സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

എനിക്ക് യേശു

സുജ സൂസന്‍ ജോര്‍ജ്ജ്

മൈക്കിള്‍ ആഞ്ചലോയുടെ 'പിയാത്ത '(1498-1499).നവോത്ഥാനശില്പങ്ങളില്‍  പ്രശസ്തം .174 cm × 195 cm മാര്‍ബിളില്‍ തീര്‍ത്ത ഈ ശില്പം ഇപ്പോള്‍ വത്തിക്കാനില്‍ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയില്‍ ആണ് ഉള്ളത്.സാമ്പ്രദായികമായ അളവനുപാതങ്ങളെയെല്ലാം ഈ ചിത്രം ലംഘിച്ചിരിക്കുന്നു. 33 വയസ്സുള്ള മകന്റെ അമ്മയായ മേരിയെ വളരെ ചെറുപ്പക്കാരിയായി ചിത്രീകരിച്ചിരിക്കുന്നതിലെ വൈരുദ്ധ്യവും   ചൂണ്ടിക്കാണിക്കപ്പെടുന്നു.  

എനിക്ക്  യേശു --
എനിക്ക് ഇളയവന്‍ പിറക്കുന്നതോടെ, ഒരാണ്‍ കുട്ടിയായാണ് യേശുവും എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. അത് വരെ പൂമുഖത്തെ ചിത്രത്തിലെ ഒരു നല്ല കുഞ്ഞ് മാത്രമായിരുന്നു അവന്‍. എപ്പോഴും അപ്പച്ചന്‍ (അമ്മയുടെ അപ്പന്‍) യേശുക്കുഞ്ഞിനെ പോലെ ആകണമെന്ന് പറയും. യേശു കുഞ്ഞിനെ പോലെ ആകാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാനും  ഇതിനോടകം അറിഞ്ഞു വെച്ചിരുന്നു. അങ്ങനെ എല്ലാം സന്തോഷകരമായി പോകുമ്പോഴാണ് എല്ലാം അട്ടിമറിക്കപ്പെടുന്നത്. എന്റെ അനിയന്‍ യേശുവിനെ പോലെയാണെന്ന നഗ്നസത്യം എന്നെ സങ്കടപ്പെടുത്തി. പെണ്ണെന്ന 'ഇന്‍ഫീരിയോരിറ്റി' ആദ്യമായി അനുഭവപ്പെടുന്നത് അന്നാണ്. അന്ന് തുറന്ന നോവിന്റെ   വാതില്‍ എന്നും ഒരാളലായി നീറി നിന്നു. ഒരിക്കലും മോചനമുണ്ടായില്ല. അങ്ങനെ എന്റെ പെണ്ണത്തത്തെ അധിക്ഷേപിച്ചു കൊണ്ടാണ് യേശു എന്റെ ജീവിതത്തില്‍ ആദ്യത്തെ മുറിവായത്. പിന്നെയും പിന്നെയും അവനെന്നെ നോവിച്ചു കൊണ്ടിരുന്നു. 

മണര്‍കാട് ,സെന്റ്‌ മേരീസ് പള്ളി എന്റെ അമ്മയുടെ ഇടവകപള്ളി. അവിടെ കുഞ്ഞുങ്ങളെ 'അടിമ വെയ്ക്കുക' എന്ന വഴിപാടുണ്ട്. അന്നാണ് വീണ്ടുമെന്റെ നെഞ്ചിലേക്ക് ആണിയടിച്ചത്. എന്നെയും അനിയനെയും ഒരുമിച്ചാണ് വഴിപാടിന് കൊണ്ടു പോയത്. ഞാനാണ് ചേച്ചിയെങ്കിലും പള്ളീലച്ഛന്‍ ആദ്യം അവനെയാണ്  പ്രാര്‍ഥനയ്ക്കായി  ആദ്യം എടുത്തത്. പ്രാര്‍ത്ഥനയുടെ അവസാനം അച്ചന്‍ അവനെ മദ്ബഹയുടെ(കുര്‍ബ്ബാന നടക്കുന്ന സ്ഥലം)ഉള്ളിലേക്ക് കൊണ്ടു പോവുകയും അവിടെയൊക്കെ അവനെ മുത്തിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. എന്നെ എല്ലാം പെട്ടെന്നായിരുന്നു. മദ്ബഹായുടെ ഉള്ളിലേക്ക് കൊണ്ടു പോയതുമില്ല. ഞാന്‍ വലിയ വായിലെ നിലോളിച്ചു കൊണ്ടിരുന്നു. പള്ളീല്‍ കിടന്ന് ബഹളം കൂട്ടാതെടീന്നു പറഞ്ഞ് അമ്മ എന്റെ തുടയിലൊരു ഞെരടും തന്നു. എന്റെ സങ്കടം അധികരിച്ചു. അവനപ്പോഴും അമ്മയുടെ തോളില്‍ ബിസ്ക്കറ്റ് നുണഞ്ഞ് ചിരിച്ചു കൊണ്ട് കിടന്നു. എന്നെ എന്താ മദ്ബഹായ്ക്കകത്തേക്ക് കൊണ്ടു പോകാത്തെന്ന് ഞാന്‍ അപ്പച്ചനോട് ചോദിച്ചു. അവര്‍ യേശുക്കുഞ്ഞിനെ പോലെയായതു കൊണ്ടാണു അവനെ മദ്ബഹായില്‍ കൊണ്ടു പോയതെന്ന അറിവിന്റെ ചൂട് ഇന്നും എന്റെ ഉള്ളിലെ പുകച്ചിലാണ്.
 
പിന്നെ വേദപാഠങ്ങള്‍ ജയിക്കുമ്പോഴും ഞാന്‍ അവന്റെ ക്രിട്ടിക്കായിരുന്നു. അവന് അവന്റെ അമ്മ മറിയത്തിനോട് വേണ്ടത്ര  ബഹുമാനം ഉണ്ടോയെന്നു ഞാന്‍ സംശയിച്ചു. കാനായിലെ കല്യാണത്തിനു സ്ത്രീയെ എനിക്കും നിനക്കും തമ്മിലെന്തെന്ന അവന്റെ ചോദ്യം ഒട്ടും ശരിയായില്ലെന്ന എന്റെ സംശയം, അത് വിവര്‍ത്തനത്തിന്റെ കുഴപ്പമെന്ന് പറഞ്ഞ് വേദാധ്യാപകന്‍ മടക്കി.

പിന്നീടെപ്പോഴോ  എന്റെ ബാല്യ കൗമാരങ്ങളെ തപിപ്പിച്ച പള്ളികളും അതിലെ യേശുവും അകമഴിഞ്ഞ് ഇറങ്ങി പോയ ഒരു കാലവും എന്നിലുണ്ടായി .വിചിത്രമെന്നു പറയട്ടെ അപ്പോള്‍ മുതല്‍ അവന്‍ എന്നില്‍ കുടിയിരിക്കാന്‍ തുടങ്ങി. പെണ്ണുങ്ങളെയും ജാതിയില്‍ കുറഞ്ഞവരെയും കൂടെ കൂട്ടിയവനായി, ദേവാലയത്തിലെ കച്ചവടക്കാരെ ചാട്ടവാറെടുത്ത് എടുത്ത് അടിച്ചോടിക്കാന്‍ പ്രപ്തിയുള്ളവനായി, ഭരണകൂടത്തെ ചോദ്യം ചെയ്യുന്ന ചങ്കൂറ്റമുള്ളവനായി, ഈ പാനപാത്രം കഴിയുമെങ്കില്‍ എന്നില്‍ നിന്ന് ഒഴിവാക്കണമെന്ന് നൊന്തു പ്രാര്‍ത്ഥിക്കുന്ന സാധാരണ മനുഷ്യനായി, എല്ലാരാലും ഉപേക്ഷിക്കപ്പെടുന്ന നിസ്സഹായനായി, കുരിശില്‍ വേദനകൊണ്ടു പുളയുന്നവനായി അവന്‍ എന്നില്‍ വീണ്ടും വീണ്ടും ജനിച്ചു കൊണ്ടിരുന്നു.

 സ്നേഹം ഒരു പ്രത്യയശാസ്ത്രമാക്കുകയും ആ സ്നേഹത്തെ ജാതി മതില്‍ക്കെട്ടില്‍ നിന്നും സാമ്പത്തിക അസമത്വങ്ങളില്‍ നിന്നും ആണ്‍-പെണ്‍ ഭേദങ്ങളില്‍ നിന്നുംമോചിപ്പിച്ചെടുക്കാന്‍ ജീവിതാന്ത്യം വരെയും ശ്രമിച്ചു പരാജയപ്പെട്ടു പോയവനെ വിജയിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ കൂടിയാണല്ലോ നവോത്ഥാനങ്ങള്‍  എന്ന ഓര്‍മ്മ ആ ക്രൂശുമരണത്തോട് കടപ്പെട്ടിരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും