ഇസ്ലാം മതത്തോട് തനിക്കുള്ള താല്‍പര്യം അമേരിക്കയിലേക്ക് തിരിച്ചുചെല്ലുന്ന കാര്യത്തില്‍ ഭയപ്പെടുത്തിയിരുന്നുവെന്ന് ഹോളിവുഡ് നടി ലിന്‍ഡ്‌സേ ലോഹന്‍. ലോഹന്‍ ഇസ്ലാം മതത്തിലേക്ക് പരിമര്‍ത്തനം ചെയ്യുകയാണെന്ന പ്രചരണത്തെക്കുറിച്ച് പ്രതികരിക്കവെയാണ് അവര്‍ തന്റെ 'ഭയ'ത്തെക്കുറിച്ച് പറഞ്ഞത്. കുറച്ചുകാലം ഗ്രീസിലും തുര്‍ക്കിയിലുമായി കഴിയുന്ന അവര്‍ യുഎസില്‍ തിരിച്ചെത്തിയപ്പോഴാണ് പ്രതികരിച്ചത്. കുറച്ചു നാള്‍ ഖുറാന്‍ പഠിച്ചെന്നും പരിവര്‍ത്തനം ചെയ്യുക എന്നത് ഒരു പ്രക്രിയ ആണെന്നും ലിന്‍ഡ്‌സെ പറയുന്നു. “ഞാന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഇസ്ലാം മനോഹരമായൊരു മതമാണ്. ഞാന്‍ ആത്മീയ കാര്യങ്ങളില്‍ വളരെയേറെ താല്‍പര്യമുള്ളയാളാണ്. ഞാന്‍ അത് പഠിക്കുകയായിരുന്നു. പെട്ടെന്ന് മതപരിവര്‍ത്തനം നടത്താന്‍ കഴിയില്ല.” “കുവൈറ്റില്‍ ആയിരുന്ന സമയത്ത് മൂന്ന് ദിവസം റംസാന്‍ നോമ്പ് അനുഷ്ഠിച്ചു. അത് നല്ല അനുഭവമായിരുന്നു.” മൊബൈലില്‍ ഖുറാന്‍ ആപ്ലിക്കേഷന്‍ ഉണ്ടെന്നും ഇടയ്ക്കിടെ കേള്‍ക്കാറുണ്ടെന്നും ടോക് ഷോയ്ക്കിടെ ലിന്‍ഡ്‌സെ ലോഹന്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തുര്‍ക്കിയിലെ അഭയാര്‍ത്ഥി ക്യാംപില്‍ എത്തിക്കണം. അവിടെ അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ നേരില്‍ കാണാം. അമേരിക്കയ്ക്ക് അവരെ സഹായിക്കാന്‍ കഴിയുമെന്നും ലിന്‍ഡ്‌സെ അഭിപ്രായപ്പെട്ടു. മുസ്ലീം രാജ്യങ്ങളിലെ അഭയാര്‍ത്ഥികളെ വിലക്കിക്കൊണ്ടുള്ള ട്രംപിന്റെ നയങ്ങള്‍ക്കെതിരെ 'ബാഫ്റ്റ' അവാര്‍ഡ് ദാനച്ചടങ്ങിലും പ്രതിഷേധമുയര്‍ന്നു.