"A space for and about women"
അറിയേണ്ടത്

ജീവനാംശം ലഭിക്കുന്നതിനുള്ള നിയമം



ഉപേക്ഷിക്കപ്പെട്ട ഭാര്യയ്ക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ജീവനാംശം ലഭിക്കുന്നതിനുള്ള നിയമം

സാമൂഹ്യ വ്യവസ്ഥിതിയിലെ അടിസ്ഥാന ഘടകമാണ് കുടുംബം. സമൂഹത്തിന്‍റെ സുസ്ഥിരമായ നിലനില്പിനു കാരണംതന്നെ കെട്ടുറപ്പുള്ള കുടുംബ സംവിധാനങ്ങളും ആരോഗ്യകരമായ കുടുംബബന്ധങ്ങളും ആണ്. കുടുംബപരമായ കര്‍ത്തവ്യങ്ങള്‍ ചെയ്യാന്‍ അനുശാസിക്കുന്ന ക്രിമിനല്‍ നടപടി ക്രമത്തിലെ 125-ാം വകുപ്പ്, പരിത്യക്തരായ ഭാര്യയ്ക്കും അവരുടെ കുട്ടികള്‍ക്കും മക്കളുപേക്ഷിച്ച അച്ഛനമ്മമാര്‍ക്കും സുരക്ഷിതത്വം ഉറപ്പു വരുത്തിയിരിക്കുന്നു. ഭാര്യയ്ക്കും തന്നില്‍ നിന്നു ജനിച്ച മക്കള്‍ക്കും തനിക്ക് ജډം നല്കിയ അച്ഛനമ്മമാര്‍ക്കും ജീവനാംശം നല്‍കുന്നതിനെക്കുറിച്ച് ക്രിമിനല്‍ നടപടി ക്രമങ്ങള്‍ വിശദമായ അനുശാസനങ്ങള്‍ നല്കുന്നുണ്ട്.

നമ്മുടെ നാടിന്‍റെ വ്യവസ്ഥിതിയനുസരിച്ച് വിവാഹിതയായ സ്ത്രീയുടെ സംരക്ഷണം ഭര്‍ത്താവില്‍ നിക്ഷിപ്തമായിരിക്കും. സ്വന്തമായ വരുമാനമാര്‍ഗ്ഗങ്ങളോ തൊഴിലോ ഇല്ലാത്ത ഭര്‍ത്താവിനെയും കുടുംബത്തെയും സംരക്ഷിച്ചു കഴിയുന്ന കുടുംബിനികളുടെ വിവാഹബന്ധത്തിന് ഉലച്ചില്‍ സംഭവിച്ചാല്‍ സ്ത്രീയുടെ ഉപജീവനമാര്‍ഗ്ഗം തടസ്സപ്പെടുന്നു. ഇവിടെ ഉപജീവനമാര്‍ഗ്ഗമില്ലാതെ പരിത്യക്തയാവുന്ന സ്ത്രീക്ക് സംരക്ഷണം നല്കുന്നതിന് ഭര്‍ത്താവിന് ബാദ്ധ്യതയുണ്ടെന്ന് നിയമം അനുശാസിക്കുന്നു. ജീവനാംശത്തിന്‍റെ പേരില്‍ മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവ ഭര്‍ത്താവ് ഭാര്യയ്ക്ക് നല്കേണ്ടിവരുന്നു. കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണെങ്കില്‍ അവര്‍ക്കും മററ് വരുമാനമാര്‍ഗ്ഗമില്ലാത്ത അച്ഛനമ്മമാര്‍ക്കും ജീവനാംശം ലഭിക്കുന്നതിനും നിയമപരിരക്ഷ ഉറപ്പുവരുത്തിയിരിക്കുന്നു.

മതിയായ സാമ്പത്തിക ഭദ്രതയുള്ള ഒരു വ്യക്തി താഴെ പറയുന്നവര്‍ക്ക് ജീവനാംശം നിഷേധിക്കുകയാണെങ്കില്‍ അവര്‍ക്ക് ജീവനാംശം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

1. സ്വന്തം വരുമാനമാര്‍ഗ്ഗമില്ലാത്ത ഭാര്യ
2. നിയമാനുസൃതമായോ അല്ലാതയോ ജനിച്ച പ്രായപൂര്‍ത്തിയാകാത്ത മക്കള്‍
3. കുട്ടികള്‍ പ്രായപൂര്‍ത്തിയായാലും ശാരീരികവും മാനസികവുമായ മററ് വൈകല്യങ്ങള്‍ മൂലം സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയാത്തവര്‍
4. സ്വന്തമായി വരുമാനമാര്‍ഗ്ഗമില്ലാത്ത മാതാപിതാക്കള്‍

പ്രതിമാസം 500 രൂപ വരെ ജീവനാംശമായി ലഭിക്കുന്നതിന് ഇവര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ഈ തുക ഇപ്പോള്‍ വരുമാനമനുസരിച്ച് ഉയര്‍ത്തിയിട്ടുണ്ട്. മൈനറായ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ ജീവനാംശത്തിന് അര്‍ഹതയുണ്ട്.

വിവാഹമോചനം, കോടതി മുഖാന്തിരമുള്ള വേര്‍പെടുത്തല്‍, വിവാഹം അസാധുവാക്കല്‍ ഇവ ഹിന്ദു നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമാകുമ്പോള്‍ രണ്ടു ഘട്ടങ്ങളിലായി ജീവനാംശം നല്‍കാന്‍ വ്യവസ്ഥയുണ്ട്. കേസ് ആരംഭിക്കുമ്പോഴും നിലവിലിരിക്കുമ്പോഴും അവസാനിക്കുമ്പോഴും താല്ക്കാലിക ജീവനാംശവും വ്യവഹാര ചെലവുകളും അനുവദിക്കുന്നു. കേസിന്‍റെ അന്തിമ വിധിയോടെ സ്ഥിരമായ ജീവനാംശം അനുവദിക്കുന്നു.

വിവാഹമോചനം നേടിയ ഭാര്യയ്ക്ക് ശേഷിക്കുന്ന കാലമത്രയും ജീവനാംശം ലഭിക്കുന്നതിനുള്ള അവകാശമുണ്ട്. ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും വരുമാനം കണക്കിലെടുത്താണ് ഇത് നിശ്ചയിക്കുന്നത്. ഭാര്യ പുനര്‍വിവാഹം ചെയ്യുകയോ അപഥത്തിലൂടെ സഞ്ചരിക്കുകയോ ചെയ്താല്‍ ഈ അവകാശം നഷ്ടപ്പെടുന്നു. ഇതിനായി ഭര്‍ത്താവ് നിയമനടപടികളെ സ്വീകരിക്കേണ്ടതായിവരുന്നു. വിവാഹമോചനം നേടിയാലും പുനര്‍വിവാഹം കഴിക്കുന്നതുവരെ സ്ത്രീ ആദ്യ പുരുഷന്‍റെ ഭാര്യയായി തുടരുന്നു എന്നതാണ് സുപ്രീം കോടതിയുടെ തീരുമാനം. അവിഹിത ബന്ധത്തില്‍ പിറക്കുന്ന കുട്ടികള്‍ക്കും പിതാവിന്‍റെ സ്വത്തിനും ജീവാംശത്തിനും അവകാശമുണ്ട്.

വൃദ്ധരായ മാതാപിതാക്കളുടെ അരക്ഷിതാവസ്ഥ ഇന്നത്തെ നമ്മുടെ സമൂഹം നേരിടുന്ന പ്രധാനപ്രശ്നമാണ്. ഇവരെ വിട്ട് സ്വന്തം സുഖം തേടി പോകുന്ന മക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. വൃദ്ധരായ അച്ഛന്‍റേയും അമ്മയുടേയും സംരക്ഷണം മക്കളില്‍ നിക്ഷിപ്തമായിരിക്കുന്നുവെന്നും, ഇവരെ ഉപേക്ഷിച്ച് പോകുന്ന പക്ഷം ഇവര്‍ക്ക് മതിയായ ജീവനാംശം നല്‍കുന്നതിനും ഉള്ള വ്യവസ്ഥ നിയമം അനുശാസിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും