മാസമുറയുടെ ദിവസങ്ങളിൽ സ്ത്രീകൾക്ക് അവധി അനുവദിച്ച് ബ്രിസ്റ്റോളിലെ ഒരു കമ്പനി. പീരിയഡ് പോളിസി എന്ന പേരിൽ കമ്പനി ഇതിനായി നയവും രൂപീകരിച്ചു. ആർത്തവത്തോട് അനുബന്ധിച്ചുള്ള ശാരീരിക, മാനസിക ബുദ്ധിമുട്ടുകളെ അപമാനഭാരമില്ലാതെ നേരിടാൻ സ്ത്രീകളെ സജ്ജരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നയം രൂപീകരിച്ചത്. സ്ത്രീകളുടെ ജോലിയിലെ കാര്യക്ഷമത കൂട്ടാൻ ഈ നയം സഹായിക്കുമെന്നാണ് കോഎക്സിസ്റ്റ് എന്ന കമ്പനിയുടെ നിലപാട്. ആർത്തവചക്രത്തെ കുറിച്ചുള്ള അവബോധം കുറേക്കൂടി ക്രിയാത്മകമായ ഇടപെടലിന് സ്ത്രീകളെ സഹായിക്കുമെന്നും കമ്പനി അധികൃതർ പറയുന്നു. ശരീരത്തിൻറെ സ്വാഭാവികതകൾക്ക് അനുസരിച്ച് ജോലി ക്രമീകരിക്കാനാണ് ശ്രമമെന്ന് കോഎക്സിസ്റ്റ് എന്ന കൂട്ടായ്മയുടെ ഡയറക്ടർ ആയ ബെക്സ് ബാക്സ്റ്റർ പറയുന്നു.“ഒപ്പം ജോലി ചെയ്യുന്ന സ്ത്രീകൾ, മാസമുറദിവസങ്ങളിൽ കടുത്ത വേദനയിൽ വലയുമ്പോഴും അവധിയെടുത്ത് വീട്ടിലേക്ക് പോകാറില്ല. അല്ലെങ്കിൽ തയ്യാറാകില്ല. അസുഖം വരുമ്പോഴാണല്ലോ അവധി എടുക്കുക. ഈ വേദന എന്തായി കണക്കാക്കും എന്നതാണ് അവരുടെ സംശയം. ഞങ്ങളുടെ സ്ഥാപനത്തിൽ സ്ത്രീകൾക്ക് അക്കാര്യത്തിൽ പ്രത്യേക പരിഗണന നൽകാറുണ്ടെങ്കിലും അവർക്ക് അവധി കോടുക്കാറുണ്ടെങ്കിലും ഒരു ഔദ്യോഗികനയം രൂപീകരിക്കേണ്ടത് അത്യാവശ്യമായി തോന്നി”. 31 ജോലിക്കാരുള്ള കോഎക്സിസ്റ്റിൽ 24 പേരും സ്ത്രീകളാണ്. പെണ്ണുങ്ങളും ആണുങ്ങളും ഈ ആശയത്തെ ഒരു പോലെ പിന്താങ്ങുന്നതായി സ്ഥാപനമേലധികാരികൾ പറയുന്നു.വേദനകളും അസ്വസ്ഥതകളും ഉണ്ടെങ്കിൽ തുറന്നുപറയാൻ മടിക്കേണ്ടതില്ലെന്നും സ്ത്രീജീവനക്കാർക്ക് ഇവർഉറപ്പു നൽകുന്നു. മാസമുറയ്ക്ക് ശേഷമുള്ള ദിവസങ്ങളിൽ കൂടുതൽ ഊർജസ്വലരായി എത്തുന്ന സ്ത്രീകളുടെ സേവനം കൂടുതൽ ക്രിയാത്മകമാണ്. ആ ദിവസങ്ങളിൽസ്ത്രീകൾ കൂടുതൽ ചുമതലകൾ കൂടുതൽ ഉഷാറോടെ കൈകാര്യംചെയ്യുമെന്നും അത് തിരിച്ചറിയുന്നത് കമ്പനികൾക്ക് തന്നെയാണ് ഉപകാരപ്പെടുന്നതെന്നും ഇവർ പറയുന്നു.