സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഐറിന്‍റെ ലോകം(രണ്ടാം ലക്കം)

ഐറിന്‍ എല്‍സാ ജേക്കബ്

ശ്രീ പാർവ്വതിയുടെ, 'മീനുകൾ ചുംബിക്കുന്നു' എന്ന നോവലിന് പ്രകാശനാനുമതി നിഷേധിക്കപ്പെട്ടത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ലെസ്ബിയൻ കഥ പറയുന്ന നോവലിന് പ്രകാശനത്തിന് ഇടം നൽകുക എന്ന അധാർമ്മിക കൃത്യത്തിൽ നിന്ന് സെന്റ്.തെരേസാസ് കോളേജ് അവസാന നിമിഷം പിൻമാറിക്കളഞ്ഞു. പുതിയ വേദിയിൽ വച്ച് ഇന്ന് നോവലിന്റെ പ്രകാശനം കഴിയുകയും ചെയ്തു. പക്ഷേ, ഇത്തരമൊരു വേദി നിഷേധക്കലിനെ വളരെ സ്വാഭാവികമായി കരുതുന്ന ബഹുഭൂരിപക്ഷം ആളുകളുടെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ നിലപാട് തീർത്തും അപകടകരമാണ്.

ഇത്തരം ബോധ്യങ്ങളുണ്ടാക്കുന്നതിൽ കേരളത്തിലെ കലാലയാന്തരീക്ഷങ്ങൾക്ക് വലിയ പങ്കുണ്ട്. ഹെട്രോസെക്ഷ്വൽ അല്ലാത്തതൊക്കെ പ്രകൃതി വിരുദ്ധമെന്ന് അക്കമിട്ട് പഠിപ്പിക്കുന്ന സന്മാർഗ പാഠാവലികളുള്ള, അതിന് പരീക്ഷയിടുന്ന ആത്മീയ കലാലയങ്ങളുണ്ട് കേരളത്തിൽ. അത് പഠിച്ചു വളരുന്ന ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം ലൈംഗിക ബന്ധങ്ങളെ തരം തിരിക്കാനുള്ള ഏക മാനദണ്ഡം കുട്ടികളുണ്ടാവാനിടയുള്ളത്/ ഇല്ലാത്തത് എന്നു മാത്രമായിരിക്കും. അങ്ങനെ ഉടച്ചു വാർക്കപ്പെട്ട കുട്ടികളെങ്ങനെയാണ് LGBT യെ പിന്തുണയ്ക്കുക? അവനവന്റ ശരീരത്തോട് വരെ അങ്ങേയറ്റം പാപബോധം നിറഞ്ഞ് വളർത്തിയെടുക്കപ്പെട്ട തലമുറയെ സംബന്ധിച്ച് പ്രകൃതിവിരുദ്ധമൊക്കെ നരകശിക്ഷ കിട്ടുന്ന പാപങ്ങളാണ്. ഇതിനേക്കാളും അപകടകരമായ സംഗതി ഒരാൾ LGBT ഗണത്തിൽ പെടുന്നതിന്റെ വികലമായ കാരണം കണ്ടെത്തലാണ്. ലേഡീസ് ഹോസ്റ്റലുകളിലൊക്കെ ഇന്നും ഒരുമിച്ചിരിക്കുന്ന പെൺകുട്ടികളൊക്കെ ലെസ്ബിയൻസാണ്. ഹെട്രോസെക്ഷ്വൽ അല്ലാത്തൊരു കുട്ടി ഇത്തരം ക്ലാസ് മുറികളെ അതിജീവിക്കുന്നത് അങ്ങേയറ്റം സംഘർഷങ്ങളിലൂടെയാവും.

സന്മാർഗ പാഠാവലികളും മതവും പൊതുബോധവും കൂടിക്കുഴഞ്ഞ ഒരു 'പ്രകൃതിവിരുദ്ധ' മനോഭാവമായിരിക്കും ബിരുദാനന്തര ബിരുദ ക്ലാസിൽ പോലുമെത്തുന്ന ഭൂരിഭാഗം വിദ്യാർത്ഥികൾക്കും. അവിടെ വച്ചെങ്കിലും തിരുത്തപ്പെടുന്നില്ലെങ്കിൽ അപകടമാണ്. LGBTയെ അനുകൂലിക്കുന്ന ഒരുവളോട്, "നിനക്കൊരു പെണ്ണിനെ കെട്ടി കാണിച്ചു തരാമോ?" എന്ന് ചോദിക്കുന്ന ബുദ്ധിശാലി നാളെ അധ്യാപക വൃത്തി സ്വീകരിക്കുകയും ക്വീർ തിയറി പഠിപ്പിക്കുകയും ചെയ്യുന്നത് എന്ത് ദുരന്തമായിരിക്കും?

അത്തരമൊരു അപകടകരമായ പ്രതിസന്ധി നമ്മുടെ ക്ലാസ്മുറികൾ നേരിടുന്നുണ്ട്. തിരുത്തപ്പെടാതിരിക്കുക എന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച് സംസാരിച്ചു വരുന്നതിനിടെ; ആധികാരികമായ ഇരട്ടത്താപ്പോടെ, "ട്രാൻസ്ജെൻഡേഴ്സ് ആക്രമിക്കപ്പെടുന്നത് അവരുടെ ഇടം കൂടുന്നത് കൊണ്ടാണ്. അത്തരം അക്രമണങ്ങളൊക്കെ അവർ പ്രശസ്തിക്കായി ഉപയോഗിക്കുകയാണ് " എന്ന് പറയുന്ന ഒരു ടീച്ചർ എന്ത് അക്രമമാണ് ഒരു ക്ലാസിലുപേക്ഷിച്ച് പോകുന്നത്..! അത്തരമൊരു പ്രസ്താവന ഹിജഡകളുടെ പിടിച്ചു പറിക്കൽ കഥകളിലേക്ക് നീളുന്നൊരു ക്ലാസിൽ നിന്ന് രാഷ്ട്രീയമായി എന്ത് നേട്ടമാണുണ്ടാവുക..?

തിരുത്തപ്പെടാത്ത ഓരോ ക്ലാസ്മുറികളും വരാനിരിക്കുന്ന ക്ലാസ്മുറികളുടെ ശവക്കുഴി തോണ്ടുകയാണ് സത്യത്തിൽ. തിയറികളൊന്നും പരീക്ഷയ്ക്കെഴുതാനുള്ളതല്ല, പ്രാവർത്തികമാക്കാനുള്ളതു കൂടിയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും