സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഞങ്ങൾക്ക് മടുത്തു, വല്ലാതെ ...

ആര്‍. പാര്‍വതി ദേവി

ഞങ്ങൾ സ്ത്രീകൾ വല്ലാതെ മടുത്തു പോയി. ഇക്കുറി അന്താരാഷ്ട്ര വനിതാ ദിനം നിരാശയുടെ  മഴയിൽ കുതിർന്നു ....  വയനാടും വാളയാറും കൊച്ചിയിലും പിന്നെ എവിടെയൊക്കെയോ പെൺകുഞ്ഞുങ്ങൾ "ആത്മഹത്യ " ചെയ്യുന്നു. സദാചാരപ്രഭാഷകരായ പുരോഹിതന്മാർ ആക്രമിക്കുക മാത്രമല്ല പീഡകൻ സ്വന്തം അച്ഛനാണെന്നു പറയാൻ പ്രേരിപ്പിക്കുന്നു. പ്രണയം എത്ര മനോഹര പദം , പക്ഷെ മിഷേലിന്റെ ജീവൻ എടുത്തത് പ്രേമം'ആയിരുന്നു. 

എത്രയോ കാലം ആയി ഞങ്ങൾ കുറെ സ്ത്രീകൾ അലമുറ ഇടുകയും പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്യുന്നു.  സൗമ്യമാരും നിര്ഭയമാരും ശരണ്യമാരും ശാരിമാരും .. പേരറിയാത്ത എത്രയോ പേരും നമ്മുടെ ഉറക്കം കെടുത്തുന്നു. ഇനി മതി. ഞങ്ങൾക്ക് ഇനി പറയാൻ ശബ്ദം ഇല്ല. എഴുതാൻ വിരലുകൾ ഇല്ല. നാവിൽ നിന്നും ഇറ്റു  വീഴുന്നത് ചോര തുള്ളികൾ ആണ്. വിരലുകളുടെ അറ്റം തേഞ്ഞു പോയിരിക്കുന്നു. കരച്ചിൽ ഞങ്ങൾ എന്നേ നിർത്തിയതാണ്. 
മെഴുകുതിരികളും ചിരാതുകളും എരിഞ്ഞു തീർന്നു. വിളക്കുകളെ ഞങ്ങൾ ഭയന്ന് തുടങ്ങി. അന്ധകാരം ആണ് കരുത്ത പകരുന്നത്. ഇരുട്ടിൽ ഭീകര രൂപം പൂണ്ട്  യക്ഷികളാകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ക്ഷമയും ദയയും ഞങ്ങളുടെ വിശേഷണങ്ങൾ അല്ല ഇനി മുതൽ. സൗന്ദര്യം ഞങ്ങൾ വെറുക്കുന്നു. മാതൃത്വം ഏറ്റവും ഭാരമേറിയ ചുമടായി തീർന്നു. ഞങ്ങൾക്കിനി ഗർഭപാത്രം വേണ്ട. അടുക്കള ഇല്ലാത്ത വീട്ടിൽ ഞങ്ങൾ  അർമാദിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ അട്ടഹാസത്തിൽ ദിഗന്തങ്ങൾ വിറ  കൊള്ളട്ടെ. ഞങ്ങളുടെ കനത്ത ചുവടുകളിൽ നിന്നും ഇടി മുഴങ്ങട്ടെ . വാതിലുകളും ജനാലകളും ഞങ്ങളെ ശ്വാസം മുട്ടിക്കുന്നു. തുറന്ന ആകാശത്തിലെ നക്ഷത്രങ്ങൾ ഞങ്ങൾക്കിനി വഴി കാട്ടും . ആഞ്ഞു വീശുന്ന തണുത്ത കാറ്റും ആർത്തലച്ചു പെയ്യുന്ന പേമാരിയും ആസ്വദിക്കുമ്പോൾ ഞങ്ങൾക്കു നേർത്ത ആശ്വാസം.  ഞങ്ങളുടെ ദീർഘ നിശ്വാസത്തിൽ മരങ്ങൾ കട പുഴകി വീഴും.  ആകാശത്തെ പുഞ്ചിരിക്കുന്ന അമ്പിളി ഞങ്ങളെ വിറളി പിടിപ്പിക്കുന്നു. എത്രയോ കാലം നിലാവിന്റെ മനോഹാരിത വാരി കുടിച്ചു മദി ച്ചു പോയവരാണ് ഞങ്ങൾ. ഇനി ഞങ്ങൾക്ക് പൂക്കളും പൂമ്പാറ്റയും ഇല്ല. കുളിർ കാറ്റും തേനരുവിയും ഇല്ല. ഉയർന്നു വീശുന്ന തിരമാലകളും ആകാശം ഭേദിക്കുന്ന പർവ്വതങ്ങളും ഞങ്ങളെ ഹരം  പിടിപ്പിക്കുന്നു. തീക്കാറ്റിൽ ഞങ്ങൾ സംഹാര നൃത്തം ആടുമ്പോൾ ചങ്ങലകൾ ഉരുകി ഒലിക്കുന്നു . ചുറ്റി പിടിക്കുന്ന നീണ്ട മുടി ഇഴകൾ ചാമ്പലാകുന്നു.  
അപ്പോൾ , അപ്പോൾ മാത്രമേ ഇനി ഞങ്ങൾക്ക് സ്വാസ്ഥ്യം ഉണ്ടാകൂ .... പെൺകുഞ്ഞുങ്ങളുടെ നിലവിളി എങ്കിൽ മാത്രമേ അവസാനിക്കൂ ...
കൊച്ചു മക്കളുടെ ആണത്തത്തിന്റെ കുന്തമുന ഏറ്റു പിടയുന്ന മുത്തശ്ശിമാരുടെ ഏങ്ങലുകൾ അടങ്ങൂ.. 
പ്രണയത്തിന്റെ കാരിരുമ്പ് ആഞ്ഞു തറച്ചവരുടെ രോഷം തണുക്കൂ ....


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും