സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

കൊച്ചു പെണ്‍കുട്ടികളിലെ ചേലാ കര്‍മ്മം: യുഎസില്‍ ഇന്ത്യന്‍ വംശജരായ ഡോക്ടറും ഭാര്യയും അറസ്റ്റില്‍

വിമെന്‍പോയിന്‍റ് ടീം

അമേരിക്കയില്‍ കൊച്ചുപെണ്‍കുട്ടികളില്‍ ചേലാകര്‍മ്മം നടത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വംശജനായ ഡോക്ടറും ഭാര്യയും അറസ്റ്റിലായി. ചേലാകര്‍മ്മം ഒരു ക്രിമിനല്‍ കുറ്റമായാണ് യുഎസില്‍ കണക്കാക്കപ്പെടുന്നത്. കര്‍മ്മം ചെയ്യുന്നതിന് മറ്റൊരു ഇന്ത്യന്‍ ഡോക്ടര്‍ക്ക് സഹായം ചെയ്തു എന്നതാണ് അമ്പത്തിമൂന്നുകാരനായ ഫക്രുദ്ദീന്‍ അത്താറിനും 50 കാരിയായ ഭാര്യ ഫരീദയ്ക്കും എതിരെ ചുമത്തിയിരിക്കുന്ന കുറ്റം. 

മിഷിഗണ്‍ സംസ്ഥാനത്തെ ലിവോനിയയിലുള്ള ഫക്രുദ്ദീന്റെ ക്ലിനിക്കില്‍ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ ജുമന നഗര്‍വാലയ്ക്ക് (44) ചേലാകര്‍മ്മ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങള്‍ ഇവര്‍ ചെയ്ത് കൊടുത്തുവെന്ന് പൊലീസ് ആരോപിക്കുന്നു. നഗര്‍വാലയെ കഴിഞ്ഞ ആഴ്ച തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫക്രുദ്ദീനെയും ഭാര്യയെയും ഇന്നലെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇത്തരത്തിലുള്ള ഒരു കേസുമായി ബന്ധപ്പെട്ട ഫെഡറല്‍ നിയമപ്രകാരം യുഎസില്‍ അറസ്റ്റിലാവുന്ന ആദ്യത്തെ ആളുകളാണ് ഇവര്‍ എന്ന് കരുതപ്പെടുന്നു.

ആറ് മുതല്‍ എട്ടു വയസുവരെയുള്ള കുഞ്ഞുങ്ങളിലാണ് ഇവര്‍ ഈ ക്രൂരകൃത്യം നിര്‍വഹിച്ചിരുന്നത്. ഗുജറാത്തിലെ ബറോഡ മെഡിക്കല്‍ കോളേജില്‍ നിന്നും 1988ലാണ് ഫക്രുദ്ദീന്‍ തന്റെ ബിരുദം നേടിയത്. മിഷിഗണില്‍ ഫക്രുദ്ദീന്റെ ഉടമസ്ഥതയിലുള്ള ബുര്‍ബാനി മെഡിക്കല്‍ ക്ലിനിക്കില്‍ വച്ചാണ് നഗര്‍വാല ശസ്ത്രക്രിയ നിര്‍വഹിച്ചിരുന്നത്. ഫരീദ ഇവിടുത്തെ ജീവനക്കാരിയാണ്. തനിക്ക് നഗര്‍വാലയെ അറിയാമെന്നും തന്റ ക്ലിനിക്കില്‍ അവര്‍ ജോലി ചെയ്യുന്നില്ലെങ്കിലും അവിടെ വച്ച് രോഗികളെ പരിശോധിക്കാറുണ്ടെന്നും നേരത്തെ ഫക്രുദ്ദീന്‍ പോലീസിനോട് സമ്മതിച്ചിരുന്നു. ക്ലിനിക്കിലെ സാധാരണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചതിന് ശേഷം മാത്രമാണ് അവര്‍ അവിടെ വച്ച് പരിശോധന നടത്തിയിരുന്നതെന്നും ശസ്ത്രക്രിയ സമയങ്ങളിലൊക്കെ ഫരീദ കൂടെയുണ്ടാകുമായിരുന്നുവെന്നും ഫക്രുദ്ദീന്‍ സമ്മതിച്ചിരുന്നു.

തങ്ങളുടെ ലൈംഗീക അവയവത്തില്‍ നഗര്‍വാല ശസ്ത്രക്രിയ അഥവാ സ്ത്രീകളുടെ ജനനേന്ദ്രിയത്തിലെ പുറത്തേക്കുള്ള ചര്മ്മം മുറിച്ച് നീക്കുവാനുള്ള ശസ്ത്രക്രിയ ചെയ്തുവെന്ന് നിരവധി പെണ്‍കുട്ടികള്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. ശസ്ത്രക്രിയ സമയത്ത് ഫരീദയും സന്നിഹിതയായിരുന്നുവെന്ന് ഒരു പെണ്‍കുട്ടി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പോലും ക്ലിനിക് സന്ദര്‍ശിച്ചിരുന്നതായി പറയപ്പെടുന്നു. കഴിഞ്ഞ ആഴ്ചയാണ് നഗര്‍വാലയ്‌ക്കെതിരെ പരാതി ലഭിച്ചത്. 1997ന് ശേഷം യുഎസില്‍ ചേലാകര്‍മ്മം മൂന്നിരട്ടിയായി വര്‍ദ്ധിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസ് ഫെഡറല്‍ നിയമം 1996ലാണ് ചേലാകര്‍മ്മം ക്രിമിനല്‍ കുറ്റമായി അംഗീകരിച്ചത്. എന്നാല്‍ മിഷിഗണ്‍ ഉള്‍പ്പെടെയുള്ള 26 അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നിട്ടില്ല.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും