സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
മുഖ പ്രസംഗം

യുദ്ധക്കൊതിയുമായി അമേരിക്ക


അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രമ്പ് തന്റെ ആയുധപ്പുര തുറന്നു . ഇനി ഒരു  യുദ്ധം ആസന്നമാണെന്ന് നിരീക്ഷകർ ഭയപ്പെടുന്നു. ഏതു രാജ്യത്തെ ആണ് ട്രംപ് ആദ്യം ലക്‌ഷ്യം വെക്കുക എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. കഴിഞ്ഞ എട്ടു വർഷത്തെ നയം അല്ല തന്റേതെന്ന് ട്രംപ് മടി കൂടാതെ പറയുമ്പോൾ അതിൽ ഒളിഞ്ഞിരിക്കുന്നത് യുദ്ധക്കൊതി ആണെന്ന് വ്യക്തം .  ഏതൊരു യുദ്ധവും സംഘർഷവും ഏറ്റവും കൂടുതൽ ബാധിക്കുന്നതു സ്ത്രീകളെയും കുട്ടികളെയുമാണ്. ഇപ്പോൾ നടന്നു വരുന്ന ഏറ്റുമുട്ടലുകൾ മൂലം അനാഥരാക്കപ്പെട്ട കുട്ടികളുടെയും അരക്ഷിതാരായ സ്ത്രീകളുടെയും കണക്കുകൾ ഭയാനകമാണ്. സ്വന്തം നാടും വീടും വിട്ടു പലായനം ചെയ്യുന്ന സ്ത്രീകളും പെൺകുട്ടികളും ക്രൂരമായ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയരാകുന്നു.നിർബന്ധിത വേശ്യാവൃത്തിയിലേക്ക് ഇവർ തള്ളപ്പെടുന്നു. പട്ടിണിയും രോഗങ്ങളും മറുഭാഗത്തും .
ഈ കെടുതികൾ ഒന്നും അമേരിക്കക്കു പ്രശ്നമല്ല. 

 ഇറാക്ക്, സിറിയ, വടക്കൻ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി നേരിട്ടുള്ള ഏറ്റുമുട്ടലിനു അമേരിക്ക തുടക്കം കുറിച്ച് കഴിഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഐ എസ ഐ എസ കേന്ദ്രത്തിലേക്ക് അമേരിക്ക പ്രയോഗിച്ചത് ഏറ്റവും മാരക ശേഷിയുള്ള ആണവേതര ബോംബ് ആണ്. ബോംബുകളുടെ മാതാവെന്നു അറിയപ്പെടുന്ന GBU-43/B Massive Ordnance Air Blast ഇക്കഴിഞ്ഞ ഏപ്രിൽ 13 നു ആണ് അഫ്ഗാനിസ്ഥാനിലെ ഖൊറാസാൻ പ്രവിശ്യയിൽ തീവ്രവാദികൾ താവളമാക്കിയെന്നു കരുതുന്ന തുരങ്കങ്ങൾക്കും ഗുഹകൾക്കും മേൽ പ്രയോഗിച്ചത് . 36 തീവ്രവാദികൾ കൊല്ലപ്പെട്ടു എന്നും അമേരിക്ക അവകാശപ്പെടുന്നു. അമേരിക്കൻ കോൺഗ്രസ്സിന്റെ അനുവാദം വാങ്ങാതെ നടത്തുന്ന ഇത്തരം വ്യോമാക്രമണങ്ങൾ ഏറ്റവും നിന്ദ്യവും ജനാധിപത്യവിരുദ്ധവുമാണെന്നു അമേരിക്കയിൽ നിന്ന് തന്നെ വിമർശനം ഉയർന്നിട്ടുണ്ട് . 

ട്രംപ് അധികാരത്തിൽ എത്തിയശേഷം തികച്ചും പ്രകോപനപരമായാണ് മറ്റു രാജ്യങ്ങളോട് പെരുമാറുന്നത്. സംഘർഷങ്ങൾ അപകടത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങി. അഫ്ഗാനിസ്ഥാനിൽ ബോംബുകളുടെ മാതാവിനെ ഉപയോഗിച്ചെങ്കിൽ ബോംബുകളുടെ പിതാവ് തങ്ങളുടെ പക്കൽ ഉണ്ടെന്നു റഷ്യ പ്രഖ്യാപിച്ചിരിക്കുന്നു.Aviation Thermobaric Bomb എന്നറിയപ്പെടുന്ന ഇതിനു അമേരിക്കയുടെ ബോംബിനേക്കാൾ നാലിരട്ടി വീര്യം കൂടുതലാണത്രെ ! സിറിയൻ ഭരണാധികാരികൾക്കു തുറന്ന പിന്തുണ ആണ് റഷ്യ നൽകി വരുന്നത്. അതുകൊണ്ടു അമേരിക്കയുടെ  അതിക്രമത്തിൽ ആദ്യം പ്രകോപിതരാകുന്നത് റഷ്യ ആണ്. കഴിഞ്ഞ ദിവസം അമേരിക്ക സിറിയൻ പ്രസിഡന്റിന്റെ വ്യോമതാവളത്തിലേക്ക് 59 തോമഹോക് മിസൈലുകൾ ആണ് തൊടുത്തു വിട്ടത്. സിറിയ രാസായുധ പ്രയോഗം നടത്തിയതിനു പകരം വീട്ടുകയാണെന്നു അമേരിക്ക അവകാശപ്പെട്ടു. എന്നാൽ ഇത് ആക്രമണത്തിനുള്ള ന്യായീകരണം മാത്രമാണെന്നും ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും സിറിയൻ പ്രസിഡന്റ പറയുന്നു. മറ്റൊരു അംഗ രാജ്യത്തിൻറെ അതിർത്തിക്കകത്തു ബലപ്രയോഗം നടത്തുന്നത് തടയുന്ന ഐക്യ രാഷ്ടസഭയുടെ ആർട്ടിക്കിൾ 2 (4 ) ന്റെ നഗ്നമായ ലംഘനം ആയാണ് ഈ ആക്രമണത്തെ വിലയിരുത്തുന്നത്. 
വടക്കൻ കൊറിയയുടെ സ്ഥാപക നേതാവ് കിം ഇൽ സുങ്ങിന്റെ 105 ആം ജന്മ വാർഷിക ദിനത്തിൽ അമേരിക്കക്കു കർശനമായ താക്കീത് ആണ് കൊറിയൻ പ്രസിഡന്റ് നൽകിയത്. 

ഏതു ആണവാക്രമണത്തെയും നേരിടാൻ സന്നദ്ധമാണെന്നും അമേരിക്ക 'സൈനിക അപസ്മാരം' അവസാനിപ്പിക്കണമെന്നും വടക്കൻ കൊറീയ ആവശ്യപ്പെടുന്നു. വടക്കൻ കൊറിയയെ പ്രകോപിപ്പിക്കുന്നത് അപകടമാണെന്ന് ചൈനയും മുന്നറിയിപ്പ് നൽകി കഴിഞ്ഞു. സിറിയയെക്കാളൊക്കെ അപകടകാരിയാണ് വടക്കൻ കൊറിയ. 
ചുരുക്കത്തിൽ വൻശക്തികളായ അമേരിക്കയും റഷ്യയും ചൈനയും അവർ പിന്തുണക്കുന്ന രാജ്യങ്ങളും ആധിപത്യത്തിനായുള്ള സൈനിക നീക്കത്തിന് ഒരുങ്ങുന്നു. യുദ്ധം ഒരു പുരുഷ കളി ആണ്. തങ്ങളുടെ ആണത്തത്തിന്റെ പ്രയോഗങ്ങൾ വിജയിപ്പിക്കുവാൻ എന്ത് അതിക്രമത്തിനും മനുഷ്യാവകാശലംഘനത്തിനും അവർ മുതിരുന്നു. കളിക്കളങ്ങൾക്കു ഏറെ ദൂരെ , കാണികൾ പോലും അല്ലാത്ത സ്ത്രീകൾ ഇരകൾ മാത്രം ആകുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും