സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

അമേരിക്കയില്‍ എന്തുകൊണ്ട് ഇതുവരെ വനിതാ പ്രസിഡന്റ് ഇല്ല?

ആര്‍. പാര്‍വതി ദേവി

സ്ത്രീവിമോചനപ്രസ്ഥാനത്തിന്റെ ഈറ്റില്ലം ആണെന്ന് കരുതുന്ന അമേരിക്കയില്‍ ഇതുവരെ ഒരു വനിതാ പ്രസിഡന്റ് ഉണ്ടായില്ല എന്നത് അത്ഭുതകരമല്ലേ?  സ്ത്രീകള്‍ സമത്വത്തില്‍ നിന്നും എത്രയോ അകലെ നില്‍ക്കുന്ന ഇന്ത്യയിലും പാകിസ്ഥാനിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും വളരെ  കാലം മുമ്പ് തന്നെ സ്ത്രീകള്‍ ഭരണാധികാരത്തിന്റെ ഏറ്റവും ഉയര്‍ന്ന പദവിയില്‍ എത്തി കഴിഞ്ഞിരുന്നു. ഇന്ത്യന്‍ സ്ത്രീകളുടെ കീഴാള അവസ്ഥയില്‍ പരിതപിക്കുന്നവരാണ് അമേരിക്കകാര്‍. വിദ്യാഭ്യാസം ഇല്ലാത്ത, മുഖം പോലും പുറത്തു കാണിക്കുവാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത, ഭര്‍ത്താവിനെ ദൈവമായി കരുതി പൂജിക്കുന്ന, അടുക്കള എന്ന തടവറയില്‍ ജീവിക്കുന്ന ഒരു സാധാരണ ഇന്ത്യക്കാരിയെ പാശ്ചാത്യര്‍ കാഴ്ചബംഗ്ലാവിലെ അത്ഭുതജീവിയെപോലെ ആണ് കാണുന്നത്. ഒരര്‍ത്ഥത്തില്‍ അത് ശരിയാണ് താനും. ഒറ്റക്ക് ജീവിക്കുവാനും സ്വതന്ത്രമായി യാത്ര ചെയ്യുവാനും സദാചാര ഭീകരരെ പേടിക്കാതെ  ഇഷ്ടമുള്ള വസ്ത്രം ധരിക്കുവാനും ആരോടും ചോദിക്കാതെ സ്നേഹിതനെ ചുംബിക്കുവാനും അമേരിക്കന്‍ സ്ത്രീക്ക് സ്വാതന്ത്ര്യം ഉണ്ട്. അച്ഛനമ്മമാര്‍ ജ്യോത്സ്യനോട് ചോദിച്ചശേഷം ജീവിതപങ്കാളിയെ കണ്ടെത്തി കൊടുക്കുന്ന വിചിത്രമായ ഏര്‍പ്പാട്  പൗരാണികമായ ഏതോ കാലത്തെ ആകും അമേരിക്കന്‍ യുവതികളെ  ഓര്‍മ്മിപ്പിക്കുക. ഈ രീതിയില്‍ നോക്കിയാല്‍ അമേരിക്ക സ്ത്രീസ്വാതന്ത്ര്യത്തില്‍ മുന്നില്‍ തന്നെയാണ്. മുതലാളിത്തം പൂര്‍ണവികാസം പ്രാപിച്ചതിന്റെതായ പുരോഗതിയോ ആധുനികതയോ ആയി സ്ത്രീജീവിതത്തില്‍ വന്ന മാറ്റത്തെ കാണാം . 
എന്നാല്‍ സ്ഥിതിവിവരകണക്കുകള്‍ മറ്റൊരു ചിത്രം വരച്ചു കാട്ടുന്നു. ഇതില്‍ ഏറ്റവും പ്രധാനം അമേരിക്കയുടെ രാഷ്ട്രീയാധികാരത്തില്‍ സ്ത്രീ സാന്നിധ്യം ദയനീയമാംവിധം ദുര്‍ബലം ആണെന്നതാണ്. ജനസംഖ്യയില്‍ പകുതിപ്പേര്‍ സ്ത്രീകള്‍ ആയിട്ടും കോണ്‍ഗ്രസ്സില്‍ 20%ല്‍ താഴെ ആണ് സ്ത്രീപങ്കാളിത്തം. ഇതുവരെ 36 പേര്‍ മാത്രമാണ് സംസ്ഥാന ഗവര്‍ണര്‍മാര്‍ ആയിട്ടുള്ളത്. നിലവില്‍  5 പേര്‍ മാത്രം. കോണ്‍ഗ്രസ്സില്‍ ന്യൂനപക്ഷസ്ത്രീകള്‍ ആകട്ടെ 6% ല്‍ താഴെ മാത്രം.
ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്റെ കണക്കുപ്രകാരം പാര്‍ലമെന്റിലെ സ്ത്രീപ്രാതിനിധ്യത്തില്‍ അമേരിക്കയുടെ സ്ഥാനം  ലോകത്ത് 95 ആണ് . സ്ത്രീകള്‍ അമേരിക്കയുടെ രാഷ്ട്രീയനേതൃനിരയിലേക്ക് വരാത്തതിനു പല കാരണങ്ങള്‍ പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്. പൊതുവില്‍ വെളുത്തനിറമുള്ള ഒരു പുരുഷ സര്‍വസൈന്യാധിപനെ ആണ് അമേരിക്കന്‍ ജനത തങ്ങളെ നയിക്കാന്‍ യോഗ്യതയുള്ളതായി അംഗീകരിക്കുന്നത് . ഒരു സ്ത്രീക്ക് പ്രസിഡന്റ് ആകാന്‍ കഴിയുമെന്നു പോലും അമേരിക്കന്‍ കുട്ടികള്‍ കരുതുന്നില്ലത്രേ! ഇതിനു ചെറിയ മാറ്റം അടുത്തയിടെ ഉണ്ടായത്  ഹിലാരി ക്ലിന്റനും നാന്‍സി പെലോസിയും ജനപ്രതിനിധിസഭയില്‍ ഉയര്‍ന്ന പദവികളില്‍ എത്തിയതോടെയാണ്. അമേരിക്കന്‍ പാര്‍ലമെന്റിന്റെ സ്പീക്കര്‍ ആയിരുന്ന നാന്‍സി അമേരിക്കയിലെ ഏറ്റവും സ്വാധീനം ഉള്ള വനിതാനേതാവ് ആണെന്നാണ് കണക്കാക്കിയിട്ടുള്ളത്.

ഹിലരി റോധം ക്ലിന്റന്‍ ബരാക് ഒബാമ മന്ത്രിസഭയിലെ അംഗവും പ്രമുഖ അഭിഭാഷകയും ജനപ്രിയ നേതാവും ആണ്. 
2016 ല്‍ നടക്കുവാന്‍ പോകുന്ന പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവരം ഇക്കഴിഞ്ഞ ഞായറാഴ്ച ആണ് ഹിലാരി പ്രഖ്യാപിച്ചത്. ജയസാധ്യതയുള്ള ആദ്യ വനിതാപ്രസിഡണ്ട്‌ സ്ഥാനാര്‍ഥി ആണ് ഹിലാരി. അമേരിക്കന്‍ ജനത ഒരു സ്ത്രീയെ എങ്ങനെ സ്വീകരിക്കുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. പുറമേ ആധുനിക മുതലാളിത്തക്കുപ്പായം ധരിക്കുമ്പോഴും അമേരിക്കയുടെ  മനസ്സ് ആണാധിപത്യത്തിന്റെയും ജന്മിത്തത്തിന്റെയും ആണെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്.  കടുത്ത പുരുഷാധിപത്യം സാധ്യമാക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനശൈലി ആണ് അമേരിക്കയില്‍ ഉള്ളത്. ഒരാള്‍ സ്ഥാനാര്‍ഥി ആകുന്നതോടെ അവിടെ സ്പോണ്‍സറെ കണ്ടെത്തണം. പണം ഉണ്ടാക്കുക എന്നത് ഓരോ സ്ഥാനാര്‍ഥിയും സ്വയം ചെയ്യണം. സ്ത്രീകള്‍ക്കു ഇത് അത്ര എളുപ്പമല്ല. മറ്റൊന്ന് അമേരിക്കയുടെ ലോക പോലിസ് ഭാവമാണ്. ഇത് ചേരുന്നത് ഒരു പുരുഷ അധികാരിക്കാണ് . അമേരിക്കയുടെ സുരക്ഷ ഉറപ്പാക്കുവാന്‍ ആവശ്യം 'ബലിഷ്ഠമായ കരങ്ങളാണ്'. ഇതൊന്നും പരമ്പരാഗതമായ സ്ത്രീസങ്കല്‍പ്പത്തിനു ചേര്‍ന്നതല്ല. സാധാരണ വോട്ടര്‍ അമേരിക്കയുടെ ഈ  സവിശേഷമായ രാഷ്ട്രീയസംസ്കാരത്തെ ആന്തരികവല്‍ക്കരിച്ച വ്യക്തി ആയിരിക്കും. അതുകൊണ്ട് ആ‍ണ്  ഹിലാരി ക്ലിന്റന്റെ വിജയം ഉറപ്പാക്കുവാന്‍ കഴിയാത്തത്. ഇതിനു മുന്‍പ് അഞ്ചു സ്ത്രീകള്‍ പ്രസിഡന്റ്റ് സ്ഥാനാര്‍ഥി ആയിട്ടുണ്ട്‌. എന്നാല്‍ വിജയമെന്നത് ഈ അഞ്ചു പേര്‍ക്കും അചിന്ത്യം ആയിരുന്നു. പക്ഷെ ഇക്കുറി അത്ഭുതം സംഭവിച്ചേക്കാം. അമേരിക്കയുടെ ചരിത്രം ഹിലാരി തിരുത്തികുറിക്കുമോ എന്നറിയാന്‍ ഒരു വര്‍ഷം കാത്തിരിക്കണം .


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും