"A space for and about women"
അറിയേണ്ടത്

ക്രിമിനല്‍ നടപടി നിയമ സംഹിത



ക്രിമിനല്‍ നടപടി നിയമ സംഹിതയില്‍ (1974-ലെ 2-ാം കേന്ദ്ര ആക്ട്) സ്ത്രീകളെ പ്രത്യേകം പരാമര്‍ശിക്കുന്നതോ സ്ത്രീകള്‍ക്കു പ്രത്യേകമായി ബാധകമായതോ ആയ വ്യവസ്ഥകളുണ്ട്.

പരിശോധനകള്‍

അറസ്റ്റുചെയ്യപ്പെടാനുള്ള ആള്‍ ഏതെങ്കിലും സ്ഥലത്തിനുള്ളില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് അപ്രകാരം വാറണ്ട് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആളോ പോലീസ് ഉദ്യോഗസ്ഥനോ ആവശ്യപ്പെടുമ്പോള്‍, അങ്ങനെയുള്ള സ്ഥലത്തു താമസിക്കുന്നതോ ആസ്ഥലത്തിന്‍റെ ചുമതലയുള്ളതോ ആയ ആള്‍ അവിടേക്ക് പ്രവേശിക്കുവാന്‍ അനുവാദം നല്‍കുകയും തിരച്ചില്‍ നടത്തുവാന്‍ ന്യായമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കേണ്ടതുമാണ് എന്ന് 47-ാം വകുപ്പിന്‍റെ 1-ാം ഉപവകുപ്പില്‍ പറയുന്നു.

മേല്‍പ്പറഞ്ഞപ്രകാരം പ്രവേശനം ലഭിക്കാന്‍ കഴിയാത്തപക്ഷം അറസ്റ്റുചെയ്യപ്പെടാനുള്ള ആള്‍ ഉള്ളതായികരുതപ്പെടുന്ന വീടിന്‍റെയോ സ്ഥലത്തിന്‍റെയോ വാതിലോ ജനലോ ബലം പ്രയോഗിച്ചു തുറക്കുന്നതു നിയമാനുസൃതമായിരിക്കും എന്ന് പ്രസ്തുതവകുപ്പില്‍ 2-ാം ഉപവകുപ്പില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. എന്നാല്‍ അപ്രകാരമുള്ള സ്ഥലം, അറസ്റ്റുചെയ്യപ്പെടാനുള്ള ആള്‍ അല്ലാത്തതും ആചാരം അനുസരിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടാത്തതും ആയ ഒരു സ്ത്രീയുടെ യഥാര്‍ത്ഥ കൈവശത്തിലുള്ളതും താമസത്തിന് ഉള്ളതുമായ ഒരു മുറി ആണെങ്കില്‍ അവിടെ പ്രവേശിക്കുന്നതിനുമുമ്പ് ആ സ്ത്രീക്ക് അവിടെ നിന്നു പിന്മാറുവാന്‍ സ്വാതന്ത്ര്യം ഉണ്ടെന്ന് അറിയിപ്പുനല്‍കുകയും പിന്മാറുവാന്‍ അവള്‍ക്ക് ന്യായമായ സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തശേഷം മാത്രമേ മുറി ബലം പ്രയോഗിച്ച് തുറക്കുവാനും പ്രവേശിക്കുവാനും പാടുള്ളു എന്നും പ്രസ്തുത വകുപ്പില്‍ വ്യവസ്ഥയുണ്ട്.

ഒരു സ്ത്രീയെ ശരീരപരിശോധന ചെയ്യേണ്ടത് ആവശ്യമായി വരുമ്പോള്‍ സഭ്യതയെ ശരിക്കും മാനിച്ചുകൊണ്ട് മറെറാരു സ്തീയെ കൊണ്ടായിരിക്കണം ആ പരിശോധന നടത്തിക്കേണ്ടത് എന്ന് 51-ാം ഉപവകുപ്പില്‍ നിബന്ധനയുണ്ട്.

പരിശോധനയ്ക്കോ തിരച്ചിലിനോ ബാധ്യസ്ഥമായ ഏതെങ്കിലും സ്ഥലം അടച്ചിട്ടിരിക്കുന്ന പക്ഷം അവിടെ താമസിക്കുന്നതോ അതിന്‍റെ ചുമതലയുള്ളതോ ആയ ആള്‍, വാറന്‍റ് നടപ്പാക്കുന്ന ഉദ്യോഗസ്ഥനോ മററ് ആളോ ആവശ്യപ്പെടുകയും വാറണ്ട് ഹാജരാക്കുകയും ചെയ്താല്‍ അയാള്‍ക്ക് അങ്ങനെയുള്ള സ്ഥലത്തിനുള്ളിലേക്ക് നിര്‍ബാധമായ പ്രവേശനം അനുവദിക്കുകയും തിരച്ചിലിനുള്ള ന്യായമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും ചെയ്യേണ്ടതാണ് എന്ന് 100-ാംവകുപ്പിന്‍റെ 1-ാം ഉപവകുപ്പില്‍ പറയുന്നു. അങ്ങനെയുള്ള സ്ഥലത്തോ അതിന്‍റെ ചുററുവട്ടത്തോ ഉള്ള ഏതെങ്കിലും ആള്‍ തിരച്ചിലിനു വിധേയമായ സാധനം തന്‍റെ ശരീരത്തില്‍ ഒളിച്ചുവച്ചിട്ടുള്ളതായി ന്യായമായി സംശയിക്കപ്പെടുന്നുവെങ്കില്‍ അയാളുടെ ശരീരത്തില്‍ തിരച്ചില്‍ നടത്താവുന്നതാണെന്നും എന്നാല്‍ അങ്ങെയുള്ള ആള്‍ സ്ത്രീയാണെങ്കില്‍ സഭ്യത തികച്ചും പാലിച്ചുകൊണ്ട് മറെറാരു സ്ത്രീയെ കൊണ്ട് മാത്രമേ അത്തരം തിരച്ചില്‍ നടത്താന്‍ പാടുള്ളു എന്നും പ്രസ്തുത വകുപ്പിന്‍റെ 2-ാം ഉപവകുപ്പില്‍ വ്യവസ്ഥയുണ്ട്.

ആളപഹരണം ചെയപ്പെട്ട സ്ത്രീയെ തിരികെ കൊടുക്കാന്‍ ആളപഹരണം ചെയ്യപ്പെട്ട സ്ത്രീകളെ തിരികെ കൊടുക്കുന്നതിനു നിര്‍ബന്ധിക്കുന്നതിനുള്ള അധികാരത്തെ സംബന്ധിച്ച് 98-ാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇതിന്‍പ്രകാരം, നിയമവിരുദ്ധമായ ഒരു ഉദ്ദേശത്തിന് ഒരു സ്ത്രീയോ പതിനെട്ടുവയസ്സിനു താഴെയുള്ള പെണ്‍കുട്ടിയോ ആളപഹരണം ചെയ്യപ്പെടുകയോ നിയമവവിരുദ്ധമായി തടഞ്ഞുവയ്ക്കപ്പെടുകയോ ചെയ്തതായ ഒരു സംഗതി സംബന്ധിച്ച പരാതിയിേډല്‍ ജില്ലാ മജിസ്ട്രേററിനോ ഒന്നാം ക്ലാസ് മജിസ്ട്രേററിനോ ആ സ്ത്രീയ്ക്ക് ഉടന്‍ തന്നെ അവളുടെ സ്വാതന്ത്യം തിരികെ കൊടുക്കുന്നതിനോ അല്ലെങ്കലില്‍ ആ പെണ്‍കുട്ടിയ അവളുടെ ഭര്‍ത്താവിനോ മാതാപിതാക്കള്‍ക്കോ രക്ഷകര്‍ത്താവിനോ അഥവാ ആ പെണ്‍കുട്ടിയുടെ നിയമാനുസൃത ചുമതലയുള്ള മററ് ആള്‍ക്കോ തിരികെ കൊടുക്കുന്നതിനോ ഉത്തരവു ചെയ്യാവുന്നതാണ്. അങ്ങനയുള്ള ഉത്തരവ് അനുസരിക്കുവാന്‍ ആവശ്യമായ ബലം പ്രയോഗിച്ചുകൊണ്ട് നിര്‍ബന്ധിക്കാവുന്നതുമാണ് എന്ന് 98-ാം വകുപ്പില്‍ പറയുന്നു.

ഭാര്യ, സന്താനങ്ങള്‍, മാതാപിതാക്കള്‍ എന്നിവരുടെ സംരക്ഷണം ക്രിമിനല്‍ നടപടി നിയമം സംഹിതയുടെ 9-ാം അദ്ധ്യായത്തില്‍ (125 മുതല്‍ 128 വരെയുള്ള വകുപ്പുകളില്‍) ഭാര്യയുടെയും സന്താനങ്ങളുടെയും സംരക്ഷണം സംബന്ധിച്ച വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കപ്പട്ടിരിക്കുന്നു.

മതിയായ ധനാഗമമാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരിക്കെ ഏതെങ്കിലും ആള്‍ താഴെ പറയുന്ന വിഭാഗങ്ങളില്‍പെടുന്ന ആളുകളെ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തുകയോ സംരക്ഷിക്കാന്‍ വിസമ്മതിക്കുകയോ ചെയ്യുന്ന പക്ഷം, ഒരു ഒന്നാം ക്ലാസ് മജിസ്ട്രേററിനു യുക്തമെന്നു തോന്നുന്നതും ഒട്ടാകെ പ്രതിമാസം അഞ്ഞൂറുരൂപയില്‍ കവിയാത്തതുമായ നിരക്കില്‍ അപ്രകാരം സ്വയം സംരക്ഷിക്കാന്‍ കഴിയാത്ത ആളിന്‍റെ സംരക്ഷണത്തിലേക്ക് പ്രതിമാസബത്ത അനുവദിച്ചുകൊണ്ടും മജിസ്ട്രേററ് അതാതു സമയം നിര്‍ദ്ദേശിക്കുന്ന ആള്‍ക്ക് അതു നല്‍കുവാന്‍ ആവശ്യപ്പെട്ടുകൊണ്ടും ഉത്തരവു ചെയ്യാവുന്നതാണ് എന്ന് 125-ാം വകുപ്പിന്‍റെ 1-ാം ഉപവകുപ്പില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇതനുസരിച്ച് സംരക്ഷണ ബത്തയ്ക്ക് അര്‍ഹതയുള്ളവര്‍ താഴെപ്പറയുന്നവരാണ്.

1. സ്വയം സംരക്ഷിക്കുവാന്‍ കഴിവില്ലാത്ത ഭാര്യ (ഇവിടെ ഭാര്യ എന്നതില്‍ അയാളില്‍ നിന്ന് വിവാഹമോചനം നേടിയവളും എന്നാല്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലാത്തവളുമായ സ്ത്രീയും പെടും)

2. സ്വയം സംരക്ഷിക്കുവാന്‍ കഴിവില്ലാത്ത മൈനറായ കുട്ടി. വിവാഹിതയായ മൈനര്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന് മതിയായ ധനാഗമമാര്‍ഗ്ഗമില്ലെന്ന് മജിസ്ട്രേററിന് ബോധ്യമാകുന്നുവെങ്കില്‍ അവള്‍ മേജറാകുന്നതുവരെ അവള്‍ക്ക് സംരക്ഷണ ബത്ത നല്‍കുവാന്‍ അവളുടെ അച്ഛനോട് ഉത്തരവ് ചെയ്യാവുന്നതാണ്. (18 വയസ്സ് പൂര്‍ത്തിയാകുന്നതുവരെ ഒരാള്‍ മൈനറാണ്. കോടതി നിയമിച്ച രക്ഷാകര്‍ത്താവിന്‍റെയോ കോര്‍ട്ട് ഓഫ് വാര്‍ഡ്സിന്‍റെയോ രക്ഷാകര്‍തൃത്വത്തിലുള്ള ആളെ സംബന്ധിച്ചിടത്തോളം 21 വയസ്സ് പൂര്‍ത്തിയായാല്‍ മാത്രമേ അയാള്‍ മേജറായതായി കണക്കാക്കപ്പടുകയുള്ളു.)

3. ശാരീരികമോ മാനസികമോ ആയ ഏതെങ്കിലും വൈകൃതമോ ഹാനിയോ മൂലം സ്വയം സംരക്ഷിക്കാന്‍ കഴിയാത്ത മേജറായ കുട്ടി; (ഈ വിഭാഗത്തില്‍പ്പെട്ട വിവാഹിതയായ മകള്‍ക്ക് ഇപ്രകാരമുള്ള ആനുകൂല്യത്തിന് അര്‍ഹതയില്ല.)

4. സ്വയം സംരക്ഷിക്കുവാന്‍ കഴിവില്ലാത്ത പിതാവിനോ മാതാവിനോ മേല്‍പ്പറഞ്ഞ തരത്തിലുള്ള സംരക്ഷണബത്ത അത് നല്‍കാനുള്ള മജിസ്ട്രേററിന്‍റെ ഉത്തരവിന്‍റെ തീയതി മുതല്‍ക്കോ അഥവാ മജിസ്ട്രേററ് പ്രത്യേകം ഉത്തരവ് ഇടുന്നുവെങ്കില്‍ സംരക്ഷണം ലഭിക്കുന്നതിനുവേണ്ടി നല്‍കിയ അപേക്ഷയുടെ തീയതി മുതല്‍ക്കോ നല്‍കപ്പെടേണ്ടതാണെന്ന് 125-ാം വകുപ്പിന്‍റെ 2-ാം ഉപവകുപ്പില്‍ പറയുന്നു.

5. സംരക്ഷണബത്ത നല്‍കാന്‍ ബാദ്ധ്യസ്ഥനെന്ന് വിധിക്കപ്പെട്ട ആള്‍ മതിയായ കാരണം കൂടാതെ ആ ഉത്തരവ് ലംഘിച്ചാല്‍ അത് ഈടാക്കിക്കൊടുക്കുന്നതിന് വാറണ്ട് പുറപ്പെടുവിക്കാന്‍ മജിസ്ട്രേററിന് അധികാരമുണ്ട്. മാത്രമല്ല വാറണ്ട് നടപ്പാക്കിയതിന് ശേഷം ഓരോ മാസത്തെ ബത്തയിലും കൊടുക്കാതെ അവശേഷിക്കുന്ന മുഴുവന്‍ തുകയ്ക്കോ അല്ലെങ്കില്‍ പണം കൊടുത്തു തീര്‍ക്കുന്നതുവരേയ്ക്കോ ഉള്ള തടവ്ശിക്ഷ വിധിക്കുവാനും മജിസ്ട്രേററിന് അധികാരമുണ്ട്. ഉത്തരവിന്‍റെ ഓരോ ലംഘനത്തെ സംബന്ധിച്ചും ഇപ്രകാരം ചെയ്യാവുന്നതാണ്. എന്നാല്‍ തുക കൊടുക്കാനുള്ള ബാധ്യത ഉല്‍ഭവിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അത് ഈടാക്കുവാന്‍ കോടതിയില്‍ അപേക്ഷ ബോധിപ്പിക്കാത്ത പക്ഷം വാറണ്ട് പുറപ്പെടുവിക്കാന്‍ പാടില്ല എന്നും നിബന്ധനയുണ്ട്.

സംരക്ഷണബത്ത കൊടുക്കുവാന്‍ ബാധ്യതപ്പെട്ട ഭര്‍ത്താവ് തന്‍റെ ഭാര്യ തന്നോട് കൂടി ജീവിക്കണം എന്ന ഉപാധിയിേډല്‍ അവളെ സംരക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും അവള്‍ അയാളോടൊപ്പം ജീവിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നപക്ഷം അവളുടെ വിസമ്മതത്തിന്‍റെ കാരണങ്ങള്‍ പരിഗണിച്ചശേഷം സംരക്ഷണബത്ത നല്‍കാന്‍ ഉത്തരവിടുന്നതിന് മതിയായ കാരണം മജിസ്ട്രേററിന് തോന്നുന്ന പക്ഷം മേല്‍പ്പറഞ്ഞ തരത്തിലുള്ള വാഗ്ദാനം ഉണ്ടെന്ന്വരുകില്‍ പോലും സംരക്ഷണ ബത്ത നല്‍കുവാന്‍ അയാളോട് ആ മജിസ്ട്രേററിന് ഉത്തരവ് ചെയ്യാവുന്നതാണ്. 125-ാം വകുപ്പിന്‍റെ മൂന്നാം ഉപവകുപ്പിലാണ് ഈ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടിരിക്കുന്നത്.

ഭാര്യ വ്യഭിചാരജീവിതം നയിക്കുന്നുവെങ്കിലോ മതിയായ കാരണം കൂടാത ഭര്‍ത്താവിന്‍റെ കൂടെ ജീവിക്കുവാന്‍ വിസമ്മതിക്കുന്നുവെങ്കിലോ പരസ്പര സമ്മതത്തോടെ വേറിട്ട് താമസിക്കുന്നുവെങ്കിലോ അവള്‍ക്ക് ഭര്‍ത്താവില്‍ നിന്നും സംരക്ഷണബത്ത കിട്ടുവാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല എന്ന് പ്രസ്തുത വകുപ്പിന്‍റെ 4-ാം ഉപവകുപ്പില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു.

സംരക്ഷണ ബത്ത ലഭിക്കുവാന്‍ ഉത്തരവ് നേടിയ ഭാര്യ വ്യഭിചാരജിവിതം നയിക്കുകയാണെന്നോ മതിയായ കാരണം കൂടാതെ ഭര്‍ത്താവിനോട് കൂടെ ജീവിക്കുവാന്‍ വിസമ്മതിക്കുകയാണെന്നോ പരസ്പര സമ്മതപ്രകാരം വേറിട്ട് താമസിക്കുകയാണെന്നോ തെളിയിക്കപ്പെടുന്ന പക്ഷം സംരക്ഷണ ബത്ത നല്‍കാനുള്ള ഉത്തരവ് മജിസ്ട്രേററ് റദ്ദാക്കേണ്ടതാണെന്ന് 5-ാം ഉവകുപ്പ് അനുശാസിക്കുന്നു.

സംരക്ഷണബത്തയ്ക്കുള്ള കേസിലെ നടപടിക്രമ സംബന്ധിച്ച വ്യവസ്ഥകള്‍ 126-ാം വകുപ്പില്‍ പറഞ്ഞിരിക്കുന്നു. ആര്‍ക്ക് എതിരായിട്ടാണോ നടപടിയെടുക്കുന്നത് അയാള്‍ ഉള്ളതോ അയാളോ അയാളുടെ ഭാര്യയോ താമസിക്കുന്നതോ, അയാള്‍ തന്‍റെ ഭാര്യയുടേയോ അല്ലെങ്കില്‍ നിയമവിരുദ്ധമായ വേഴ്ചയില്‍ ഉണ്ടായ കുട്ടിയുടെ അമ്മയുടേതോ ഒപ്പം ഒടുവില്‍ താമസിച്ചിരുന്നതോ ആയ ഏതു ജില്ലയിലും നടപടി എടുക്കാവുന്നതാണെന്ന് പ്രസ്തുതവകുപ്പിന്‍റെ ഒന്നാം ഉപവകുപ്പില്‍ പറയുന്നു.

അങ്ങനെയുള്ള നടപടികളിലെ തെളിവെടുപ്പ്, ആര്‍ക്ക് എതിരായിട്ടാണോ നടപടി, ആയാളുടെയോ അയാളുടെ വക്കീലിന്‍റെയോ അസാന്നിദ്ധ്യത്തില്‍ കേട്ട് തീരുമാനിക്കാവുന്നതാണെന്നും, എന്നാല്‍ ഉത്തരവിന്‍റെ തീയതിമുതല്‍ മൂന്നു മാസത്തിനുള്ളില്‍ തക്കതായ കാരണം കാണിച്ചുകൊണ്ട് അയാള്‍ അപേക്ഷിക്കുന്ന പക്ഷം ഉചിതമായ നിബന്ധനകള്‍ വച്ചുകൊണ്ട് ആ ഉത്തരവ് അസ്ഥിരപ്പെടുത്താവുന്നതാണെന്നും 2-ാം ഉപവകുപ്പില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു.

ഇത്തരം കേസുകളില്‍ കോടതിച്ചെലവ് സംബന്ധിച്ച് നീതിപൂര്‍വ്വകമായ ഉത്തരവ് പുറപ്പെടുവിക്കുവാന്‍ കോടതിക്ക് അധികാരം ഉണ്ടായിരിക്കുമെന്ന് 3-ാം ഉപവകുപ്പില്‍ പറയുന്നു. പ്രതിമാസ സംരക്ഷണബത്ത കിട്ടുന്ന ആളിന്‍റെയോ കൊടുക്കുവാന്‍ ബാധ്യതപ്പെട്ട ആളിന്‍റെയോ പരിതസ്ഥിതികളില്‍ മാററം ഉണ്ടായിട്ടുള്ളതായി തെളിയിക്കുന്ന പക്ഷം മജിസ്ട്രേററിന് യുക്തമായ മാററം വരുത്താവുന്നതാണെന്നും എന്നാല്‍ ബത്ത വര്‍ദ്ധിപ്പിക്കുന്ന പക്ഷം അത് ഒട്ടാകെ പ്രതിമാസം 500 രൂപ എന്ന നിരക്കില്‍ കവിയാന്‍ പാടില്ലെന്നും 127-ാം വകുപ്പിന്‍റെ 1-ാം ഉപവകുപ്പില്‍ വ്യവസ്ഥയുണ്ട്.ന
ബന്ധപ്പെട്ട വിഷയത്തില്‍ ഒരു സിവില്‍കോടതി എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ തന്‍റെ ഉത്തരവ് റദ്ദാക്കണമെന്നോ വ്യത്യാസപ്പെടുത്തണമെന്നോ മജിസ്ട്രേററിന് തോന്നുന്ന സംഗതിയില്‍ അദ്ദേഹത്തിന് തന്‍റെ ഉത്തരവ് റദ്ദാക്കുകയോ വ്യത്യാസപ്പെടുത്തുകയോ ചെയ്യാവുന്നതാണെന്ന് പ്രസ്തുത വകുപ്പിന്‍റെ 2-ാം ഉപവകുപ്പില്‍ പറയുന്നു.

വിവാഹമോചിതയായ സ്ത്രീ പുനര്‍ വിവാഹം ചെയ്തിട്ടുണ്ടെന്ന് മജിസ്ട്രേററിന് ബോധ്യപ്പെടുന്നപക്ഷം സംരക്ഷണബത്തയ്ക്കുള്ള ഉത്തരവ് പുനര്‍വിവാഹത്തിന്‍റെ തീയതി മുതല്‍ റദ്ദാക്കേണ്ടതാണ്.

ഒരു സ്ത്രീ ഭര്‍ത്താവിനാല്‍ വിവാഹമോചനം ചെയ്യപ്പെടുകയും കക്ഷികള്‍ക്ക് ബാധകമായ ഏതെങ്കിലും ആചാരാധിഷ്ഠിത നിയമത്തിനോ വ്യക്തിനിയമത്തിനോ അനുസൃതമായി അങ്ങനെയുള്ള വിവാഹമോചനത്തിേډല്‍ കൊടുക്കേണ്ട മുഴുവന്‍ തുകയും സംരക്ഷണബത്ത നല്കാനുള്ള തന്‍റെ ഉത്തരവിന്‍റെ മുമ്പോ പിമ്പോ ആ സ്ത്രീയ്ക്ക് കിട്ടിയിട്ടുണ്ടെന്നും മജിസ്ട്രേററിന് ബോധ്യപ്പെടുന്നപക്ഷം തുക കൊടുക്കപ്പെട്ടത് ഉത്തരവിന് മുമ്പാണെങ്കില്‍ ഉത്തരവിന്‍റെ തീയതി മുതല്‍ക്കും അല്ലാതെയുള്ള സംഗതിയില്‍ ഏത് കാലാവിധിക്കാണോ ആ സ്ത്രീക്ക് ഭര്‍ത്താവ് യഥാര്‍ത്ഥത്തില്‍ സംരക്ഷണം നല്‍കിയിട്ടുള്ളത് ആ കാലാവധി അവസാനിക്കുന്ന മുതല്‍ക്കും അങ്ങനെയുള്ള ഉത്തരവ് റദ്ദാക്കേണ്ടതാണ്.

ഒരു സ്ത്രീക്ക് തന്‍റെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ലഭിച്ചിട്ടുണ്ടെന്നും അവള്‍ തന്‍റെ വിവാഹമോചനത്തിനുശേഷം സംരക്ഷണത്തിനുള്ള തന്‍റെ അവകാശങ്ങള്‍ ഒഴിഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നുവെന്നും മജിസ്ട്രേററിന് ബോദ്ധ്യപ്പെടുന്നുവെങ്കില്‍ സംരക്ഷണബത്ത നല്‍കാനുള്ള ഉത്തരവ് അതിന്‍റെ തീയതി മുതല്‍ റദ്ദാക്കേണ്ടതാണ്. 3-ാം ഉപവകുപ്പിലാണ് മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ .

ക്രിമിനല്‍ നടപടി നിയമസംഹിതയിലെ 125-ാം വകുപ്പ് പ്രകാരം പ്രതിമാസ ബത്ത ലഭിക്കുന്നതിന് തനിക്ക് അനുകൂലമായി ഉത്തരവ് ലഭിച്ചിട്ടുള്ള ആള്‍ക്ക് സംരക്ഷണച്ചിലവോ സ്ത്രീധനമോ വസൂലാക്കുന്നതിന് അനുവദിച്ചുകൊണ്ട് ഒരു സിവില്‍ കോടതി ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ ഒരു മജിസ്ട്രേററിന്‍റെ ഉത്തരവിനെതുടര്‍ന്ന് അങ്ങനെയുള്ള ആള്‍ക്ക് കൊടുത്തിട്ടുള്ളതോ വസൂലായതോ ആയ തുക കണക്കിലെടുക്കേണ്ടതാണെന്ന് 127-ാം വകുപ്പിന്‍റെ 4-ാം ഉപവകുപ്പ് അനുശാസിക്കുന്നു.

സംരക്ഷണ ഉത്തരവ് ആര്‍ക്ക് അനുകൂലമായിട്ടാണോ നല്‍കപ്പെട്ടിട്ടുള്ളത് അയാള്‍ക്കോ അയാളുടെ രക്ഷകര്‍ത്താവിനോ ആ ഉത്തരവിന്‍റെ ഒരു പകര്‍പ്പ് സൗജന്യമായി കൊടുക്കേണ്ടതാണെന്നും ബത്ത കൊടുക്കല്‍ ബാധ്യസ്ഥനായ ആള്‍ ഏതു സ്ഥലത്താണോ ഉള്ളത് അവിടെവച്ച് മജിസ്ട്രേററിന് അത് പ്രാവര്‍ത്തികമാക്കാവുന്നതാണെന്നും 128-ാം വകുപ്പില്‍ പറയുന്നു.

പോലീസ് സ്റ്റേഷനില്‍ ഹാജരാകുവാന്‍ സ്ത്രീകളോട് ആവശ്യപ്പെട്ടുകൂട

കേസന്വേഷണം നടത്തുന്ന ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന്‍, തനിക്ക് നല്‍കപ്പെടുന്ന വിവരത്തില്‍ നിന്നോ മററു വിധത്തിലോ കേസിന്‍റെ വസ്തുതകളും പരിതസ്ഥിതികളും നേരിട്ട് അറിവുള്ളതായി കാണപ്പെടുന്നതും തന്‍റെ സ്റ്റേഷന്‍റെയോ അതിര്‍ത്തിക്കുള്ളില്‍ ഉള്ളതുമായ ഏതെങ്കിലും ആളോട് തന്‍റെ മുമ്പാകെ ഹാജരാക്കുവാന്‍ എഴുതപ്പെട്ട ഉത്തരവ് മൂലം ആവശ്യപ്പെടാവുന്നതാണെന്നും അങ്ങനെയുള്ള ആള്‍ അതനുസരിച്ച് ഹാജരാകേണ്ടതാണെന്നും 160-ാം വകുപ്പിന്‍റെ 1-ാം ഉപവകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും സ്ത്രീയോ 15 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടിയോ അവള്‍/അവന്‍ താമസിക്കുന്ന സ്ഥലത്തല്ലാതെ മറേറതെങ്കിലും സ്ഥലത്ത് ഹാജരാകുവാന്‍ ആവശ്യപ്പെട്ടുകൂടാ എന്ന് പ്രസ്തുത വകുപ്പില്‍ നിബന്ധനയുണ്ട്.

ആത്മഹത്യയെപ്പററിയുള്ള അന്വേഷണം

ആത്മഹത്യ മുതലായ, പോലീസ് അന്വേഷിക്കുകയും റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്യുന്നതു സംബന്ധിച്ച വ്യവസ്ഥകള്‍ അടങ്ങിയ 174-ാം വകുപ്പിലും സ്ത്രീകളെ സംബന്ധിച്ചു ചില പ്രത്യേക വ്യവസ്ഥകള്‍ ഉണ്ട്. പ്രസ്തുത വകുപ്പിന്‍റെ 3-ാം ഉപവകുപ്പില്‍ താഴെ പറയും വ്യവസ്ഥ ചെയ്തിരിക്കുന്നു.

1. തന്‍റെ വിവാഹ തീയതി മുതല്‍ ഏഴു വര്‍ഷത്തിനുള്ളില്‍ ഒരു സ്ത്രീ ആത്മഹത്യ ചെയ്തിട്ടുള്ള കേസ്

2. തന്‍റെ വിവാഹ തീയതി മുതല്‍ ഏഴു വര്‍ഷത്തിനുള്ളില്‍ ഒരു സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ടതും ആ മരണം അവളെ സംബന്ധിച്ചു മറേറതെങ്കിലും ആള്‍ കുററം ചെയ്തിട്ടുള്ളതായി ന്യായമായ സംശയം ഉദിക്കുന്ന തരത്തിലുള്ള സാഹചര്യത്തിലായിരിക്കുകയും ചെയ്യുന്ന കേസ്

3. തന്‍റെ വിവാഹ തീയതി മുതല്‍ ഏഴു വര്‍ഷത്തിനുള്ളില്‍ ഉള്ള ഒരു സ്ത്രീയുടെ മരണം സംബന്ധിച്ച കേസില്‍ ആ സ്ത്രീയുടെ ഏതെങ്കിലും ബന്ധു പ്രത്യേകം ആവശ്യപ്പെടുന്ന പക്ഷം

4. മരണകാരണം സംബന്ധിച്ച് എന്തെങ്കിലും സംശയം ഉള്ള കേസ്

5. മററ് എന്തെങ്കിലും കാരണവശാല്‍ അപ്രകാരം ചെയ്യേണ്ടത് ആവശ്യമാണെന്ന് പോലീസ് ഉദ്യോഗസ്ഥനു തോന്നുന്ന കേസ്

എന്നിവയില്‍ അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പരിശോധനയ്ക്കായി മൃതദേഹം ഏററവും അടുത്തുള്ള സിവില്‍ സര്‍ജന്‍റേയോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിലേയ്ക്കായി നിയമിച്ചിട്ടുള്ള പ്രത്യേക ചികിത്സകന്‍റെയോ അടുത്തേക്ക് എത്തിക്കേണ്ടതാണ്. എന്നാല്‍ പരിശോധന ഉപയോഗശൂന്യമായി പോകത്തക്കവിധം കാലാവസ്ഥയോ ദൂരമോ കാരണത്താല്‍ മൃതദേഹം വഴിയില്‍ വച്ച് അഴുകിപോകാനുള്ള സാധ്യതയുള്ള പക്ഷം ഇപ്രകാരം അയയ്ക്കണമെന്നില്ല.

മുകളില്‍ 1ഉം 2ഉം ഖണ്ഡികയില്‍ പരമാര്‍ശിച്ചിട്ടുള്ള തരത്തിലുള്ള കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ നടത്തിയിട്ടുള്ള അന്വേഷണത്തിനു പുറമെയോ അതിനു പകരമോ മരണകാരണത്തെക്കുറിച്ചുള്ള ഒരു അന്വേഷണം അതിലേയ്ക്ക് അധികാരപ്പെടുത്തിയിട്ടുള്ള ഏററവും അടുത്തുള്ള മജിസ്ട്രേററിനു നടത്താവുന്നതാണ് എന്ന് 176-ാം വകുപ്പിന്‍റെ 1-ാം ഉപവകുപ്പില്‍ പറഞ്ഞിരിക്കുന്നു.

വിവാഹസംബന്ധമായ കുററങ്ങളെ സംബന്ധിച്ച പ്രൊസിക്യൂഷന്‍ വിവാഹസംബന്ധമായ കുററങ്ങളെ സംബന്ധിച്ചുള്ള പ്രോസിക്യൂഷനെ പററി 198-ാം വകുപ്പില്‍ പ്രതിപാദിച്ചിരിക്കുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 11-ാം അദ്ധ്യായത്തില്‍പ്പെടുന്ന അത്തരമൊരു കുററം സംബന്ധിച്ച് ആ കുററത്താല്‍ സങ്കടമനുഭവിക്കുന്ന ഏതെങ്കിലും ആള്‍ പരാതി നല്‍കിയാല്‍ മാത്രമേ ഏതെങ്കിലും കോടതി നടപടി എടുക്കുവാന്‍ പാടുള്ളു എന്ന് പ്രസ്തുത വകുപ്പില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. എന്നാല്‍ താഴെപ്പറയുന്ന സാഹചര്യങ്ങളില്‍ അങ്ങനെയല്ലാത്തവര്‍ക്കും പരാതി കൊടുക്കാവുന്നതാണ്.

1. കുററത്താല്‍ സങ്കടമനുഭവിക്കുന്ന ആള്‍ പതിനെട്ടുവയസ്സില്‍ താഴെയുള്ള ആളോ മന്ദബുദ്ധിയോ ഭ്രാന്തനോ രോഗം മൂലമോ അവശതമൂലമോ പരാതികൊടുക്കാന്‍ കഴിവില്ലാത്ത ആളോ ആചാരസമ്പ്രദായങ്ങള്‍ അനുസരിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുവാന്‍ നിര്‍ബന്ധിച്ചുകൂടാത്ത സ്ത്രീയോ ആണെങ്കില്‍ അയാള്‍ക്കോ അവള്‍ക്കോ വേണ്ടി മറേറതെങ്കിലും ആള്‍ക്ക് കോടതിയുടെ അനുവാദം വാങ്ങിക്കൊണ്ട് പരാതി കൊടുക്കാവുന്നതാണ്.

2. കുററത്താല്‍ സങ്കടമനുഭവിക്കുന്ന ആള്‍ സായുധസേനയില്‍ സേവനം അനുഷ്ഠിക്കുന്ന ഭര്‍ത്താവ് ആയിരിക്കുകയും അയാള്‍ക്ക് അവധി ലഭിക്കുവാന്‍ കഴിയാത്ത സാഹചര്യം ആയിരിക്കുകയും ചെയ്യുമ്പോള്‍ അയാള്‍ അധികാരപ്പെടുത്തിയ ആള്‍ക്ക് അയാള്‍ക്കു (ഭര്‍ത്താവിനു) വേണ്ടി പരാതി കൊടുക്കാവുന്നതാണ്.

3. ഇന്ത്യന്‍ ശിക്ഷാ നിയമ സംഹിതയിലെ 494-ാം വകുപ്പോ (ഭര്‍ത്താവോ ഭാര്യയോ ജീവിച്ചിരിക്കുമ്പോള്‍ വീണ്ടും വിവാഹം കഴിക്കല്‍) 495-ാം വകുപ്പോ (പിന്നീട് വിവാഹം കഴിച്ച ആളില്‍ നിന്നും നിലവിലുള്ള മുന്‍ വിവാഹം മറച്ചു പിടിക്കല്‍) പ്രകാരം ശിക്ഷിക്കപ്പെടാവുന്ന ഒരു കുററത്താല്‍ സങ്കടമനുഭവിക്കുന്ന ആള്‍ ഭാര്യയാണെങ്കില്‍ അവള്‍ക്കുവേണ്ടി അവളുടെ അച്ഛനോ അമ്മയോ സഹോദരനോ സഹോദരിയോ മകനോ മകളോ അല്ലെങ്കില്‍ കോടതിയുടെ അനുവാദത്തോടുകൂടി രക്തബന്ധത്താലോ വിവാഹ ബന്ധത്താലോ ദത്തെടുത്തതു മൂലമോ അവളുടെ ബന്ധുവായിട്ടുള്ള മററ് ഏതെങ്കിലും ആള്‍ക്കോ പരാതി കൊടുക്കാവുന്നതാണ്.

എന്നാല്‍ ഇന്ത്യന്‍ ശിക്ഷാനിയമ സംഹിതയിലെ 497-ഓ, 498- ഓ വകുപ്പുകള്‍ക്കു കീഴില്‍ ശിക്ഷിക്കപ്പെടാവുന്ന ഏതെങ്കിലും കുററം (വ്യഭിചാരം, വിവാഹിതയായ സ്ത്രീയെ കുററകരമായ ഉദ്ദേശത്തോടുകൂടി വശീകരിച്ചു കൊണ്ടുപോവുകയോ കൂട്ടിക്കൊണ്ടുപോവുകയോ തടഞ്ഞുവെയ്ക്കുകയോ ചെയ്യല്‍ എന്നിവ സംബന്ധിച്ച കുററത്തില്‍) സ്ത്രീയുടെ ഭര്‍ത്താവിനെ മാത്രമേ കുററത്താല്‍ സങ്കടമനുഭവിക്കുന്ന ആളായി കണക്കാക്കുകയുള്ളു. എങ്കിലും ഭര്‍ത്താവിന്‍റെ അസാന്നിദ്ധ്യത്തില്‍, കുററം നടന്ന സമയത്ത് അയാള്‍ക്കുവേണ്ടി ആ സ്ത്രീയെ ആരാണോ സംരക്ഷിച്ചിരുന്നത് ആ ആള്‍ക്ക്, കോടതിയുടെ അനുവാദത്തോടുകൂടി പരാതി കൊടുക്കാവുന്നതാണ്.

ഇന്ത്യന്‍ ശിക്ഷാ നിയമ സംഹിതയിലെ 376-ാം വകുപ്പിന്‍ കീഴിലുള്ള ഒരു കുററം (ബലാത്സംഗം) ചെയ്യുന്നത് ഒരു ഭര്‍ത്താവ് പതിനഞ്ചുവയസ്സില്‍ താഴെയുള്ള സ്വന്തം ഭാര്യയോടാണെങ്കില്‍ കുററം ചെയ്ത തീയതി മുതല്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ അതു സംബന്ധിച്ചുള്ള കേസ് പരിഗണനയെക്കെടുക്കുവാന്‍ പാടില്ല എന്ന് പ്രസ്തുത 198-ാം വകുപ്പില്‍ വ്യവസ്ഥയുണ്ട്.

ഇന്ത്യന്‍ ശിക്ഷാ നിയമ സംഹിതയിലെ 498 എ വകുപ്പുപ്രകാരമുള്ള കുററം (ഭര്‍ത്താവോ ഭര്‍ത്താവിന്‍റെ ബന്ധുവോ സ്ത്രീയെ ക്രൂരതയ്ക്ക് വിധേയയാക്കുന്നത്) ഒന്നുകില്‍ ആ കുററത്തെ സംബന്ധിച്ച വസ്തുതകള്‍ അടങ്ങുന്ന ഒരു പോലീസ് റിപ്പോര്‍ട്ടിേډലോ അല്ലെങ്കില്‍ ആ കുററത്താല്‍ സങ്കടമനുഭവിച്ച സ്ത്രീയോ അവളുടെ അച്ഛനോ അമ്മയോ സഹോദരിയോ സഹോദരനോ അഥവാ രക്തബന്ധത്താലോ വിവാഹത്താലോ ദത്തെടുത്തത് മൂലമോ അവളുടെ ബന്ധുവായിട്ടുള്ള മററ് ഏതെങ്കിലും ആള്‍ കോടതിയുടെ അനുവാദത്തോടുകൂടിയോ നല്‍കുന്ന പരാതിയുടെ അടിസ്ഥാനത്തിലോ അല്ലാതെ കോടതികള്‍ പരിഗണനയ്ക്കെടുക്കുവാന്‍ പാടില്ല എന്ന് 198-എ വകുപ്പ് അനുശാസിക്കുന്നു.

അപകീര്‍ത്തി കേസുകള്‍

അപകീര്‍ത്തിപ്പെടുത്തല്‍ സംബന്ധിച്ച് ഇന്ത്യന്‍ ശിക്ഷാനിയമ സംഹിതയിലെ 21-ാം അദ്ധ്യായത്തില്‍ പറയുന്ന കുററങ്ങള്‍ കുററത്താല്‍ സങ്കടമനുഭവിക്കുന്ന ഏതെങ്കിലും ആളിന്‍റെ പരാതിയിേډലല്ലാതെ യാതൊരു കോടതിയും പരിഗണനയ്ക്കെടുക്കുവാന്‍ പാടില്ല എന്ന് 199-ാം വകുപ്പില്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍ അങ്ങനെയുള്ള ആള്‍ 18 വയസ്സില്‍ താഴെയുള്ള ആളോ മന്ദബുദ്ധിയോ ഭ്രാന്തനോ രോഗം മൂലമോ അവശതമൂലമോ പരാതികൊടുക്കുവാന്‍ കഴിവില്ലാത്ത ആളോ അഥവാ ആചാര സമ്പ്രദായങ്ങള്‍ അനുസരിച്ച് പൊതു സ്ഥലത്തു പ്രത്യക്ഷപ്പെടുവാന്‍ നിര്‍ബന്ധിച്ചുകൂടാത്ത സ്ത്രീയോ ആണെങ്കില്‍ അയാള്‍ക്കോ അവള്‍ക്കോ വേണ്ടി മറേറതെങ്കിലും ആള്‍ക്ക്, ആ കോടതിയുടെ അനുവാദം വാങ്ങിക്കൊണ്ട് പരാതി കൊടുക്കാവുന്നതാണ്. ഇത്തരം കേസുകളില്‍ ഏതെങ്കിലും കക്ഷി ആവശ്യപ്പെടുന്ന പക്ഷം വിചാരണ രഹസ്യമായി നടത്തേണ്ടതാണെന്ന് 237-ാം വകുപ്പിന്‍റെ 2-ാം ഉപവകുപ്പില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ അദ്ധ്യക്ഷത വഹിക്കുന്ന ജഡ്ജിക്കോ മജിസ്ട്രേററിനോ ഉചിതമെന്നു തോന്നുന്ന പക്ഷം വിചാരണയുടെ ഏതു ഘട്ടത്തിലും പൊതുജനങ്ങള്‍ക്കു സാമാന്യമായോ പ്രത്യേക ആളുകള്‍ക്കോ കോടതി മുറിയില്‍ പ്രവേശനം നിഷേധിക്കാനാകുന്നതാണെന്നും പ്രസ്തുത ഉപവകുപ്പില്‍ പറയുന്നുണ്ട്.

ബലാല്‍സംഗകേസിന്‍റെ വിചാരണ സ്വകാര്യമായിട്ടായിരിക്കണം ബലാല്‍സംഗം സംബന്ധിച്ച കേസുകളിലെ അന്വേഷണവിചാരണ സ്വാകാര്യമായിത്തന്നെ നടത്തേണ്ടതാണെന്നും എന്നാല്‍ അദ്ധ്യക്ഷത വഹിക്കുന്ന ജഡ്ജിക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം ഏതെങ്കിലും പ്രത്യേകം ആളിനെ കോടതി കൂടുന്ന മുറിയിലേക്ക് പ്രവേശിപ്പിക്കുവാനോ അവിടെ സന്നിഹിതനായിരിക്കുവാനോ അനുവദിക്കാവുന്നതാണെന്നും പ്രസ്തുത വകുപ്പിന്‍റെ രണ്ടാം ഉപവകുപ്പില്‍ പറയുന്നു. ഇപ്രകാരം നടത്തുന്ന വിചാരണ സംബന്ധിച്ച കോടതി നടപടികള്‍ കോടതിയുടെ മുന്‍കൂട്ടിയുള്ള അനുവാദത്തോടുകൂടിയല്ലാതെ ആരെങ്കിലും അച്ചടിക്കുവാനോ പ്രസിദ്ധീകരിക്കുവാനോ പാടില്ല എന്ന് 3-ാം ഉപവകുപ്പ് അനുശാസിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും