സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഒരാള്‍ പോലും ആ വിളി കേട്ടില്ലഃ സുമ

വിമെന്‍പോയിന്‍റ് ടീം

ഛര്‍ദ്ദിച്ച് അവശനായി കിടന്ന  ആള്‍ക്ക് അരികിലേക്ക് സുമ ഓടിയെത്തി. ചുറ്റുനോക്കി നിന്നവരെയൊക്കെ വിളിച്ച് സഹായിക്കണെ എന്ന് കേണിട്ടും ഒരാള്‍ പോലും ആ വിളി കേട്ടില്ല. ആരെന്നും എന്തെന്നും അറിയാതെ വഴിയില്‍ വീണുകിടന്ന ആളെ തനിയെ എടുത്ത് വാഹനത്തില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അയാളുടെ ജീവന്‍ നഷ്ടമായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്കാണ് ആള്‍ക്കൂട്ടത്തിന്റെ അലംഭാവം മൂലം ഒരാള്‍ക്ക് ജീവന്‍ നഷ്ടമായത്. കോട്ടയം കളത്തിപ്പടി ഉണ്ണിക്കുന്നേല്‍ വിജയന്‍ എന്നയാളാണ് മരണമടഞ്ഞത്. നഗരമധ്യത്തില്‍ കുഴഞ്ഞുവീണപ്പോള്‍ ഏറെനേരം ആളുകള്‍ നോക്കി നില്‍ക്കുന്നത് കണ്ട് സമീപത്തെ ബേക്കറിയില്‍ നിന്നും ഓടിയെത്തിയ സുമ കുട്ടപ്പനാണ് തന്നാലാകും വിധം വിജയന്റെ ജീവന്‍ രക്ഷിക്കാനായി ശ്രമിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് കോട്ടയം റെയില്‍വെ സ്‌റ്റേഷനിലെ ടാക്‌സി ഡ്രൈവറായ വിജയന്‍ യാത്രക്കാരുമായി നെടുമ്പാശേരിയിലേക്ക് തിരിക്കുന്നത്. യാത്രക്കിടെ ഏറ്റുമാനൂരില്‍ എത്തിയപ്പോള്‍ ശരീരതളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു വാഹനത്തില്‍ കയറ്റി അയച്ചു. പിന്നാലെ വിജയന്‍ സമീപത്തുളള മെഡിക്കല്‍ സ്റ്റോറില്‍ കയറി. അവിടെ നിന്നും ഇറങ്ങുന്നതിനിടെ ഛര്‍ദ്ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു വിജയന്‍. ശരീരത്തില്‍ ആകമാനം ഛര്‍ദ്ദില്‍ പറ്റിയിരുന്നതിനാല്‍ ആള്‍ക്കൂട്ടം സമീപത്തെത്തി നോക്കി നിന്നു. പലരും പിരിഞ്ഞു പോകുകയും ചെയ്തു. പതിനഞ്ച് മിനിറ്റോളം വിജയന്‍ നഗരഹൃദയത്തില്‍ അവശനായി കിടന്നിട്ടും ആരും നോക്കാതിരുന്നപ്പോഴാണ് സമീപത്തെ ഏദന്‍ ബേക്കറിയില്‍ നിന്നും സുമ ഓടിയെത്തിയത്.

അവസാനം മെഡിക്കല്‍ സ്‌റ്റോര്‍ ഉടമയാണ് സുമയ്‌ക്കൊപ്പം വന്ന് കാറില്‍ കയറുന്നത്. ആശുപത്രിയിലേക്കുളള യാത്രാമധ്യേ തെളളകത്ത് എത്തിയപ്പോഴേക്കും വിജയന്റെ ചലനങ്ങള്‍ നിലച്ചു. അതിനിടെ സുമ വിജയന്റെ മൊബൈല്‍ ഫോണില്‍ നിന്നും കണ്ട നമ്പരുകളിലേക്ക് വിളിച്ച് കാര്യങ്ങള്‍ പറഞ്ഞിരുന്നു തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തി മരണം സ്ഥിരീകരിച്ചു.
ആശുപത്രിയില്‍ വിജയന്റെ ബന്ധുക്കള്‍ എത്തിയശേഷമാണ് സുമ വീട്ടിലേക്ക് പോകുന്നത്. തിരികെ വസ്ത്രങ്ങള്‍ മാറി ഉച്ചയ്ക്കുശേഷം ജോലിയിലേക്കും സുമ കയറി. ഇന്നലെ നടന്ന സംസ്‌കാര ചടങ്ങുകളിലും പങ്കെടുത്തു. പാറമട തൊഴിലാളിയായ കുട്ടപ്പനാണ് സുമയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. നേരത്തെയും വഴിയരികില്‍ അപകടത്തില്‍ പെട്ടുകിടന്നവരെ രക്ഷിക്കാന്‍ സുമ ശ്രമിച്ചിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും