സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

അതിക്രമത്തിന്റെ പാഠം പഠിപ്പിക്കുന്നവര്‍

ആര്‍. പാര്‍വതി ദേവി

ഇന്നത്തെ സ്‌ത്രീ വീട്ടിനുള്ളില്‍ മാത്രം ഇരിക്കുന്നവള്‍ അല്ല. സമൂഹത്തില്‍ ഇറങ്ങി നടക്കുകയും പ്രവര്‍ത്തിക്കുകയും പണിയെടുക്കുകയും ചെയ്യുന്ന സ്‌ത്രീ ആണ്‍ അധികാരികള്‍ക്ക്‌ അസ്വസ്ഥത സൃഷ്ടിക്കുന്നു. അവളുടെ എടുപ്പും നടപ്പും അവനു അസഹ്യമാകുന്നു. എവിടേയോ ചോര്‍ന്നു പോകുന്ന ``ആണത്തം'' അവനെ ക്രൂദ്ധന്‍ ആക്കുന്നു. പിന്നെ പാഠം പഠിപ്പിക്കാതെ അവനു സ്വസ്ഥത കിട്ടുന്നില്ല. ചിലപ്പോള്‍ രക്ഷകന്റെ വേഷത്തില്‍, മറ്റു ചിലപ്പോള്‍ സദാചാര പോലീസിന്റെ ഭാവത്തില്‍, വേറെ ചിലപ്പോള്‍ ബലാത്സംഗ വീരന്റെ കൂപ്പായത്തില്‍ അവന്‍ പെണ്ണിനെ പിടിച്ചു കെട്ടാന്‍ ഇറങ്ങി പുറപ്പെടുന്നു. അതിന്റെ പേര്‌ നിയമത്തിന്റെ ഭാഷയില്‍ സ്‌ത്രീ പീഡനം എന്നാണ്‌. സ്‌ത്രീയായി ജനിച്ചുയെന്ന ഒറ്റ കാരണത്താല്‍ അവള്‍ അനുഭവിക്കുന്നതു ശാരീരികവും മാനസികവും ലൈംഗികവുമായ കൊടും പീഡനങ്ങളാണ്‌. വീട്ടിനുള്ളിലും തൊഴില്‍ സ്ഥലത്തും യാത്രയിലും തെരുവിലും സ്‌ത്രീകളും പെണ്‍കുട്ടികളും ആക്രമിക്കപ്പെടുന്നു. ദില്ലിയില്‍ ഓടുന്ന ബസ്സില്‍ വെച്ച്‌ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്‌ത ജ്യോതി സിംഗ്‌ എന്ന നിര്‍ഭയയെ കുറിച്ചുള്ള `ഇന്ത്യയുടെ പുത്രി' എന്ന ഡോക്യുമെന്ററിയില്‍, പ്രതിയായ മുകേഷ്‌ സിംഗ്‌ പറയുന്നത്‌ ``ഞങ്ങല്‍ അവളെ ഒരു പാഠം പഠിപ്പിക്കുക ആയിരുന്നു'' എന്നാണ്‌. മുകേഷ്‌ സിംഗിനും കൂട്ടര്‍ക്കും യാതൊരു പരിചയവും ഇല്ലാത്ത, വഴിയില്‍ കൂടി നടന്നു പോകുന്ന ഏതോ ഒരു യുവതിയെ പാഠം പഠിപ്പിക്കുന്നത്‌ ഏതു മാനസികാവസ്ഥയില്‍ ആയിരിക്കും? അവളെ ബലാത്സംഗം ചെയ്യുക മാത്രമല്ല പൈശാചികമായി കടന്നാക്രമിക്കുക കൂടിയായിരുന്നു. നിര്‍ഭയ മാത്രമല്ല ഇത്തരം രാക്ഷസീയ ആക്രമണങ്ങള്‍ക്ക്‌ ഇരയായിരിക്കുന്നത്‌. നിര്‍ഭയ കൊല്ലപ്പെട്ട 2012 ഡിസംബര്‍ 26 നു മുമ്പും പിമ്പും എത്രയോ സ്‌ത്രീകള്‍ ലൈംഗികാക്രമണങ്ങള്‍ക്ക്‌ വിധേയരാകുകയും കൊല്ലപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. കേരളത്തിലെ സൗമ്യയും ഈ പട്ടികയിലുണ്ട്‌ എന്നതും ഓര്‍ക്കണം. എന്താണ്‌ ഇതിനു കാരണം? സ്‌ത്രീവിമോചന പ്രവര്‍ത്തനങ്ങള്‍ ശക്തം ആക്കുന്നതിനൊപ്പം സ്‌ത്രീപീഡനങ്ങളും വര്‍ദ്ധിക്കുന്നത്‌ ആശങ്കാജനകമാണ്‌. ഒരു സമൂഹത്തില്‍ ഒരു വിഭാഗം നിരന്തരം ആക്രമിക്കപ്പെടുന്നുവെങ്കില്‍ അതിന്റെ അര്‍ത്ഥം അവര്‍ അധികാരരഹിതരാണ്‌ എന്നാണ്‌. അധികാരം ഉള്ളവരെ ഇതരത്തില്‍ ആക്രമിച്ച് ഒതുക്കുവാന്‍ കഴിയില്ലെന്നു ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അതിക്രമങ്ങള്‍ മഞ്ഞുമലയുടെ തുമ്പു മാത്രമാണ്‌. സമൂഹത്തില്‍ സ്‌ത്രീയുടെ കീഴാളപദവിയാണ്‌ അവള്‍ക്കു ഇരയുടെ അവസ്ഥ നല്‍കുന്നത്‌. ഐക്യരാഷ്‌ട്രസഭ ഇക്കഴിഞ്ഞ മാര്‍ച്ച്‌ 10 നു പ്രസിദ്ധീകരിച്ച ``രാഷ്‌ട്രീയത്തില്‍ സ്‌ത്രീകള്‍ 2015'' എന്ന റിപ്പോര്‍ട്ട്‌ സ്‌ത്രീയുടെ അധികാരരാഹിത്യത്തിന്റെ കാഠിന്യം വ്യക്തമാക്കുന്നു. 2015 ജനുവരി വരെയുള്ള കണക്ക് പ്രകാരം 60-69.9% വനിതാ മന്ത്രിമാര്‍ ഉള്ളത്‌ ഒരു രാജ്യം മാത്രമാണ്‌. ഫിന്‍ലാണ്ടാണ്‌ ആ രാജ്യം. ഇന്ത്യയുടെ റാങ്ക്‌ 39 ആണ്‌. 20-24.9% ആണ്‌ ഇന്ത്യയില്‍ വനിതാ മന്ത്രിമാരുടെ എണ്ണം. പാര്‍ലമെന്റിലെ സ്‌ത്രീ പ്രാതിനിധ്യത്തില്‍ ഇന്ത്യ 104-ാം സ്ഥാനത്ത്‌ മാത്രമാണ്‌.

രാഷ്‌ട്രീയ അധികാരം മാത്രമല്ല. തീരുമാനം എടുക്കല്‍ രംഗത്ത്‌ ഇന്ത്യന്‍ സ്‌ത്രീ പൂര്‍ണമായും അദൃശ്യയാണെന്ന്‌ കണക്കുകള്‍ വെളിപ്പെടുത്തുന്നു. വീട്ടില്‍ ജനാധിപത്യം എന്നത്‌ ഇന്ത്യയിലെ സ്‌ത്രീവിമോചന ചര്‍ച്ചകളില്‍ പോലും വേണ്ടത്ര കടന്നു വരുന്നില്ല. വീട്ടടിമയാണ്‌ ഇന്ത്യന്‍ സ്‌ത്രീ. അധികാരത്തിന്റെ കോട്ട കൊത്തളങ്ങള്‍ കടുത്ത പുരുഷാധിപത്യത്താല്‍ ഉറച്ചു പോയിരിക്കുന്നു. ഇന്ത്യന്‍ സ്‌ത്രീ അതിക്രമങ്ങളില്‍ നിന്നും മോചിതയാകണമെങ്കില്‍ അവള്‍ക്കു അധികാരം കിട്ടിയേ കഴിയൂ. പാതി മണ്ണും പാതി വിണ്ണും പെണ്ണിന്‌ ന്യായമായും അവകാശപ്പെടാം. അപ്പോള്‍ മാത്രമേ സ്‌ത്രീക്ക്‌ നിര്‍ഭയവും അഭിമാനകരവുമായ ജീവിതം പ്രതീക്ഷിക്കുവാന്‍ കഴിയൂ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും