സംഘടിത തൊഴിലാളിവർഗത്തിന്റെ ആദ്യകാല പ്രക്ഷോഭ സ്മരണകൾ ഉണർത്തിക്കൊണ്ട് വീണ്ടും ഒരു മെയ്ദിനം. 1886 മെയ് 1 നു അമേരിക്കയിലെ ചിക്കാഗോയിൽ 40000 ത്തോളം തൊഴിലാളികൾ നടത്തിയ ആവേശോജ്വല പ്രക്ഷോഭമാണ് മെയ്ദിനാചരണത്തിനു വഴി ഒരുക്കിയത്. ഇന്ന് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും നാം നമ്മുടെ പൂർവസൂരികളോട് നന്ദി ഉള്ളവർ ആയിരിക്കണം .എട്ടു മണിക്കൂർ ജോലി എന്ന മുദ്രാവാക്യം ആണ് അന്നവർ ഉയർത്തിയത്. ഇന്ന് എല്ലാവരും അംഗീകരിച്ചു കഴിഞ്ഞ ഈ തൊഴിൽ സമയത്തിനായി നമ്മുടെ പൂർവികർ ചെയ്ത ത്യാഗവും അവർ അനുഭവിച്ച യാതനകളും പുതിയ തലമുറയുടെ ഭാവനക്കപ്പുറത്തായിരിക്കും. എട്ടു മണിക്കൂർ ജോലിക്കായി എത്രയോപേർക്കു വെടിയേറ്റു . ശനിയാഴ്ച്ച വാരാന്ത്യ അവധിക്കായി എത്രയോപേരുടെ വീടുകൾ അഗ്നിക്കിരയായി. പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു മെയ് 4 നു ഹേമാർക്കറ്റിൽ ഒരു പൊതു യോഗം സംഘടിപ്പിച്ചു. 3000 ത്തോളം പേരാണ് അവിടെ ഉ ണ്ടായിരുന്നത് . ഇരുന്നൂറോളം പോലീസ് സ്ഥലത്തു തമ്പടിച്ചു. പ്രകോപനമില്ലാതെ പോലീസ് യോഗത്തിനു നേരെ വന്നതും എവിടെ നിന്നോ ഒരു ബോംബ് പൊട്ടി. അതാരാണ് ചെയ്തതെന്ന് ഇന്നും കണ്ടെത്തിയിട്ടില്ല. സ്‌ഫോടനത്തിൽ ഒരു പോലീസുകാരൻ മരിച്ചു. തുടർന്ന് നടന്ന പോലീസ് വെടിവെയ്പ്പിൽ 4 പ്രക്ഷോഭകർ കൊല്ലപ്പെട്ടു. തുടർന്ന് ഏഴു നേതാക്കന്മാരെ തൂക്കിലേറ്റുകയും ഒരാളെ 15 വര്ഷം കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തു. തൂക്കിലേറുന്നതിനു മുമ്പ് അഗസ്റ്റ് സ്‌പൈസ് പറഞ്ഞ വാക്കുകൾ ആണ് ഹേമാർകറ്റ് സ്മാരകത്തിൽ കൊത്തി വെച്ചിരിക്കുന്നത്..'' നിങ്ങൾ ഞെരിച്ചില്ലാതാക്കുന്ന ഞങ്ങളുടെ ശബ്ദത്തേക്കാൾ ഞങ്ങളുടെ നിശബ്ദത ശക്തമാകുന്ന ഒരു ദിനം വന്നുചേരും '' ഇത് ഏറെക്കുറെ ശരിയായിയെന്നു ചരിത്രം തെളിയിക്കുന്നു. എന്നാൽ തൊഴിലാളി വർഗം ഏറ്റവും കടുത്ത വെല്ലുവിളി നേരിടുന്ന ഒരു കാലഘട്ടമാണിത്. ഇവരിൽ തന്നെ സ്ത്രീകൾ ആണ് കൂടുതൽ ദുരിതങ്ങൾ പേറുന്നത്. തൊഴിലാളി സംഘടനകളെ അപ്രസക്തമാക്കുന്ന ആഗോളവൽക്കരണം തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ ഒന്നൊന്നായി ഇല്ലാതാക്കുന്നു. ആഗോളവൽക്കരണ സാമ്പത്തിക നയങ്ങൾ സ്ത്രീകളുടെ തൊഴിലില്ലായ്മ ഭയാനകമാം വിധം വർധിപ്പിച്ചു. ലോകത്തെ ജോലിയുടെ മൂന്നിൽ രണ്ടു ഭാഗവും ചെയ്യുന്നത് സ്ത്രീകൾ, വേതനത്തിന്റെ 10 % ആണ് സ്ത്രീകൾക്ക് ലഭിക്കുന്നത്,ഉത്പാദനോപാധികളുടെ 1 % സ്ത്രീകൾക്ക് സ്വന്തം. ഇതാണ് ലോകമെമ്പാടുമുള്ള സ്ത്രീയുടെ അവസ്ഥ.യാതൊരുവിധ തൊഴിൽ നിയമങ്ങളും ബാധകമല്ലാത്ത മേഖലകളിൽ ജോലി ചെയ്യുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും. ഇന്ത്യയിൽ അസംഘടിത മേഖലയിലെ തൊഴിലാളികളിൽ 96 % സ്ത്രീകളാണ്. കൂടുതൽ പേർ വീട് വിട്ടു പുറത്തു വേതനമുള്ള തൊഴിലെടുക്കുന്നുണ്ടെങ്കിലും ഏറ്റവും തുച്ഛമായ കൂലിക്ക് സാമൂഹ്യ സുരക്ഷിതത്വമോ തൊഴിൽ സുരക്ഷിതത്വമോ ഇല്ലാത്ത സാഹചര്യങ്ങളിൽ പണി എടുക്കാൻ ഇവർ നിർബന്ധിക്കപ്പെടുന്നു . പരമ്പരാഗത അസംഘടിത മേഖലകളായ കയർ, കശുവണ്ടി, ഖാദി, മത്സ്യം മാത്രമല്ല ആധുനിക സ്വതന്ത്ര സാമ്പത്തിക മേഖലകളിലും സ്ത്രീകൾ ചൂഷണത്തിന് വിധേയരാകുന്നു. ഐ ടി കമ്പനികളിലും കോൾ സെന്ററുകളിലും എട്ടു മണിക്കൂർ ജോലി പോലും ബാധകമല്ല. പൂനയിലെ ഇൻഫോസിസ് കമ്പനിയിൽ ഞായറാഴ്ച പണി എടുത്ത് കൊണ്ടിരുന്ന കോഴിക്കോട് സ്വദേശി റസില രാജു എന്ന എഞ്ചിനീയർ കൊല്ലപ്പെട്ടത് അടുത്തയിടെ ആണല്ലോ. ഇന്ത്യയിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം കുടുംബ പ്രാരാബ്ധം എന്നത് ഒരിക്കലും ഒഴിയാതെ തുടരുന്ന ഒന്നാണ്. വീട്ടിനു പുറത്തു പണിയെടുക്കുന്നു എന്നത് കൊണ്ട് കുടുംബത്തിൽ അവൾ സ്ഥിരമായി ചെയ്യുന്ന ഒരു ജോലിക്കും കുറവ് സംഭവിക്കുന്നില്ല. പാചകം, പത്രം കഴുകൽ, തുണി അലക്കൽ , വീട് വൃത്തിയാക്കൽ, രോഗീ പരിചരണം , ശിശു, വൃദ്ധ പരിപാലനം, വളർത്തു മൃഗങ്ങളുടെ ചുമതല തുടങ്ങി പട്ടിക നീളുകയാണ്. വീട്ടിൽ വെള്ളം ഉണ്ടെന്നു ഉറപ്പു വരുത്തുക, കുട്ടികളെ റ്റിയൂഷന് കൊണ്ട് പോകുക, അടുക്കള തോട്ടം പരിപാലിക്കുക എന്നിവ കുറേപ്പേരെ ബാധിക്കുന്നതാകാം. കേരളത്തിൽ ഇതിനു പുറമെ കുടുംബശ്രീ, യൂണിയൻ പ്രവർത്തനം എന്നിവയും സ്ത്രീകളുടെ ജോലിയിൽ പെടുന്നു. ഇങ്ങനെ നിരന്തരം യന്ത്രം പോലെ കറങ്ങി കൊണ്ടിരിക്കുന്ന സ്ത്രീക്ക് എന്ത് പിന്തുണ സംവിധാനം ആണ് നിലവിലുള്ളത് എന്നതാണ് ചിന്തിക്കേണ്ടത്. സ്ത്രീകൾസംഘടിച്ചു തുടങ്ങിയ കാലം മുതൽ ആവശ്യപ്പെടുന്ന ക്രെഷ് പോലും എത്രയോ വിദൂര സ്വപ്നമായി ഇന്നും തുടരുന്നു! സർക്കാർ മേഖല ആയാലും സ്വകാര്യമായാലും തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് അനുകൂലമായ തൊഴിൽ സാഹചര്യമല്ല നിലനിൽക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ സ്ത്രീ സൗഹാര്ദപരമാകണമെന്നു ആവശ്യപ്പെടാൻ പോലും സംഘടിത തൊഴിലാളിവർഗം മുന്നോട്ടു വന്നിട്ടില്ല. തുല്യ ജോലിക്ക് തുല്യ കൂലി സർക്കാരുകൾ പോലും നടപ്പാക്കുന്നില്ല. തൊഴിലിടങ്ങളിലെ ലൈംഗിക പീഡന വിരുദ്ധ നിയമം 2013 ൽ നിലവിൽ വന്നെങ്കിലും നിയമം അനുശാസിക്കുന്ന ആഭ്യന്തര പരാതി സമിതിരൂപീകരിക്കാൻ ഇനിയും ബഹുഭൂരിപക്ഷം തൊഴിൽ സ്ഥാപനങ്ങളും മുൻകൈയെടുക്കുന്നില്ല. ചുരുക്കി പറഞ്ഞാൽ ലക്‌ഷ്യം നേടാൻ ഇനിയും ഒരുപാടു ദൂരം നമുക്ക് മുന്നിലുണ്ട്.മെയ്ദിനാചരണത്തിനു 130 വർഷം പ്രായം ഉണ്ടെങ്കിലും പ്രസക്തി കൂടുന്നതല്ലാതെ, കുറയുന്നില്ല എന്ന് സാരം. വീടിനുള്ളിലും പുറത്തും സ്ത്രീ എടുക്കുന്ന ജോലി കണക്കെടുപ്പുകളിൽ ഉണ്ടാകണം. അവൾ ചെയ്യുന്ന കണക്കില്ലാത്ത ജോലിക്ക് അംഗീകാരവും വേതനവും ഉണ്ടാകണം. എല്ലാവര്ക്കും വിമൻപോയിന്റിന്റെ പ്രതീക്ഷ നിറഞ്ഞ മേയ്ദിനാശംസകൾ !!