സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സുമ എന്ന ലേഡി ഗ്യാങ്സ്റ്റര്‍ പോലീസിന് തലവേദനയാകുന്നു

എസ്. ജയലക്ഷ്മി

ജയിലില്‍ മോഷണക്കുറ്റത്തിന് തടവ് ശിക്ഷയനുഭവിക്കുന്ന സഹോദരനെ സന്ദര്‍ശിക്കാനെത്തി ജയിലില്‍ കിടന്ന കൊടും കുറ്റവാളിയുമായി പ്രണയത്തിലാവുകയും അയാളെ തന്നെ വിവാഹം ചെയ്ത് ഒടുവില്‍ കൊള്ള സംഘത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്ത യുവതി പോലീസിന് തലവേദനയാകുന്നു. ബംഗളൂരു നഗരം കേന്ദ്രീകരിച്ച് പട്ടാപ്പകല്‍ നടക്കുന്ന വന്‍ മോഷണ സംഘത്തെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സുമ എന്ന 25 കാരിയാണ് പോലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റില്‍ സ്ഥാനം പിടിച്ചത്.ഇവരുടെ ഭര്‍ത്താവ് പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കിടക്കുന്ന പൂച്ചരാജ (28) എന്ന രാജയുടെ മോഷണ സംഘത്തെ നയിക്കുന്നതിന്റെ പേരിലാണ് പോലീസ് ഈ ഇരുപത്തഞ്ചുകാരിയെ തിരയുന്നത്.

കുപ്രസിദ്ധ കുറ്റവാളികളുടെ ജീവിതകഥ ഇങ്ങനെ...

ഗുണ്ടയായ സഹോദരന്‍ കോതി റെഡ്ഡിയെ കാണാനായി പതിവായി ജയിലിലേക്ക് എത്തുമായിരുന്നു സുമ. ഈ സന്ദര്‍ശനത്തിനിടെ ഇവര്‍ പൂച്ചരാജുവില്‍ ആകൃഷ്ടയായി. സംഭവം തുടങ്ങുന്നത് 2011-ലായിരുന്നു. പട്ടാപ്പകല്‍ മാല മോഷണം നടത്തുന്ന വിവിധ ഗ്യാംഗുകളുടെ തലവനായ രാജ പതിവായി സഹോദരനെ കാണാനായി എത്തിയിരുന്ന സുമയെ ജയിലില്‍ വെച്ചു തന്നെ പല തവണ കാണുകയും തുടര്‍ന്ന ഇരുവരും പ്രണയത്തില്‍ ആകുകയും ചെയ്തു. ജയലില്‍ വെച്ചു തന്നെ പ്രണയം പറയുകയും വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട് മൂന്ന് വര്‍ഷം മുമ്പ് ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ രാജ സുമയെ വിവാഹം കഴിക്കുകയും ചെയ്തു.

അകത്തും പുറത്തുമായി കഴിഞ്ഞിരുന്ന ഗുണ്ടാനേതാവിന്റെ ഭാര്യയായി ജീവിച്ച സുമ പതിയെ ഗ്യാംഗിന്റെ തലൈവിയായി മാറി. സ്ഥലത്തെ രാഷ്ട്രീയക്കാരന്‍ രാംനഗരത്തെ കൊലപ്പെടുത്തിയ കേസില്‍ 2016 ജൂലൈയില്‍ ഭര്‍ത്താവ് വീണ്ടും ജയിലിലായതോടെയാണ് ഗ്യാംഗിന്റെ ലേഡി ബോസായി സുമ സ്ഥാനാരോഹിതയായത്. അഴിക്കുള്ളില്‍ നിന്നും രാജ നല്‍കുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കുകയായിരുന്നു സുമയുടെ ജോലി. മോഷണ മുതല്‍ സൂക്ഷിക്കുക, അത് നല്‍കി പണം വാങ്ങുക, ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം നല്‍കുക തുടങ്ങിയവയെല്ലാം ഇപ്പോള്‍ സുമയുടെ ചുമതലയാണ്. അടുത്തിടെ സുമയ്ക്ക് കീഴിലെ എട്ടോളം മോഷ്ടാക്കളെ പിടികൂടിയതോടെയാണ് പോലീസിന് ഈ സംഘത്തെക്കുറിച്ച് വിവരം കിട്ടിയത്.

ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തത് 20 ലക്ഷത്തിന്റെ മോഷണ മുതലാണ്. ഇതിനൊപ്പം തോക്കുകളും കണ്ടെത്തി. എട്ടുപേര്‍ അകത്തായെങ്കിലും അതൊന്നും സുമയുടെ സാമ്രാജ്യത്തെ തകര്‍ക്കാന്‍ പോന്നതല്ല. ഒരാള്‍ പോയാല്‍ അടുത്തയാള്‍ എന്ന രീതിയില്‍ മോഷണവും കൊള്ളയടിക്കലും തുടരുന്ന സുമയുടെ സ്വാധീനം പുറത്ത് അതിശക്തമാണെന്ന് പോലീസ് പോലും പറയുന്നു. 'നൊട്ടോറിയസ് ലേഡി' എന്നാണ് സുമ പോലീസ് വൃത്തങ്ങളില്‍ അറിയപ്പെടുന്നത്. എല്ലാ മോഷണത്തിന് ശേഷവും മുതല്‍ മോഷ്ടാക്കള്‍ സുമയെ ഏല്‍പ്പിക്കും. ജോലിക്കാര്‍ എന്തു പ്രതിഫലം നല്‍കണമെന്നത് വരെ തീരുമാനിക്കുന്നത് സുമയാണ് പോലീസ് പറയുന്നു. താമസ സ്ഥലങ്ങള്‍ മാറിമാറി ഉപയോഗിക്കുന്ന ഇവര്‍ സ്ഥിരമായി ഒരു അഡ്രസ്സ് സൂക്ഷിക്കാറില്ല.

കര്‍ണാടകയുടെയും ആന്ധ്രയുടെയും അതിര്‍ത്തിയായ ബാഗ്പളളിയിലാണ് ഇവര്‍ ഇപ്പോഴുള്ളതെന്നാണ് പോലീസ് കരുതുന്നത്. എവിടെയായാലും പോലീസ് എത്തും മുമ്പ് തന്നെ ഇവര്‍ രക്ഷപ്പെട്ടിരിക്കുമെന്ന് പോലീസ് പറയുന്നു. രാജയുടെ സംഘം സുമയ്ക്ക് കീഴില്‍ ഇതിനകം 40-ലധികം മോഷണമാണ് നടത്തിയത്. ജോലിക്കായി നിയോഗിക്കപ്പെടുന്ന ഗ്യാംഗിനെ രണ്ടായി തിരിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. ഒരു വിഭാഗത്തിന് ലക്ഷ്യമിടുന്ന ഇരയെക്കുറിച്ചും സ്ഥലത്തെ കുറിച്ചുമുള്ള വിവരശേഖരണമാണ് ചുമതല. രണ്ടാമത്തെ സംഘത്തിന് മോഷണവും. മോഷണം നടത്തുന്നതെല്ലാം പട്ടാപ്പകലാണ്. ആള്‍ക്കാര്‍ നോക്കി നില്‍ക്കേ തന്നെ ആള്‍ക്കാരെ ആക്രമിക്കുകയും മോഷണമുതലുമായി രക്ഷപ്പെടുകയും ചെയ്യുന്ന കൊടും കുറ്റവാളികളാണ് ഇവരുടെ ഗ്യാംഗിലുള്ളത്.

ആഗസ്റ്റില്‍ ഇവര്‍ ഒരാളെ കൊള്ളയടിച്ച് കവര്‍ന്നത് 1.5 ലക്ഷമായിരുന്നു. ഇതിനു ശേഷം 2016 സെപ്തംബറില്‍ ഒരു ബിസിനസുകാരനെ കൊള്ളയടിച്ച് ഇവര്‍ കൊണ്ടുപോയത് നാലു ലക്ഷവും. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇലക്ട്രോണിക് സിറ്റിയില്‍ മറ്റൊരാളെയും അതേമാസം തന്നെ ഒരു സ്വകാര്യ സ്ഥാപന ജീവനക്കാരനെയും കൊള്ളയടിച്ചു.

സംഘത്തിലെ പലരും അറസ്റ്റിലായതോടെ സുമയുടെ സഹായത്തിനായി രാജ മറ്റൊരു ഗ്യാംഗിന് രൂപം നല്‍കിയിരിക്കുകയാണത്രേ. പുതിയ ഗ്യാംഗുകളുടെ പശ്ചാത്തലമൊന്നും സുമ പരിശോധിക്കാറില്ല. അതേസമയം ഇവരുടെ സംഘത്തെ പിടികൂടാനായി രണ്ടു സംഘത്തെയാണ് പോലീസ് രൂപീകരിച്ചിട്ടുള്ളത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും