സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഐറിന്‍റെ ലോകം

ഐറിന്‍ എല്‍സാ ജേക്കബ്

ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ കയ്യടി നേടിയ ഒരു സംഭാഷണമുണ്ട്. പരാതിക്കാരിയായ മനുഷ്യാവകാശ പ്രവർത്തകയോട് എസ്.ഐ പറയുകയാണ്. "മാഡത്തിന്റെ ഹസ്ബൻഡ്‌ അങ്ങനെ ആണോന്നറിയില്ല. പക്ഷേ മൂക്കിനു താഴെ മീശയുള്ള ഏതാണും പ്രതികരിക്കും".
മഹിജയെ അറസ്റ്റ് ചെയ്ത നടപടിയോടുള്ള  മഹിളാ കോൺഗ്രസ് അധ്യക്ഷയുടെ  പ്രതികരണം, "പിണറായിക്കും ബഹ്റയ്ക്കും മനോജ് ഏബ്രഹാമിനും ഒരു സമാനതയുണ്ട്. മൂന്നു പേർക്കും മീശയില്ലാതായിപ്പോയി" എന്നായിരുന്നു. മീശ പിരിക്കുകയും, മുണ്ട് മടക്കി കുത്തുകയും,  'ആണുങ്ങളെപ്പോലെ മരിക്കുകയും' ചെയ്യുന്ന ആൺ സങ്കൽപ്പങ്ങൾക്ക് കയ്യടിക്കുന്ന സ്ത്രീകളൊക്കെയും ഒരു തരത്തിൽ രാഷ്ട്രീയമായി പുരുഷന്മാരാണ്. ഇത്തരം ബിംബാരാധനകളിലെല്ലാം, സ്ത്രീ വിരുദ്ധത ഒളിച്ചു കടത്തപ്പെടുന്നുണ്ട്. കാരണം, അത്തരം പ്രസ്താവനകൾ ഒരേ സമയം ആൺകോയ്മ ബോധ്യത്തിൽ നിന്നുള്ള ആണിന്റെ തന്നെ പുറത്തുകടക്കലുകളെ ഒന്നാകെ റദ്ദ് ചെയ്യുകയും, പുരുഷൻ എന്താവണം എന്നതിനുപരി സ്ത്രീ എന്താവരുത് എന്നു  പറഞ്ഞു വയ്ക്കുകയുമാണ്.

മുഖ്യധാരയിലേക്കുള്ള സ്ത്രീകളുടെ കടന്നു വരവിനെ, അവരുന്നയിക്കുന്ന പ്രശ്നങ്ങളെ, നേരിടുന്ന രീതിയിലും ഈ ബോധത്തിന്റെ സ്വാധീനമുണ്ട്. സമീപകാലത്ത് കേരളം ചർച്ച ചെയ്ത സ്ത്രീകളെ നോക്കുക. സദാചാരം, മാതൃത്വം തുടങ്ങിയ തിരുത്തപ്പെടാനൊരുക്കമല്ലാത്ത ധാരണകളെ മുൻ നിർത്തിയാണ് അവരെ ചുറ്റപ്പെട്ട പ്രശ്നങ്ങളൊക്കെയും വിലയിരുത്തപ്പെട്ടത്. അങ്ങേയറ്റത്തെ വൈകാരികവൽക്കരണം കൊണ്ട് ത്യാഗത്തിന്റ മൂർത്തി ഭാവങ്ങളാക്കുകയോ, സെക്സ് ഷേയ്മിങ് നടത്തി അധിക്ഷേപിക്കുകയോ ചെയ്യുക എന്ന രണ്ടു വഴികളാണ് പൊതു  ആയുധങ്ങൾ. ഇതിനിടയിലുള്ള ജനാധിപത്യപരമായ ഒരിടം, പുരുഷാഭിമാനങ്ങൾക്ക് മുറിവേൽപ്പിക്കുന്നൊരു സ്ത്രീക്ക് അനുവദിക്കപ്പെടില്ല.

മഹിജയെ 'രക്തസാക്ഷിയുടെ അമ്മ'യാക്കുന്നതിൽ ഈ ബോധത്തിന്റെ സ്വാധീനമുണ്ട്. കരയുകയും നിലവിളിക്കുകയും തളർന്നു വീഴാതിരിക്കുകയും ചെയ്യുന്നൊരമ്മയെ കേരളം ഉൾക്കൊള്ളില്ല എന്നതു കൊണ്ടു തന്നെയാണത്. കെ.കെ രമ രക്തസാക്ഷിയുടെ ഭാര്യയാണ്. ഭർത്താവിന്റെ മരണ ശേഷം ദിവസങ്ങൾക്കുള്ളിൽ പത്രസമ്മേളനം നടത്തിയ അവരെ നേരിട്ടത് പക്ഷേ ഭർത്താവിന്റെ പുലകുളി മാറുന്നതിനു മുന്നേ ശവം വിറ്റു തിന്നാൻ ഇറങ്ങിയവൾ എന്നായിരുന്നു. അതായത്, അധികാര ശ്രേണിയിലേക്ക് കടന്നു വരാൻ ശ്രമിക്കാതിരിക്കുന്നിടം വരെയേ ഇത്തരം വൈകാരികതകൾക്ക് ഇടമുള്ളൂ. 

ലോ അക്കാദമിയിലെ ക്രമക്കേടുകളെക്കാളോ സോളാർ തട്ടിപ്പിനെക്കാളോ കേരളം ചർച്ച ചെയ്തത് ലക്ഷ്മി നായരുടെയും സരിത നായരുടെയും കഥകളായിരുന്നു. ലക്ഷ്മി നായരുടെ പഴയ ടി.വി പരിപാടിയുടെ ക്ലിപ്പുകൾ പലതും അശ്ശീല തലക്കെട്ടുകളോടെ പ്രചരിച്ചു. ലോ അക്കാദമിയിലെ പ്രശ്നങ്ങളുമായി അതിനെന്ത് ബന്ധമാണുണ്ടായിരുന്നത്? സോളാർ തട്ടിപ്പിലാവട്ടെ, സരിതയുമായി നേതാക്കൾക്കുണ്ടെന്ന് ആരോപിച്ച ലൈംഗിക ബന്ധങ്ങളായിരുന്നു പ്രതിപക്ഷത്തിന്റ പോലും മുൻഗണന. 

സ്വഭാവദൂഷ്യം ആരോപിക്കുക എന്നത്, സ്ത്രീകളുന്നയിക്കുന്ന, അവരുൾപ്പെട്ട എല്ലാ പ്രശ്നങ്ങളുടെയും വഴി തിരിക്കാനുള്ള ഉപായമാണ്. പൊതു സമൂഹത്തിന് സ്വീകാര്യയല്ലാത്തൊരു സ്ത്രീക്ക്, അതിന്റെ അധികാര ഘടനയെ ചോദ്യം ചെയ്യാനുള്ള അവകാശമില്ല എന്ന ബോധത്തിലേക്കാണ് വീണ്ടും വീണ്ടുമീ വഴി ചുറ്റിവളഞ്ഞു പോകുന്നത്. അതിലെ ഏറ്റവും അപകടകരമായ സംഗതി ഇത്തരം ആക്ഷേപങ്ങൾക്കെതിരെ സ്ത്രീ സമൂഹത്തിന്റെ കളക്ടീവായ പ്രതികരണങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ്. പ്രതിനിധീകരിക്കുന്ന, വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടി പ്രതിസ്ഥാനത്ത് നിൽക്കുമ്പോഴൊക്കെയും ഇത്തരം വ്യക്തിഹത്യകൾക്കെതിരെ സൗകര്യപൂർവം കണ്ണടയ്ക്കുന്ന മുഖ്യധാരാ വനിതാ പ്രസ്ഥാനങ്ങളുടെയൊക്കെയും മറവിയുടെ രാഷ്ട്രീയം ആൺകോയ്മയുടേത് തന്നെയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും