സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
മുഖ പ്രസംഗം

സിന്ധു സൂര്യകുമാറിനോട് എന്തിനീ പക ?


ഏഷ്യാനെറ്റ് ചീഫ് കോഡി നെറ്റിംഗ് എഡിറ്റർ സിന്ധു സൂര്യകുമാർ ഇപ്പോൾ അനുഭവിക്കുന്ന torture നു പിന്നിൽ എന്താണ്? എന്തുകൊണ്ട് ആയിരക്കണക്കിന് ഭീഷണി ഫോൺ വിളികൾ രാവും പകലും ഒരു നിമിഷത്തെ ഇടവേള ഇല്ലാതെ വന്നു കൊണ്ടേ ഇരിക്കുന്നു? ഒന്നോ പത്തോ നൂറോ അല്ല , 4 ദിവസമായി എണ്ണാൻ കഴിയാത്തത്ര വിളികൾ !! ഭീഷണി , ആഭാസത്തരം , അശ്ലീലം, ഉപദേശം , നിർദേശം , .. പല സ്വരങ്ങൾ . ഇതിനെ ആണോ ബഹുസ്വരത ബഹുസ്വരത എന്ന് പറയുന്നത്? 
വിളിക്കുന്നവർക്കെല്ലാം ഒറ്റ പ്രശ്നമേ ഉള്ളൂ . സിന്ധു ദുർഗാ ദേവിയെ ആക്ഷേപിച്ചു !!! രഹസ്യമായല്ല . ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഏഷ്യാനെറ്റ് വാർത്താ ചാനലിലൂടെ ഒരു പരിപാടി അവതരിപ്പിക്കുമ്പോൾ ആണത്രേ അത് സംഭവിച്ചത്!! അരമണിക്കൂർ നീണ്ടു നിന്ന പരിപാടിയിൽ വി വി രാജേഷ്‌ എന്ന ബി ജെപി സ്ഥിരം വക്താവ് , എം ബി രാജേഷ്‌ എം പി, ആന്റ്റോ ആന്റണി എം പി എന്നിവരാണ്‌ ഉണ്ടായിരുന്നത്. ഇതിപ്പോൾ ആർക്കു വേണമെങ്കിലും യൂ ട്യൂബിൽ കാണാം. സിന്ധു ഏതെങ്കിലും മതത്തെയോ ദൈവത്തെയോ അധിക്ഷേപിച്ചതായി ആർക്കും ഇത് കണ്ടാൽ പറയാൻ കഴിയില്ല. 
കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോക്സഭയിൽ ഒരു ലഘുലേഖ കൊണ്ടുവന്നു വായിച്ചതാണ് ചർച്ചക്ക് ആധാരം. ജെ എൻ യുവിൽ ഒരു വിഭാഗം ദളിത്‌ വിദ്യാർഥികൾ മഹിഷാസുര ദിനം ആചരിച്ചു എന്നും അവർ ഒരു ലഘുലേഖയിൽ മഹിഷാസുരനെ വധിച്ച ദുർഗ ലൈംഗിക തൊഴിലാളി ആണെന്ന് ആരോപിച്ചു എന്നും സ്മൃതി ഇറാനി ആവേശത്തോടെ ലോക്സഭയിൽ വായിക്കുകയും അത് ദുര്ഗയെ അധിക്ഷേപിക്കൽ ആണെന്ന് പറഞ്ഞു കോണ്ഗ്രസ് പ്രശ്നം ഉണ്ടാക്കുകയും ചെയ്തത് മാധ്യമങ്ങളിൽ നിന്നും നമ്മളും അറിഞ്ഞതാണ്. ഏഷ്യാനെറ്റ് ചർച്ചയിൽ ഇക്കാര്യം വീണ്ടും വീണ്ടും ആവർത്തിച്ചത് വി വി രാജേഷ്‌ ആണ്. സിന്ധു ഒരിക്കൽ പോലും രാജേഷ്‌ പറഞ്ഞത് ഏറ്റു പറയുക പോലും ചെയ്തില്ല . സിന്ധു ഒറ്റക്കാര്യം ആണ് ചോദിച്ചു കൊണ്ടേ ഇരുന്നത്. മഹിഷാസുര ദിനം ആചരിക്കുന്നത് എങ്ങനെ രാജ്യദ്രോഹം ആകും ? ഇത് വേണമെങ്കിൽ മതനിന്ദ ആണെന്ന് ഒരു വിഭാഗത്തിന് ആരോപിക്കാം. പക്ഷെ ഇന്ത്യയിൽ നിലവിലുള്ള നിയമപ്രകാരം രാജ്യദ്രോഹം ഇതല്ല. മുദ്രാവാക്യം വിളിക്കുന്നത്‌ പോലും രാജ്യദ്രോഹത്തിൽ പെടുന്നില്ല. എന്തിനാണ് ബി ജെ പി മഹിഷാസുര ദിനാചരണത്തെ രാജ്യദ്രോഹം ആക്കുന്നത്?  ഇത് പല വട്ടം സിന്ധു സുവ്യക്തമായി ചോദിച്ചിട്ടും വി വി രാജേഷിനു മറുപടി പറയാൻ ആയില്ല. മാത്രമല്ല മറ്റൊരു വളരെ പ്രസക്തമായ കാര്യം കൂടി സിന്ധു പറഞ്ഞു. കുറച്ചു വിദ്യാർത്ഥികൾ ,അഥവാ അത്തരം ലഘുലേഖ ഇറക്കിയെങ്കിൽ തന്നെ അത് പൊക്കി എടുത്തു ലോക്സഭയിൽ കൊണ്ട് വന്നു ചര്ച്ച ചെയ്തു ലോകം മുഴുവൻ പ്രചരിപ്പിക്കേണ്ട കാര്യം സ്മൃതി ഇറാണി ക്ക് ഉണ്ടായിരുന്നോ? എന്നിട്ടും ലഘുലേഖയിലെ ഉള്ളടക്കം സിന്ധു പറഞ്ഞില്ല. സിന്ധുവിന് ദുർഗാദേവിയെ കുറിച്ച് അത്തരം പരാമർശം നടത്താൻ സംസ്കാരം അനുവദിച്ചില്ലായിരിക്കാം . ബി ജെ പി നേതാക്കൾ ആകട്ടെ ഒരു ഉളുപ്പും ഇല്ലാതെ അത് പറഞ്ഞു കൊണ്ടേ ഇരുന്നു. 
എന്നിട്ടും ഇപ്പോൾ ആക്രമണം സിന്ധുവിന് നേരെ എന്നതാണ് വിചിത്രം!! അപ്പോൾ സിന്ധു പറയാത്ത ഒരു കാര്യം പറഞ്ഞു എന്ന് പറഞ്ഞുണ്ടാക്കി വ്യാപകമായി പ്രചരിപ്പിക്കുക ആണ് ചെയ്തിരിക്കുന്നത്. എന്താണ് പറഞ്ഞത് എന്ന് പോലും ശ്രദ്ധിക്കാതെ ഏതോ ഒരു കേന്ദ്രത്തിൽ നിന്നും കിട്ടുന്ന നിർദേശത്തെ കുറെയേറെപ്പേർ ശിരസാവഹിച്ചു നടപ്പാക്കുന്നു. സിന്ധുവിന്റെ നമ്പർ കൊടുത്തിട്ട് ആക്രമിക്കുവാൻ ആഹ്വാനം നല്കിയിരിക്കുന്നു!! സോഷ്യൽ മീഡിയയുടെ അപാര സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി സിന്ധുവിനെ ആസൂത്രിതമായി ഇല്ലാതാക്കാൻ ആണ് പദ്ധതിയെന്ന് വ്യക്തം. കൽബുർഗിക്കും പൻസരെക്കും ധബോൽക്കർക്കും നേരെ ഉപയോഗിച്ചത് ഒരേ ആയുധം ആയതു പോലെ സിന്ധുവിന് നേരെയും നീളുന്നു മൂര്ച്ച ഏറിയ ആയുധം. ഇത് കുട്ടിക്കളി അല്ല. ഏതു വാർത്ത‍ വന്നാലും ന്യൂസ് ഡെസ്കിലേക്ക് ചില വിളികൾ വരുന്നത് പോലെ നിസ്സാരം അല്ല ഇത്. മൊബൈൽ കയ്യിൽ ഉള്ളപ്പോൾ കൈത്തരിപ്പു തീർക്കാൻ ചിലര് കൂട്ടത്തോ ടെയും ഒറ്റക്കും നടത്തുന്ന ഇത്തരം വിളികൾ എല്ലാ റിപ്പോർട്ടർമാർക്കും ഇന്ന് പരിചിതമാണ്. ഒരു പെണ്ണിന്റെ ഫോൺ നമ്പർ കണ്ടാൽ വിളിക്കാതിരിക്കാൻ പറ്റാത്ത നിരവധി പേരുണ്ട്. സിന്ധുവിന് നേരെ ഉള്ള അതിക്രമത്തെ ഇതിലൊന്നും പെടുത്താൻ ആവില്ല. കവർ സ്റ്റോറി എന്ന പരിപാടിയിലൂടെ എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളെയും തന്റെ തനതായ ശൈലിയിൽ സിന്ധു കടുത്ത ഭാഷയിൽ പരിഹസിക്കാറുണ്ട്. കമ്മ്യൂണിസ്റ്റുകാരെ സിന്ധുവിന് ഒട്ടും പിടുത്തമല്ല. വർഗീയത ആകട്ടെ സിന്ധുവിന് വെറുപ്പും ആണ്.( ഇതൊക്കെ പരിപാടിയിൽ നിന്നും നമുക്ക് തോന്നുന്നതാണ്.) 
സിന്ധു പല പ്രശ്നങ്ങളിലും എടുത്ത ശക്തമായ  നിലപാടുകൾ തന്നെ ആണ് ഇപ്പോഴത്തെ ആക്രമണത്തിന് കാരണം. ഞങ്ങൾ വനിതാ മാധ്യമപ്രവർത്തകരും കുറച്ചു സാമൂഹ്യ പ്രവര്ത്തകരും സിന്ധുവിന് പിന്തുണ കൊടുക്കാൻ പ്രസ് ക്ലബ്ബിൽ ഒത്തുചേർന്നപ്പോൾ നിരന്തരം ഫോൺ വന്നു കൊണ്ടിരുന്നു. ചിലതെല്ലാം സ്പീക്കർ ഫോണിൽ ഇട്ടു ഞങ്ങളും കേട്ടു . ജെ എൻ യു പ്രശ്നം ഉൾപ്പടെ ആണ് പലരും പറയുന്നത്. ദുർഗാ ദേവിയും പറയുന്നുണ്ടെന്ന് മാത്രം. ബി ജെപി നേതാവ് ശ്രീ പദ്മകുമാർ ടി വി യിൽ പറഞ്ഞത് പോലെ സിന്ധു വിന്റെ വാക്കുകൾ ചില വികാര ജീവികളെ പെട്ടെന്ന് വികാരം കൊള്ളിച്ചതല്ല എന്ന് വ്യക്തം. അങ്ങനെ വികാരം ഉണ്ടാക്കാൻ ഒന്നും ആ ചർച്ചയിൽ  ഉണ്ടായും ഇല്ലല്ലോ. പിന്നെ   എന്താണ് ഇതിനു കാരണം ? 
വളരെ ആസൂത്രിതമായി സംഘപരിവാർ നടത്തി വരുന്ന ഒരു പരിപാടി ആണ്എന്നതിന് ഇനി സംശയം വേണ്ട . വ്യത്യസ്ത ആശയങ്ങളെ ഭീഷണിയിലൂടെ അടിച്ചമർത്തുക . ജനങ്ങളെ പേടിപ്പിച്ചു വരുതിക്കാക്കുക . മാധ്യമ പ്രവർത്തകർ തുറന്ന സംവാദങ്ങൾക്ക് ഇടം ഉണ്ടാക്കാതിരിക്കുക, ഒരു സ്ത്രീ ഒരിക്കലും ഇത്ര തന്റേട ത്തിനു മുതിരാതിരിക്കുക.മറ്റുള്ളവര്ക്ക് ഇത് താക്കീത് ആകുക.ഞങ്ങളെ അംഗീകരിച്ചില്ലെങ്കിൽ ഇതാണ് ഫലം എന്ന് കാട്ടി കൊടുക്കുക. ചേതന തീർത്ഥ ഹള്ളിക്കും തസ്ലീമ നസ്രീനും കെ കെഷാഹിനക്കും മീര നായർക്കും സംഭവിച്ചതിൽ നിന്നും വ്യത്യസ്തമല്ല സിന്ധു സൂര്യകുമാറിനു സംഭവിച്ചു കൊണ്ടിരിക്കുന്നതും .
നമ്മുടെ നീതിനിർവഹണ സംവിധാനം എത്ര ദുർബലമാണെന്ന് മനസ്സിലാകുന്നത്‌ ഇത്തരം സന്ദർഭങ്ങളിൽ ആണ് . സിന്ധു കൊടുത്ത ചില നമ്പരുകളുടെ ഉടമസ്ഥരെ പിടികൂടി. ഇവരെ ആണ് കണ്ണൂരിൽ വച്ച് ബി ജെ പി പ്രവർത്തകർ മോചിപ്പിക്കാൻ ശ്രമിച്ചത്. പക്ഷെ ഏതാണ് പ്രഭവ കേന്ദ്രം എന്ന് കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല.ഇത്തരം പ്രകോപനപരമായ കാര്യങ്ങൾ  പ്രചരിപ്പിക്കുന്നവരെ  അറസ്റ്റു ചെയ്യാൻ നമുക്ക് നിയമം ഉണ്ട്. യഥാർത്ഥത്തിൽ അഞ്ചു നിയമങ്ങളുടെ ലംഘനം ആണ് നടന്നു കൊണ്ടിരിക്കുന്നത്. ഭരണ ഘടനയുടെ 19 , 19(1)(ജി ) യുടെയും ലംഘനം ആണ്. സ്ത്രീകൾക്ക് വേണ്ടിയുള്ള നിർഭയ നിയമത്തിന്റെ 509, 507, 304 തുടങ്ങി എത്രയോ വകുപ്പുകൾ പ്രകാരം കുറ്റവാളികൾക്കെതിരെ കേസ്സെടുക്കാൻ കഴിയും. പക്ഷെ ഒന്നും സംഭവിക്കുന്നില്ല. ഇപ്പോൾ ഐ ജി മനോജ്‌ എബ്രഹാം അന്വേഷണം ഏറ്റെടുത്തു എന്നറിയുന്നു. നമുക്ക്  കാത്തിരിക്കാം. ജാഗ്രതയോടെ , അതാ അവൻ പടിവാതിൽ കടന്ന്‌ ഉള്ളിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഇനി ഈ നിസ്സംഗതയും നിശ്ശബ്ദതയും ആത്മഹത്യാപരം ആയിരിക്കും. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും