സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മുത്തലാഖ് നിർത്തലാക്കണംഃ വനിതാ കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

വിമെന്‍പോയിന്‍റ് ടീം

മുത്തലാഖ് നിർത്തലാക്കണമെന്ന പ്രധാനമന്ത്രി മോദിയുടെ നിലപാടിനു പിന്തുണ പ്രഖ്യാപിച്ച് കർണാടകത്തിലെ മുതിർന്ന മുസ്ലിം വനിതാ കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു. മുൻ മന്ത്രി കൂടിയായ നഫീസ് ഫസൽ ആണ് അപ്രതീക്ഷിതമായി പാർട്ടി അംഗത്വം രാജിവയ്ക്കാൻ തീരുമാനിച്ചത്. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ചുകൊടുത്തു. നഫീസ് വൈകാതെ ബിജെപിയിൽ ചേരുമെന്നാണു റിപ്പോർട്ട്.

1978 മുതൽ കോൺഗ്രസിൽ പ്രവർത്തിക്കുന്ന നേതാവാണ് നഫീസ്. അടുത്തിടെ ബിജെപിയിലേക്കു കൂറുമാറിയ മുതിർന്ന നേതാവ് എസ്.എം. കൃഷ്ണയുടെ കോൺഗ്രസ് മന്ത്രിസഭയിൽ അംഗമായിരുന്നു.
നഫീഫിന്റെ രാജി കർണാടക കോൺഗ്രസിനു കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുസ്ലിം സ്ത്രീകൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് ഇവർ.

മുത്തലാഖ് നിരോധിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടാണ് തന്നെ കോൺഗ്രസ് വിടാൻ പ്രേരിപ്പിച്ചതെന്നും നഫീസ് വ്യക്തമാക്കി. മുത്തലാഖ് മൂലമുള്ള ദുരന്തം വർഷങ്ങളായി മുസ്ലിം സ്ത്രീകൾ അനുഭവിക്കുന്നു. ആദ്യമായിട്ടാണ് ഒരു പ്രധാനമന്ത്രി മുത്തലാഖിനെതിരേ പരസ്യമായി രംഗത്തുവരുന്നത്. കോൺഗ്രസ് പാർട്ടി മുസ്ലിം സമുദായ സംരക്ഷകരെന്ന് അവകാശപ്പെടുമ്പോഴും ഒന്നും ചെയ്യുന്നില്ലെന്ന് നഫീസ് ആരോപിച്ചു.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയിൽനിന്നു നേരിട്ട അവഗണനയും തന്നെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതായി നഫീസ് പറഞ്ഞു. പാർട്ടി അധ്യക്ഷയെ നേരിട്ടു കണ്ട് തന്റെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സോണിയ ഗാന്ധി കൂടിക്കാഴ്ച അനുവദിച്ചില്ല.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും തന്നെ അവഗണിച്ചതായി നഫീസ് പറഞ്ഞു. നിർധന രോഗികൾക്കായി ചെയ്ത സേവനങ്ങൾ കണക്കിലെടുത്ത് തന്നെ സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലേക്ക് നാമനിർദ്ദേശം ചെയ്യണമെന്ന് കഴിഞ്ഞ വർഷം നഫീസ് രാഹുലിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ രാഹുൽ ഇതിനോട് ദേഷ്യത്തോടെയാണു പ്രതികരിച്ചതെന്ന് നഫീസ് വ്യക്തമാക്കി.
മുത്തലാഖിനെതിരായ തന്റെ നിലപാട് വ്യക്തമാക്കികൊണ്ടാണ് നഫീസ് കോൺഗ്രസിനോടു വിടപറയുന്നത്. ഏതെങ്കിലും മുല്ലയ്ക്കും മൗലാനയ്ക്കും ഫത്വവ ഇറക്കാനുള്ള അധികാരം ഇസ്ലാം നല്കുന്നില്ലെന്നും നഫീസ് വിശദീകരിക്കുന്നു. ഇന്ത്യയിലെ മുസ്ലിം പുരോഹിതന്മാർ വർഷങ്ങളായി ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഫത്വവകൾ പുറപ്പെടുവിക്കുന്നു.

തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം മുസ്ലിം പുരുഷന്മാരിൽനിന്ന് നേരിടേണ്ടിവന്ന തിക്താനുഭവങ്ങളും നഫീസ് വെളിപ്പെടുത്തി. ഒരു വനിത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് മുസ്ലിം പുരുഷന്മാർക്ക് ഇഷ്ടമല്ല. ഇക്കാര്യത്തിൽ കടുത്ത വിമർശനങ്ങളാണ് തനിക്കു നേരിടേണ്ടിവന്നത്. മുസ്ലിം സ്ത്രീകൾ പരസ്യമായി രംഗത്തുവന്ന് തങ്ങളുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും