സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
മുഖ പ്രസംഗം

ശബരിമലയില്‍ സ്‌ത്രീ പ്രവേശനം വിദൂരത്തല്ല


സ്ത്രീകൾക്ക് ആർത്തവം ഉള്ളതു കൊണ്ട് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കുന്നത് ഭരണ ഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത് ലിംഗനീതിയോടുള്ള കോടതിയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നു. ഇന്ത്യൻ ഭരണ ഘടന ലിംഗ , വംശ , ജാതി, മത , വർണ വ്യത്യാസങ്ങൾ കുറ്റകരമായാണ് കണക്കാക്കുന്നത് (ആര്‍ട്ടിക്കിള്‍ 15) . പൊതു ഇടങ്ങളിൽ സ്ത്രീക്ക് തുല്യസ്ഥാനം ലഭിക്കുക എന്നത് ലിംഗതുല്യതക്ക് അനിവാര്യമാണ്. പൊതു ഇടം എന്നത് സ്കൂളും , തെരുവും മറ്റും മാത്രമല്ല. അതിൽ ആരാധനാലയങ്ങളും ഉൾപ്പെടും . ഓരോ ദേവാലയത്തിനും  ഓരോ ആചാര രീതികൾ ഉണ്ടാകാം . ഹൈന്ദവ ആചാര പ്രകാരം ആർത്തവ ദിനങ്ങളിൽ ക്ഷേത്രത്തിൽ പോകരുത് എന്നത് പരക്കെ വിശ്വസിക്കപ്പെടുന്നതും ആണ്. അത് ചില ക്ഷേത്രങ്ങളിൽ മാത്രമല്ലല്ലോ ബാധകം! അപ്പോൾ പിന്നെ ശബരിമലക്ക് മാത്രം സ്ത്രീകൾ പോകരുത് എന്ന് വാശി പിടിക്കുന്നത്‌ എന്തിനാണെന്ന് മനസ്സിലാകുന്നില്ല. വിശ്വാസികളായ സ്ത്രീകൾ ആർത്തവ ദിനങ്ങളിൽ ഒരു ക്ഷേത്രത്തിലും പോകാറില്ല. ആർത്തവം മാസം മുഴുവൻ നീണ്ടു നില്‍ക്കുന്നില്ലല്ലോ. ഏതാനും ദിവസം മാത്രം ഉള്ള ഈ ജൈവ പ്രതിഭാസത്തിന്റെ പേരും പറഞ്ഞു മുഴുവൻ സ്ത്രീകളെയും ക്ഷേത്രത്തിൽ നിന്നും അകറ്റി നിർത്തുന്നതിൽ യാതൊരു യുക്തിയും ഇല്ല. ഇനി അഥവാ ഏതെങ്കിലും സ്ത്രീ ആ ദിവസങ്ങളില്‍ ഈശ്വര സന്നിധിയിൽ എത്തിയാൽ വിശ്വാസ പ്രകാരം അതിന്റെ പാപം ആ സ്ത്രീ അനുഭവിക്കേണ്ടി വരും എന്ന് മാത്രം . 
കോടതി ചോദിച്ചത് പോലെ ശബരിമലക്ക് പുരുഷന്മാർ പോകുമ്പോഴും കർശനമായ ചില വ്രതാനുഷ്ടാനങ്ങൾ പാലിക്കേണ്ടതുണ്ട് . ഇത് ആർക്കാണ് പരിശോധിക്കുവാൻ കഴിയുന്നത്‌? വളരെ കുറച്ചു പേർ മാത്രമേ 41 ദിവസം ബ്രഹ്മചര്യവും മറ്റും പാലിക്കുന്നുള്ളൂ എന്നത് എല്ലാവർക്കും അറിയാം. അപ്പോൾ പ്രശ്നം അതൊന്നുമല്ല. ആർത്തവം ഉണ്ട് എന്നത് സ്ത്രീക്കെതിരെ നിലനിൽക്കുന്ന വിവേചനത്തെ ന്യായീകരിക്കുവാൻ ഉള്ള ഒരു ആയുധമായി പുരുഷാധിപത്യ സമൂഹം ഉപയോഗിക്കുന്നു എന്ന് മാത്രം. 
സ്ത്രീ അശുദ്ധ ആണെന്നും , അങ്ങനെ പദവിയിൽ താഴെ നിൽക്കേണ്ടവൾ ആണെന്നും വരുത്തി തീർക്കുന്നു . അവൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ പോലും അംഗീകരിക്കപെടുക ആണ്. 
ആചാരങ്ങളുടെ പേരില്‍ തന്നെ ആണ് സ്ത്രീ ഇന്നും അടിച്ചമർത്തപ്പെടുന്നത്. മതവും ആചാരങ്ങളും മനുഷ്യസൃഷ്ടി ആണെന്നും അവ നവീകരിക്കപ്പെടണം എന്നും പറഞ്ഞ നവോഥാന നായകന്മാർ ആണ് അയ്യങ്കാളിയും ശ്രീ നാരായണനും മറ്റും. ആചാരത്തിന്റെ പേരിൽ അകറ്റി നിർത്തപ്പെട്ട ദളിതർക്ക് ഇന്ന് ശ്രീകോവിലിൽ വരെ എത്താൻ കഴിഞ്ഞു. പക്ഷെ 21 അം നൂറ്റാണ്ടിൽ സ്ത്രീകൾ ഇന്നും പടിക്ക് പുറത്ത് !! യുവാക്കളായ ചില സംഘപരിവാരുകാർ പോലും വാശിയോടെ സ്ത്രീകളെ ക്ഷേത്രത്തിൽ കയറ്റരുത് എന്ന് പറയുമ്പോൾ അത്ഭുതം തോന്നുന്നു.
1500 വർഷം മുമ്പ് സ്ത്രീകൾ അവിടെ കയറിയിരുന്നില്ല എന്നും മറ്റുമുള്ള വാദങ്ങൾ എത്ര ബാലിശമാണ്. തിരുവിതാംകൂർ രാജ്ഞി ശബരിമല സന്ദർശിച്ചിരുന്നതായി രേഖകൾ  ഉണ്ട്. മകര വിളക്ക് . മണ്ഡലം , വിഷു തുടങ്ങിയ വൻ തിരക്കുള്ളപ്പോൾ മാത്രമണ്‌ സ്ത്രീകളെ വിലക്കിയിരുന്നത് എന്നും പറയപ്പെടുന്നു. മുൻ ദേവസ്വം കമ്മീഷണർ ചന്ദ്രികയുടെ ചെറുമകൾക്ക് ചോറൂണ് ശബരിമല യിൽ വെച്ചായിരുന്നു. അത് നടന്നത് 1991 ൽ ആണെന്ന് ഓർക്കുക . അന്ന് മഹേന്ദ്രൻ എന്ന ആൾ ഇത് സംബന്ധിച്ച് നല്‍കിയ പൊതുതാത്പര്യ ഹരജി പരിഗണിക്കവേ ആണ് ചന്ദ്രിക കോടതിയിൽ ഹാജരായി ഇക്കാര്യം വെളിപ്പെടുത്തിയത്. 
അപ്പോൾ എന്നാണ് സ്ത്രീകളെ കർശനമായി അകറ്റി നിർത്തിയത് എന്ന ചോദ്യം അവശേഷിക്കുന്നു. 
എന്തായാലും മഹാരാഷ്ട്രയിലെ ശനി ക്ഷേത്രത്തിൽ 400 വർഷത്തെ വിലക്ക് ലഘിച്ചു കൊണ്ട് സ്ത്രീകൾ ശ്രീ കോവിലിനു മുമ്പിൽ എത്തി കഴിഞ്ഞു. മാറ്റം ഉണ്ടായേ തീരു. ശബരിമലയിലെ  പതിനെട്ടാം പടിയും സ്ത്രീകൾ കയറുന്ന കാലം വിദൂരത്തല്ല. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും