സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശശികലയെ മുഖ്യമന്ത്രിയാക്കാന്‍ നീക്കം

വിമെന്‍പോയിന്‍റ് ടീം

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടിയിലും ഭരണത്തിലും പിടിമുറുക്കാന്‍ മന്നാര്‍ഗുഡി മാഫിയയുടെ ശക്തമായ ഇടപെടലുകള്‍. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികല നടരാജനെ അവരോധിക്കാനുള്ള ശ്രമത്തിന് പുറമെ മുഖ്യമന്ത്രി സ്ഥാനത്തേക്കും ശശികലയെ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് ജയലളിത പേരവൈ എന്ന അണ്ണാഡിഎംകെ പാര്‍ട്ടി ഘടകം പരസ്യമായി രംഗത്തുവന്നു.

ഞായറാഴ്ച ജയ പേരവൈ നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനം കൂടി ഏറ്റെടുക്കണമെന്ന് 'ചിന്നമ്മ' ശശികലയോട് ആവശ്യപ്പെട്ടു. ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ നിന്ന് മല്‍സരിച്ച് ഭരണരംഗത്തേക്ക് വരാനാണ് നേതാക്കളുടെ സംഘം ആവശ്യപ്പെട്ടത്.
27 വര്‍ഷമായി എതിരാളികളില്ലാതെ മേധാശക്തിയോടെ ജയലളിത നയിച്ചുപോന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ അണ്ണാഡിഎംകെയിലെ പ്രമുഖ നേതാക്കള്‍ ശശികലയോട് ആവശ്യപ്പെട്ടിരുന്നു. ജയലളിതയുടെ വിശ്വസ്തനായ പനീര്‍ശെല്‍വമാണ് മുഖ്യമന്ത്രി കസേരയിലുള്ളത്. ജയലളിതയോടെന്ന പോലെ പനീര്‍ശെല്‍വം ശശികലയോടും വിനീത വിധേയനാണ്. ലോകസഭ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈയും പനീര്‍ശെല്‍വവുമെല്ലാം പാര്‍ട്ടിയെ നയിക്കാന്‍ ജയയുടെ തോഴിയായ ശശികലയോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ജയലളിത പേരവൈ ശശികലയോട് ആര്‍കെ നഗറില്‍ നിന്ന് മല്‍സരിച്ച് മുഖ്യമന്ത്രിയാകാന്‍ ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്. പേരവൈ സെക്രട്ടറിയായ റവന്യു മന്ത്രി ആര്‍ ബി ഉദയകുമാര്‍ 'തായ് തന്ത വരം' എന്ന പേരില്‍ പാസാക്കിയ പ്രമേയം പോയസ് ഗാര്‍ഡനിലെത്തി ശശികല നടരാജന് കൈമാറുകയും ചെയ്തു. ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വസതിയിലാണ് ശശികല താമസിക്കുന്നത്.
റവന്യു മന്ത്രി ആര്‍ബി ഉദയ്കുമാറിനൊപ്പം തമിഴ്‌നാട് സംസ്ഥാന മന്ത്രിസഭയിലെ മറ്റു രണ്ട് മന്ത്രിമാരായ കടമ്പൂര്‍ രാജുവും സേവൂര്‍ എസ് രാമചന്ദ്രനും അടക്കം 50 നേതാക്കളാണ് മുഖ്യമന്ത്രി കസേരയിലേക്ക് കൂടി ശശികല വരണമെന്ന് ആവശ്യം ഉന്നയിച്ചത്.

ജയലളിതയുടെ ഭരണകാലത്ത് അഴിമതിയുടെ പേരില്‍ കുപ്രസിദ്ധമായ ശശികലയുടെ കുടുംബത്തെ 'മന്നാര്‍ഗുഡി മാഫിയ' എന്ന പേരിലാണ് വിളിച്ചു പോന്നിരുന്നത്. ഈ സംഘത്തെ പാര്‍ട്ടിയില്‍ നിന്നും ഭരണ മേഖലകളില്‍ നിന്നും ജയലളിത പുറത്താക്കിയിരുന്നു. ശശികലയുടെ ഭര്‍ത്താവ് നടരാജനടക്കം മന്നാര്‍ഗുഡി സംഘത്തിലെ പ്രമുഖരെ പിന്നീട് മരണം വരെ ജയലളിത ഒരു കാര്യത്തിലും ബന്ധപ്പെടുത്തിയിരുന്നില്ല. ശശികലയേയും പോയസ് ഗാര്‍ഡനില്‍ നിന്ന് പലകുറി ജയലളിത പുറത്താക്കിയിരുന്നു. ഒടുവില്‍ നടരാജനെ ഉപക്ഷിച്ചെത്തിയാണ് വീണ്ടും ജയലളിതക്കൊപ്പം ശശികല കൂട്ടുകൂടിയത്.

എന്നാല്‍ ജയലളിതയുടെ മരണത്തോടെ തിരിച്ചെത്തിയ മന്നാര്‍ഗുഡി സംഘം സംസ്‌കാര ചടങ്ങുകളില്‍ അടക്കം പ്രധാനികളായി പ്രത്യക്ഷപ്പെട്ടത് പാര്‍ട്ടിയിലും ഭരണത്തിലും പിടിമുറുക്കുമെന്ന സന്ദേഹത്തിന് ഇടയാക്കിയായിരുന്നു. പിന്നാലെ ശശികലക്കായി ഓണ്‍ലൈന്‍ ക്യാമ്പെയ്‌നുകളും പോസറ്റര്‍ പ്രചരണങ്ങളും മന്നാര്‍ഗുഡി സംഘം ആരംഭിച്ചിരുന്നു.
എന്നാല്‍ ജയലളിതയുടെ മരണത്തില്‍ ദുരൂഹത ആരംഭിച്ച് എഐഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭ എംപി ശശികല പുഷ്പ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ശശികലക്കെതിരെ തമിഴ്‌നാട്ടില്‍ വലിയൊരു വിഭാഗം പ്രതിഷേധത്തിനും അണിനിരന്നിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും