"A space for and about women"
അറിയേണ്ടത്

കേരള പഞ്ചായത്തിരാജ് നിയമം: സംവരണ വ്യവസ്ഥയും വനിതാ പ്രാതിനിധ്യവും



പൊതുജന പങ്കാളിത്തവും ഭരണത്തില്‍ അര്‍ഹമായ പ്രാതിനിധ്യവും സാമൂഹ്യനീതിയും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി വനിതകള്‍ക്കും പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കും ഗ്രാമ/ബ്ലോക്ക്/ജില്ല പഞ്ചായത്തുകളില്‍ പ്രത്യേകമായ സംവരണം വ്യവസ്ഥ ചെയ്തിട്ടുണ്ട്. വനിതകള്‍ക്കായി ഒരു ഗ്രാമപഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണത്തിന്‍റെ മൂന്നിലൊന്ന് സംവരണം ചെയ്തിരിക്കുന്നു. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകള്‍ക്കായി സംവരണം ചെയ്ത സ്ഥാനങ്ങളും ഇതില്‍ ഉള്‍പ്പെടും.

സംസ്ഥാനത്തുള്ള ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളിലെ ആകെയുള്ള പ്രസിഡന്‍റുമാരുടെ ഒദ്യോഗിക സ്ഥാനങ്ങളില്‍ മൂന്നിലൊന്ന് വനിതകള്‍ക്കായി സംവരണം ചെയ്യേണ്ടതാണ്.

ത്രിതല പഞ്ചായത്തുകളുടെ ചുമതലകള്‍

സമൂഹത്തിലെ അശരണരും അനാഥരും ആലംബഹീനരുമായ സ്ത്രീകളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും അബലാമന്ദിരങ്ങള്‍ സ്ഥാപിക്കുക, സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യപരിപാലനത്തിനുവേണ്ട ബോധവത്ക്കരണ പരിപാടികള്‍ നടപ്പിലാക്കുക, മഹിളാ സമാജങ്ങളെ പ്രോത്സാഹിപ്പിക്കുക, അംഗവൈകല്യമുള്ള കുട്ടികള്‍ക്കായി കെയര്‍ഹോമുകള്‍ സ്ഥാപിക്കുക, ദുര്‍ബല വിഭാഗങ്ങളില്‍ പെടുന്ന കുട്ടികള്‍ക്കായി ഡേ കെയര്‍ കേന്ദ്രങ്ങള്‍ നടത്തുക, അഗതി മന്ദിരങ്ങളും യാചകമന്ദിരങ്ങളും നടത്തുക, വൃദ്ധസദനങ്ങള്‍ നടത്തുക, അംഗവൈകല്യം വന്നവര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള ഭവനങ്ങള്‍ നിര്‍മ്മിക്കുക എന്നിവ ബ്ലോക്ക് പഞ്ചായത്തുകളുടെ ചുമതലയാണ്.

വനിതകള്‍ക്ക് നിയമസംരക്ഷണം നല്‍കുന്ന പദ്ധതികളെ സംബന്ധിച്ച ബോധവത്ക്കരണ പരിപാടികള്‍ നടപ്പിലാക്കുക, വനിതകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുക, ശിശുക്ഷേമ പ്രോജക്ടുകളെ നിയന്ത്രിക്കുക തുടങ്ങിയവ ജില്ലാപഞ്ചായത്തിന്‍റെ ചുമതലകളില്‍ പെടുന്നവയാണ്.

വനിതാ സംവരണം മുനിസിപ്പാലിററിയില്‍

മുനിസിപ്പാലിററിയില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ട എല്ലാ സ്ഥാനങ്ങളിലേക്കും മൂന്നിലൊരു ഭാഗത്തില്‍ കുറയാതെയുള്ള സീററുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. വനിതാ സംവരണത്തെക്കുറിച്ചുള്ള നിബന്ധനകള്‍ മുനിസിപ്പാലിററി ആക്ട് 6(7) വകുപ്പുകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. മുനിസിപ്പാലിററി വിവിധ വാര്‍ഡുകളിലേക്ക് ആവര്‍ത്തന ക്രമമനുസരിച്ചാണ് വനിതാസംവരണ സീററുകള്‍ വീതിച്ചു നല്‍കുന്നത്. ഏത് വാര്‍ഡിലേക്കാണ് വനിതാ സംവരണ സീററുകള്‍ നല്‍കേണ്ടതെന്ന് തീരുമാനിക്കുന്നത് നറുക്കെടുപ്പിലൂടെയാണ്.

പട്ടിക ജാതി / പട്ടിക വര്‍ഗ്ഗ വനിതകള്‍ക്ക് സംവരണം

മുനിസിപ്പാലിററിയില്‍ നിശ്ചിത സ്ഥാനങ്ങളില്‍ പട്ടിക ജാതി/പട്ടിക വര്‍ഗ്ഗത്തില്‍പ്പെടുന്ന വനിതകള്‍ക്കും സംവരണം നല്‍കുവാന്‍ മുനിസിപ്പാലിററി ആക്ടിലെ 6 (6) വകുപ്പില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീററില്‍ നിന്നുമാണ് പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വനിതകള്‍ക്ക് സീററ് നല്‍കേണ്ടത്. സംവരണം ചെയ്തിട്ടുള്ള സീററുകളില്‍നിന്ന് മൂന്നിലൊന്നില്‍ കുറയാത്ത സ്ഥാനങ്ങള്‍ പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വനിതകള്‍ക്കായി സംവരണം ചെയ്യണമെന്നാണ് മുനിസിപ്പാലിററി ആക്ട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ സംവരണം ചെയ്യാത്ത ഏത് സ്ഥാനത്തേക്കും പട്ടിക ജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്കും വനിതകള്‍ക്കും സ്ഥാനാര്‍ത്ഥികളാകാം. അതിനു സംവരണം തടസ്സമായിരിക്കുകയില്ല. എന്നാല്‍ സംവരണം ചെയ്യപ്പെട്ടവര്‍ക്കു മാത്രമേ സംവരണ സീററുകളില്‍ സ്ഥാനാര്‍ത്ഥികളാകാന്‍ പററുകയുള്ളു.

ചെയര്‍ പെഴ്സണ്‍ തിരഞ്ഞെടുപ്പിലും സംവരണം പാലിക്കണം

ചെയര്‍ പെഴ്സന്‍റെ തിരഞ്ഞെടുപ്പിലും വനിതകള്‍ക്കും പട്ടിക ജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്കും പട്ടികജാതി/പട്ടിക വര്‍ഗ്ഗ വനിതകള്‍ക്കും സംവരണം നല്‍കുവാന്‍ മുനിസിപ്പാലിററി ആക്ടിന്‍റെ പത്താം വകുപ്പില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ടൗണ്‍ പഞ്ചായത്തിലും മുനിസിപ്പല്‍ കൗണ്‍സിലിലും കോര്‍പ്പറേഷനിലും ആകെയുള്ള ചെയര്‍ പെഴ്സണ്‍മാരുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ മൂന്നില്‍ ഒന്നില്‍ കുറയാതെയുള്ള സ്ഥാനങ്ങളാണ് സ്ത്രീകള്‍ക്കായി സംവരണം ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വനിതാ സമ്മതിദായകര്‍ക്ക് വോട്ടുചെയ്യുവാന്‍ പ്രത്യേക സൗകര്യം

പോളിംഗ് സ്റ്റേഷനുകളില്‍ വനിതകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് 1955 ലെ കേരള മുനിസിപ്പാലിററി തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടു രേഖപ്പെടുത്താന്‍ എത്തുന്ന വനിതകളെ സഹായിക്കാന്‍ ഒരു പരിചാരികയെ നിയോഗിക്കാം. ഈ ആവശ്യത്തിനായി പ്രിസൈഡിംഗ് ഓഫീസറെ/വരണാധികാരിയെ ഈ ചട്ടം ചുമതലപ്പെടുത്തുന്നു. കൂടാതെ ഏതെങ്കിലും വനിതാസമ്മതിദായകരെ പരിശോധിക്കേണ്ടത് ആവശ്യമായി വരുമ്പോള്‍ അതിനായി ഒരു സ്ത്രീയെ നിയോഗിക്കാവുന്നതാണ്.

സ്ത്രീകള്‍ക്ക് പ്രത്യേക സുരക്ഷ

സ്ത്രീകളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന ഒരു നടപടികയും മുനിസിപ്പാലിററിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുവാന്‍ പാടില്ല. മുനിസിപ്പാലിററിയുടെ ഏതെങ്കിലും നടപടികളുടെ ഭാഗമായി സ്ത്രീകള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ കയറേണ്ടി വരുമ്പോള്‍ മുനിസിപ്പാലിററി സെക്രട്ടറി അവര്‍ക്ക് മുന്നറിയിപ്പ് നല്‍കണം. സ്ത്രീകള്‍ക്ക് അവരുടെ സ്വകാര്യത പാലിക്കുന്നതിനായി പരിസരത്തിന്‍റെ ഏതെങ്കിലും ഭാഗത്തേക്ക് സൗകര്യമായി മാററുന്നതിന് ആവശ്യമായ സമയം നല്‍കണം. നോട്ടീസില്‍ ഇക്കാര്യം നിര്‍ദ്ദേശിച്ചിരിക്കണം. കൂടാതെ അവിടെ താമസിക്കുന്നവരുടെ സാമൂഹികവും മതപരവുമായ കീഴ്വഴക്കങ്ങള്‍ സെക്രട്ടറി പരിഗണിക്കുകയും വേണം. സ്ത്രീകള്‍ക്ക് അവരുടെ സ്വകാര്യത പാലിക്കുവാന്‍ വേണ്ട ശക്തമായ സംരക്ഷണമാണ് മുനിസിപ്പാലിററി ആക്ട് നല്‍കിയിരിക്കുന്നത്. നോട്ടീസ് കൂടാതെ പ്രവേശിക്കാന്‍ അനുവാദമുള്ള സംഗതിയില്‍പോലും സ്ത്രീകള്‍ താമസിക്കുന്ന വീടുകളില്‍ കയറുന്നതിനു മുമ്പായി അനിവാര്യമായി നോട്ടീസ് നല്‍കിയിരിക്കണമെന്ന് മുനിസിപ്പാലിററി ആക്ടിന്‍റെ 523(ബി) വകുപ്പില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും