ഇത് നിങ്ങള്‍ക്ക് ചിലപ്പോള്‍ തമാശയായി തോന്നാം. എന്നാല്‍ തുര്‍ക്കിയില്‍ ഞങ്ങളുടെ യഥാര്‍ത്ഥ ജീവിതമാണിത്.

ഔദ്യോഗിക കണക്ക് പ്രകാരം ഞങ്ങളുടെ രാജ്യത്ത് 165 മാദ്ധ്യമപ്രവര്‍ത്തകര്‍ നിലവില്‍ തടവിലാണ്. അഞ്ചൂറിലധികം മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് അറസ്റ്റ് വാറണ്ട് കിട്ടിയിട്ടുണ്ട്. ഇതില്‍ കുര്‍ദുകളുണ്ട്, ഇടതുപക്ഷക്കാരുണ്ട്, മറ്റുള്ളവരുമുണ്ട്. എല്ലാവരുടേയും കുറ്റം ഒന്ന് തന്നെ, ഗവണ്‍മെന്റിനെ വിമര്‍ശിച്ചു, അതിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി എന്നതാണ്. തുര്‍ക്കി എക്കാലത്തും മാദ്ധ്യമപ്രവര്‍ത്തകരെ സംബന്ധിച്ച് നരകതുല്യമായിരുന്നു. ഗവണ്‍മെന്റിനെതിരായ അട്ടിമറി ശ്രമം പരാജയപ്പെട്ട ശേഷം മാദ്ധ്യമങ്ങളെ അടിച്ചമര്‍ത്തുന്നത് കൂടുതല്‍ ശക്തമായി. ബുദ്ധിജീവികള്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, അക്കാഡമിക് വിദഗ്ധര്‍, കുര്‍ദിഷ് രാഷ്ട്രീയപ്രവര്‍ത്തകര്‍, നേതാക്കള്‍, കലാകാരന്മാര്‍, ന്യായാധിപന്മാര്‍, ക്രിസ്ത്യന്‍ – മുസ്ലീം പുരോഹിതന്മാര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവര്‍ വേട്ടയാടപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്്തു. ഇവരെ ഭീകരരായി മുദ്ര കുത്തുകയാണ് ചെയ്തത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഇവര്‍ നേരിടേണ്ടി വന്നത്. 70ഓളം പേര്‍ കസ്റ്റഡിയിലും ജയിലിലുമായി കൊല്ലപ്പെട്ടു. ഒന്നര ലക്ഷത്തിലധികം പേരെയാണ് അന്യായമായി ജോലിയില്‍ നിന്ന് പിരിച്ച് വിട്ടത്.
ഈ ഭരണകൂട ഭീകരത ഗവണ്‍മെന്റിനെതിരായ അട്ടിമറി ശ്രമത്തോടെ തുടങ്ങിയതല്ല. ഇത് 2013 ഡിസംബര്‍ 17ന് പ്രസിഡന്റ് എര്‍ദോഗനെതിരായ അഴിമതി ആരോപണം വന്നതിന് പിന്നാലെ തുടങ്ങിയതാണ്. എര്‍ദോഗന്റെ മക്കളും മരുമക്കളും മറ്റ് ബന്ധുക്കളും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും എര്‍ദോഗനുമായി അടുപ്പമുള്ള വ്യവസായികളും മാദ്ധ്യമപ്രവര്‍ത്തകരും ഇതില്‍ പങ്കാളികളായിരുന്നു. 60ലധികം മാദ്ധ്യമപ്രവര്‍ത്തകര്‍ പ്രവാസ ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരായിക്കുകയാണ്. 21 മാദ്ധ്യമപ്രവര്‍ത്തരെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ വീണ്ടും കസ്റ്റഡിയിലെടുത്തു. 14 ദിവസം പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ഇവരെ വീണ്ടും ജയിലിലടച്ചു. ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട ജഡ്്ജിമാരെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു. 12,000ത്തോളം വരുന്ന ജഡ്ജിമാരും അഭിഭാഷകരുമാണ് തുര്‍ക്കിയിലുള്ളത്. ഇവരില്‍ പകുതിയോടടുത്ത് വരുന്നവരെ പിരിച്ചുവിട്ടു. നിരവധി പേര്‍ ജയിലിലാണ്. ഇതൊന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ തുര്‍ക്കിയില്‍ മാദ്ധ്യമങ്ങളില്ലാത്ത അവസ്ഥയാണ്. നൂറ് കണക്കിന് മാദ്ധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി.

അറസ്റ്റ് ചെയ്യപ്പെട്ട ഒരു ജഡ്്ജിയുടെ മകള്‍ ഒരു ബ്ലോഗ് തുടങ്ങുകയും ഇതില്‍ വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഇരകളാക്കപ്പെട്ടവര്‍ സമാന്തര മാദ്ധ്യമപ്രവര്‍ത്തനം നടത്തുമ്പോള്‍ പല മുഖ്യധാരാ മാദ്ധ്യമപ്രവര്‍ത്തകരും ഗവണ്‍മെന്റ് പറയുന്നത് അനുസരിച്ച് മുന്നോട്ട് പോവുകയാണ്. ഗവണ്‍മെന്റിനെ വിമര്‍ശിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ അപൂര്‍വം വനിതാ മാദ്ധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് ഞാന്‍. എന്റെ കുടുംബം, കുട്ടികള്‍, സുഹൃത്തുക്കള്‍, പ്രിയപ്പെട്ടവര്‍, പണം, സുരക്ഷ എല്ലാം നഷ്ടമാകുന്നു. എന്റെ കുട്ടികളെ ഇനി എന്നാണ് കാണാന്‍ കഴിയുക എന്നറിയില്ല. ഗവണ്‍മെന്റിന്റെ ക്രൂരമായ അടിച്ചമര്‍ത്തലില്‍ ജനങ്ങള്‍ നരകയാതന അനുഭവിക്കുമ്പോള്‍ നിശബ്ദയായി ഇരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാനും എന്റെ ശബ്ദം ഉറക്കെ കേള്‍പ്പിക്കാനുമാണ് ഇഷ്ടപ്പെടുന്നത്. ലോകം തുര്‍ക്കി മാത്രമല്ല. എല്ലായിടത്തും വേദനയും അനീതിയുമുണ്ട്. അവര്‍ എന്നെ ഇപ്പോള്‍ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു. എന്നോട് തിരിച്ച് വരാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഞാനിപ്പോള്‍ വിര്‍ജിനിയ വൂള്‍ഫിനെ പോലെയാണ് ചിന്തിക്കുന്നത് – ഈ ലോകം മുഴുവന്‍ എന്റെ രാജ്യമാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും