സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

പള്ളിയില്‍ വച്ച് മുലയൂട്ടാന്‍ അനുവദിച്ചില്ല; പരാതിയുമായി യുവതി

വിമെന്‍പോയിന്‍റ് ടീം

പള്ളിയില്‍ ആരാധനയ്ക്കിടെ വിശന്ന് കരഞ്ഞ കുഞ്ഞിന് മുലയൂട്ടാന്‍ ശ്രമിച്ച യുവതിയെ അതിന് അനുവദിച്ചില്ലെന്ന് പരാതി. വിര്‍ജീനിയയിലെ സ്പ്രിംഗ്ഫീല്‍ഡിലെ സമ്മിറ്റ് പള്ളിയില്‍ നിന്നാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്.ആനി പെഗുറോയെന്ന യുവതിയാണ് 19 മാസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞിന് വിശന്നപ്പോള്‍ പള്ളിയില്‍ വച്ച് മുലയൂട്ടാന്‍ ശ്രമിച്ചത്. എന്നാല്‍ കുട്ടിയുടെ കരച്ചില്‍ ശമിപ്പിക്കാന്‍ നടത്തിയ ശ്രമം കത്തോലിക്ക സഭയില്‍ തന്നെയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. സ്വകാര്യ മുറികളിലെവിടെയെങ്കിലും പോയി കുട്ടിയെ ഊട്ടാന്‍ മറ്റൊരു സ്ത്രീ ഇവരോട് നിര്‍ദ്ദേശിച്ചതാണ് പ്രശ്‌നമായത്. പള്ളിക്കുള്ളില്‍ മറച്ചുവയ്ക്കാതെ മുലയൂട്ടുന്നത് അനുവദിക്കില്ലെന്നും ഇത് പുരുഷന്മാരെയും കൗമാരക്കാരെയും പ്രകോപിതരാക്കുമെന്നുമാണ് അവര്‍ തന്നോട് പറഞ്ഞതെന്ന് ആനി വ്യക്തമാക്കി.

പള്ളിയിലെ മതപ്രഭാഷണം ലൈവായി ചിത്രീകരിക്കുന്നുണ്ടെന്നും ഇവിടെ വച്ച് മുലയൂട്ടാനാകില്ലെന്നും മറ്റൊരു സ്ത്രീയും ഇവരോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് രണ്ട് കുട്ടികളുടെ അമ്മയായ ആനി പള്ളിയില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. ഈ സംഭവം ഏറെ അമ്പരപ്പിക്കുന്നതും ഞെട്ടലുളവാക്കുന്നതുമാണെന്ന് അവര്‍ പറയുന്നു. പിറ്റേന്ന് തന്നെ അവര്‍ തന്റെ കുഞ്ഞ് ഓട്ടമിന് മുലകൊടുക്കുന്നത് ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ഇടുകയും ചെയ്തു. കാണികളോട് നിങ്ങള്‍ക്ക് ഇപ്പോള്‍ എന്താണ് തോന്നുന്നതെന്നും സ്ത്രീകളോട് സ്വതന്ത്രമായി മുലയൂട്ടാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളാനുമാണ് ഈ വീഡിയോയില്‍ 42കാരിയായ ആനി ആവശ്യപ്പെടുന്നത്.

മുലയൂട്ടല്‍ ഒരു സാധാരണ പ്രക്രിയയാണെന്നും വിര്‍ജിനിയയില്‍ അതിന് നിയമപരിരക്ഷയുണ്ടെന്നും ആനി പറയുന്നു. 2015ല്‍ പാസാക്കിയ നിയമപ്രകാരം രാജ്യത്ത് സ്ത്രീകള്‍ക്ക് എവിടെവച്ചും മുലയൂട്ടാനുള്ള സ്വാതന്ത്ര്യമുണ്ട്. പള്ളി നിയമം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആനിയും ഒരു അറ്റോണിയും സഭാ അധികൃതര്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. ഇവിടെ ഒരു അമ്മയുടെ സ്വാതന്ത്ര്യമാണ് ലംഘിക്കപ്പെടുന്നതെന്ന് ആനി പറയുന്നു.

ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ സഭ തയ്യാറായിട്ടില്ലെങ്കിലും ഇതിന്റെ നിയമവശങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് അറ്റോണി റബേക്ക ഗെല്ലര്‍ അറിയിച്ചു. ആരാധനാലയങ്ങള്‍ക്ക് മാത്രമായി നിയമഭേദഗതി മാറ്റാനാകില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും