സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഉടന്‍ ബസ്തര്‍ വിടണമെന്ന് പറഞ്ഞ് വീടിനു തീയിട്ടു; ബെല ഭാട്ടിയയ്ക്കുനേരെ ആക്രമണം

വിമെന്‍പോയിന്‍റ് ടീം

ഛത്തീസ്ഗഢില്‍ ആദിവാസികള്‍ക്കെതിരായ പൊലീസിന്റെ ലൈംഗികാതിക്രമത്തിനെതിരെ ശബ്ദമുയര്‍ത്തിയ ആക്ടിവിസ്റ്റ് ബെല ഭാട്ടിയയ്ക്കുനേരെ ആക്രമണം. ആദിവാസികളെ പൊലീസ് ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ തെളിവെടുപ്പ് നടത്തുന്ന മനുഷ്യാവകാശ കമ്മീഷന്‍ സംഘത്തൊടൊപ്പം ബെല്ലയും പോയിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ക്കുനേരെ ആക്രമണം നടന്നത്. ബസ്തറിലെ പാര്‍പ ഗ്രാമത്തിലെ ബെലയുടെ വീട്ടിലെത്തിയ അക്രമികള്‍ 24 മണിക്കൂറിനുള്ളില്‍ ബസ്തര്‍ വിട്ടുപോകണമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും വീടിന് തീയിടുകയുമായിരുന്നു. ബെല വാടകയ്ക്കു താമസിക്കുന്ന വീടാണ് കത്തിച്ചത്. ഇതിനു പുറമേ ഇന്നുതന്നെ വീടൊഴിയുമെന്ന കരാറില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചെന്നും ബെല ഭാട്ടിയ പറഞ്ഞു. രണ്ടു ദിവസം മുമ്പാണ് മനുഷ്യാവകാശ കമ്മീഷന്‍ സംഘത്തോടൊപ്പം ബെല ആദിവാസി ഊരുകളില്‍ തെളിവെടുപ്പിനു പോയത്. 2015 ഒക്ടോബറിനും 2016 ജനുവരിയ്ക്കും ഇടയില്‍ പൊലീസില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്ന ആദിവാസി പെണ്‍കുട്ടികളുടെ പരാതി സംബന്ധിച്ചാണ് മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പു നടത്തുന്നത്. ബാസ്തറില്‍ ചുരുങ്ങിയത് 16 പെണ്‍കുട്ടികളെങ്കിലും പൊലീസിന്റെ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട് എന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ഈ മാസം ആദ്യം മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ കൂടുതല്‍ തെളിവെടുപ്പിനായാണ് മനുഷ്യാവകാശ കമ്മീഷന്‍ സംഘം പ്രദേശം സന്ദര്‍ശിച്ചത്. ഈ സംഘത്തോടൊപ്പം പോയതിന്റെ പേരിലാണ് ബെല ഭാട്ടിയ ആക്രമിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. 

ഇരുചക്രവാഹനങ്ങളിലും നാലുചക്രവാഹനങ്ങളിലുമായെത്തിയ 30ഓളം പേരാണ് ആക്രമണത്തിനു പിന്നിലെന്നാണ് ബെല ഭാട്ടിയ പറയുന്നത്. ഭാട്ടിയയെ ഇവിടെ താമസിപ്പിച്ചാല്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നുപറഞ്ഞ് വീട്ടുടമസ്ഥനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം ബസ്തര്‍ കലക്ടര്‍ അമിത് കതാരിയയെ അറിച്ചെങ്കിലും അരമണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. അക്രമികള്‍ അതിനകം സ്ഥലം വിട്ടിരുന്നു. വില്ലേജ് സര്‍പഞ്ച് നോക്കിനില്‍ക്കെയായിരുന്നു അക്രമണമെന്നും ഭാട്ടിയ പറയുന്നു. ആക്രമണം സംബന്ധിച്ച് കൃത്യസമയത്ത് പൊലീസിനെ അറിയിച്ചിട്ടും അവര്‍ ഉടന്‍ നടപടിയെടുക്കാത്തത് പൊലീസിന് ഇതിലുള്ള പങ്കുവ്യക്തമാക്കുന്നതാണെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്. അതിനിടെ ശനിയാഴ്ചയും വീടിനുനേരെ ആക്രമണം നടന്നിരുന്നെന്ന് ഭാട്ടിയയുടെ ജീവിത പങ്കാളിയും ഇക്‌ണോമിസ്റ്റുമായ ജീന്‍ ഡ്രസെ പറയുന്നു. വീട് അകത്തുനിന്നും പൂട്ടിയിരുന്നതിനാല്‍ അക്രമികള്‍ക്ക് ഉള്ളിലേക്കു പ്രവേശിക്കാന്‍ കഴിഞ്ഞില്ല. അര്‍ധരാത്രിയോടെയാണ് ആക്രമണം നടന്നതെന്നും ഉടന്‍ ഇവിടംവിട്ട് പോകണമെന്നാണ് അവര്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും