സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീകള്‍ 'പിങ്ക് പട്രോള്‍' സുരക്ഷാവലയത്തില്‍

വിമെന്‍പോയിന്‍റ് ടീം

സ്ത്രീകള്‍ക്ക് സുരക്ഷയുമായി ഇനി പിങ്ക് പട്രോള്‍.പൂവാലന്മാരെയും സ്ത്രീകളെ ശല്യംചെയ്യുന്നവരെയും വലയിലാക്കാന്‍ പിങ്ക് പൊലീസ് പട്രോള്‍ നഗരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ ദര്‍ബാര്‍ഹാള്‍ ഗ്രൌണ്ടില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 

പിങ്ക് പട്രോള്‍ പൊലീസിന്റെ നാല് വാഹനങ്ങളാണ് എറണാകുളം, തൃക്കാക്കര, ഫോര്‍ട്ട്കൊച്ചി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലായി വിന്യസിക്കുന്നത്. ഓരോ വാഹനത്തിലും ഒരു ഡ്രൈവര്‍, രണ്ട് വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍, ഒരു ഓഫീസര്‍ എന്നിവരുണ്ടാകും. വാഹനങ്ങളുടെ മുന്‍വശത്തും പിന്‍വശത്തുമുള്ള ദൃശ്യങ്ങള്‍ കാണാന്‍ സഹായിക്കുന്ന ക്യാമറ, ജിപിഎസ് സംവിധാനം, വയര്‍ലസ്സെറ്റ് തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി. 

രാവിലെ എട്ടുമുതല്‍ രണ്ടുവരെയും പകല്‍ രണ്ടുമുതല്‍ രാത്രി എട്ടുവരെയുമുള്ള രണ്ട് ഷിഫ്റ്റുണ്ട്. 1515 എന്ന ടോള്‍ ഫ്രീ നമ്പറിലും 7559899100 എന്ന വാട്സ് ആപ് നമ്പറിലും സേവനത്തിന് ബന്ധപ്പെടാം. ജില്ലാ പൊലീസ്മേധാവിയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തനം. പിങ്ക് പൊലീസ് പട്രോളിനൊപ്പം നിലവില്‍ സ്ത്രീസുരക്ഷയ്ക്കായുള്ള പൊലീസ് സംവിധാനങ്ങളും മുടക്കമില്ലാതെ പ്രവര്‍ത്തിക്കും. വനിതാ ഹെല്‍പ്പ്ലൈനായ 1091, പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 100 എന്നിവയിലും സഹായം ലഭ്യമാവും. 

ദര്‍ബാള്‍ഹാള്‍ ഗ്രൌണ്ടില്‍ നടന്ന പരിപാടിയില്‍ എഡിജിപി ബി സന്ധ്യ വാഹനങ്ങളുടെ ഫ്ളാഗ്ഓഫ് നിര്‍വഹിച്ചു. കൊച്ചി സിറ്റി പൊലീസ് നിര്‍മിച്ച ഹ്രസ്വചിത്രം കാവലാള്‍ മേയര്‍ സൌമിനി ജയിന്‍ സ്വിച്ച്ഓണ്‍ ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ്, എറണാകുളം റേഞ്ച് ഐജി എസ് ശ്രീജിത്, കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ എം പി ദിനേശ്, അസി. സിറ്റി പൊലീസ് കമീഷണര്‍ ഡോ. അരുള്‍ ആര്‍ ബി കൃഷ്ണ, സിഐ എ അനന്തലാല്‍, സിനിമാതാരങ്ങളായ ഷീല, രഞ്ജിനി, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടാനി തോമസ്, ഡോ. സജിമോള്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

പിങ്ക് പൊലീസ് പട്രോള്‍ സേവനം ലഭ്യമാവുന്ന പ്രദേശങ്ങള്‍

എറണാകുളം: ഹൈക്കോടതി ജങ്ഷന്‍, മേനക, സെന്റ് തെരേസാസ് കോളേജ്, ബോട്ട്ജെട്ടി, ശിവക്ഷേത്രം, ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജങ്ഷന്‍, സൌത്ത് റെയില്‍വേ സ്റ്റേഷന്‍, പനമ്പിള്ളിനഗര്‍, കടവന്ത്ര ജങ്ഷന്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, രാജാജി ജങ്ഷന്‍, കച്ചേരിപ്പടി, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍, കലൂര്‍ ജങ്ഷന്‍, പാലാരിവട്ടം ജങ്ഷന്‍.

തൃക്കാക്കര: സിവില്‍ സ്റ്റേഷന്‍, സെപ്സ്, ഇന്‍ഫോപാര്‍ക്ക്, ഭാരത് മാതാ കോളേജ്, എന്‍ജിഒ ക്വാര്‍ട്ടേഴ്സ്, കുന്നുംപുറം, വാഴക്കാല, ചെമ്പുമുക്ക്, കുസാറ്റ്, എച്ച്എംടി.

ഫോര്‍ട്ട്കൊച്ചി: കമാലക്കടവ്, ജങ്കാര്‍ ജെട്ടി, കുട്ടികളുടെ പാര്‍ക്ക്, സൌത്ത് ബീച്ച്, കുന്നുംപുറം, അമരാവതി വെളി, കരുവേലിപ്പടി, തോപ്പുംപടി.

തൃപ്പൂണിത്തുറ: ഹില്‍പാലസ്, കരിങ്ങാച്ചിറ, കിഴക്കേക്കോട്ട, പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ്, സ്റ്റാച്യു ജങ്ഷന്‍, പൂര്‍ണത്രയീശ ക്ഷേത്രം, പേട്ട, ചമ്പക്കര, വൈറ്റില ഹബ്, വൈറ്റില ജങ്ഷന്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും