സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഉത്തര്‍പ്രദേശില്‍ ഇപ്പോഴും ശക്തന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്ഃ സുഭാഷിണി അലി

വിമെന്‍പോയിന്‍റ് ടീം

ഉത്തര്‍പ്രദേശില്‍ ഇപ്പോഴും ശക്തന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് തന്നെയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ അവര്‍ ആസന്നമായ യുപി നിയമസഭാ തെരഞ്ഞെടുപ്പിനെപ്പറ്റി ദേശാഭിമാനിയുമായി സംസാരിക്കുകയായിരുന്നു. ഓരോ ദിവസവും എന്തുസംഭവിക്കുന്നു എന്ന് പറയാനാകാത്ത അവസ്ഥയിലാണ് സമാജ്വാദി പാര്‍ടിയുടെ ആഭ്യന്തര രാഷ്ട്രീയം മുന്നോട്ടുപോകുന്നതെങ്കിലും ഇതില്‍നിന്ന് കാര്യമായ നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല.

എസ്‌പിയില്‍ ഒരു പിളര്‍പ്പുണ്ടായാല്‍ പോലും അഖിലേഷ് യാദവിനെ അത്  ബാധിക്കില്ല. എസ്‌പിക്കുള്ളിലെ പുതിയ തര്‍ക്കങ്ങള്‍ അഖിലേഷ് യാദവിന്റെ ഇമേജ് വളര്‍ത്താനേ ഉപകരിച്ചുള്ളൂ. അഖിലേഷിന്റെ ഭരണത്തിനെതിരെയുണ്ടായിരുന്ന ജനവികാരം ഇപ്പോഴത്തെ വിവാദത്തോടെ മാഞ്ഞുപോയി. പുതിയ ഭരണ ആശയങ്ങളുള്ള മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അച്ഛനും അമ്മാവനുമാണ് തടസ്സമെന്ന തരത്തിലാണ് ചര്‍ച്ച. മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന് തന്റെ നിലപാടുകള്‍ നിരന്തരം വിശദീകരിക്കാന്‍ അദ്ദേഹത്തിന് അവസരം കൈവന്നിരിക്കയാണ്. ഇപ്പോള്‍ പാര്‍ടിയില്‍ പൂര്‍ണമായ മേല്‍ക്കൈ നേടിയെടുക്കാന്‍ അഖിലേഷിന് സാധിച്ചിരിക്കുന്നു. ഒരു പിളര്‍പ്പുണ്ടായാല്‍ പോലും അത് സമാജ്വാദി പാര്‍ടിയെ ബാധിക്കാത്തവിധം മേല്‍ക്കൈ അഖിലേഷ് നേടിക്കഴിഞ്ഞു. 229 എസ്പി എംഎല്‍എമാരില്‍ 200 പേരും മുഖ്യമന്ത്രിക്കൊപ്പമാണ്. മുലായത്തിനൊപ്പം എസ്‌പി രൂപീകരിക്കാനുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളില്‍ പലരും അഖിലേഷിനൊപ്പമാണ്.

കോണ്‍ഗ്രസ്, അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദള്‍ തുടങ്ങിയ പാര്‍ടികളുമായി നീക്കുപോക്കുണ്ടാക്കാനായാല്‍ ബിജെപിക്ക് യുപിയില്‍ ഒരു സാധ്യതയും അവശേഷിക്കില്ല. യുപിയില്‍ ഉയര്‍ത്തിക്കാട്ടാന്‍ ഒരു നേതാവില്ലാത്തതാണ് ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളി. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന ചോദ്യത്തിന് മറുപടി പറയാന്‍ ബിജെപിക്കാകുന്നില്ല. സംസ്ഥാന പ്രസിഡന്റ് കേശവ് പ്രധാന്‍ മൌര്യയുടെ പേര് പറയുന്നുണ്ട്്. അതേസമയം, ബിജെപി വിജയിച്ചാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് മുഖ്യമന്ത്രിയാകുമെന്നും കേള്‍ക്കുന്നു. ഇത് ബിജെപി വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ജാതി വളരെ നിര്‍ണായകമാണ്.

ഒരു തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ശേഷി യുപിയില്‍ കോണ്‍ഗ്രസിനില്ല. എങ്കിലും പല മേഖലയിലും നിര്‍ണായക ശക്തിയാണ് അവര്‍. എസ്‌പിയുടെ ആഭ്യന്തരത്തര്‍ക്കം മൂലം മുസ്ളിം വോട്ടുകളുടെ കേന്ദ്രീകരണം തങ്ങള്‍ക്ക് അനുകൂലമായി ഉണ്ടാകുമെന്നാണ് ബിഎസ്‌പിയുടെ പ്രതീക്ഷ. എന്നാല്‍, അത്തരത്തിലൊരു മാറ്റത്തിന് സാധ്യതയില്ല.

യുപിയില്‍ നിര്‍ണായക ശക്തിയല്ല ഇടതുപക്ഷം. എങ്കിലും പരമാവധി സ്ഥലത്ത് മത്സരിച്ച് സാന്നിധ്യമറിയിക്കാനാണ് ശ്രമം. യുപിയിലെ ഗോത്ര മേഖലയിലാണ് ഇടതുപക്ഷത്തിന് സ്വാധീനമുള്ളത്. സിപിഐ എം, സിപിഐ, സിപിഐ എംഎല്‍ എന്നീ പാര്‍ടികളുടെ സഖ്യമാണ് അവിടെയുള്ളത്. സിപിഐ എം 23 സീറ്റിലാണ് മത്സരിക്കുന്നത്. ഒരു രാഷ്ട്രീയ ബദലിന് യുപി ആഗ്രഹിക്കുന്നു. ബദല്‍ രാഷ്ട്രീയ കാഴ്ചപ്പാടും ഇടതുപക്ഷ നയങ്ങളും ജനങ്ങളിലെത്തിക്കുകയാണ് അവിടെ മത്സരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. കുറച്ചുകാലമായി മൂന്ന് പാര്‍ടിയും ചേര്‍ന്നുള്ള സംയുക്ത പ്രക്ഷോഭങ്ങളും പരിപാടികളും നടത്തുന്നുണ്ട്- സുഭാഷിണി അലി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും