സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ക്ലാസ് മുറി നന്നാക്കാന്‍ സ്വന്തം സ്വര്‍ണാഭരണങ്ങള്‍ വിറ്റ അധ്യാപിക

വിമെന്‍പോയിന്‍റ് ടീം

കുട്ടികളുടെ ക്ലാസ് മുറി സ്മാര്‍ട്ടാക്കാന്‍ സ്വന്തം സ്വര്‍ണാഭരണങ്ങള്‍ വിറ്റ ഒരു അധ്യാപികയുണ്ട് തമിഴ്നാട്ടിലെ വില്ലുപുരത്ത്... അന്നപൂര്‍ണ മോഹന്‍. വില്ലുപുരത്തെ കാന്താടിലെ പഞ്ചായത്ത് യൂണിയന്‍ പ്രൈമറി (പി യു പി ) സ്കൂളിലെ അധ്യാപികയാണ് അന്നപൂര്‍ണ.
പരിമിതമായ സൗകര്യങ്ങള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മനസ്സിലാക്കിയപ്പോഴാണ് സ്വന്തം നിലയ്ക്ക് ക്ലാസ്മുറി നന്നാക്കാന്‍ അന്നപൂര്‍ണ തീരുമാനിച്ചത്. അങ്ങനെ പി യു പി സ്കൂളിന്റെ മൂന്നാം ക്ലാസ്സിന്റെ ഇംഗ്ലീഷ് പഠനമുറി സ്മാര്‍ട്ടായി.

ഇന്ന് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ ക്ലാസ്സിനോട് കിടപിടിക്കാന്‍ പാകത്തിനായി അന്നപൂര്‍ണയുടെ കുട്ടികളുടെ ക്ലാസ്സും. സ്മാര്‍ട്ട് ബോര്‍ഡുകളും ചിത്രങ്ങളും പുസ്തകങ്ങളും തുടങ്ങി കുട്ടികള്‍ക്ക് ആവശ്യമായ കസേരയും മേശയും വരെ സ്വന്തം പണം കൊണ്ട് അന്നപൂര്‍ണ ഒരുക്കി.

അന്നപൂര്‍ണയുടെ വിദ്യാര്‍ഥികളുടെ ക്ലാസ്സ് മുറി
തമിഴ്നാട്ടിലെ പല സ്കൂളുകളിലും ഇംഗ്ലീഷ് പഠിപ്പിക്കുന്നതില്‍ പോരായ്മകളുണ്ട്. ഉച്ചാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പലപ്പോഴും വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല- അന്നപൂര്‍ണ ചൂണ്ടിക്കാണിക്കുന്നു. ഈ സ്ഥിതി മാറണമെന്ന ചിന്തയാണ് അധ്യയനത്തില്‍ പുതിയ രീതികള്‍ പരീക്ഷിക്കാന്‍ അന്നപൂര്‍ണയെ പ്രേരിപ്പിച്ചത്.
ക്ലാസ്സുകള്‍ കൂടുതല്‍ ഫലപ്രദമാകാന്‍ നന്നായി കഷ്ടപ്പെട്ടിട്ടുണ്ടെന്നും അന്നപൂര്‍ണ പറയുന്നു. ഓരോ പാഠഭാഗവും ചെറിയ സ്കിറ്റുകളാക്കി മാറ്റും. എന്നിട്ട് കുഞ്ഞുങ്ങളെ കൊണ്ട് അവതരിപ്പിക്കും, അങ്ങനെ പല മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്.
എന്തായാലും അന്നപൂര്‍ണയുടെ ശ്രമങ്ങള്‍ വിഫലമായില്ല, കന്താടയിലെ കുഞ്ഞുങ്ങള്‍ ഇംഗ്ലീഷ് ഭാഷ ഒഴുക്കോടെ സംസാരിക്കാന്‍ പ്രാപ്തരായി. "കുട്ടികളോട് ഇംഗ്ലീഷിലാണ് ഞാന്‍ സംസാരിക്കാറ്. ആദ്യമൊക്കെ ബുദ്ധിമുട്ടിയിരുന്നെങ്കിലും ഇന്ന് അവരും ഇംഗ്ലീഷില്‍ മറുപടികള്‍ തന്നു തുടങ്ങി. ബ്രിട്ടീഷ് ശൈലിയിലുളള ഉച്ചാരണരീതിയിലാണ് കുട്ടികളെ പഠിപ്പിക്കുന്നത്"- അന്നപൂര്‍ണ പറയുന്നു.

ഫൊണറ്റിക്സ് അനുസരിച്ച്‌ എഴുതാനും വായിക്കാനും ഈ കുട്ടികളെ അന്നപൂര്‍ണ പഠിപ്പിക്കുന്നുണ്ട്. കുട്ടികള്‍ ഇംഗ്ലീഷ് സംസാരിക്കുന്നതിന്റെ വീഡിയോ അന്നപൂര്‍ണ ഫെയ്സ്ബുക്കില്‍ അപ്ലോഡ് ചെയ്തിരുന്നു. വീഡിയോ കണ്ട് കാനഡയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും ഉള്‍പ്പെടെ നിരവധി ആളുകളാണ് അഭിനന്ദനവുമായി രംഗത്തെത്തിയത്. ചിലര്‍ കുട്ടികള്‍ക്കായി സമ്മാനങ്ങളും പണവും അയച്ചു തുടങ്ങി.
അതോടെ കൂടുതല്‍ വീഡിയോകള്‍ അന്നപൂര്‍ണ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. 'വിദേശരാജ്യങ്ങളില്‍ നിന്നു പോലും ആളുകള്‍ അഭിനന്ദനവുമായി എത്തുമ്ബോള്‍ എന്തുകൊണ്ട് എന്റെ വിദ്യാര്‍ഥികള്‍ക്കായി എനിക്കെന്തെങ്കിലും ചെയ്തുകൂടാ എന്ന് ചിന്തിക്കാന്‍ തുടങ്ങി' -അന്നപൂര്‍ണ പറയുന്നു. അങ്ങനെയാണ് ക്ലാസ്സ്മുറികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അന്നപൂര്‍ണ തീരുമാനിക്കുന്നത്.

അങ്ങനെ ആഭരണങ്ങള്‍ വിറ്റു കിട്ടിയ പണം കൊണ്ട് ഡിജിറ്റല്‍ സ്മാര്‍ട്ട് ബോര്‍ഡ്, പുതിയ ഉപകരണങ്ങള്‍, അയ്യായിരത്തോളം രൂപയ്ക്ക് പുസ്തകങ്ങള്‍ തുടങ്ങിയവ കൂട്ടികള്‍ക്കായി ഒരുക്കി. സ്വന്തം നിലയ്ക്ക് ക്ലാസ് മുറി നന്നാക്കിയതിനെ കുറിച്ച്‌ ചോദിച്ചാല്‍, മറ്റാരെയും ബുദ്ധിമുട്ടിക്കാന്‍ താത്പര്യമില്ലാത്തതു കൊണ്ട് തനിയെ ചെയ്തുവെന്നാണ് അന്നപൂര്‍ണയുടെ മറുപടി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും