സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ലിംഗ-നീതി നടപ്പാക്കുന്നതിനെ പറ്റി

സുനീതാ ബാലകൃഷ്ണന്‍

‘ലിംഗ-നീതി’ ആയിരുന്നല്ലോ ഇന്നലെ മുതല്‍ ചര്‍ച്ചാവിഷയം.  

വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും, എന്നാല്‍ കുടുംബത്തില്‍ നിന്നും നിയമം വഴിയും  നീതിയും സംരക്ഷണവും  ലഭിക്കില്ല എന്നു ബോദ്ധ്യം വന്നിട്ടും ആവാം ഇന്നലെ നടന്നത് പോലെ ഒരു ‘നടപടി’ എടുക്കാന്‍  വെറും ഇരുപത്തിമൂന്ന് വയസ്സുള്ള ഒരു പെണ്‍കുട്ടി ഒരുങ്ങിയത്. അതില്‍ നിയമം ആരുടെയൊപ്പം നില്‍ക്കും എന്നു കേസ്  കോടതിയില്‍ എത്തുമ്പോഴേ അറിയാനാകൂ എന്നാണു മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കേസ് എടുക്കുന്ന വേളയില്‍ പോലീസ് ഈ സംഭവം എങ്ങനെ രേഖപ്പെടുത്തുന്നു എന്നത് വളരെ പ്രധാനമാണെന്ന് അടുത്തിടെ വിധിപ്രഖ്യാപനം വന്ന മറ്റു ചില ലൈംഗികാതിക്രമകേസുകള്‍  വ്യക്തമാക്കുന്നുണ്ട്. സംഭവം നിയമത്തിന്റെ താളുകളില്‍ രേഖപെടുത്തുമ്പോള്‍  അത് ശ്രദ്ധാപൂര്‍വമായിരിക്കണം താനും. ഏതായാലും കേസ് കോടതിയില്‍ എത്തും വരെ ഊഹാപോഹങ്ങളും ചര്‍ച്ചകളുമായി ഈ വിഷയം തുടരും. പൊതുജനത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു വിഷയം അതിന്റെ സ്ഥാനത്ത് എത്തിച്ചേരുന്നത് വരെ. 

എന്നാല്‍ ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട മറ്റൊന്നുണ്ട്. വെറും ഇരുപത്തിമൂന്ന് വയസ്സുള്ള ഒരു കുട്ടി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുടുംബാംഗമല്ലാത്ത ഒരു വ്യക്തി കാരണം അതികഠിനമായ മാനസികാസ്വാസ്ഥ്യം അനുഭവിച്ചു പോന്നു എന്നത്: ഒരു കുറ്റകൃത്യമായി വ്യാഖ്യാനിക്കപ്പെടുന്ന ഒരു പ്രവൃത്തി ചെയ്യാന്‍ അതിനെ പ്രേരിപ്പിച്ച തരത്തില്‍ ഗുരുതരമായ മാനസികാസ്വാസ്ഥ്യം നിയമം പഠിക്കുന്ന ആ പെണ്‍കുട്ടിക്ക് ഉണ്ടായി എന്നും  ഓര്‍ക്കുക. 

സ്വന്തം വീട്ടില്‍ പോലും തുറന്നു പറയാന്‍ പറ്റില്ല ഇങ്ങനത്തെ കാര്യങ്ങള്‍ എങ്കില്‍ പിന്നെ ഇനി എന്തിനാണ് നമ്മള്‍ കുടുംബം എന്ന സങ്കല്പത്തെ പ്രോത്സാഹിപ്പിച്ചു, അതിനെ സ്വര്‍ഗം എന്ന് വ്യാഖ്യാനിച്ചു പരിപോഷിച്ചു പോരുന്നത്? വിവാഹത്തിനു ഒരു പ്രായം ഉണ്ടെന്നു പറയുകയും, മാതൃപിതൃസങ്കല്‍പ്പങ്ങള്‍ വാഴ്ത്തിപ്പാടുകയും ചെയ്യുന്നത്? സംരക്ഷണം കിട്ടേണ്ട ഇടത്ത് ഉപേക്ഷയാണ് ലഭിക്കുന്നതെങ്കില്‍ ഒരു പെണ്‍കുട്ടി ഇങ്ങനെ പെരുമാറിയതില്‍ നിങ്ങള്ക്ക് തെറ്റ് തോന്നുന്നുണ്ടോ?

സ്വന്തം മകളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന ഒരു കാര്യം സംഭവിക്കുമ്പോഴും അതിനെ എതിര്‍ക്കാന്‍ തയ്യാറല്ലാതെ നിന്ന അമ്മയുടെ മനസ്സില്‍ എന്താണ്? അന്ധവിശ്വാസമോ? നിസ്സംഗതയോ? നിസ്സഹായതയോ? അതോ അമ്മയെന്ന സാമാന്യസങ്കല്‍പ്പത്തിനും അപ്പുറം  അവരെ ചിന്തിക്കാന്‍ പ്രേരിപ്പിച്ച മറ്റെന്തോ തോന്നലോ? നിങ്ങളുടെ പരിചയത്തില്‍ ഒരു പെണ്‍കുട്ടിക്കാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ നിങ്ങള്‍ എന്താണ് ചെയ്യുക? അവളെ സഹായിക്കുമോ? എങ്ങനെ സഹായിക്കും? ആലോചിക്കുമല്ലോ!  

ഹെല്പ് ലൈന്‍ നമ്പരുകള്‍ ഇവിടെ വിമന്‍  പോയിന്റില്‍ കൊടുത്തിട്ടുള്ളത് ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഇങ്ങനെ എന്തെങ്കിലും നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ അത് ഉപയോഗിക്കുമെന്നും. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും