ദേശീയ പുരസ്കാരജേതാവായ അഭിനേത്രി കങ്കണ റണൌട്ടാണ് ജനിച്ചപ്പോൾ മുതൽ പെൺകുട്ടിയെന്ന അവഗണന നേരിടുകയാണ് എന്ന് തുറന്നുപറയുന്നത്. ശക്തമായ പെൺകഥാപാത്രങ്ങളെ അവതരിപ്പിച്ച് ആരാധകഹൃദയങ്ങൾ കീഴടക്കി മുന്നോട്ടുപോകുമ്പോഴും പെണ്ണിനോടുള്ള അവഗണന തന്നെയാണ് തന്റെ നാട്ടുകാർക്കിപ്പോഴുമെന്ന് കങ്കണ പറയുന്നു. “ഞാൻ ജനിച്ചപ്പോൾ ഒരു മരണം നടന്നത് പോലെയായിരുന്നു വീട്. ജനിച്ച് പത്താം ദിവസം മരിച്ച എന്റെ ജ്യേഷ്ഠന്റെ വേർപാടിന് ശേഷം, ആർക്കും ഒരു പെൺകുട്ടിയെക്കൂടി വേണമെന്നില്ലായിരുന്നു. എല്ലാവരും പ്രതീക്ഷിച്ചത് ആൺകുഞ്ഞിനെയാണ്. അമ്മയ്ക്ക് കുറേ നാളത്തേക്ക് എന്റെ ജനനം ഉൾക്കോള്ളാനെ ആയില്ല.” കങ്കണ ജനിച്ചപ്പോൾ വീട്ടിലെത്തിയവർ സങ്കടമാണ് പങ്കുവച്ചതെന്ന് അച്ഛൻ അമർദീപ് റണൌട്ട് ഓർക്കുന്നു.“വീട്ടിൽ ഒരു ആഘോഷവും ഉണ്ടായിരുന്നില്ല, ആർക്കും മധുരം നൽകിയില്ല. ഞങ്ങളുടെ ഒരു മകൻ ചെറുപ്പത്തിലെ മരിച്ചുപോയിരുന്നു. അതുകോണ്ട് ഞങ്ങളും പ്രതീക്ഷിച്ചിരുന്നത് ഒരു ആൺകുട്ടിയെ തന്നെയാണ്”. കങ്കണയുടെ മാനേജർ കൂടിയായ ചേച്ചി രംഗോലിക്കും പറയാനുള്ളത് വീട്ടിലും നാട്ടിലും കങ്കണ അനുഭവിച്ച വേദനകളെ കുറിച്ച് തന്നെയാണ്. “പഹാഡി ഭാഷയിൽ ‘വേണ്ടാത്തത്’എന്ന് തോന്നിപ്പിക്കുന്ന ഒരു വാക്കുണ്ട്. അങ്ങനെയാണ് കങ്കണയെ ചിലർ വിളിച്ചിരുന്നത്. ചെറുപ്പം മുതലെ ചുറ്റുപാടും നിന്നുള്ള അവഗണന കങ്കണയെ ബാധിച്ചിരുന്നു”, രംഗോലി പറയുന്നു. പെൺകുട്ടികളെ കുറിച്ചുള്ള കുടുംബത്തിന്റെയും നാട്ടാരുടെയും പിന്തിരിപ്പൻ ധാരണകൾക്ക് മുന്നിൽ ജീവിതവിജയത്തിന്റെ അഭിമാനത്തിൽ തലയുയർത്തി നിൽക്കുകയാണ് കങ്കണ.പെൺകുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടന രൂപീകരിക്കാൻ ഒരുങ്ങുകയാണ് കങ്കണ ഇപ്പോൾ. ബോളിവുഡിൽ വിമർശകശ്രദ്ധ പിടിച്ചുപറ്റിയ നിരവധി പ്രകടനങ്ങൾ നടത്തിയ അഭിനേത്രിയുടെ വെളിപ്പെടുത്തൽ പെൺകുട്ടികൾക്കെതിരെയുള്ള യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ കുറിച്ച് കൂടുതൽ ചർച്ച ചെയ്യാൻ ഇടയാക്കുകയാണ്.