പോലീസിന്റെ ക്രൂരതകളെ ചെറുത്തുതോൽപ്പിക്കാനുള്ള അന്തിമപോരാട്ടത്തിന് സമയം അടുത്തെന്ന് ആദിവാസിപ്രവർത്തകയും ആംആദ്മി പാർട്ടി നേതാവുമായ സോണി സോറി. ഫെബ്രുവരി 19ന് ദന്തേവാഡയിലുണ്ടായ ആസിഡ് ആക്രമണത്തെ തുടർന്ന് ദില്ലിയിൽ ചികിത്സയിലായിരുന്ന സോണി സോറി കഴിഞ്ഞ ദിവസമാണ് ഛത്തീസ്ഗഢിലെ ബസ്തറിലുള്ള വീട്ടിൽ മടങ്ങിയെത്തിയത്. സഹോദരി ധന്നിയേയും അവരുടെ ഭർത്താവ് മാർക്കമിനെയും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ തടവിൽ വച്ചിരിക്കുകയാണെന്ന് സോണി ആരോപിച്ചു. വെള്ളിയാഴ്ച അച്ഛനുൾപ്പടെയുള്ള ബന്ധുക്കൾ ഈ ഉദ്യോഗസ്ഥനെ ജഗദൽപ്പൂരിലെ ഓഫീസിൽച്ചെന്നുകണ്ടു. പക്ഷെ തന്നെയും കുടുംബത്തെയും ചീത്തവിളിക്കുകയാണ് അദ്ദേഹം ചെയ്തത്.“എന്റെ കുടുംബത്തെ നശിപ്പിക്കും എന്നയാൾ പറഞ്ഞു. ഇനി അന്തിമപോരാട്ടത്തിനുള്ള സമയമാണ്. വരുംവരായ്കകൾ എന്തുമാകാം. പക്ഷെ എന്ത് വിലകോടുത്തും നീതിക്കും നിലനിൽപ്പിനുമായുള്ള പോരാട്ടം എനിക്ക് തുടർന്നേ പറ്റൂ”സോണി പറഞ്ഞു. പോലീസിന്റെ ക്രൂരതകൾക്കെതിരെ ശബ്ദമുയർത്തുന്നതിന് കാലങ്ങളായി തന്നെയും തന്റെ കുടുംബത്തെയും ഈ ഉദ്യോഗസ്ഥൻ വേട്ടയാടുകയാണെന്ന് സോണി ആരോപിച്ചു. എഴുപത്തിയഞ്ച് വയസ്സുള്ള തന്റെ അച്ഛനെ പോലും വെറുതെ വിടാൻ പോലീസുകാർക്ക് ഭാവമില്ല. ബസ്തറിലേക്ക് പോകുന്നതിന് മുൻപ് റായ്പ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സോണി സോറി. നീതിക്കായി പോരുതാൻ ആരോഗ്യമുണ്ട്. തടഞ്ഞുവച്ചിരിക്കുന്ന സഹോദരിയേയും സഹോദരീഭർത്താവിനെയും പുറത്തുവിടാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സോണി പറഞ്ഞു.