സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
മുഖ പ്രസംഗം

ഞങ്ങൾക്ക് ഇന്ന് ആനന്ദത്തിന്റെയും അഭിമാനത്തിന്റെയും ദിനം


വിമൻ പോയിന്റ് പുറം ലോകത്തേക്ക് ഇറങ്ങുന്നു.വിമൻപോയിന്റ് പിറന്നിട്ട്  രണ്ടു വർഷമായി . പക്ഷെ സ്വന്തം കാലിൽ നിൽക്കുന്നത് വരെ ഞങ്ങൾ വിമൻപോയിന്റിനെ മറച്ചു പിടിച്ചു . സുജയും സുനീതയും  നടത്തിയ സുദീർഘമായ ചർച്ചകളുടെ ഫലമാണീ വെബ്‌സൈറ്റ് . മുഖ്യധാരാ മാധ്യമങ്ങളിൽ സ്ത്രീയുടെ ഇടം പീഡനത്തിൽ ചുരുങ്ങി നിൽക്കുന്നു എന്ന തിരിച്ചറിവ് സ്വന്തമായി ഒരു ഡിജിറ്റൽ ഇടം എന്ന ആശയത്തിലേക്ക് ഞങ്ങളെ എത്തിക്കുകയായിരുന്നു.

സ്ത്രീകൾക്ക് സ്വതന്ത്രമായി അഭിപ്രായം പറയാനും സംവാദങ്ങളിൽ  ഏർപ്പെടാനും ഒരു പൊതുഇടം ഇന്നില്ല. പുറം ലോകത്തെ എല്ലാത്തരം അതിക്രമങ്ങളും ഡിജിറ്റൽ ലോകത്തും സംഭവിക്കുന്നു. തുറന്നു സംസാരിക്കുന്ന സ്ത്രീകളെ പിന്തുടർന്നു ശല്യം ചെയ്യുകയും അധിക്ഷേപിക്കുകയും കൂട്ടത്തോടെ ആക്രമിച്ചു ഓടിക്കുകയും ചെയ്യുന്ന ഭയപ്പെടുത്തുന്ന സ്ഥലം ആണ് സാമൂഹ്യ മാധ്യമങ്ങൾ. യഥാർത്ഥ ലോകമാകട്ടെ ഇതിനേക്കാൾ ഭീകരവും.

എന്നാൽ ഈ പ്രതിസന്ധികളും തടസ്സങ്ങളും ധീരമായി തട്ടി തെറിപ്പിച്ചു കൊണ്ട് സ്ത്രീകൾ മുന്നേറുക തന്നെ ആണ്. ജീവിതം ഒരു പോരാട്ടമായി കണക്കാക്കുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും. തല ഉയർത്തിപ്പിടിച്ചു ജീവിതം കരുപിടിപ്പിക്കുകയും കുഞ്ഞുങ്ങളെ പോറ്റുകയും ചെയ്യുന്ന ആയിരക്കണക്കിന് സ്ത്രീകളാണ് ഞങ്ങളുടെ പ്രചോദനം. ഇവർക്കും ഉണ്ട് അഭിമാനിക്കാൻ  നിരവധി നേട്ടങ്ങൾ. ഇവരും തങ്ങളുടെ വിജയങ്ങളിൽ ആഹ്ലാദിക്കുന്നു. പക്ഷെ ഇതൊന്നും ഡോകുമെന്റ് ചെയ്യപ്പെടുന്നില്ല. പെണ്ണ് കണ്ണീരും നിലവിളിയും മാത്രമാണെന്ന പൊതുബോധം അവളുടെ കീഴാളവസ്ഥയെ ദൃഢീകരിക്കുന്നു.  കേരളത്തിലെ സ്ത്രീകളുടെ നേട്ടങ്ങൾ സ്ഥിതിവിവര കണക്കിലെ ചില അക്കങ്ങൾ മാത്രമല്ല. ഈ അക്കങ്ങൾ ആകട്ടെ വ്യാജവുമാണ്. അതിനപ്പുറത്തു സ്ത്രീകൾ ദൈനം ദിന ജീവിതത്തിൽ നടത്തുന്ന പ്രതിരോധ സമരങ്ങളും സ്വന്തമാക്കുന്ന നേട്ടങ്ങളും കണക്കു കൂട്ടാൻ ഇനിയും ഉപകരണങ്ങൾ കണ്ടുപിടിച്ചിട്ടില്ല. പക്ഷെ, വിമൻ പോയിന്റ് ഇവർക്ക് ഇടം നൽകുന്നു. 
കേരളത്തിലെ സ്ത്രീജീവിതങ്ങൾ അതിന്റെ എല്ലാ വർണവൈവിധ്യത്തോടെയും അവതരിപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എല്ലാ വിവേചനങ്ങൾക്കും അപ്പുറത്തു സൗഹൃദത്തിന്റെയും സമന്വയത്തിന്റെയും മനോഹരമായ 
വാർത്തയും സംവാദവും അഭിമുഖങ്ങളും ലേഖനങ്ങളും ശബ്ദവും ദൃശ്യവും എല്ലാം ചേർന്ന സമഗ്രമായ സ്ത്രീ വെബ്‌സൈറ്റ് ആണ് ഞങ്ങളുടെ സ്വപ്നം. ഒരു ദിവസം കൊണ്ട് ഈ സ്വപ്നം പൂർത്തീകരിക്കാൻ ആവില്ല. നിങ്ങൾ ഓരോരുത്തരുടെയും പിന്തുണയും സഹായവും ആണ് ഞങ്ങൾക്ക് മുന്നോട്ടു പോകുവാൻ കരു ത്ത് നൽകുന്നത്. കേരളത്തിന്റെ പ്രിയങ്കരിയായ സുഗതകുമാരി ഔപചാരികമായി ഉദ്‌ഘാടനം ചെയ്യുന്നതോടെ ഇത്  മാറുന്നു . ചന്ദ്രമതി, ഏലിയാമ്മ വിജയൻ, മീന ടി പിള്ള, ശ്രീകല, എം എസ് എന്നിവരുടെ സാന്നിധ്യം ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നു. 

ഞങ്ങളുടെ ഒപ്പം നിന്ന നിരവധി സുഹൃത്തുക്കൾ ഉണ്ട്. സ്ത്രീകൂട്ടായ്മ ആണ്സ്ത്രീ വെബ്‌സൈറ്റ്  എന്ന ആശയത്തിന് വ്യക്തത നൽകിയത്. 
ഞങ്ങൾ ഏറ്റെടുത്തിരിക്കുന്ന ഭരിച്ച ദൗത്യത്തിന്റെ തുടക്കത്തിൽ ഞങ്ങൾ എല്ലാ കൂട്ടുകാരെയും സ്നേഹത്തോടെ ഓർക്കട്ടെ. ഞങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്ന SAASVAAP Techies ന്റെ അരുൺകുമാറിന്റെയും സംഘത്തിൻറെയും സഹായം എടുത്തു പറയാതെ വയ്യ.  ഞങ്ങളുടെ ആശയങ്ങൾ പ്രയോഗത്തിൽ എത്തിച്ചു കൊണ്ടിരിക്കുന്ന ജയലക്ഷ്മിയെ കൂടി പരിചയപ്പെടുത്തുന്നു. 
ഞങ്ങളുടെ യാത്ര തുടങ്ങുന്നു... എല്ലാവരും ഒപ്പം ഉണ്ടെന്ന ഉത്തമ വിശ്വാസത്തോടെ..


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും