സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
മുഖ പ്രസംഗം

മാധ്യമചരിത്രത്തിലെ കറുത്ത ദിനം


കേരളത്തിന്റെ മാധ്യമചരിത്രത്തിലെ കറുത്ത ദിനമായി 2017 മാർച്ച് 24 നെ കണക്കാക്കണം . അശ്ളീല മാധ്യമപ്രവർത്തനത്തിനു ഒരു മലയാളം ചാനൽ തുടക്കം കുറിച്ച ദിനമായിരുന്നു അത്. മംഗളം ചാനൽ "അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിന് " പുതിയ മാതൃക സൃഷ്ടിച്ചു. സ്വന്തം സ്ഥാപനത്തിലെ  മാധ്യമപ്രവർത്തകയെ ഉപയോഗിച്ച് "തേൻകെണി ' ഉണ്ടാക്കി ഒരു മന്ത്രിയുടെ കസേര തെറിപ്പിച്ചു. മംഗളം ഈ സംഭവവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ  സ്ത്രീകളെ അപമാനിക്കുകയായിരുന്നു എന്നതാണ് വിചിത്രം. എന്നാൽ അവകാശവാദമോ സ്ത്രീസുരക്ഷക്കു വേണ്ടിയുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നുമാണ്! 

എത്രമാത്രം സ്ത്രീവിരുദ്ധമായിരുന്നു മംഗളത്തിന്റെ ഓരോ ചുവടും എന്ന് പരിശോധിക്കാതെ വയ്യ. 24 നു രാവിലെ മംഗളം വാർത്തബുള്ളറ്റിൻ ആരംഭിച്ചത് സ്ത്രീസുരക്ഷ സംബന്ധിച്ച ചർച്ചയുമായാണ്. സേവ യുടെ സോണിയ ജോർജും എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ എസ എൻ സന്ധ്യയുമാണ് സ്റ്റുഡിയോയിൽ ചർച്ചക്കായി എത്തിയിരുന്നത്. ചർച്ച ഒരു പ്രത്യേക ഘട്ടത്തിൽ എത്തിയപ്പോൾ പെട്ടെന്ന് ഒരു ഓഡിയോ ക്ലിപ് സ്‌ക്രീനിൽ വരുകയും ലൈംഗിക സംഭാഷണത്തിലെ പുരുഷ ശബ്ദം കേൾക്കാൻ തുടങ്ങുകയും ചെയ്യുന്നു. സ്ത്രീപ്രവർത്തകർക്കു ഇതേ കുറിച് യാതൊരു സൂചനയും നേരത്തെ ലഭിച്ചില്ലെന്ന് വ്യക്തം. ഇരുവരും ശക്തമായി തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചു. തത്സമയ സംപ്രേക്ഷണത്തിൽ ഇവർ അനുഭവിച്ചിട്ടുള്ള മാനസിക സംഘർഷം നമുക്ക് ഊഹിക്കാം. 

വാർത്തയെ കുറിച്ച് മംഗളം ആദ്യം പ്രഖ്യാപിക്കുന്നതു പരാതിയുമായി ചെന്ന ഒരു വീട്ടമ്മയോടാണ് മന്ത്രി ലൈംഗികസംഭാഷണം നടത്തിയത് എന്നാണ്. ബലപ്രയോഗത്തെകുറിച്ചോ കാര്യസാധ്യത്തിനായി വന്ന സ്ത്രീയോട് ലൈംഗികതാത്പര്യം കാണിക്കുന്നതായോ പുറത്തു വിട്ട ഓഡിയോ ക്ലിപ്പിൽ നിന്നും തെളിവ് ലഭിക്കില്ല. സ്ത്രീയുടെ ശബ്ദമേ കേൾപ്പിക്കാതെ പുരുഷശബ്ദത്തിൽ നിന്നും ഒരു കഥ മംഗളം മെനഞ്ഞു പുറത്തുവിട്ടപ്പോൾ സ്വാഭാവികമായും നിരവധി ചോദ്യങ്ങൾ ഉയർന്നു.മാധ്യമ  നീതിയെ കുറിച്ചും ധർമത്തെ കുറിച്ചും എല്ലാം. എന്നാൽ പിന്നീട് സംഭവിച്ചതാണ് എല്ലാ പരിധിയും ലംഘിച്ചത്. മംഗളം സി ഇ ഓ അജന്താലയം അജിത്കുമാർ എല്ലാ അപരാധങ്ങൾക്കും മാപ്പു ചോദിക്കുന്നു. വീട്ടമ്മ ഇല്ല, സ്റ്റിങ് ഓപ്പറേഷൻ ആണ്, വനിതാ മാധ്യമപ്രവർത്തകയോടാണ് മന്ത്രി സംസാരിച്ചത്.. ഇങ്ങനെ പോകുന്നു ഏറ്റുപറച്ചിൽ . പെട്ടെന്ന് ഒരു ദിവസം നീതിബോധം ഉണ്ടായിട്ടല്ല അജിത്കുമാർ മാപ്പു പറഞ്ഞത്. തലസ്ഥാനത്തെ വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പടെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസ്സെടുത്തപ്പോഴാണ് എല്ലാ സ്‌കൂപ്പും പൊളിഞ്ഞു വീണത്. പക്ഷെ മാപ്പു പറഞ്ഞതിന്റെ  ഒപ്പം അജിത്കുമാർ ഒരു കാര്യം കൂടി പറഞ്ഞു, വനിതാ മാധ്യമപ്രവർത്തക സ്വയം ചെയ്തതാണെന്ന് . എന്തൊരു അസംബന്ധം! മംഗളത്തിൽ നിന്നും നിരവധി സ്ത്രീ പുരുഷന്മാർ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി രാജി വെച്ചു .  എന്താണ് അവിടെ നടക്കുന്നതെന്ന് ഇവർ തുറന്നു പറയുന്നുണ്ട്. ഒരു സ്ത്രീ ജീവനക്കാരിയെ അനാശാസ്യത്തിനോ ലൈംഗിക തൊഴിലിനോ നിര്ബന്ധിക്കുകയാണ് മംഗളം മാനേജ്‍മെന്റ് ചെയ്തിരിക്കുന്നത്. രാജി വെച്ച പെൺകുട്ടികളെ കുറിച്ചും വളരെ അപമാനകരമായ വിധത്തിൽ കഥകൾ പ്രചരിപ്പിക്കുന്നു. 
ഇതിനെതിരെ ഇന്ന് വനിതാ മാധ്യമപ്രവർത്തകർ മംഗളം ഓഫീസിലേക്ക് മാർച്ച് ചെയ്തു. ഇവരെ  അഭിനന്ദിക്കാതെ വയ്യ. ഈ സമരം  പൊളിക്കാൻ വൻ സമ്മർദം ആണ് ഉണ്ടായതു. പലതരത്തിൽ വനിതകളെ പിന്തിരിപ്പിക്കാൻ ശ്രമം നടന്നു. ചില ഭർത്താക്കന്മാരെ വരെ ബന്ധപ്പെട്ടിരിക്കുന്നു! പക്ഷെ വനിതകൾ ഉറച്ച നിലപാടിൽ നിന്നും ഒരിഞ്ചു പോലും പിന്നോട് പോയില്ല.

നെറ്റ് വർക് ഓഫ് വിമൻ ഇൻ മീഡിയ കേരളഘടകത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനം ഒരു മുന്നറിയിപ്പ് നൽകുന്നു. സ്ത്രീകളെ എന്ത് അനഭലഷണീയമായ കാര്യത്തിനും "ഉപയോഗിക്കുന്ന' മാധ്യമപ്രവർത്തനം കേരളം അംഗീകരിക്കില്ല എന്ന സന്ദേശം ഈ പ്രകടനം വ്യക്തമാക്കി. അനേകം യുവതികൾ മാധ്യമരംഗത്തെ വെല്ലുവിളികൾ നേരിടാൻ തയാറായി വരുന്ന കാലത്തു തേൻകെണിക്കുള്ള വസ്തുവായി സ്ത്രീയെ കാണുന്നത് മുളയിലേ നുള്ളിയെ പറ്റൂ. ഇപ്പോൾ മംഗളത്തിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷക്ക് വേണ്ടി കൂടി ആണ് ഇന്ന് പ്രകടനം നടത്തിയത്. 
ഫോണിൽ സംസാരിച്ചു എന്ന് പറയപ്പെടുന്ന മാധ്യമ പ്രവർത്തക പുറത്തു വരണം എന്ന് കൂടി വിമൻപോയിന്റ് ആവശ്യപ്പെടുകയാണ്. എത്രകാലം ഒളിവിൽ കഴിയാൻ ആകും. എന്താണ് സംഭവിച്ചതെന്ന് തുറന്നു പറഞ്ഞു സധൈര്യം നിലപാ ട് എടുത്താൽ സംരക്ഷിക്കാൻ കേരളത്തിന് കഴിയും. 
കെണിയിൽ വീണത് യഥാര്ഥത്തില് മംഗളം ആണ്, മന്ത്രി അല്ല. വീണു കിടക്കുന്ന മംഗള ത്തെ എന്തിനു ഭയക്കണം? സ്വന്തം സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റുവാൻ ആ സഹോദരി തയ്യാറാകുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും