സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഒരുപിടി ചോറ് കിട്ടാതെ പെൺകുഞ്ഞുങ്ങൾ മരിക്കുന്ന ആർഷഭാരതം !

ആര്‍. പാര്‍വതി ദേവി


പട്ടിണി കിടന്നു മരിച്ച  സന്തോഷികുമാരി എന്ന പതിനൊന്നുവയസ്സുള്ള പെൺകുട്ടിയിൽ നിന്നും ജീവൻ പോകുമ്പോഴും അവൾ കേണു കൊണ്ടിരുന്നത് ഒരു പിടി ചോറിനു വേണ്ടിയായിരുന്നു . ജാർഖണ്ഡിലെ ഏറെ പിന്നോക്കം നിൽക്കുന്ന കരിമതി ഗ്രാമത്തിലെ കോയിൽ കുമാരിയുടെ ഈ മൂത്തമകൾ ഭക്ഷണം കഴിച്ചിട്ട് എട്ടുദിവസമായിരുന്നു .ആധാർ നിയമത്തിന്റെ രക്തസാക്ഷിയായി ഈ കുട്ടിയെ ചരിത്രത്തിൽ രേഖപ്പെടുത്താം.ആധാറിനെ റേഷൻ കാർഡുമായി ചേർക്കാത്തതിനാൽ അരി വാങ്ങാൻ സന്തോഷിയുടെ അമ്മക്ക് കഴിയാതെ പോയി.
 നവരാത്രിയായാലും ദീപാവലി ആയാലും അമിതമായി ഭക്ഷണം ഉണ്ടാക്കുകയും അജീർണം വരുന്നത് വരെ കഴിച്ചു വീർക്കുകയും അവശേഷിക്കുന്ന ടൺ കണക്കിന് ആഹാരം കുഴിച്ചു മൂടുകയും ചെയ്യുന്ന രാജ്യം കൂടിയാണ് നമ്മുടേതെന്ന് ഓർക്കണം. ഇവിടെയാണ് ഒരു പിടി ചോറില്ലാതെ അമ്മയുടെ കണ്മുന്നിൽ ഒരു പെൺകുഞ്ഞു വിശന്നു മരിച്ചത്." ബേടി ബച്ചാവോ  " എന്ന മുദ്രാവാക്യം മുഴക്കുന്നവർ ഇത്തരം പെൺകുട്ടികളെ കാണുന്നില്ലേ? കരിമതി എന്നത് ഇന്ത്യയിലെ ആയിരക്കണക്കിന് ദരിദ്ര ഗ്രാമങ്ങളിൽ ഒന്ന് മാത്രമാണ്. രണ്ടു നേരത്തെ ആഹാരം ആഢംബരം ആകുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾ ഇന്ത്യയിൽ ഉണ്ടെന്നു ഓർക്കാൻ പോലും അധികാരികൾ ഒരുക്കമല്ല.കാരണം  നാലു പേർക്ക് താമസിക്കാൻ 26 നിലകളിൽ വീട് പണിയുന്നവനും ഇന്ത്യയിൽ ഉണ്ട്. അവർക്കു വേണ്ടിയാണല്ലോ  ഇന്ത്യയും വികസനവും. സന്തോഷിയും കുടുംബവും "തിളങ്ങുന്ന ഇന്ത്യയിലെ" കണ്ണിലെ കരട് മാത്രം.
 നവരാത്രി ആയതിനാൽ  സ്‌കൂളില്ലാത്തതാണ് ഒരു പിടി വറ്റുപോലും ലഭിക്കാത്ത  സ്ഥിതി ഉണ്ടായതെന്ന് ഗ്രാമീണർ പറയുന്നതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ദേശീയ തൊഴിലുറപ്പു പദ്ധതി മാസങ്ങളായി ജില്ലയിൽ മുടങ്ങിയിരിക്കുകയാണെന്നു ഭക്ഷ്യ സുരക്ഷാ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നു.സർക്കാർ ആനുകൂല്യങ്ങൾക്ക്  ആധാർ ബന്ധിപ്പിക്കേണ്ടെന്നു സർക്കാരും സുപ്രീം കോടതിയും പറയുമ്പോഴും പ്രയോഗ  തലത്തിൽ മറിച്ചാണ് അനുഭവം എന്ന് സന്തോഷിയുടെ ദുര്യോഗം വെളിപ്പെടുത്തുന്നു. ആധാർ ബന്ധിപ്പിച്ചവരിലും പലർക്കും റേഷൻ കിട്ടാത്ത സ്ഥിതിയും  ഉണ്ടത്രേ. കാരണം സാങ്കേതിക പ്രശ്നങ്ങൾ കാരണം റേഷൻ ഓഫീസിൽ വിവരം കൃത്യമായി എത്താറില്ല. ആഴ്ചയിൽ 80 രൂപ മാത്രം കിട്ടുന്ന പുല്ലുവെട്ടാണ് സന്തോഷിയുടെ അമ്മയുടെ ജോലി. സന്തോഷിയുടെ അച്ഛൻ മനോരോഗിയാണ് . അവിടുത്തെ മിക്കവാറും എല്ലാ സ്ത്രീകളുംപണി  ചെയ്യുന്നത് ഇതുപോലെ നിസ്സാര കൂലിക്കാണ്. അത് കൂടി ഇല്ലാതായാൽ  മരണം അല്ലാതെ മറ്റു മാർഗ്ഗമില്ലല്ലോ! 
ഒരു പക്ഷെ കേരളത്തിൽ ജീവിക്കുന്നവർക്ക് ചിന്തിക്കാൻ ആകാത്ത ദുരിതാവസ്ഥയാണ് വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്നത്. വംശീയവും വർഗ്ഗപരവും ജാതീയവും ലിംഗപരവും ആയ ക്രൂരമായ വിവേചനത്തിന്റെ ഇരകളാണ് സന്തോഷിയും 'അമ്മ കോയലും. ഇവരുടെ സ്വപ്നങ്ങളിൽ ലിംഗനീതിയും ജനാധിപത്യവും ഇല്ല; ഇവർ ആഗ്രഹിക്കുന്ന വിമോചനം പട്ടിണിയിൽ നിന്നുമാണ്, കത്തിക്കാളുന്ന വിശപ്പിൽ നിന്നാണ്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും