സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തമിഴ്‌നാട് രാഷ്ട്രീയം വഴിത്തിരിവില്‍

വിമെന്‍പോയിന്‍റ് ടീം

കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന് പിന്നാലെ ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്താന്‍ അണ്ണാ ഡിഎംഎകെ ജനറല്‍ സെക്രട്ടറി വികെ ശശികലയും രാജ്ഭവനിലെത്തി. കൂടിക്കാഴ്ച്ചയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ശശികല ഉന്നയിക്കും. ഏറ്റവും വിശ്വസ്തരായ പത്ത് എംഎല്‍എമാരും ശശികലയെ അനുഗമിക്കുന്നുണ്ട്. മറീന ബീച്ചില്‍ ജയലളിതയുടെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച ശേഷമാണ് ശശികല രാജ്ഭവനിലേക്ക് തിരിച്ചത്.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് പനീര്‍ശെല്‍വം ഗവര്‍ണറെ കണ്ടെങ്കിലും അദ്ദേഹം ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നാണ് വിവരം. ശശികലയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരിക്കും തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കുക. പനീര്‍ശെല്‍വത്തെ മാറ്റി ശശികല മുഖ്യമന്ത്രിയാകാന്‍ നടത്തിയ നീക്കങ്ങളാണ് സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ-ഭരണ പ്രതിസന്ധിയ്ക്ക് കാരണമായത്.

ശശികലയ്ക്കെതിരെ തുറന്നടിച്ച് ഒ പനീര്‍ശെല്‍വം രംഗത്തെത്തിയതോടെയാണ് അണ്ണാ ഡിഎംകെയിലെ കലാപം പരസ്യമായത്. മുഖ്യമന്ത്രി സ്ഥാനം തന്നെ നിര്‍ബന്ധിപ്പിച്ച് രാജി വെപ്പിച്ചതാണെന്ന് ആരോപിച്ച പനീര്‍ശെല്‍വം ശശികലയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങിനില്‍ക്കെ തനിക്കെതിരെ തികച്ചും അപ്രതീക്ഷിതമായി രംഗത്തെത്തിയ ഒ. പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്തുനിന്നും നീക്കിയാണ് ശശികല മറുപടി നല്‍കിയത്.

ജയലളിതയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായാണ് പനീര്‍ശെല്‍വം ഇതിനോട് പ്രതികരിച്ചത്. ഇതിനുപിന്നാലെ പനീര്‍ശെല്‍വത്തെ വഞ്ചകനെന്ന് വിളിച്ച് ശശികല മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ഡിഎംകെയ്ക്ക് ഒപ്പം ചേര്‍ന്ന് അണ്ണാഡിഎംകെയെ തകര്‍ക്കാന്‍ പനീര്‍ശെല്‍വം ശ്രമിച്ചുവെന്നും ശശികല ആരോപിക്കുകയുണ്ടായി. പനീര്‍ശല്‍വവും ശശികലയും തുറന്ന പോര് തുടരുന്നതിടെയാണ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച്ച.

ശശികലയ്ക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ ശശികല മുഖ്യമന്ത്രി ആകുന്നതിനോട് ഗവര്‍ണര്‍ക്ക് അനുകൂല നിലപാടില്ലെന്നാണ് വിവരം. മുഖ്യമന്ത്രിയായ ശേഷം ശശികലയെ കോടതി ശിക്ഷിച്ചാല്‍ അവര്‍ രാജിവെയ്ക്കേണ്ടി വരും. അടുത്ത ആഴ്ച്ച കോടതി വിധി വന്ന ശേഷം ശശികല മുഖ്യമന്ത്രി ആകുന്നത് പരിഗണിക്കാമെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചിരുന്നത്. ഗവര്‍ണര്‍ ശശികലയുടെ സത്യപ്രതിജ്ഞ വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് അണ്ണാഡിഎംകെയും രംഗത്തെത്തിയിരുന്നു.

ശശികല അടക്കമുള്ളവരെ വെറുതെ വിട്ടതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത്. 63 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനമാണ് കേസിന് ആധാരം. കര്‍ണാടക ഹൈക്കോടതിയാണ് പ്രതികളെ വെറുതെ വിട്ടിരുന്നത്. അപ്പീലുകളില്‍ ഒരാഴ്ച്ചക്കകം വിധി പറയുമെന്ന് സുപ്രീംകോടതി കുറച്ചു ദിവസം മുമ്പ് അറിയിച്ചിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും