സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
മുഖ പ്രസംഗം

ബഡ്‌ജറ്റും സ്‌ത്രീകളും


ലിംഗനീതി ഉറപ്പാക്കുന്നതിന്‌ സ്‌ത്രീപക്ഷ ബഡ്‌ജറ്റ്‌ അനിവാര്യമാണെന്ന്‌ ലോകമെമ്പാടുമുള്ള നയരൂപീകരണ വിദഗ്‌ധര്‍ അംഗീകരിച്ചിട്ടുണ്ട്‌. സ്‌ത്രീപ്രശ്‌നത്തെ ഒരു വികസന പ്രശ്‌നമായി വേണം കാണേണ്ടത്‌. ഒരു രാജ്യത്തിന്റെ പുരോഗതി വിലയിരുത്തുമ്പോള്‍ അവിടെയുള്ള സ്‌ത്രീസമൂഹത്തിന്റെ പദവി കണക്കിലെടുക്കാതിരിക്കുവാന്‍ ആവില്ല. ബഡ്‌ജറ്റ്‌ എന്നത്‌ ഒരു കണക്കിന്റെ കളി മാത്രമല്ല. ഒരു സമൂഹത്തിലെ അസമത്വം കുറക്കുവാനും തുല്യ നീതി ഉറപ്പാക്കുവാനുമുള്ള ഉപകരണം കൂടിയാണ്‌. വളര്‍ച്ചയുടെ തോത്‌ ശതമാനമായി നമ്മുടെ മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ പലപ്പോഴും ആ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ തമസ്‌ക്കരിക്കപ്പെടുന്നു. സ്‌ത്രീകള്‍, ദളിതര്‍, ദരിദ്രര്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങി വിവിധതരത്തിലുള്ള അസമത്വം അനുഭവിക്കുന്ന വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കുകയും, വിലയിരുത്തുകയും അവയുടെ പരിഹാരത്തിന്‌ തുക മാറ്റി വെക്കുകയും വേണം. ജെന്റര്‍ ബഡ്‌ജറ്റ്‌ എന്ന കാഴ്‌ചപ്പാട്‌ ജനാധിപത്യ സര്‍ക്കാരുകള്‍ക്ക്‌ അവശ്യം ഉണ്ടാകണമെന്ന്‌ ഐക്യരാഷ്‌ട്രസഭ ഉള്‍പ്പെടെ നിഷ്‌കര്‍ഷിക്കുന്നു. 

എന്നാല്‍ 2015-16 ന്റെ കേരള സംസ്ഥാനബഡ്‌ജറ്റ്‌ സ്‌ത്രീ സമൂഹത്തെ പൂര്‍ണമായി അവഗ
ണിച്ചിരിക്കുന്നു. ധനമന്ത്രി കെ എം മാണിക്ക്‌ ബഡ്‌ജറ്റ്‌ അവതരിപ്പിക്കുവാനോ എല്ലാ ജനാധിപത്യ സംവിധാനത്തിലും എന്ന പോലെ അത്‌ സംബന്ധിച്ച്‌ ചര്‍ച്ച നടത്തുവാനോ കഴിഞ്ഞിട്ടില്ല. ബാര്‍കോഴ കേസ്സില്‍ ആരോപണ വിധേയനായ മന്ത്രി ബഡ്‌ജറ്റ്‌ അവതരിപ്പിക്കാതെ മാറി നില്‍ക്കണം എന്ന പ്രതിപക്ഷ ആവശ്യം തള്ളിക്കളഞ്ഞതാണ്‌ ഈ സ്ഥിതി വിശേഷം ഉണ്ടാക്കിയത്‌. എന്നാല്‍ യു ഡി എഫ്‌ സര്‍ക്കാര്‍ തയാറാക്കിയ ബഡ്‌ജറ്റ്‌ എത്രമാത്രം ജനവിരുദ്ധവും സ്‌ത്രീവിരുദ്ധവും ആണെന്നു പൊതുസമൂഹത്തെ അറിയിക്കാതെ ഒളിപ്പിച്ചു വെക്കാന്‍ കെ എം മാണിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

കേരളത്തിലെ സ്‌ത്രീസമൂഹം നേരിടുന്ന അതീവ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക്‌ യാതൊരു പരിഹാര നിര്‍ദ്ദേശങ്ങളും ബഡ്‌ജറ്റ്‌ മുന്നോട്ടു വെക്കുന്നില്ല. ചില തട്ടികൂട്ടലുകള്‍ മാത്രമാണ്‌ അങ്ങിങ്ങ്‌ കാണാന്‍ കഴിയുക. ജെന്റര്‍ ബഡ്‌ജറ്റ്‌ യഥാര്‍ത്ഥത്തില്‍ സ്‌ത്രീ ശാക്തീകരണത്തിനു എന്ന പേരില്‍ അല്‍പം തുക മാറ്റി വെക്കല്‍ അല്ല.

മൊത്തം ബഡ്‌ജറ്റിന്‌ സ്‌ത്രീ വീക്ഷണം ഉണ്ടാകുക എന്നതാണ്‌ ആവശ്യം. ആരോഗ്യം, തൊഴില്‍, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, പാര്‍പ്പിടം തുടങ്ങി എല്ലാ മേഖലയുമായി ബന്ധപ്പെട്ടും തുക നീക്കി വെക്കുമ്പോള്‍ സ്‌ത്രീകളെ കണക്കിലെ ടുക്കെണ്ടതായുണ്ട്‌. ഇത്രയും മാതൃകാപരമായ ബഡ്‌ജറ്റ്‌ മാണിയില്‍ നിന്നും പ്രതീക്ഷിക്കുവാന്‍ കഴിയില്ല. എന്നാല്‍ സ്‌ത്രീ ശാക്തീകരണം എന്ന വിഷയത്തെ എങ്ങനെയാണ്‌ യു ഡി എഫ്‌ സര്‍ക്കാര്‍ കാണുന്നതെന്ന്‌ പോലും ബഡ്‌ജറ്റ്‌ വ്യക്തമാക്കുന്നില്ല. കുടുംബശ്രീക്ക്‌ 122 കോടി എഴുതി ചേര്‍ക്കുമ്പോഴും അത്‌ എന്തിനു വേണ്ടി എന്ന്‌ പറയുന്നില്ല. കേരളത്തിലെ സ്‌ത്രീകള്‍ വീട്ടിനുള്ളിലും പൊതുമണ്‌ഡലത്തിലും തൊഴില്‍ സ്ഥലങ്ങളിലും അനുഭവിക്കുന്ന അതിക്രമങ്ങള്‍ വിവരണാതീതമാണ്‌. പല നിയമങ്ങളും സ്‌ത്രീസുരക്ഷക്കായി നിലവില്‍ ഉണ്ടെങ്കിലും ഇവ പ്രയോഗത്തില്‍ കൊണ്ടു വരുന്നതിനു സര്‍ക്കാരിന്റെ ഇടപെടല്‍ കൂടിയേ കഴിയൂ. നിലവിലുള്ള പിന്തുണാ സംവിധാനങ്ങള്‍ ഫലപ്രദവും കുറ്റമറ്റതുമാക്കുന്നതിനെ കുറിച്ച്‌ ബഡ്‌ജറ്റ്‌ മൗനം പാലിക്കുന്നു. സൂര്യനെല്ലി മുതല്‍ എല്ലാ വിവാദമായ കൂട്ടലൈംഗിക അതിക്രമ കേസുകളിലും പ്രതികള്‍ക്ക്‌ ഇതുവരെ ശിക്ഷ ലഭിച്ചിട്ടില്ല. അതിന്റെ കാരണങ്ങള്‍ നിരവധിയാണ്‌. കൂടുതല്‍ അതിവേഗ കോടതികള്‍ ആരംഭിക്കുക, ജാഗ്രത സമിതികള്‍ ശക്തമാക്കുക, പോലീസ്‌ സേനയില്‍ 33% വനിതകളെ നിയമിക്കുക, നിര്‍ഭയ കേന്ദ്രങ്ങള്‍ സ്‌ത്രീ സൗഹാര്‍ദപരം ആക്കുക, യാത്ര സുരക്ഷിതമാക്കുക, തൊഴില്‍ സ്ഥലങ്ങളില്‍ ലൈംഗിക പീഡനവിരുദ്ധ സമിതികല്‍ രൂപീകരിക്കുക, സ്‌ത്രീകള്‍ക്ക്‌ തൊഴിലും വരുമാനവും ലഭ്യമാക്കുക, കുടുംബശ്രീ ഉത്‌പന്നങ്ങള്‍ക്ക്‌ വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുക.... തുടങ്ങി അനേകം ആവശ്യങ്ങളാണ്‌ സ്‌ത്രീകള്‍ക്കുള്ളത്‌. സ്‌ത്രീ ശാക്തീകരണം വാക്കുകളില്‍ മാത്രം ഒതുക്കുവാന്‍ ഉള്ളതല്ല. ലിംഗനീതി സാക്ഷാത്‌കരിക്കണമെങ്കില്‍ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ നടക്കണം. ആദിവാസികള്‍, ദളിതര്‍, അസംഘടിത തൊഴിലാളികള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ തുടങ്ങി വ്യത്യസ്‌ത വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പ്രത്യേകം അഭിസംബോധന ചെയ്യണം.
സംസ്ഥാന ബഡ്‌ജറ്റ്‌ സ്‌ത്രീപക്ഷമായി വിലയിരുത്തുമ്പോള്‍ വലിയ പരാജയമാണ്‌. അവതരിപ്പിക്കുവാന്‍ കഴിഞ്ഞില്ല എന്നതുകൊണ്ട്‌ ബഡ്‌ജറ്റ്‌ വിമര്‍ശനത്തിന് അതീതം ആവില്ല. സ്‌ത്രീസമൂഹത്തെയും അതുവഴി പൊതുസമൂഹത്തെയും വികസനത്തെ ആകെതന്നെയും മാണിയുടെ ബഡ്‌ജറ്റ്‌ പിന്നോട്ട്‌ കൊണ്ടുപോകുകയെ ഉള്ളൂ. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും