സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

മോണിക്ക ലെവിന്‍സ്കി: സൈബര്‍ പീഡനത്തിന്റെ ആദ്യത്തെ ഇര

സുനീതാ ബാലകൃഷ്ണന്‍

സോഷ്യല്‍ മീഡിയ അരങ്ങു വാഴുന്ന ഇക്കാലത്ത് അപവാദത്തില്‍ പെടുന്ന ഒരു പെണ്ണിന്റെ സൈബര്‍-അവസ്ഥ എത്ര ദുഷ്കരമെന്നു പറയേണ്ട കാര്യമില്ല. എന്നാല്‍ വാര്‍ത്തകള്‍ കൊണ്ട്  സോഷ്യല്‍ മീഡിയ അമ്മാനമാടുന്നതിനും മുന്‍പൊരു കാലത്തെ പീഡനപര്‍വ്വത്തെക്കുറിച്ചാണു ഇപ്പോള്‍ പറഞ്ഞു വരുന്നത്. 

ഈ സംഭവം നടക്കുന്നതു 1998 ലാണ്. അങ്ങ് അമേരിക്കയില്‍ അവരുടെ പ്രസിഡന്റുമായി ‘ഒരേര്‍പ്പാടിനു’ പോയതിനു തെറിച്ച പെണ്ണായി മുദ്ര കുത്തപ്പെട്ടപ്പോള്‍ അന്നു മോണിക്ക ലെവിന്‍സ്കി നേടിയ കുപ്രസിദ്ധിയുടെ അലകള്‍ ഇങ്ങു കേരളത്തില്‍ വരെയെത്തിയിരുന്നു. ഒരു വല്ലാത്ത ചിരിയോടെയല്ലാതെ അവരുടെ പേരു പറയാറില്ലല്ലോ ഇപ്പോഴും ഇവിടെയാരും. 

ഈ അപവാദത്തോടെ അന്ന് 22 വയസ്സുണ്ടായിരുന്ന മോണിക്കയുടെ സ്വകാര്യത എതാണ്ടു പൂര്‍ണ്ണമായും നഷ്ടമായി. 1998ല്‍ സാമാന്യം ശക്തമായിക്കഴിഞ്ഞിരുന്ന  നവമാദ്ധ്യമങ്ങളിലാണു അപവാദവാര്‍ത്ത പൊട്ടി വീണത്.  ഡിജിറ്റല്‍ വിപ്ലവം ഈ വാര്‍ത്ത നിമിഷങ്ങള്‍ കൊണ്ട് ലോകമെമ്പാടുമെത്തിച്ചു. ഒരൊറ്റ രാത്രി കൊണ്ട് ഒരു സ്വകാര്യ വ്യക്തിയില്‍ നിന്നും അവര്‍ വേട്ടയാടപ്പെടുന്ന ഒരു സ്ത്രീയായി മാറി. എല്ലാ മാദ്ധ്യമങ്ങളും മോണിക്കയുടെ പിന്നാലെ കഥ മെനഞ്ഞു പാഞ്ഞു നടന്നപ്പോള്‍, ആത്മഹത്യയുടെ വക്കില്‍, തന്റെ അമ്മയുടെ സംരക്ഷണയില്‍, ഒളിച്ച് കഴിയുകയായിരുന്നു അവര്‍. ഒരു തരത്തില്‍ നോക്കിയാല്‍ സൈബര്‍ പീഡനത്തിന്റെ ആദ്യ കാല ഇരകളില്‍ ഒന്നായിരുന്നു മോണിക്ക എന്നു പറയാം. പത്രവും, റ്റി വിയും റേഡിയോയും മാത്രം ഉള്ള പഴയ ലോകത്തിനു ഒരു വാര്‍ത്തയ്ക്കും ഇത്ര പെട്ടെന്നു ഇത്രയും പ്രചാരം കൊടുക്കാന്‍ സാധിക്കില്ല എന്നു തീര്‍ച്ച.

ആകെ മുങ്ങിയാല്‍ എന്തു കുളിര് എന്നു കരുതിയാണോ ആവോ, 1999ല്‍ മോണിക്ക ജീവചരിത്രം എഴുതി അതിനു അഞ്ചു ലക്ഷം ഡോളര്‍ പ്രതിഫലം കൈപ്പറ്റുകയും, ഈ പുസ്തകത്തിന്റെ എതാനും പേജുകള്‍ ടൈം മാസികയുടെ കവര്‍ സ്റ്റോറി ആവുകയും, പത്തു ലക്ഷം ഡോളര്‍ പ്രതിഫലം വാങ്ങി അവര്‍ പങ്കെടുത്ത ടെലിവിഷന്‍ ഷോ എഴുപതു ലക്ഷം അമേരിക്കക്കാര്‍ കണ്ട് സകലകാല റിക്കോര്‍ഡ് ആവുകയും ഒക്കെ ചെയ്തു. ഇതു പറയുമ്പോള്‍ ‘ഒളിഞ്ഞു നോട്ട’ത്തിന്റെ അമേരിക്കന്‍ ആഘോഷം നമുക്കു പിടി കിട്ടും. 

അക്കാലത്തു മോണിക്കയ്ക്കു  ഒരുപാടു ജോലി വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നുവത്രെ. ഒക്കെ ഈ ‘പ്രസിദ്ധി’ മുതലെടുത്തുകൊണ്ടുള്ളവ. ഒന്നും മോണിക്ക സ്വീകരിച്ചില്ല. ചില്ലറ മോഡലിങ്ങ് പരിപാടികളും, ടെലിവിഷന്‍ ഷോയും സ്വന്തം ബ്രാന്‍ഡ് ഹാന്‍ഡ്ബാഗ് നിര്‍മാണവും ഒക്കെയായി 2005 വരെ കഴിഞ്ഞു കൂടിയ അവര്‍ കുപ്രസിദ്ധി തന്നെ വിട്ടൊഴിയുകയില്ല എന്നു മനസ്സിലാക്കിയപ്പോള്‍ എല്ലാം മതിയാക്കി അമേരിക്ക വിട്ടു. തുടര്‍ന്നു ലണ്ടന്‍ സ്കൂള്‍ ഒഫ് എക്കണോമിക്സില്‍ നിന്നും സോഷ്യല്‍ സൈക്കോളജിയില്‍  മാസ്റ്റര്‍ ഒഫ് സയന്‍സ് ബിരുദം നേടി. "In Search of the Impartial Juror: An Exploration of the Third-Person Effect and Pre-Trial Publicity." എന്ന വിഷയത്തിലായിരുന്നു അവരുടെ തീസിസ്. 

എന്നിട്ടും ഒരു പതിറ്റാണ്ടോളം അവര്‍ പിന്നെയും പൊതുവേദികള്‍ പൂര്‍ണ്ണമായി ഒഴിവാക്കി. പക്ഷെ പഴയ ‘സല്‍’പ്പേരു പിന്തുടര്‍ന്നതു കാരണം മനസ്സിനിഷ്ടപ്പെട്ട നല്ല ഒരു ജോലിയോ, സ്ഥിരതയുള്ള ഒരു ബന്ധമോ വിവാഹമോ അവര്‍ക്കുണ്ടായില്ല. 

എന്നാല്‍ ഒരു തിരിച്ചു വരവിന്റെ ആദ്യ പടിയായി 2014 മേയ് മാസത്തില്‍ വാനിറ്റി ഫെയര്‍ എന്ന മാസികയില്‍  "Shame and Survival" എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ മോണിക്ക ഇങ്ങനെ പറഞ്ഞു. “I, myself, deeply regret what happened between me and President Clinton. Let me say it again: I. Myself. Deeply. Regret. What. Happened.” ബില്‍ ക്ലിന്റണും അവരും തമ്മില്‍ നടന്നതെല്ലാം പരസ്പര സമ്മതത്തോടെ രണ്ടു മുതിര്‍ന്ന വ്യക്തികള്‍ തമ്മില്‍ നടന്നതു മാത്രമാണ്, എന്നാല്‍ ലോകം നിര്‍ത്താതെ അവമാനിച്ചതു മോണിക്കയെത്തന്നെ. മോണിക്കയുടെ മൌനത്തിനു പിന്നില്‍ ക്ലിന്റണ്‍ കുടുംബം കൊടുത്ത പണമാണ് എന്നു പോലും പലരും പറഞ്ഞുണ്ടാക്കി.

കൌതുകമെന്നു പറയട്ടെ, മൌനം മതിയാക്കാന്‍ മോണിക്കയെടുത്ത തീരുമാനത്തിനു പിന്നില്‍ ഒരു ഇന്ത്യക്കാരനായിരുന്നു. ധരുണ്‍ രവി. 

ഇയ്യാളുടെ കയ്യിലിരുപ്പു കാരണം 2010ല്‍ റ്റൈലര്‍ ക്ലെമെന്റി എന്ന ഒരു പതിനെട്ടുകാരന്‍ ന്യൂ ജഴ്സിയിലെ ജോര്‍ജ് വാഷിങ്ങ്ടണ്‍ പാലത്തിനു മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു. ഈ കേസില്‍ അമേരിക്കന്‍ കോടതി ധരുണിനെ ശിക്ഷിച്ചിരുന്നു. റ്റൈലറുടെ അതേ പ്രായക്കാരനായ ധരുണ്‍ ചെയ്ത തെറ്റ് ഇതാണ്: തന്റെ സഹമുറിയനായ റ്റൈലരുടെ സ്വവര്‍ഗാനുരാഗകേളികള്‍ മുറിയിലെ വെബ് കാമിലൂടെ  ലോകത്തിനു കാണിച്ചു കൊടുത്തു. ഇതിന്റെ അവമാനഭാരം താങ്ങാനാവതെയാണു റ്റൈലര്‍ ജീവനുപേക്ഷിച്ചത്. 

റ്റൈലര്‍ കേസ് 2010 കാലത്തു മാദ്ധ്യമങ്ങളില്‍ കൊടുമ്പിരിക്കൊണ്ടപ്പോള്‍, മോണിക്കയും അമ്മയും മനസ്സുകൊണ്ട് 1998 ലേക്കു തിരിച്ചു പോയി. മകളെ കണ്മുന്നില്‍ നിന്നും മറയാന്‍ അനുവദിക്കാതെ, അപവാദഭാരത്താല്‍ അവള്‍ സ്വന്തം ജീവനെടുക്കുമോ എന്നു ഭയന്ന ആ ദിവസങ്ങളും അന്നത്തെ കണ്ണീരും അസ്വസ്ഥതയും നിസ്സഹായാവസ്ഥയും ഒക്കെ മോണിക്കയുടെ അമ്മ വീണ്ടും ഓര്‍മ്മിച്ചു.  മകളെക്കുറിച്ചു അവര്‍ പിന്നെയും പരിഭ്രാന്തയാവാന്‍ തുടങ്ങി. അന്നാണു മോണിക്കയ്ക്കു തന്റെ അതുവരെയുള്ള കയ്പ്പേറിയ ജീവിതാനുഭവങ്ങള്‍ക്കു പുതിയ ഒരര്‍ത്ഥം  കണ്ടെത്തിയത്. 

‘എന്റെ കഥ ലോകത്തിനോടു പറയുന്നതു വഴി ഇത്തരം അവമാനം സഹിക്കുന്നവരെ എനിക്കു ഒരു പക്ഷേ സഹായിക്കാന്‍ കഴിഞ്ഞേക്കും. ഒരു പക്ഷെ ഇന്റെര്‍നെറ്റ് കാരണം ലോകത്തിനു മുന്നില്‍ ഇങ്ങനെ അവമാനം ഏറ്റുവാങ്ങുന്ന ആദ്യ വ്യക്തിയാവാം ഞാന്‍‘,  മോണിക്ക എഴുതി.  അങ്ങനെ ഓണ്‍ലൈന്‍ പീഡനങ്ങള്‍ സഹിക്കേണ്ടി വരുന്നവര്‍ക്കു വേണ്ടി സംസാരിക്കാനും പ്രവര്‍ത്തിക്കാനും പൊതുവേദികളിലേക്കു മോണിക്ക വീണ്ടും എത്തി. 

2014 ജൂലൈ മാസത്തില്‍ നാഷണല്‍ ജ്യോഗ്രാഫിക് ചാനലില്‍ മൂന്നു ഭാഗങ്ങളായി സംപ്രേഷണം ചെയ്ത 1990കളെക്കുറിച്ചുള്ള The 90s: The Last Great Decade എന്ന ടെലിവിഷന്‍ പരിപാടിയില്‍ മോണിക്ക പങ്കെടുത്തു, പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യത്തെ പൊതുപരിപാടി.

തുടര്‍ന്നു 2014 ഒക്ടോബറില്‍ cyber bullying അഥവാ
‘സൈബര്‍ തെമ്മാടിത്തര’ത്തിനെതിരെ അവര്‍ പരസ്യമായ നിലപാടു സ്വീകരിച്ചു. ‘ഓണ്‍ലൈന്‍ പീഡനത്തിന്റെ "patient zero" ആണു താന്‍ എന്നായിരുന്നു മോണിക്ക പ്രഖ്യാപിച്ചത്. 

ആയിടെ ഫോര്‍ബ്സ് മാസികയുടെ "30 Under 30" സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട് അവര്‍ അപകീര്‍ത്തിയുടെ മുള്‍ക്കിരീടം ചൂടിയ ശേഷമുള്ള ജീവിതാനുഭവങ്ങളെ കുറിച്ച് തുറന്നു സംസാരിച്ചു. മാര്‍ച്ച് 2015ലെ TED പ്രഭാഷണ പരമ്പരയില്‍ അവര്‍ സംസാരിച്ചതും ഇതേ വിഷയം തന്നെ. ഇതില്‍ (24 വയസ്സു മൂപ്പുള്ള കൂട്ടുകാരിയായ, ഒപ്പം വൈറ്റ് ഹൌസില്‍ ജോലി ചെയ്ത) ലിന്‍ഡ ട്രിപ്പിനോടു മോണിക്ക തികച്ചും സ്വകാര്യമായി  പ്രസിഡന്റുമായുള്ള പ്രേമസല്ലാപങ്ങളെ കുറിച്ചു പറഞ്ഞതും,  അവര്‍ മോണിക്കയുടെ അനുവാദമില്ലാതെ ഇതെല്ലാം (ഏതാണ്ടു 20 മണിക്കൂര്‍ വരും) രഹസ്യമായി റ്റേപ്പു ചെയ്തതും, അധികാരികള്‍ക്ക് കൈമാറിയതും, പിന്നീടു അതു ലോകം മുഴുവന്‍ കേള്‍ക്കാന്‍ ഇട വന്നപ്പോള്‍ അനുഭവിച്ച മാനസികഭ്രമവും വരെ ഒരുപാടു കാര്യങ്ങള്‍ വിശദീകരിക്കുമ്പോഴും മോണിക്ക എടുത്തു പറഞ്ഞതു ഇതാണ് : അക്കാലത്തു ഇതൊക്കെ അപൂര്‍വമായിരുന്നു. എന്നാല്‍ ഈ ഡിജിറ്റല്‍ യുഗത്തില്‍ ഇതു സര്‍വസാധാരണമായിരിക്കുന്നു. സൈബര്‍ പീഡനങ്ങള്‍ അനുഭവിക്കുന്നവരുടെ എണ്ണം ഇന്നു വളരെ കൂടുതലാണ്. 

മോണിക്ക പറഞ്ഞതു വളരെ ശരിയാണ്. ക്രൂരതയുടെ പുതിയ സൈബര്‍ മാനങ്ങള്‍ കണ്ടെത്തുന്നതില്‍ ഇന്നു നമ്മള്‍ വളരെ മുന്‍പോട്ടു പോയിരിക്കുന്നു എന്നതില്‍ സംശയമില്ല. പണ്ട് നാണക്കേടിന്റെ അതിരുകള്‍ അവരവര്‍ ജീവിക്കുന്ന സമൂഹത്തിലോ രാജ്യത്തിലോ ഒതുങ്ങിയിരുന്നെങ്കില്‍, ഇന്ന് അതിനു അതിരുകളില്ല. എപ്പോഴും എല്ലാവര്‍ക്കും കാണുന്ന വിധം അവമാനത്തിന്റെ ദൃശ്യങ്ങളും ശബ്ദങ്ങളും വാക്കുകളും സൈബര്‍ ലോകത്തു സൂക്ഷിക്കാനും അവ ഉപയോഗിച്ച് ആരെയും ഏതറ്റം വരെയും മുറിവേല്‍പ്പിക്കാനും ഇന്നു വളരെ എളുപ്പമാണ്, ഒരുപാടു ആളുകള്‍ അങ്ങനെ ചെയ്യുന്നുമുണ്ട്.  പലപ്പോഴും തികച്ചും അപരിചിതരായ ആളുകളാണു ഏറ്റവും ഹീനമായ രീതിയില്‍ സംസാരിക്കുകയും സഭ്യമല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യാറുള്ളതു എന്നു സോഷ്യല്‍ മീഡിയ ധാരാളമായി ഉപയോഗിക്കുന്നവര്‍ക്കു മനസ്സിലാകും. ഇതൊന്നും താങ്ങാന്‍ ആവാതെ ചിലരെങ്കിലും സ്വന്തം ജീവിതം അവസാനിപ്പിക്കും. അപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവര്‍ എന്തിനിതു ചെയ്തു എന്നു പോലും അറിയാതെ പോകുന്നു അവരുടെ കുടുംബവും ചങ്ങാതിമാരും. ചിലര്‍ക്കെങ്കിലും വിവരം എന്തെന്നു മനസ്സിലായാലും എന്തു ചെയ്യണം എങ്ങനെ സഹായിക്കണം എന്നറിയാതെ പകച്ചു നില്‍ക്കാനേ കഴിയാറുള്ളൂ. 

സൈബര്‍ ലോകം മാത്രമല്ല ഇതില്‍ അപരാധികള്‍ എന്നു മോണിക്ക തന്റെ TED talkല്‍ തുടര്‍ന്നു പറയുന്നു. മഞ്ഞപ്പത്രം എന്ന പാപ്പ്രാസി, പരദൂഷണവും അപവാദപ്രചരണവും കൊണ്ട് ട്രാഫിക് കൂട്ടുന്ന വെബ് സൈറ്റുകള്‍, ചില തരം റിയാലിറ്റി ഷോകള്‍, ഇങ്ങനെ പോകുന്നു നമ്മുടെ സംസ്കാരത്തിന്റെ മണ്ണില്‍ നമ്മള്‍ തന്നെ വിതയ്ക്കുന്ന കളങ്കത്തിന്റെ വിത്തുകള്‍. നിന്ദ കൊണ്ട് കീശ വീര്‍പ്പിക്കുന്ന സമ്പ്രദായങ്ങള്‍ തന്നെയാണു മേല്‍പ്പറഞ്ഞവ എല്ലാം. ഒക്കെക്കൂടി ചേര്‍ന്ന് Professor Nicolaus Mills പറയുന്നതു പോലെ മാനഹാനിയുടെ ഒരു സംസ്കാരം ( a culture of humiliation) തീര്‍ക്കുകയാണു ഇന്നു നമ്മള്‍. 

പിന്നെ ഈ culture of humiliation ല്‍ നമ്മള്‍ കൊടുക്കുന്ന മറ്റൊരു വിലയുണ്ട്. ഇവിടെ ചിലര്‍ മറ്റുള്ളവന്റെ അവമാനം വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ് വിറ്റ് ലാഭം കൊയ്യുന്നു.   മാനഹാനി ഒരു വ്യവസായമാവുകയാണ് ഇവിടെ. കളങ്കം ഒരു വില്പനച്ചരക്കും. ഒരു ക്ലിക്ക് മാത്രം മതി, ആരുടെയോ കീശയില്‍ കാശെത്തുന്നു, ആരുടെയൊ അവമാനം വീണ്ടും വിറ്റു പോകുന്നു. 

മോണിക്ക പിന്നെ ഇതിന്റെ മറുമരുന്നായി ചൂണ്ടിക്കാണിക്കുന്നതു നമ്മളില്‍ത്തന്നെയുള്ള രണ്ടു വികാരങ്ങളിലാണ്. നമ്മുടെ കരുണയും സഹാനുഭൂതിയും. അവ അടിയന്തിരമായി വീണ്ടെടുക്കുക, പ്രത്യേകിച്ചും നമ്മുടെ ഓണ്‍ലൈന്‍ വ്യവഹാരങ്ങളില്‍, നമ്മളോടു തന്നെ ഇതാദ്യം കാണിക്കുക ഒപ്പം മറ്റുള്ളവരോടും എന്നു പറഞ്ഞ് മോണിക്ക സംഭാഷണം അവസാനിപ്പിക്കുന്നു. ഈ TED talk ഇന്റെര്‍നെറ്റില്‍ നിങ്ങള്‍ക്കു ഇപ്പോഴും കാണാവുന്നതാണ്.

ഇത്രയും പറഞ്ഞതിലെ വിശേഷം ഇതൊന്നുമല്ല, ഇന്റെര്‍നെറ്റില്‍ ഇതു പോസ്റ്റ് ചെയ്തു കഴിഞ്ഞ് ഈ സംഭാഷണത്തിനു താഴെ വന്ന കമന്റുകളാണ്. 20 മിനിറ്റ് വരുന്ന ഈ സംഭാഷണം മുഴുവന്‍ കണ്ടിരിക്കാന്‍ യാതൊരു സാദ്ധ്യതയും ഇല്ല എന്നു ഉറപ്പുള്ള വിധം അത്ര പെട്ടെന്നാണ് മോണിക്കയെ വളരെ മോശപ്പെട്ട ഭാഷയില്‍ അഭിസംബോധന ചെയ്തു കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. പേടിപ്പെടുത്തുന്ന, അറപ്പു തോന്നുന്ന ഭാഷയിലുള്ള, നൂറുകണക്കിനു കമന്റുകള്‍. TED talks എഡിറ്റ് ചെയ്യുന്ന പരിചയസമ്പന്നയായ സോഷ്യല്‍ മീഡിയ എഡിറ്റര്‍ നാദിയ ഗുഡ്മാന്‍ ഇതു കണ്ട് പകച്ചു പോയി. മോണിക്കയുടെ സംഭാഷണ വിഷയം തന്നെ cyber bullying ആയിരിക്കെ, സൈബര്‍ തെമ്മാടിത്തത്തിനു ഒരു കൂട്ടം ആളുകള്‍ക്കു അവസരം കൊടുക്കുന്നതിന്റെ ശരിയില്ലായ്മ, അതും ഇത്രയും ആളുകള്‍ വന്നുപോകുന്ന ഒരിടം...നാദിയയും കമന്റുകള്‍ മോഡറേറ്റ് ചെയ്യുന്ന മറ്റു രണ്ട് പേരും കൂടി മോശപ്പെട്ട കമന്റുകള്‍ ഒഴിവാക്കാന്‍ തുടങ്ങി. 

അപ്പോഴും വന്നു എതിര്‍പ്പ്, എന്തുകൊണ്ട് നിങ്ങള്‍ മോണിക്കയ്ക്ക് എതിരെ ഉള്ള കമന്റുകള്‍ മാത്രം ഒഴിവാക്കുന്നു എന്നായി ചോദ്യം. അങ്ങനെ വാദവും പ്രതിവാദവുമായി കാര്യങ്ങള്‍ പുരോഗമിക്കെ പെട്ടെന്നു നാദിയ ഒരു കാര്യം ശ്രദ്ധിച്ചു, കമന്റുകളുടെ സ്വഭാവം മാറിത്തുടങ്ങുന്നു. മോണിക്ക അനുഭവിച്ച വേദനയെക്കുറിച്ചും അവരുടെ ധൈര്യത്തെ കുറിച്ചും, അവര്‍ക്കു നല്‍കേണ്ടുന്ന അവസരങ്ങളെ കുറിച്ചും പറയുന്ന കമന്റുകള്‍ ആണു അതിനു ശേഷം വന്നു കൊണ്ടിരുന്നത്, അത്തരം കമന്റുകളുടെ എണ്ണം കൂടിക്കൂടി ഒടുവില്‍ വിഷലിപ്തമായ കമന്റുകള്‍ തീരെ ഇല്ലാതെയായി. ഹീനമായ ഭാഷയും, ചിന്തകളും ഇവിടെ സ്വീകാര്യമല്ല എന്നു കുറച്ചു പേര്‍ പറയാന്‍ തുടങ്ങിയപ്പോഴേക്കും പ്രശ്നക്കാര്‍ അരങ്ങു വിട്ടു തുടങ്ങി. 

ഒരു പക്ഷേ ഇതു തന്നെയല്ലേ നമ്മള്‍ ഇന്നത്തെ പ്രശ്നസങ്കീര്‍ണ്ണമായ ലോകത്തും ചെയ്യേണ്ടതു? പരിഹാരങ്ങള്‍ പറഞ്ഞ് തരുന്ന ശബ്ദങ്ങള്‍ക്കു ചെവി കൊടുക്കുക എന്നത്?




പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും