സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

സുഗതകുമാരി ടീച്ചറുടെ വാക്കുകള്‍ പതിവില്ലാതെ കലുഷമായിരുന്നു.......

സുജ സൂസന്‍ ജോര്‍ജ്ജ്

വിമന്‍പോയിന്‍റിന്‍റെ ഉദ്ഘാടനം സുഗതകുമാരി ടീച്ചര്‍ നിര്‍വ്വഹിച്ചു.ഞങ്ങളുടെ ഒരു സ്വപ്നം അതിന്‍റെ യാത്ര തുടങ്ങിയ സന്തോഷത്തിലായിരുന്നു എല്ലാവരും .പക്ഷേ ടീച്ചറുടെ വാക്കുകള്‍ പതിവില്ലാതെ കലുഷമായിരുന്നു.പതിവുള്ള കാതരശബ്ദം ടീച്ചറിന്‍റെ നാവില്‍ നിന്ന് അകന്നു പോയി.നാവിന് അരം വെച്ചതു പോലെ. ഒരു മാന്‍ പേട പോലും സ്വന്തം കുഞ്ഞിനെ ആക്രമിക്കുന്ന ജന്തുവിനോട് മരണം വരെ പോരാടും.പിന്നെ എന്തിനാ ഈ അമ്മമാര്‍ ,എന്ത് അന്തസ്സിനു വേണ്ടിയാണിവര്‍ സ്വന്തം പെണ്‍കുഞ്ഞുങ്ങളെ കൊലക്കു കൊടുക്കുന്നത്.യുദ്ധം ചെയ്യണം.ഒന്നുകില്‍ ജയിക്കണം.അല്ലെങ്കില്‍ മരിച്ചു വീഴണം.ടീച്ചറുടെ ശബ്ദം കടുത്തു. ടീച്ചര്‍ ഒരു അനുഭവം ഓര്‍മ്മിച്ചു.
''ഒരു ചെറുപ്പക്കാരിഅമ്മ 4 വയസു കാരി മകളെയുമെടുത്ത് എന്‍റെ അടുത്ത് വന്നു.കുട്ടിയെ അവരെന്‍റെ മടിയില്‍ വെച്ചു.ഞാനെന്‍റെ മോളെ അവളുടെ അപ്പൂപ്പന്‍റെ അടുത്ത് നിന്ന് എടുത്തു കൊണ്ടോടി വരികയാണ് ടീച്ചര്‍ എന്ന് പറഞ്ഞ് അവര്‍ പൊട്ടിക്കരഞ്ഞു. കുട്ടിയോട് ഞാന്‍ ചോദിച്ചു മോള്‍ക്കെന്തു പറ്റീന്ന്...ആ കുഞ്ഞുടുപ്പ് പൊക്കി കാട്ടിക്കൊണ്ട് അപ്പൂപ്പന്‍ ഇവിടെ  എന്നെ നോവിച്ചു എന്നാണ് കുഞ്ഞു പറഞ്ഞത്...അയാളെ വെറുതെ വിടരുതെന്ന് ഞാന്‍ ആ അമ്മയോട് പറഞ്ഞു . വീട് തകര്‍ന്നു പോകുമെന്ന് അവള്‍ പറഞ്ഞു.ഞാനെന്‍റെ അമ്മയോടൊന്ന് ചോദിച്ചു വരാമെന്നു പറഞ്ഞ് കുഞ്ഞിനെയുമെടുത്ത് അവള്‍ പോയി.കുഞ്ഞിരുന്ന മടിത്തട്ടിലേക്ക് ഞാന്‍ നോക്കി.അവിടെ രക്തവും ശുക്ളവും പറ്റിപ്പിടിച്ചിരുന്നു.' പിന്നെടീച്ചര്‍ പറയുന്നത് ഒന്നും കേള്‍ക്കാനായില്ല.ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാനെന്തിന് ഈ ചെവി...

നിറഞ്ഞ കണ്ണുകളുമായി ഞാന്‍ ചുറ്റും നോക്കി..കൂടിയിരുന്ന ആണിന്‍റെയും പെണ്ണിന്‍റെയും കണ്ണു നിറഞ്ഞ് തൊണ്ടയില്‍ വാക്കുകള്‍ കുരുങ്ങീട്ടുണ്ടാകും തീര്‍ച്ച.

.അടുത്തിടെ പീഡനവാര്‍ത്തകളില്‍ നിറയെ ശിശുപീഡനങ്ങള്‍,ശിശുഹത്യ....പീഡോഫീലിയ എന്നൊക്കെ പറഞ്ഞ് ഒരുവശത്ത് അതിനെ സ്വാഭാവിക മനുഷ്യഭാവങ്ങളാണെന്ന് സ്ഥാപിക്കാന്‍ നടത്തിയ ശ്രമങ്ങളെ മറ്റൊരു ഞെട്ടലോടെയല്ലാതെ കാണാന്‍ കഴിഞ്ഞില്ല.

വീടുകളും വിശുദ്ധസ്ഥാപനങ്ങളും വദ്യാഭ്യാസസ്ഥാപനങ്ങളും പെണ്‍കുരുന്നുകള്‍ക്ക്  തീനിലമാകുമ്പോള്‍ എവിടെയാണ് ഞങ്ങള്‍ അമ്മമാര്‍ ഞങ്ങളുടെ പെണ്‍മക്കളെ ഒളിപ്പിച്ചു വെയ്ക്കേണ്ടത്.പെണ്‍മക്കളെ പെറ്റുവളര്‍ത്‌താന്‍ ഏത് നാട്ടിലേക്കാണ് പോകേണ്ടത്.ഉത്തരം പറയാനീ സമൂഹത്തിന് ബാധ്യതയുണ്ട്.ഭരണകൂടത്തിനും.

ഒരു സമൂഹത്തിലെ മനുഷ്യബന്ധങ്ങള്‍ ഒാരോ കാലത്തും വ്യത്യസ്തമായിരുന്നു.ഒരുകാലത്ത് ജാതിവ്യവസ്ഥയുടെ ജീര്‍ണ്ണതകളില്‍ കുരുങ്ങിക്കിടന്നു.അതില്‍ നിന്ന് മനുഷ്യാവസ്ഥകളിലേക്കുള്ള ഗംഭീരമായ ഉയര്‍ത്തെഴുന്നേല്പായിരുന്നു നവോത്ഥാനം.ബോധപൂര്‍വ്വമായ ഇടപെടലിലൂടെയുള്ള മാറ്റിത്തീര്‍ക്കല്‍.
പക്ഷേ ആണ്‍പെണ്‍ ബന്ധങ്ങളിലെ മേല്കീഴ് അവസ്ഥയെ സമീകരിക്കുന്നതിനോ ജനാധിപത്യാവകാശങ്ങളിലേക്ക് സ്ത്രീപദവിയെ ഉയര്‍ത്തിക്കൊണ്ടു വരാനോ കഴിഞ്ഞിട്ടില്ല. 
എവിടെയൊക്കയാണ് തകരാറുകള്‍?
കുടുംബം മുതലുള്ള എല്ലാ വ്യവസ്ഥകളും പുരുഷനു വേണ്ടിയാണ് നില കൊള്ളുന്നത്.ആ വ്യവസ്ഥകളെ സ്ത്രീ അനുകൂലമോ മറ്റ് ലിംഗാനുകൂലമോ മാറ്റി തീര്‍ക്കാന്‍ നിയമങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടുമില്ല. അതത്ര എളുപ്പവുമല്ല.കാരണം ഒരാണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ മുതല്‍ അവന്‍റെ ജീവിതത്തിന്‍റെ സന്തോഷത്തിനും കാമപൂര്‍ത്തിക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ് സ്ത്രീകള്‍ എന്ന പാഠങ്ങളിലൂടെയാണ് അവന്‍ വളരുന്നത്.ആണായി ജനിച്ചതുകൊണ്ടു മാത്രം ചില പ്രത്യേകാവകാശങ്ങളും അധികാരവുമുണ്ടെന്ന് ധരിച്ചുവശായി പോകുന്നു ആണുങ്ങള്‍.ഇതിന്‍റെ മറുപുറമാണ് സ്ത്രീജീവിത രൂപീകരണം.സഫലമാകുന്ന .ജന്മം പുരുഷനെ സന്തോഷിപ്പിക്കുന്നവരുടേതാണെന്ന പാഠങ്ങള്‍.അതിനായുള്ള പരിശീലിപ്പിക്കലുകള്‍.
വേണം മാറ്റം.ബോധപൂര്‍വ്വമായ നിരന്തര ഇടപെടലുകള്‍....ഒരു പുതുനവോത്ഥാനം.തിരുത്തലുകള്‍..പുതിയ എഴുതി ചേര്‍ക്കലുകള്‍..ഒത്ത് ചേരാം..കൈകള്‍ കോര്‍ക്കാം പുതിയ മാറ്റത്തിനായി.സന്തോഷമായും അന്തസ്സോടെയും ജീവിക്കട്ടെ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും