"A space for and about women"
അറിയേണ്ടത്

ഗര്‍ഭച്ഛിദ്ര നിയമം



1971-ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് ഗര്‍ഭച്ഛിദ്രനിയമം അഥവാ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് പാസാക്കി. ഈ നിയമം 1972 ഏപ്രില്‍ മാസം ഒന്നാം തീയതി പ്രാബല്യത്തില്‍ വരുകയും ചെയ്തു.

ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം, ഒരു രെജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ നടത്തുന്ന ഗര്‍ഭഛിദ്രം കുററകരമല്ല. അയാള്‍ ശിക്ഷാര്‍ഹനുമല്ല. കുററ വിമുക്തനാകണമെങ്കില്‍ ഈ നിയമത്തില്‍ പറഞ്ഞിരിക്കുന്ന സാഹചര്യങ്ങളില്‍ മാത്രമേ ഗര്‍ഭഛിദ്രം നടത്തുവാന്‍ പാടുള്ളുവെന്നുമാത്രം. ഈ നിയമപ്രകാരം രെജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ ആയി ജോലിയുള്ള ആര്‍ക്കും 12 ആഴ്ചവരെയുള്ള ഗര്‍ഭം ഛിദ്രം ചെയ്യാവുന്നതാണെന്നതാണ്. 12 ആഴ്ചയ്ക്ക് മേലുള്ള ഗര്‍ഭത്തെ ഛിദ്രം ചെയ്യുവാന്‍ സാധാരണ നിലയില്‍ ഒരു രെജിസ്ട്രേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ക്ക് അധികാരമില്ല.

12 മുതല്‍ 20 ആഴ്ചവരെയുള്ള ഗര്‍ഭം ചില പ്രത്യേക സാഹചര്യങ്ങളില്‍ ഛിദ്രം ചെയ്യാവുന്നതാണ്. ഗര്‍ഭം തുടര്‍ന്നാല്‍ ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന്‍ അപകടത്തിലാവുമെന്ന് ഉത്തമവിശ്വാസമുണ്ടെങ്കിലോ അല്ലെങ്കില്‍ അവളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ അത് ഗുരുതരമായി തകരാറിലാക്കുമെന്ന് ഉത്തമ ബോധ്യമുണ്ടെങ്കിലോ ഇപ്രകാരമുള്ള ഗര്‍ഭഛിദ്രം അനുവദനീയമാണ്. കുഞ്ഞ് ജനിച്ചാല്‍ കുഞ്ഞിന് ശാരീരികമോ മാനസികമോ ആയ അംഗവൈകല്യം സംഭവിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും ഇപ്രകാരമുള്ള ഗര്‍ഭഛിദ്രം അനുവദനീയമാണ്.

ബലാത്സംഗം മൂലമുണ്ടാകുന്ന ഗര്‍ഭം ആ സ്ത്രീയുടെ മാനസികനിലയെ ഗുരുതരമായി മുറിപ്പെടുത്തുന്നതാണ്. അതുകൊണ്ട് തന്നെ ഇപ്രകാരമുള്ള ഗര്‍ഭഛിത്രം ചെയ്യുന്നതിന് നിയമ സാധുതയുണ്ട്. 20 ആഴ്ചവരെ ഉള്ള ഗര്‍ഭത്തെ ഇക്കാരണത്താല്‍ നീക്കം ചെയ്യാവുന്നതാണ്.

ഭാര്യയോ ഭര്‍ത്താവോ സന്താന നിയന്ത്രണത്തിനായി ഉപയോഗിക്കുന്ന ഗര്‍ഭനിരോധന ഉപാധികളുടെ തകരാറു മൂലമോ അല്ലെങ്കില്‍ ഉപയോഗത്തിന്‍റെ തകരാറു മൂലമോ ഭാര്യ ഗര്‍ഭിണിയാകുകയാണെങ്കില്‍ അത് അവരുടെ മാനസികനിലയെ തകരാറിലാക്കുമെന്ന് ഈ നിയമം വ്യക്തമാക്കുന്നു. 20 ആഴ്ചവരെയുള്ള ഗര്‍ഭമാണെങ്കില്‍ കൂടി ഇങ്ങനെ സംഭവിച്ചാല്‍ ഗര്‍ഭഛിദ്രം ചെയ്യാവുന്നതാണ്.

12 മുതല്‍ 20 ആഴ്ചവരെയുള്ള ഗര്‍ഭഛിദ്രം ചെയ്യേണ്ടതിന് കുറഞ്ഞപക്ഷം 2 രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെയെങ്കിലും അഭിപ്രായ സമന്വയത്തിന്‍റെ ആവശ്യകതയുണ്ട്. രണ്ടോ അതിലധികമോ രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ അഭിപ്രായത്തില്‍ ഇപ്രകാരമുള്ള ഗര്‍ഭഛിദ്രം നടത്തേണ്ട സാഹചര്യമുണ്ടെന്ന ഉത്തമ വിശ്വാസമുണ്ടെങ്കില്‍ തീര്‍ച്ചയായും ഗര്‍ഭഛിദ്രം നടത്താവുന്നതാണ്. ഒന്നിലധികം രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ ഈ അവസരത്തില്‍ അഭിപ്രായ സമന്വയത്തില്‍ എത്തിച്ചേര്‍ന്നാല്‍ ഏതെങ്കിലുമൊരു രെജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ക്ക് ഗര്‍ഭഛിദ്രം നടത്താവുന്നതാണ്. ഗര്‍ഭഛിദ്രം നടത്തുന്നതിന് ഒന്നിലധികം രെജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ വേണമെന്നില്ല.

ഗര്‍ഭിണിയായ സ്ത്രീയുടെ അനുവാദമില്ലാതെ യാതൊരു കാരണവശാലും ഗര്‍ഭഛിദ്രം നടത്തുവാന്‍ പാടുള്ളതല്ല. 18 വയസ്സ് പൂര്‍ത്തിയാകാത്ത ഗര്‍ഭിണിയായ സ്ത്രീയുടെ കാര്യത്തില്‍ രക്ഷകര്‍ത്താവിന്‍റെ സമ്മതപ്രകാരമല്ലാതെ ഗര്‍ഭഛിദ്രം നടത്തുവാന്‍ പാടില്ല. രക്ഷകര്‍ത്താവിന്‍റെ സമ്മതം രേഖാമൂലവും ആയിരിക്കണം. 18 വയസ്സിനുമേല്‍ പ്രായമുള്ള മനോരോഗമുള്ള ഗര്‍ഭിണിയായ സ്ത്രീയുടെ കാര്യത്തിലും രക്ഷകര്‍ത്താവിന്‍റെ രേഖാമൂലമുള്ള സമ്മതപ്രകാരമല്ലാതെ ഗര്‍ഭഛിദ്രം നടത്താന്‍ പാടില്ല.

ഗര്‍ഭിണിയായ സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭഛിദ്രം നടത്തുകയാണെങ്കില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 313-ാം വകുപ്പനുസരിച്ച് 10 വര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കുന്നതാണ്. ഗര്‍ഭിണിയായ സ്തീയുടെ സമ്മതമില്ലാതെ നിയമവിരുദ്ധമായി ഗര്‍ഭഛിദ്രം നടത്തുന്നതിന്‍റെ ഫലമായി സ്ത്രീ മരിക്കാന്‍ ഇടയാവുകയാണെങ്കില്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്നതാണ്.

കൊലപാതകത്തിനു ശിക്ഷ ലഭിക്കത്തക്കതരത്തിലുള്ള പ്രവൃത്തികള്‍ ഗര്‍ഭിണിയായ സ്ത്രീയോട് ചെയ്യുകയും ആ പ്രവൃത്തികളുടെ ഫലമായി ജനിക്കാറായ ഗര്‍ഭസ്ഥശിശു മരിക്കാന്‍ ഇടവരുകയും ചെയ്താല്‍ 10 വര്‍ഷം വരെ തടവും കൂടാതെ പിഴയും ശിക്ഷ ലഭിക്കുന്നതാണ്. ഉദാഹരണത്തിന് പ്രസവം അടുത്തിരിക്കുന്ന ഒരു സ്ത്രീയെ ഒരാള്‍ മാരകമായി അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നുവെന്ന് കരുതുക. അടിയുടെയും തൊഴിയുടെയും ഊക്ക് കൊണ്ട് ആ സ്ത്രീ മരിക്കുമെന്ന് അയാള്‍ക്ക് അറിയുകയും ചെയ്യാം. സ്ത്രീ മരിക്കുകയാണെങ്കില്‍ അയാള്‍ കൊലകുററത്തിന് ശിക്ഷാര്‍ഹനാണ്. എന്നാല്‍ സ്ത്രീ മരിക്കുന്നില്ല; മറിച്ച് ഗര്‍ഭസ്ഥശിശു കൊല്ലപ്പെടുന്നു എന്നു കരുതുക. അയാള്‍ക്ക് 10 വര്‍ഷം വരെ തടവും കൂടാതെ പിഴയും ശിക്ഷ ലഭിക്കുന്നതാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും