"A space for and about women"
അറിയേണ്ടത്

സ്ത്രീകളെ അറസ്ററ് ചെയ്യല്‍



സ്ത്രീകളെ അറസ്ററുചെയ്യേണ്ട അവസരങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അറസ്ററു ചെയ്യുമ്പോള്‍ മര്യാദയോടെ സ്ത്രീകളുടെ മാന്യത കണക്കിലെടുക്കേണ്ടത് പോലീസുദ്യോഗസ്ഥന്‍റെ കടമയാണ്.

അസിസ്ററന്‍റ് സബ് ഇന്‍സ്പെക്ടറുടെ പദവിക്ക് താഴെയല്ലാത്ത പോലീസുദ്യോഗസ്ഥന് വാറണ്ടോടുകൂടിയോ വാറണ്ടില്ലാതെയോ സ്ത്രീകളെ അറസ്റ്റ് ചെയ്യാവുന്നതാണ്. ഈ പദവിയുള്ള പോലീസുദ്യോഗസ്ഥന്‍ സ്ഥലത്തില്ലാത്ത സന്ദര്‍ഭത്തില്‍ അറസ്റ്റുചെയ്യേണ്ടത് അനിവാര്യവുമാണെങ്കില്‍ ഒരു ഹെഡ്കോണ്‍സ്റ്റബിളിന് അറസ്റ്റു നടത്താവുന്നതാണ്. അറസ്റ്റ് നടത്തേണ്ടത് ബന്ധുക്കളായ മുതിര്‍ന്ന പുരുഷന്മാരുടേയോ ഉത്തരവാദപ്പെട്ട ഗ്രാമ/നഗര ഉദ്യോഗസ്ഥരുടേയോ സാന്നിദ്ധ്യത്തില്‍ ആയിരിക്കണം. സ്ത്രീകളെ അറസ്റ്റുചെയ്താല്‍ ഉടന്‍തന്നെ ആ വിവരം ബന്ധപ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്. സ്ത്രീകളെ അറസ്റ്റു ചെയ്യുന്നത് ഹെഡ് കോണ്‍സ്റ്റബിള്‍ ആണെങ്കില്‍ റിപ്പോര്‍ട്ടില്‍ അയാള്‍ അറസ്റ്റുചെയ്യാനുണ്ടായ കാരണം കൂടി കാണിക്കേണ്ടതാണ്.

അറസ്റ്റുചെയ്യപ്പെട്ട സ്ത്രീയുടെ ദേഹപരിശോധന നടത്തേണ്ട ആവശ്യമുണ്ടെങ്കില്‍ അവളുടെ മാന്യതയ്ക്ക് യാതൊരു കോട്ടവും വരാത്തവിധത്തില്‍ മറെറാരു സ്ത്രീ തന്നെയായിരിക്കണം ദേഹപരിശോധന നടത്തേണ്ടത്. മെഡിക്കല്‍ പരിശോധന നടത്തേണ്ട ആവശ്യമുണ്ടെങ്കില്‍ ഒരു വനിതാ ഡോക്ടര്‍ അല്ലെങ്കില്‍ വനിതാ ഡോക്ടറുടെ മേല്‍നോട്ടത്തിലായിരിക്കണം പരിശോധന നടത്തേണ്ടത്.

അറസ്റ്റുചെയ്യുമ്പോള്‍ പാലിക്കേണ്ട സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വ്യക്തികളെ അറസ്റ്റുചെയ്യുമ്പോഴും തടവില്‍ പാര്‍പ്പിക്കുമ്പോഴും പോലീസ് ഉദ്യോഗസ്ഥര്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

1. അറസ്റ്റുചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പേരും സ്ഥാനപ്പേരും ഉള്‍പ്പടെ തിരിച്ചറിയല്‍ കാര്‍ഡ് മററുള്ളവര്‍ കാണത്തക്കവിധത്തില്‍ ധരിക്കേണ്ടതാണ്.

2. അറസ്റ്റുചെയ്യുന്ന സമയം തന്നെ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റ്മെമ്മോ തയ്യാറാക്കി അറസ്റ്റു ചെയ്യപ്പെടുന്ന വ്യക്തിയുടെ കുടുംബാംഗത്തെക്കൊണ്ടോ അല്ലെങ്കില്‍ ആ സ്ഥലത്തെ മാന്യനായ ഒരു വ്യക്തിയെകൊണ്ടോ സാക്ഷ്യപ്പെടുത്തേണ്ടതും അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി അതില്‍ സമ്മതിച്ച് ഒപ്പുവെയ്ക്കേണ്ടതുമാണ്. അറസ്റ്റ് ചെയ്യപ്പെടുന്ന തീയതിയും സമയവും കാണിക്കേണ്ടതാണ്.

3. അറസ്റ്റുചെയ്യപ്പെട്ട വ്യക്തിക്ക് എത്രയുംപെട്ടന്നുതന്നെ അടുത്ത സുഹൃത്തിനെയോ ബന്ധുവിനെയോ അറസ്റ്റിനെക്കുറിച്ചും തടങ്കലില്‍ കിടക്കുന്ന സ്ഥലത്തെക്കുറിച്ചും അറിയിക്കുവാനുള്ള അവകാശമുണ്ട്.

4. അറസ്റ്റുചെയ്യപ്പെട്ട വ്യക്തിയുടെ സുഹൃത്തോ ബന്ധുവോ മറെറാരു ജില്ലയിലോ നഗരത്തിലോ ആണെങ്കില്‍ അറസ്റ്റ് നടന്ന സ്ഥലവും സമയവും തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലവും പോലീസ് ഉദ്യോഗസ്ഥന്‍ ടെലഗ്രാം മുഖേന ജില്ലാ നിയമസഹായ സംഘടന വഴിയും പോലീസ് സ്റ്റേഷന്‍ വഴിയും അറിയിക്കേണ്ടതാണ്.

5. അറസ്റ്റു ചെയ്യപ്പെട്ട വ്യക്തിയെ ഇപ്രകാരം ആരെയെങ്കിലും അറിയിക്കുവാനുള്ള അവകാശത്തെക്കുറിച്ച് ബോധ്യപ്പെടുത്തേണ്ടതാണ്.

6. തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന ഡയറിയില്‍ അറസ്റ്റിനെക്കുറിച്ചും വിവരം അറിയിക്കപ്പെട്ട ബന്ധുവിന്‍റെയോ സുഹൃത്തിന്‍റേയോ പേരും കസ്റ്റഡിയിലെടുത്ത പോലീസ് ഉദ്യോഗസ്ഥന്‍റെ പേരുവിവരവും ചേര്‍ക്കേണ്ടതാണ്.

7. അറസ്റ്റുചെയ്യപ്പെടുന്ന ആള്‍ ദേഹത്തുള്ള ചെറുതും വലുതുമായ മുറിവുകള്‍ അറസ്റ്റ് ചെയ്യപ്പെടുന്ന സമയം പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന പക്ഷം അങ്ങനെ ചെയ്യേണ്ടതും അവ ആ സമയം തന്നെ റെക്കോര്‍ഡ് ചെയ്യേണ്ടതുമാണ്.

8. കസ്ററഡിയിലായിരിക്കുന്ന വ്യക്തിയെ ഓരോ 48 മണിക്കൂറിനുള്ളിലും ഹെല്‍ത്ത് സര്‍വ്വീസസ് ഡയറക്ടര്‍ ഇതിലേയ്ക്കായി അംഗീകാരം നല്‍കിയിട്ടുള്ള ഡോക്ടര്‍ പരിശോധന നടത്തേണ്ടതാണ്.

9. അറസ്റ്റു മെമ്മോ ഉള്‍പ്പെടെ അറസ്റ്റിനെക്കുറിച്ചുള്ള എല്ലാ രേഖകളും സ്ഥലത്തെ മജിസ്ട്രേററിന് റെക്കോര്‍ഡ് ചെയ്യുന്നതിലേയ്ക്കായി അയച്ചുകൊടുക്കേണ്ടതാണ്.

10. അറസ്റ്റു ചെയ്യപ്പെട്ട വ്യക്തിക്ക് ചോദ്യം ചെയ്യല്‍ നടക്കുന്ന അവസരങ്ങളില്‍, ചോദ്യം ചെയ്യലിലുടനീളമല്ലെങ്കില്‍ കൂടി, സ്വന്തം വക്കീലിനെ കാണാവുന്നതാണ്.

11. എല്ലാ ജില്ലാ ഹെഡ് ക്വോര്‍ട്ടേഴ്സിലും ഓരോ പോലീസ് കണ്‍ട്രോള്‍ റൂം തുറക്കുകയും അവിടെ അറസ്റ്റിനെക്കുറിച്ചും കസ്റ്റഡിയില്‍ വെച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ചുമുള്ള വിവരം അറസ്റ്റു ചെയ്ത പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റു നടന്ന് 12 മണിക്കൂറിനുള്ളില്‍ അറിയിക്കേണ്ടതുമാണ്. കണ്‍ട്രോള്‍ റൂമില്‍ എല്ലാ ആള്‍ക്കാരും കാണത്തക്കരീതിയില്‍ ആ വിവരം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.

ഒരു വ്യക്തിയെ അറസ്റ്റു ചെയ്യുമ്പോള്‍ സുപ്രീംകോടതിയുടെ ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത പോലീസുദ്യോഗസ്ഥന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ശിക്ഷയ്ക്ക് വിധേയനാകുന്നതിന് പുറമെ കോടതിയെ ധിക്കരിച്ചതിനും കുററക്കാരനായിരിക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും