"A space for and about women"
അറിയേണ്ടത്

ഇന്ത്യന്‍ ഫാക്ടറി നിയമം 1948



സുരക്ഷിതത്വം

ഇന്ത്യന്‍ ഫാക്ടറി നിയമം അനുസരിച്ച്, ഫാക്ടറിയിലെ യന്ത്രഭാഗങ്ങള്‍ ആര്‍ക്കും അപകടം വരാത്തക്കവിധം വേലികെട്ടി സംരക്ഷിക്കണം. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യന്ത്രഭാഗങ്ങള്‍ വൃത്തിയാക്കുക, എണ്ണയിടുക തുടങ്ങിയ അപകടകരമായ ജോലികള്‍ക്ക് സ്ത്രീകളെ ഉപയോഗിക്കരുത്. പരിശീലനം സിദ്ധിച്ച മുതിര്‍ന്ന ആളായിരിക്കണം അവ ചെയ്യേണ്ടത്.

കോട്ടണ്‍ ഓപ്പണര്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്ത് സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കരുത്. څഫീഡ് എന്‍റും ഡെലിവറി എന്‍റുംچ തമ്മില്‍ വേര്‍തിരിച്ചിട്ടുണ്ടെങ്കില്‍ ഫീഡ് എന്‍റിന്‍റെ സമീപം മാത്രം സ്ത്രീകളെ തൊഴിലെടുക്കാന്‍ അനുവദിക്കാം. ഇന്‍സ്പെക്ടറുടെ നിബന്ധന അനുസരിച്ചുള്ള ഉയരത്തില്‍ അവ വേര്‍തിരിക്കുകയും വേണം.

ഇരിക്കുവാനുള്ള സ്ഥലം

നിന്ന് ജോലിചെയ്യേണ്ട തൊഴിലാളികള്‍ക്ക് സന്ദര്‍ഭം കിട്ടുമ്പോള്‍ ഇരിക്കാനുള്ള മതിയായ സൗകര്യം നല്‍കണം. ഇരുന്ന് ജോലി ചെയ്താല്‍ കാര്യക്ഷമതയില്‍ കുറവു വരില്ലെന്ന് ചീഫ് ഇന്‍സ്പെക്ടര്‍ക്ക് തോന്നിയാല്‍ ഇരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം തൊഴിലാളിക്ക് നല്‍കണമെന്ന് കൈവശ ഉടമയോട് രേഖാമൂലം ആവശ്യപ്പെടാം.

പ്രഥമ ശുശ്രൂഷാസൗകര്യം

പ്രവര്‍ത്തി സമയങ്ങളില്‍ പെട്ടെന്ന് ലഭ്യമാകുന്ന രീതിയില്‍ പ്രഥമശുശ്രൂഷാ സാമഗ്രികള്‍ സൂക്ഷിച്ചിരിക്കണം. നിയമാനുസരണമുള്ളവ അതില്‍ ഉണ്ടാകണം. ഒരു സമയം സാധാരണ 180 തൊഴിലാളികള്‍ പണിയെടുക്കുന്നിടത്ത് ഒന്ന് എന്ന കണക്കില്‍ പ്രഥമശുശ്രൂഷാ ബോക്സുകള്‍ ഉണ്ടായിരിക്കണം. അഞ്ഞൂറില്‍ കൂടുതല്‍ തൊഴിലാളികള്‍ സാധാരണ ജോലി ചെയ്യുന്നിടത്ത് ചികിത്സാമുറിയും ഉണ്ടായിരിക്കണം. നിയമപ്രകാരമുള്ള ചികിത്സാ സൗകര്യങ്ങള്‍, ചികിത്സാ വിദഗ്ദ്ധര്‍ എന്നിവയെല്ലാം പ്രവര്‍ത്തി സമയത്ത് എപ്പോള്‍ വേണമെങ്കിലും ലഭ്യമായിരിക്കണം.

ക്യാന്‍റീന്‍

ഇരുനൂററിയമ്പതില്‍ കൂടുതല്‍ തൊഴിലാളികള്‍ സാധാരണ തൊഴിലെടുക്കുന്ന ഫാക്ടറികളില്‍ ഒന്നോ അതിലധികമോ കാന്‍റീനുകള്‍ ഉണ്ടായിരിക്കണം. കാന്‍റീനിന്‍റെ നടത്തിപ്പില്‍ തൊഴിലാളികളുടെ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തണം.

വിശ്രമ മുറി

നൂററമ്പതില്‍ കൂടുതല്‍ തൊഴിലാളികള്‍ സാധാരണ പണിയെടുക്കുന്ന ഫാക്ടറികളില്‍ പര്യാപ്തമായ വലിപ്പമുള്ള, അനുയോജ്യമായ വിശ്രമമുറികളും ഉച്ചഭക്ഷണമുറികളും ഉണ്ടായിരിക്കണം. തൊഴിലാളികള്‍ കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാനും കുടിവെള്ളം ലഭിക്കാനുമുള്ള സൗകര്യം അവിടെ ഉണ്ടായിരിക്കണം. ഭക്ഷണമുറിയുള്ളപ്പോള്‍ ഒരു തൊഴിലാളിയും തൊഴില്‍മുറിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കരുത്. മതിയായ വെളിച്ചവും വായുവും കടക്കുന്നതും വൃത്തിയുള്ളവയുമായിരിക്കണം ആ മുറികള്‍.

തൊട്ടില്‍ മുറി

മുപ്പതില്‍ കൂടുതല്‍ വനിതകള്‍ തൊഴിലെടുക്കുന്ന ഫാക്ടറികളില്‍ അവരുടെ 6 വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ ഉപയോഗത്തിനായി ഉചിതമായി മുറിയുണ്ടായിരിക്കണം. ഈ മുറി വായുവും വെളിച്ചവും കടക്കത്തക്കവണ്ണം നിര്‍മ്മിച്ചതും വൃത്തിയും വെടിപ്പുമുള്ളതുമായിരിക്കണം. കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന് പരിശീലനം ലഭിച്ച ഒരു വനിതയുടെ മേല്‍നോട്ടം ഉണ്ടായിരിക്കണം. ശിശുപരിപാലനത്തിനുള്ള ഈ സംവിധാനങ്ങള്‍ എങ്ങനെയായിരിക്കുമെന്നതിനെ സംബന്ധിച്ച ചട്ടങ്ങള്‍ നിര്‍മ്മിക്കാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്നു.

സ്ത്രീത്തൊഴിലാളികളെ സംബന്ധിച്ച നിയന്ത്രണം അഞ്ചു മണിക്കൂര്‍ ജോലി ചെയ്താല്‍ അര മണിക്കൂറെങ്കിലും വിശ്രമം നല്കണമെന്ന വ്യവസ്ഥയില്‍ ഇളവു വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്കുന്ന 54-ാം വകുപ്പ് സ്ത്രീതൊഴിലാളികളുടെ കാര്യത്തില്‍ ബാധകമല്ല.

രാവിലെ 6 മണിക്കും വൈകീട്ട് 7 മണിക്കും ഇടയ്ക്കല്ലാതെ സ്ത്രീതൊഴിലാളികളെ തൊഴില്‍ ചെയ്യിക്കരുത്. ഇതില്‍ വ്യത്യാസം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെങ്കിലും രാത്രി 10-നും രാവിലെ 5-നും ഇടയില്‍ സ്ത്രീതൊഴിലാളികളെ ജോലിചെയ്യിക്കരുതെന്ന് നിയമം നിഷ്കര്‍ഷിക്കുന്നു.

പുരുഷന്മാരുടെ പ്രവൃത്തിസമയത്തേക്കാള്‍ കുറഞ്ഞ പ്രവൃത്തിസമയം സ്ത്രീകള്‍ക്ക് നിശ്ചയിക്കുന്നതിന് പ്രധാനകാരണം, സ്ത്രീകളുടെ ഗാര്‍ഹികമായ അധികജോലി പരിഗണിച്ചാണ് എന്ന് തൊഴിലിനെ സംബന്ധിച്ച റോയല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജീവനക്കാരുടെ എണ്ണം പര്യാപ്തമാണോ എന്ന് പരിശോധിക്കാതെ രാത്രികാലങ്ങളില്‍ സ്ത്രീകളെ ഫാക്ടറികളില്‍ പണിയെടുപ്പിക്കുന്നത് څഒരു പൊതുനിരോധന ഉത്തരവുچ മൂലം വിലക്കാന്‍ ഇന്‍സ്പെകര്‍ക്ക് അധികാരമില്ലെന്ന് കോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്‍സ്പെക്ടര്‍ക്ക് യുക്തമെന്ന് തോന്നിയാല്‍ മാത്രം ഫാക്ടറി ഉടമയ്ക്ക് വേണമെങ്കില്‍ സ്ത്രീകളെ രാത്രികാലങ്ങളില്‍ ഫാക്ടറിയില്‍ ജോലി ചെയ്യിക്കാന്‍ കഴിയും. മത്സ്യസംസ്കരണ ഫാക്ടറിപോലെ കേടുവരാവുന്ന സാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന ഫാക്ടറികളില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി ഈ വ്യവസ്ഥയ്ക്ക് സംസ്ഥാന സര്‍ക്കാരിന് അയവു വരുത്താവുന്നതാണ്.

രാത്രി പത്തു മണി വരെ സ്ത്രീതൊഴിലാളികളെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന ഒരു ഫാക്ടറിയുടെ അപേക്ഷ 1990 സെപ്ററംബര്‍ 13 ന് സംസ്ഥാനസര്‍ക്കാരിന്‍റെ തൊഴില്‍ പുനരധിവാസ വകുപ്പ് പുറപ്പെടുവിച്ച ഗസററ് വിജ്ഞാപനം അനുവദിച്ചു.

1. രാത്രി 10 മണിക്കും രാവിലെ 5 മണിക്കും ഇടയില്‍ ഒരു സ്ത്രീ തൊഴിലാളിയേയും ജോലി ചെയ്യിപ്പിക്കരുത്.

2. രാത്രി 7 മണിക്ക് ശേഷം ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സൗജന്യ ഗതാഗത സൗകര്യം ഏര്‍പ്പെടുത്തണം.

3. അധികജോലിക്ക് സ്ത്രീകളെ നിയോഗിക്കുന്നതിനു മുമ്പ് അനുമതി വാങ്ങിയിരിക്കണം.

ഈ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് സംസ്ഥാന സര്‍ക്കാര്‍ അനുവാദം വാങ്ങിയത്.

അപകടകരമായ തൊഴിലുകള്‍

ഏതെങ്കിലും തൊഴില്‍ ശാലയിലെ ഉത്പാദനപ്രക്രിയ മൂലം തൊഴിലാളികള്‍ക്ക് സാരമായ ശാരീരികക്ഷതം സംഭവിക്കുകയോ വിഷബാധ, രോഗം എന്നിവ ഉണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാരിന് ബോധ്യപ്പെടുകയോ ചെയ്താല്‍ സ്ത്രീകളും യുവാക്കളും കുട്ടികളും ഇവിടെ പണിയെടുക്കുന്നത് നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാം.

ചില സമയങ്ങളില്‍ സ്ത്രീകളുടെ തൊഴിലോ സ്ത്രീകള്‍ ജോലി ചെയ്യുന്നതോ നിരോധിക്കല്‍ :-

1. ഒരു സ്ത്രീ പ്രസവിച്ച് (ഗര്‍ഭം അലസിയതാണെങ്കിലും ഗര്‍ഭഛിദ്രമാണെങ്കിലും) തുടര്‍ന്നുള്ള 6 ആഴ്ചക്കാലം ഒരു സ്ഥാപനത്തിലെ ഒരു സ്ത്രീയെ അറിഞ്ഞുകൊണ്ട് ഒരു മുതലാളി ജോലിക്ക് നിയമിക്കാന്‍ പാടില്ല.

2. ഒരു സ്ത്രീയും ഒരു സ്ഥാപനത്തിലും പ്രസവശേഷം 6 ആഴ്ചക്കുള്ളില്‍ (ഗര്‍ഭം അലസിയതാണെങ്കിലും ഗര്‍ഭഛിദ്രമാണെങ്കിലും) ജോലി ചെയ്യാന്‍ പാടില്ല.

3. 6-ാം വകുപ്പില്‍ എന്തുതന്നെ പറഞ്ഞിരുന്നാലും ഒരു ഗര്‍ഭിണിയായ സ്ത്രീയും, പ്രത്യേകമായി അവര്‍ അഭ്യര്‍ത്ഥിച്ചാലും, 4-ാം ഉപവകുപ്പില്‍ പറയുന്ന കാലയളവില്‍ പ്രയാസമേറിയതോ കൂടുതല്‍ സമയം നില്‍ക്കേണ്ടിവരുന്നതോ ഗര്‍ഭത്തെ ബാധിക്കുന്നതോ ഭ്രൂണത്തിന്‍റെ വളര്‍ച്ചയെ ബാധിക്കുന്നതോ ഗര്‍ഭം അലസുന്നതിനു കാരണമാകുന്നതോ മററു തരത്തില്‍ അവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതോ ആയ ജോലികള്‍ ചെയ്യുന്നതിന് ഒരു മുതലാളിയും ആവശ്യപ്പെടാന്‍ പാടില്ല.

4. 3-ാം ഉപവകുപ്പില്‍ പറഞ്ഞിരിക്കുന്ന കാലയളവ്

(എ) പ്രസവം നടക്കാന്‍ പോകുന്നതിനു മുമ്പുള്ള 6 ആഴ്ചയ്ക്ക് തൊട്ടു മുമ്പ് വരുന്ന ഒരു മാസവും

ബി) പ്രസ്തുത ആഴ്ചയില്‍ ലഭ്യമായ അവധിയെടുത്ത് 6-ാം വകുപ്പില്‍ പറയും പ്രകാരം ജോലിയില്‍ വരാതിരിക്കാത്ത പക്ഷം പ്രസ്തുത സമയവും ആകുന്നു.

5. പ്രസവാനുകൂല്യ തുകയ്ക്കുള്ള അവകാശം :- 1. ഈ നിയമത്തിന്‍റെ വകുപ്പുകള്‍ക്ക് വിധേയമായി മേല്‍പ്പറഞ്ഞ കാലയളവില്‍ ജോലിക്ക് ഹാജരാകാതിരുന്ന സമയങ്ങളില്‍ കിട്ടേണ്ട ശരാശരി ദിവസ വേതനമനുസരിച്ചുള്ള നിരക്കില്‍ വേതനം പ്രസ്തുത അവധി ദിവസങ്ങളില്‍ കിട്ടുന്നതിന് സ്ത്രീക്ക് അവകാശമുള്ളതും കൊടുക്കുന്നതിന് മുതലാളി ബാധ്യസ്ഥനുമാണ്.

ഒരു സ്ത്രീക്ക് ഏററവും കൂടുതല്‍ 12 ആഴ്ച പ്രസവാനുകൂല്യത്തിന് അവകാശം ഉണ്ടായിരിക്കുന്നതും അതില്‍ 6 ആഴ്ചയില്‍ കൂടാതെയുള്ള സമയം പ്രസവത്തിന് മുമ്പ് ആയിരിക്കേണ്ടതുമാണ്. എന്നാല്‍ ഇക്കാലയളവില്‍ സ്ത്രീ മരിച്ചാല്‍ മരിച്ച ദിവസമുള്‍പ്പെടെ അതുവരെയുള്ള സമയം പ്രസവാനുകൂല്യം നല്‍കേണ്ടതാണ്. എന്നാല്‍ ഒരു സ്ത്രീ പ്രസവസമയമോ കുട്ടിയെ പ്രസവിച്ചതിന് അടുത്ത ദിവസമോ പ്രസവാനുകൂല്യത്തിന് അര്‍ഹതയുള്ള സമയം കുട്ടിയെ ജീവനോടെ വിട്ടിട്ട് മരിച്ചാല്‍ ആ സമയം മുഴുവന്‍ പ്രസവാനുകൂല്യം കൊടുക്കാന്‍ മുതലാളി ബാധ്യസ്ഥനാണ്. എന്നാല്‍ പ്രസ്തുത സമയം എപ്പോഴെങ്കിലും കുട്ടിയും മരിച്ചാല്‍ കുട്ടി മരിച്ച സമയം ഉള്‍പ്പടെയുള്ള സമയം വരെ പ്രസവാനുകൂല്യം നല്‍കേണ്ടതാണ്.

ഒരു സ്ത്രീ മരിക്കുമ്പോള്‍ കൊടുക്കേണ്ട പ്രസവാനുകൂല്യ തുക ഈ നിയമപ്രകാരം പ്രസവാനുകൂല്യത്തിനോ മററ് തുകകള്‍ക്കോ അര്‍ഹതയുള്ള സ്ത്രീ പ്രസ്തുത ആനുകൂല്യങ്ങള്‍ വാങ്ങുന്നതിന് മുമ്പ് മരിച്ചാലോ 5-ാം വകുപ്പ് (3)-ാം ഉപവകുപ്പില്‍ പറയുന്ന പ്രകാരമുള്ള പ്രസവാനുകൂല്യം നല്‍കാന്‍ ഒരു മുതലാളി ബാധ്യസ്ഥനായിത്തീരുകയോ ചെയ്താല്‍ 6-ാം വകുപ്പില്‍ പറയുന്ന നോട്ടീസില്‍ ആ സ്ത്രീ നോമിനി യായി കൊടുത്തിരിക്കുന്ന ആള്‍ക്കോ അപ്രകാരം ആരെയും നോമിനേററ് ചെയ്യുന്നില്ലെങ്കില്‍ അയാളുടെ അനന്തരാവകാശിക്കോ പ്രസ്തുത ആനുകൂല്യം നല്‍കേണ്ടതാണ്.

ചികിത്സാ ആനുകൂല്യം നല്‍കല്‍

ഈ നിയമപ്രകാരം പ്രസവാനുകൂല്യം കിട്ടാന്‍ അര്‍ഹതയുള്ള ഒരു സ്ത്രീക്ക് പ്രസവത്തിന് മുമ്പോ പ്രസവത്തിനുശേഷമോ ഉള്ള ചിക്ത്സാ ആനുകൂല്യം ഒന്നും അവരുടെ മുതലാളി സൗജന്യമായി നല്‍കുന്നില്ലെങ്കില്‍ ചികിത്സാ ആനുകൂല്യമായി 250 രൂപ നല്‍കേണ്ടതാണ്.

ഗര്‍ഭം അലസുമ്പോഴും മററുമുള്ള അവധി

ഗര്‍ഭം അലസുമ്പോഴോ ഗര്‍ഭഛിദ്രം നടത്തുമ്പോഴോ അതിനുശേഷം 6 ആഴ്ചത്തേക്ക് നിര്‍ദ്ദിഷ്ട രീതിയില്‍ തെളിവ് ഹാജരാക്കുന്ന മുറക്ക് പ്രസവാനുകൂല്യത്തിന് നല്‍കുന്ന ശമ്പള നിരക്കിലുള്ള ശമ്പളം സഹിതം അവധി നല്‍കേണ്ടതാണ്.

വന്ധ്യകരണ് ശസ്ത്രക്രിയക്ക് വേണ്ടിയുള്ള വേതനത്തോട് കൂടിയ അവധി :

ഒരു സ്ത്രീ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയയായാല്‍ നിര്‍ദ്ദിഷ്ട രീതിയില്‍ തെളിവ് ഹാജരാക്കുന്നപക്ഷം പ്രസവാനുകൂല്യ നിരക്കില്‍ പ്രസ്തുത ശസ്ത്രക്രിയക്ക് ശേഷം 2 ആഴ്ച വേതനത്തോട് കൂടിയ അവധി ലഭിക്കുന്നതാണ്.

ഗര്‍ഭം, പ്രസവം, അകാലപ്രസവം, ഗര്‍ഭം അലസല്‍, ഔഷധ ഗര്‍ഭഛിദ്രം, വന്ധ്യകരണ ശസ്ത്രക്രിയ മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് അവധി ഒരു സ്ത്രീ ഗര്‍ഭം, പ്രസവം, വളര്‍ച്ചയെത്താത്ത പ്രജയെ പ്രസവിക്കല്‍, ഗര്‍ഭം അലസല്‍, ഔഷധത്താലുള്ള ഗര്‍ഭഛിദ്രം, വന്ധ്യകരണ ശസ്ത്രക്രിയ മുതലായ കാരണങ്ങളാല്‍ ഉണ്ടാകുന്ന രോഗം പിടിപ്പെട്ടാല്‍, തെളിവ് ഹാജരാക്കുന്ന മുറക്ക് 6-ാം വകുപ്പ് പ്രകാരമൊ 9-ാം വകുപ്പ് പ്രകാരമൊ നല്‍കുന്ന പ്രസവാനുകൂല്യങ്ങള്‍ക്ക് പുറമെ ഒരു മാസവും കൂടി വേതനത്തോട് കൂടിയ അവധിക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.

നഴ്സിംഗ് ഒഴിവുകള്‍

ഒരു സ്ത്രീക്ക് പ്രസവം കഴിഞ്ഞ ജോലിക്ക് ഹാജരായി തുടങ്ങുമ്പോള്‍, അവര്‍ക്ക് നല്‍കുന്ന വിശ്രമ സമയം ഒഴികെ ദിവസവും നിര്‍ദ്ദിഷ്ട സമയമുള്ള 2 ഒഴിവുകള്‍ കൂട്ടി 18 മാസം പ്രായമാകുന്നതുവരെ കുട്ടിയെ ശുശ്രൂഷിക്കാന്‍ വേണ്ടി ലഭിക്കുന്നതാണ്.

അവധിയിലിരിക്കുമ്പോഴൊ ഗര്‍ഭാവസ്ഥയിലൊ പിരിച്ചുവിടല്‍ :
ഈ നിയമപ്രകാരം ജോലിയില്‍ നിന്നും അവധിയെടുത്തിരിക്കുന്ന സമയം ഒരു സ്ത്രീയെ അവരുടെ മുതലാളി അവധിയെടുത്തു എന്ന കാരണത്താലൊ അവധിയെടുത്ത സമയത്തൊ പിരിച്ച് വിടുന്നതൊ നീക്കം ചെയ്യുന്നതൊ പിരിച്ചുവിടല്‍ നോട്ടീസ് കാലാവധി അവസാനിക്കുന്നതിന് പ്രസ്തുത അവധി സമയത്തായി വരത്തക്കവണ്ണം നല്‍കുന്നതെങ്കിലോ, പ്രസ്തുത അവധിയുടെ പേരില്‍ അവരുടെ സേവന വ്യവസ്ഥകള്‍ എന്തെങ്കിലും അവര്‍ക്ക് പ്രതികൂലമായി ഭേദഗതി ചെയ്യുന്നതൊ നിയമ വിരുദ്ധമാണ്.

ഒരു സ്ത്രീയെ പിരിച്ചുവിടുന്നതു ഗര്‍ഭാവസ്ഥയിലാണെങ്കില്‍ പ്രസ്തുത പിരിച്ചുവിടല്‍ ഇല്ലാത്ത പക്ഷം പ്രസവാനുകൂല്യത്തിനൊ ചികിത്സാ ബോണസ്സിനൊ 8-ാം വകുപ്പുപ്രകാരം അവര്‍ അര്‍ഹയായിരുന്നാല്‍ പ്രസ്തുത പിരിച്ചുവിടല്‍ പ്രസവാനുകൂല്യമൊ ചികിത്സാനുകൂല്യമൊ എടുത്തുകളയുന്നതല്ല. എന്നാല്‍ പിരിച്ചുവിടല്‍ എന്തെങ്കിലും പെരുമാററദോഷം കൊണ്ടായിരിക്കുകയും മുതലാളി രേഖാമൂലം ഉത്തരവില്‍ പ്രസ്തുത സ്ത്രീയെ അറിയിക്കുകയും ചെയ്തിരുന്നാല്‍ പ്രസവാനുകൂല്യമോ ചികിത്സാനുകൂല്യമോ നഷ്ടമാകുന്നതാണ്.

ഈ നിയമപ്രകാരമുള്ള ഒരു സ്ത്രീയുടെ പ്രസവാനുകൂല്യമോ ചകിത്സാനുകൂല്യമോ, രണ്ടുമോ, എടുത്തുകളഞ്ഞുകൊണ്ടോ അവധി സമയത്തൊ അവധിയെടുത്ത കാരണത്താലൊ പിരിച്ചുവിടല്‍ അറിയിച്ചതൊ ആയ ഉത്തരവില്‍ നിന്നും 60 ദിവസത്തിനുള്ളില്‍ നിര്‍ദ്ദേശിക്കുന്ന അധികാരി മുമ്പാകെ അപ്പീല്‍ ബോധിപ്പിക്കാവുന്നതും അപ്പീല്‍ അധികാരി പ്രസ്തുത അപ്പീലില്‍-ആ സ്ത്രീയുടെ പ്രസവാനുകൂലമോ ചികിത്സാനുകൂല്യമോ ഇവ രണ്ടുമോ നഷ്ടപ്പെടണമെന്നോ നഷ്ടപ്പെടരുതെന്നോ, പിരിച്ചുവിടണമെന്നോ പാടില്ലെന്നൊ ഉത്തരവ് പാസ്സാക്കിയാല്‍ ആ ഉത്തരവ് അന്തിമമായിരിക്കും.

മുതലാളി ഈ നിയമം ലംഘിച്ചാലുള്ള ശിക്ഷ ഈ നിയമപ്രകാരം കിട്ടാന്‍ അര്‍ഹതയുള്ള പ്രസവാനുകൂല്യം ഒരു മുതലാളി ഏതെങ്കിലും സ്ത്രീക്ക് കൊടുക്കുന്നില്ലെങ്കിലോ ഈ നിയമപ്രകാരം അനുവദനീയമായ അവധിയെടുത്തു എന്ന കാരണത്താല്‍ പ്രസ്തുത അവധി സമയം ഒരു സ്ത്രീയെ പിരിച്ചുവിടുകയോ ജോലിയില്‍ നിന്നു നീക്കം ചെയ്യുകയോ ആണെങ്കിലോ 3 മാസത്തില്‍ കുറയാത്തതും ഒരു കൊല്ലം വരെ നീളുന്നതുമായ തടവ്ശിക്ഷയോ, 5000/- രൂപവരെയുള്ള പിഴയോ, രണ്ടുമോ ശിക്ഷ ലഭിക്കുന്നതാണ്. എന്നാല്‍ കോടതിക്ക് കുറഞ്ഞ തടവോ തടവിന് പകരം പിഴയോ ശിക്ഷ നല്‍കാം.

ഈ നിയമത്തിന്‍റേയും ചട്ടങ്ങളുടേയും വകുപ്പുകള്‍ ഏതെങ്കിലും സംഖ്യയൊ, ഈ നിയമപ്രകാരം കൊടുക്കേണ്ടത് കൊടുക്കാതിരുന്നു എന്നാണെങ്കില്‍ പ്രസ്തുത ശിക്ഷയോടൊപ്പം അപ്രകാരം കൊടുക്കേണ്ടതായ സംഖ്യയും പിഴയായി ഈടാക്കി ആ സ്ത്രീക്ക് നല്‍കാവുന്നതാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും