സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീ സ്ഥാനാർഥികൾ കുറഞ്ഞു പോയതിൽ പ്രതിഷേധം

ജയലക്ഷ്മി

വരുന്ന തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കക്ഷികൾ സ്ത്രീകൾക്ക് സീറ്റ് നൽകാത്തതിൽ സ്ത്രീ കൂട്ടായ്മ പ്രതിഷേധിച്ചു. സുഗത കുമാരി ,പ്രൊഫ സാറ ജോസഫ് , അജിത ,ചന്ദ്രമതി , തുടങ്ങി 30 പേരാണ് പ്രസ്താവനയിൽ ഒപ്പ് വെച്ചിരിക്കുന്നത്.
 പ്രസ്താവനയുടെ പൂര്‍ണ രൂപം ചുവടെ :
14 ആം നിയമസഭയിലേക്ക് 2016 മെയ് 16 നു തെരഞ്ഞെടുപ്പു നടക്കുമ്പോൾ ഇത്തവണയും രാഷ്ട്രീയകക്ഷികൾ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം നൽകാത്തതിൽ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു. യു ഡി എഫ് വെറും 8 സീറ്റിൽ ആണ് സ്ത്രീകളെ മത്സരിപ്പിക്കുന്നത്. ഇവർ എല്ലാവരും കോണ്ഗ്രസ് ആണ്. ഘടക കക്ഷികൾ ആയ മുസ്ലിം ലീഗും കേരള കോണ്ഗ്രസ്സും ഒരു സീറ്റ് പോലും സ്ത്രീകള്ക്ക് നൽകിയിട്ടില്ല . നൽകിയ സീറ്റുകളിൽ രണ്ടെണ്ണം മാത്രമാണ് യു ഡി എഫ് സിറ്റിംഗ് സീറ്റുകൾ. ഇത്തവണ അതും യു ഡി എഫിന് ഉറപ്പു പറയാൻ ആവില്ല. മഹിളാ കോണ്ഗ്രസ് നേതാക്കൾ എല്ലാവരും തഴയപ്പെട്ടു. കഴിഞ്ഞ തവണ യു ഡി എഫിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും ഒരു വനിത മാത്രമാണ് ജയിച്ചതെന്ന് ഓർക്കുക .  സ്ത്രീ ശാക്തീകരണത്തെ കുറിച്ച് പ്രഖ്യാപനങ്ങൾ നടത്തുകയും സോണിയ ഗാന്ധി എന്ന സ്ത്രീ നയിക്കുന്നതുമായ കോൺഗ്രസ് ഈ നിലപാട് സ്വീകരിച്ചത് ഒരിക്കലും അംഗീകരിക്കുവാൻ ആവില്ല.
എൽ ഡി എഫ് 17 സ്ത്രീകൾക്ക് സീറ്റ് നല്കി കൊണ്ട് സ്ഥിതി മെച്ചപ്പെടുത്തിയെങ്കിലും ഒരു ജില്ലയിൽ ഒരു സ്ത്രീ ഉണ്ടാകുമെന്ന ഉറപ്പ് പാലിച്ചിട്ടില്ല. ലിംഗനീതിയോട് പ്രതിബദ്ധത ഉണ്ടെങ്കിൽ നിർബന്ധമായും ഇടതുപക്ഷം 25 സ്ത്രീകളെ എങ്കിലും പരിഗണിക്കണമായിരുന്നു. സി പി ഐ എം 12 , സി പി ഐ 4, ജനത ദൾ 1 എന്ന നിലയിലാണ് സ്ത്രീകൾ എൽ ഡി എഫിൽ നിന്നും മത്സരരംഗത്തുള്ളത്.
ബി ജെപി യും നിർത്തിയിട്ടുണ്ട് 7 സ്ത്രീകളെ . ജയസാദ്ധ്യത ഇല്ലെന്നു ഉറപ്പുള്ള സീറ്റുകളിൽ ആണ് ബി ജെപി മുന്നണി സ്ത്രീകളെ മത്സരിപ്പിക്കുന്നത്. നിയമ നിർമാണത്തിലും ഭരണ നിർവഹണത്തിലും ജനസംഖ്യയുടെ പകുതി വരുന്ന വിഭാഗത്തെ അകറ്റി നിർത്തികൊണ്ടാണ് 68 വർഷമായി ഇന്ത്യൻ ജനാധിപത്യം നിലനിൽക്കുന്നത് എന്നത് അപമാനകരമാണ്.  
 ജനാധിപത്യത്തിനും  മതേതരത്വത്തിനും വലിയ ഭീഷണി നേരിടുന്ന ഈ നിർണായക കാലഘട്ടത്തിൽ സ്ത്രീകൾ ഉൾപ്പെടുന്ന പാര്ശ്വവൽകരിക്കപ്പെട്ടവർ രാഷ്ട്രീയ മുഖ്യധാരയിൽ ഉണ്ടാകണം. ഫാസിസവും വർഗീയതയും സ്ത്രീജീവിതങ്ങളെ അപായപ്പെടുത്തുമ്പോൾ മുഖ്യരാഷ്ട്രീയകക്ഷികൾ പുരുഷാധിപത്യപരമായി തുടരുന്നതു ഞങ്ങളെ നിരാശപ്പെടുത്തുന്നു. ഇനിയും വൈകിയിട്ടില്ല. മതേതര ,ജനാധിപത്യ രാഷ്ട്രീയ കക്ഷികൾ കൂടുതൽ സ്ത്രീകൾക്ക് സ്ഥാനാർഥിത്വം നൽകി തങ്ങളുടെ പ്രതിബധത തെളിയിക്കണം എന്നും ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും