സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഇരകള്‍ തടവില്‍; പ്രതികള്‍ സ്വതന്ത്രര്‍

ആര്‍. പാര്‍വതി ദേവി

16 വയസ്സില്‍  താഴെയുള്ള നൂറോളം പെണ്‍കുട്ടികള്‍. പല  നാട്ടില്‍ നിന്നും വന്നവര്‍ . പല കുടുംബങ്ങളില്‍ നിന്നും വന്നവര്‍ . പല  ജാതിയിലും മതത്തിലും പെട്ടവര്‍. വ്യത്യസ്ത ജീവിത രീതികളില്‍ വളര്‍ന്നവര്‍. ഇന്ന് ഇവരെല്ലാവരും ഒരേ ആഹാരം കഴിച്ചു ഒരേ മുറിയില്‍ ഉറങ്ങി  ഒരേ പോലെ ജീവിക്കുന്നു. ഇവര്‍ ഇവിടെ എത്തിയതും  ഒരേ പോലെയുള്ള ദുരിത വഴിയിലൂടെ ആണ്. ഈ നൂറു പേരും ബലാത്സംഗത്തിന്റെ ക്രൂരമായ ഇരകള്‍ ആണ്. ഇവരോട് ക്രൂരത കാട്ടിയവര്‍ മിക്കവാറും എല്ലാവരും ഇവര്‍ക്ക് വേണ്ടപ്പെട്ടവര്‍  . അച്ഛന്‍, അമ്മാവന്‍ , സഹോദരന്‍ , അധ്യാപകന്‍ , ചെറിയച്ചന്‍ , അയല്‍ക്കാരന്‍,... പട്ടിക നീളുന്നു. 15 വയസ്സുകാരിയുടെ കയ്യില്‍ പാവക്കുട്ടിയെ പോലെ ഒരു കുഞ്ഞ് . സ്വന്തം അഛന്‍ ഒരു അതിക്രമത്തിലൂടെ നല്‍കിയ സമ്മാനം! 
നിറപകിട്ടാര്‍ന്ന സ്വപ്‌നങ്ങള്‍ കണ്ട് പൂമ്പാറ്റകളെ പോലെ പാറി നടക്കേണ്ട പ്രായത്തില്‍ സര്‍ക്കാരിന്റെ അഭയകേന്ദ്രത്തില്‍ തടവുപുള്ളികളെ പോലെ ഇവര്‍ കഴിഞ്ഞു കൂടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ഭയ കേന്ദ്രത്തിലെ ഏറ്റവും പരിമിതമായ സൌകര്യങ്ങളില്‍ ഇവര്‍ ജീവിതം തള്ളി നീക്കുന്നു. സമൂഹം ഇവരോട് ചെയ്ത ക്രൂരതക്ക് ഇവര്‍ നല്കുന്ന വില തങ്ങളുടെ ജീവിതത്തിന്റെ വില തന്നെയാണ്. അക്രമികള്‍ സ്വൈര്യമായി വിഹരിക്കുമ്പോള്‍ സ്വന്തം വീട്ടിലോ നാട്ടിലോ പോലും താമസിക്കുവാന്‍ കഴിയാതെ കൌമാരക്കാരികളായ പെണ്‍കുട്ടികള്‍ കുടുസ്സു മുറികളില്‍ ഒതുങ്ങി കൂടുന്നു. ജീവിതത്തിന്റെ യാതൊരു ആനന്ദങ്ങളും ഇവര്‍ക്ക് അനുഭവിക്കുവാന്‍ കഴിയുന്നില്ല. കൗതുക കാഴ്ചകളും വിനോദങ്ങളും ഇവര്‍ക്കില്ല. ഉത്സവങ്ങളും വിരുന്നുകളും ആഘോഷങ്ങളും ഇല്ലാത്ത നരച്ച ദിവസങ്ങള്‍ ഇവരെ മനം മടുപ്പിക്കുന്നത് സ്വാഭാവികം . ബന്ധുക്കളും സഹോദരങ്ങളും അച്ഛനമ്മമാരും അമ്മൂമ്മയും അപ്പൂപ്പനും ആരും ഒപ്പം ഇല്ലാതെ ഇവര്‍ അനുഭവിക്കുന്ന ഏകാന്തത കഠിനമായിരിക്കും . വീട് എന്നത് ഇവരില്‍ പലര്‍ക്കും പേടി സ്വപ്നമാണ്‌ . ഒരു മടങ്ങിപോക്ക്‌ ഏറെപേര്‍ക്കും ചിന്തിക്കുവാന്‍ ആവില്ല. വീടുകള്‍ ഭയപ്പെടുത്തുന്ന അനുഭവം  ആകുന്നതു കൊണ്ടാണ് ഇവരെ നിര്‍ഭയ കേന്ദ്രത്തില്‍ താമസിപ്പിക്കേണ്ടി വരുന്നത്. 
നിര്‍ഭയയുടെ ചുമതലക്കാരായ വനിതാസംഘടനകള്‍ അവരുടെ പരിമിതികള്‍ക്കകത്തു നിന്ന് കൊണ്ട് ഈ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നുണ്ട്. എന്നാലും ഇവിടെ നിന്നും രക്ഷ നേടാന്‍ ഇവരില്‍ പലരുംശ്രമിച്ചു കൊണ്ടേയിരിക്കും. പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയവര്‍ തന്നെ ഇവരെ പുറത്തേക്ക് ചാടിക്കുവാന്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നു. പല പെണ്‍കുട്ടികളും അക്രമിയെ തന്റെ കാമുകനായി സങ്കല്‍പ്പിക്കുന്നു എന്നതാണ് ഏറ്റവും അപകടം. തന്റെ പ്രണയം തകര്‍ക്കുന്നവരായാണ് വനിതാപ്രവര്‍ത്തകരെ പെണ്‍കുട്ടി കാണുന്നത്. 14 കാരി സ്വപ്നം കാണുന്നത് 40 കാരനായ ഒരു സാമൂഹ്യവിരുദ്ധനെ ആണ്. ഏതു നിമിഷവും തന്നെ രക്ഷിക്കുവാന്‍ അയാള്‍ വരുന്നതും കാത്താണ് അവള്‍ ഇരിക്കുന്നത്. ലൈംഗികവിപണിയില്‍ നിന്നും രക്ഷപെട്ടു വന്നവര്‍ ആകട്ടെ മാനസികമായി സമനില തെറ്റിയ അവസ്ഥയില്‍ ആയിരിക്കും. കടുത്ത വിഷാദവും ആത്മഹത്യ പ്രവണതയും ഉള്ള പെണ്‍കുട്ടികളെ കണ്ണില്‍  എണ്ണ ഒഴിച്ച് കാത്ത് സൂക്ഷിക്കേണ്ടി വരും . സ്ഥാപനത്തിന്റെ ഉത്തരവാദിത്വത്തില്‍ സ്കൂളില്‍ കൊണ്ട് പോകുകയും മടക്കി കൊണ്ടുവരികയും വേണം. സ്കൂളിലെ അദ്ധ്യാപകരും സഹപാഠികളും ഇവരോട് കരുതലോടെ പെരുമാറിയില്ലെങ്കില്‍ പ്രശ്നം കൂടുതല്‍ വഷളായി എന്ന് വരും. മാനസികവും ശാരീരികവും ആയ പലതരം  മുറിവുകള്‍ ഏറ്റ ഈ പെണ്‍കുട്ടികള്‍ക്ക് സ്വാസ്ഥ്യം എന്നത് വളരെ അകലെ ആണ്. 
സര്‍ക്കാര്‍ കൊടുക്കുന്ന നിസ്സാരമായ തുക ഇവര്‍ക്ക് ഭക്ഷണം കൊടുക്കുവാന്‍ പോലും കഷ്ടിച്ചു മാത്രം തികയുമ്പോള്‍ ഇവരുടെ മറ്റ് അനേകം ആവശ്യങ്ങള്‍ അവഗണിക്കപ്പെടുന്നു. ഒരു ഗ്ലാസ് പാലോ ഒരു കളിപ്പാട്ടമോ പുസ്തകമോ ടി വിയോ ഒന്നും ഇവര്‍ക്ക് ലഭിക്കുന്നില്ല. നല്ല വസ്ത്രവും ആഭരണങ്ങളും ആരുടെയെങ്കിലും കാരുണ്യം കൊണ്ട് കിട്ടിയെങ്കിലായി  എന്ന് മാത്രം.

കുട്ടിക്കാലത്തെ ലൈംഗികാക്രമണം ഇവരെ പലതരത്തില്‍ ആകാം ബാധിച്ചിട്ടുണ്ടാവുക . ചിലര്‍ക്ക് അമിതമായ ലൈംഗികാസക്തി ആണ് ഉണ്ടാകുന്നതെങ്കില്‍ മറ്റ് ചിലര്‍ക്ക് ലൈംഗിക മരവിപ്പ് ആയിരിക്കും. പുരുഷന്മാരെ ചിലര്‍ക്ക് ഭയവും വെറുപ്പും  ആയിരിക്കും. ജീവിതം തന്നെ ഈ ചെറു പ്രായത്തില്‍ മടുത്തുപോയവരും  ഇക്കൂട്ടത്തില്‍ ഉണ്ടാകും. ഒരു നല്ല ജീവിതം സ്വപ്നം കാണുവാന്‍ പോലും ഇവര്‍  ധൈര്യപ്പെടില്ല.  
നമ്മുടെ സാമൂഹ്യ വ്യവസ്ഥയുടെ ദയനീയ ഇരകളായ ഈ പെണ്‍കുട്ടികള്‍ പക്ഷെ കുറേകൂടി മെച്ചപ്പെട്ട ജീവിതം അര്‍ഹിക്കുന്നു. ഒരു തെറ്റും ചെയ്യാത്ത കുട്ടികളുടെ സമാധാനപൂര്‍ണമായ ജീവിതം നമ്മുടെ ബാധ്യതയാണ്‌. അതിക്രമത്തിന്റെ ഇര ആയി എന്നത് കൊണ്ട് അഭിമാനകരമായ ജീവിതം ഇവര്‍ക്ക് നിഷേധിച്ചു  കൂട. മനോഹരമായ ഒരു അഭയകേന്ദ്രം ഇവര്‍ക്ക് നല്കുവാന്‍ എന്താണ് തടസ്സം എന്ന് മനസ്സിലാകുന്നില്ല. പൂന്തോട്ടവും കൃഷി തോട്ടവും ഊഞ്ഞാലും കളിസ്ഥലങ്ങളും ഉള്ള, കാറ്റും വെളിച്ചവും കയറുന്ന ഒരു കെട്ടിടം എന്തുകൊണ്ട് സര്‍ക്കാര്‍ ഇവര്‍ക്കായി കണ്ടെത്തുന്നില്ല? ടി വിയും റേഡിയോയും പത്രങ്ങളും ഇവര്‍ക്ക് നല്‍കാന്‍ എത്ര നിസ്സാരമായ തുക മതിയാകും! വായിക്കുവാന്‍ കഥാ പുസ്തകങ്ങളും കളിക്കാന്‍ പന്തും കൊടുക്കുന്നത് ആഡംബരമാണോ?

ആവശ്യത്തിനു സാനിട്ടറി നാപ്കിന്‍ പോലും ഇല്ലാതെ ഈ പെണ്‍കുട്ടികള്‍ അഭയകേന്ദ്രങ്ങളില്‍ കഴിയേണ്ടി വരുന്നത് ഒരു പുരോഗമന സമൂഹത്തിനു യോജിച്ചതല്ല. പെണ്‍കുട്ടി സൌഹൃദമായ നിര്‍ഭയകേന്ദ്രം എന്നാണ് ഇനി കേരളത്തില്‍ കാണാല്‍ കഴിയുക? 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും