സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ആറ് ഗള്‍ഫ് രാജ്യങ്ങളിലായി അടിമപ്പണി ചെയ്യുന്നത് 24 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍

വിമെന്‍പോയിന്‍റ് ടീം

ആറ് ഗള്‍ഫ് രാജ്യങ്ങളിലുമായി 2.4 ദശലക്ഷം കുടിയേറ്റ ഗാര്‍ഹിക തൊഴിലാളികള്‍ അടിമപ്പണി ചെയ്യുന്നുണ്ടെന്നാണ് അന്താരാഷ്ട്ര ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍.കേരളത്തില്‍ നിന്നും ഗള്‍ഫില്‍ ഗാര്‍ഹിക ജോലികള്‍ക്കായി പോയശേഷം ക്രൂരപീഡനങ്ങള്‍ക്ക് ഇരയാവുകയും ഇന്ത്യന്‍ എംബസിയുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ രക്ഷപ്പെടുകയും ചെയ്ത സിന്ധു പ്രസന്ന, സുശീലാമ്മ ആചാരി, അച്ചാമ്മ വര്‍ഗ്ഗീസ് എന്നിവര്‍ നമുക്കുമുന്നിലെ ഉദാഹരണങ്ങളാണ്.

എന്നാല്‍ ഇവരെ പോലെ രക്ഷപ്പെടാനുള്ള ഭാഗ്യം പോലും ലഭിക്കാത്ത നിരവധി പേര്‍ ഇപ്പോഴും ഗള്‍ഫില്‍ കഷ്ടപ്പെടുന്നുണ്ട്. സിന്ധു സരസ്വതി അത്തരത്തില്‍ ഒരാളാണ്. കഴിഞ്ഞ ജനുവരി 22നാണ് അവര്‍ അവസാനമായി നാട്ടിലേക്ക് വിളിച്ചത്. അതിന് ശേഷം യാതൊരു വിവരവുമില്ലെന്ന് മാതാവ് സരസ്വതി പറയുന്നു. വീട്ടിലേക്ക് വിളിക്കുമ്പോള്‍ തന്റെ അമ്മ ആശങ്കകുലയായിരുന്നു എന്ന് മകള്‍ സിമിയും പറയുന്നു. പക്ഷെ സിന്ധുവിന്റെ തിരോധാനത്തെ കുറിച്ച് പരാതി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. മതിയായ രേഖകളില്ലാത്തതാണ് ഇവരെ വലയ്ക്കുന്നത്. സിന്ധുവിന്റെ പാസ്‌പോര്‍ട്ടില്‍ ഉണ്ടായിരുന്ന ഫോട്ടോയുടെയും അവരുടെ തിരിച്ചറിയല്‍ കാര്‍ഡുകളുടെയും പകര്‍പ്പ് മാത്രമാണ് ഇവരുടെ കൈയിലുള്ളത്.

ഇത്തരം പീഡനങ്ങളും തിരോധാനങ്ങളും തടയാന്‍ നിരവധി നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. പക്ഷെ ഇതൊന്നും ഉദ്ദേശിച്ച ഫലം കാണുന്നില്ല. ഗാര്‍ഹീക ജീവനക്കാര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം അനുവദിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ നിയമം മാറ്റാതെ ഇതിന് അറുതി വരുത്താന്‍ സാധിക്കില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഈ സംവിധാന പ്രകാരം ജോലിക്കാരുടെ നിയമപരമായ ഉത്തരവാദിത്വം തൊഴിലുടമയ്ക്കായിരിക്കും. തൊഴിലുടമ എഴുതിക്കൊടുക്കുന്ന അനുമതി പത്രമില്ലാതെ ഇവര്‍ക്ക് ജോലിയില്‍ നിന്നും വിട്ടുപോകാന്‍ സാധിക്കില്ല. ക്രൂരനായ വീട്ടുകാരനില്‍ നിന്നും രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലാതെ കുവൈത്തിലെ ഒരു വീടിന്റെ മുകള്‍ നിലയില്‍ നിന്നും ഒരു എത്യോപ്യക്കാരി താഴേക്ക് ചാടിയത് അടുത്തകാലത്താണ്.

മാത്രമല്ല തങ്ങള്‍ക്കെതിരെ പീഡനം നടക്കുന്നു എന്ന് തെളിയിക്കാന്‍ പലപ്പോഴും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സാധിക്കില്ല. അതുകൊണ്ട് തന്നെ ഇവര്‍ അപൂര്‍വമായി മാത്രമാണ് ശിക്ഷിക്കപ്പെടുന്നതെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് പറയുന്നു. ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമം ലാക്കാക്കി ചില നടപടികള്‍ ചില ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്ന തരത്തിലുള്ളതല്ലെന്ന് സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. യുഎഇ വഴിയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും മനുഷ്യക്കടത്ത് നടക്കുന്നത്. യുഎഇയില്‍ സന്ദര്‍ശക വിസ ലഭിക്കാന്‍ എളുപ്പമാണെന്നതാണ് ഇതിന് കാരണം.

യുഎഇയില്‍ സന്ദര്‍ശക വിസയില്‍ സ്ത്രീകളെ എത്തിച്ച ശേഷം അവിടെ നിന്നും ഉടമകള്‍ക്ക് വില്‍ക്കുകയാണ് സാധാരണ രീതി. മതിയായ തൊഴില്‍രേഖകള്‍ പലപ്പോഴും ഉണ്ടാവാത്തതിനാല്‍ പീഡനത്തിന്റെ തോതും കൂടുന്നു. ഔദ്യോഗിക മാര്‍ഗ്ഗങ്ങളില്‍ കൂടി മാത്രമേ ഗള്‍ഫ് രാജ്യങ്ങളില്‍ ഗാര്‍ഹിക തൊഴില്‍ തേടിപ്പോകാവു എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് പരസ്യം ചെയ്യുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാകുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പാവപ്പെട്ട വീടുകളിലെ വിദ്യാഭ്യാസം കുറവുള്ള സ്ത്രീകളാണ് ഇടനിലക്കാരുടെ തട്ടിപ്പിന് കൂടുതലും ഇരയാവുന്നത്.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും