സമൂഹത്തിന് സ്ത്രീ നല്‍കുന്ന കുടുംബപരവും സാമൂഹികവുമായ മഹത്തായ സംഭാവന സ്ത്രീ-പുരുഷ പദവികളിലെ പാരമ്പര്യ വിവേചനത്തിന്‍റെ തിരസ്കരണം, തുല്യ പൗരാവകാശ സ്ഥാപനം ഇവ മുന്നില്‍കണ്ട് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ 1979 ല്‍ അംഗീകരിച്ചതും 1981 സെപ്ററംബര്‍ 3 ന് നിലവില്‍ വന്നതുമായ പ്രഖ്യാപനമാണ് സ്ത്രീ വിവേചന നിരോധന പ്രഖ്യാപനം.
1. രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന അന്യവത്ക്കരണവും ബഹിഷ്ക്കരണവും സ്ത്രീവിവേചനമായി കരുതാം.
2. സ്ത്രീ-പുരുഷ വിവേചനം തടയാനും തുല്യപദവി ഉറപ്പാക്കാനും ഭരണഘടനാപരവും നിയമപരവും ഭരണപരവും നീതിന്യായ സംവിധാനം ഉപയോഗിച്ചുള്ളതുമായ നടപടികള്‍ സ്വീകരിക്കുക. വിവേചനപരമായി സ്ത്രീകള്‍ക്കെതിരെ ഉപയോഗിക്കുന്ന നിയമ വ്യവസ്ഥകള്‍ റദ്ദ് ചെയ്യുക.
3. മൗലിക സ്വാതന്ത്ര്യവും പൗരാവകാശവും തുല്യമായി ഉറപ്പാക്കുകയും പുരുഷന് അനുകൂലമായ മുന്‍ വിധികള്‍ അസാധുവാക്കുകയും ചെയ്യുക.
4. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങള്‍ അവസാനിപ്പിക്കുക.
5. പൊതു-രാഷ്ട്രീയ-ജനാധിപത്യ നയ തീരുമാനവേദികളിലും പദവികളിലും സ്ത്രീ പങ്കാളിത്തം സ്ഥാപിക്കുക.
6. പൗരത്വം, രക്ഷാകര്‍തൃത്വം, ദത്തെടുക്കല്‍, സ്വത്ത് അവകാശം, വ്യക്തിഗത അവകാശം മുതലായവയില്‍ തുല്യത ഉറപ്പുവരുത്തുക.
7. വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യ-ആതുര സേവനരംഗം, തൊഴില്‍ ലഭ്യത, വേതന ലഭ്യത, ആനുകൂല്യങ്ങള്‍ എന്നിവയില്‍ തുല്യതയ്ക്കൊപ്പം സ്ത്രീക്ക് പ്രത്യേക പരിഗണനയും ലഭ്യമാക്കുക.
8. നിയമത്തിന്‍റെ മുമ്പിലും നിയമ പരിരക്ഷയിലും സ്ത്രീപുരുഷതുല്യത പാലിക്കുക.
9. സ്ത്രീകളെ തട്ടികൊണ്ടുപോവുക, അന്യായ തടങ്കലില്‍ വയ്ക്കുക, ദുരുദ്ദേശപരമായി വിനിയോഗിക്കുക മുതലായ പ്രവര്‍ത്തികള്‍ ശക്തമായി നിയന്ത്രിക്കുക.
10. വനിതാവകാശ സംരക്ഷയ്ക്കായി പ്രത്യേകപരിപാടികളും പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കുക.