സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ നടപടി എടുക്കുന്നതില്‍ വിട്ടുവീഴ്ച ഇല്ലഃ മുഖ്യമന്ത്രി

വിമെന്‍പോയിന്‍റ് ടീം

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ നടപടി എടുക്കുന്ന കാര്യത്തില്‍  ഒരു വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.വനിത പൊലീസുകാരുടെ പാസ്സിങ്ങ് ഔട്ട് പരേഡില്‍ സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി. 

 പോലീസ് സേനയിലെ വനിതകളുടെ അംഗസംഖ്യ 15 ശതമാനം എങ്കിലുമായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സംസ്ഥാനത്ത് ഒരു വനിതാ ബറ്റാലിയന്‍ സ്ഥാപിക്കുവാന്‍ സംസ്ഥാനസര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 371 വനിതാ കോണ്‍സ്റ്റബിള്‍മാരാണ് ഇന്ന് പരിശീലനം പൂര്‍ത്തിയാക്കി പൊലീസ് സേനയിലേക്കെത്തിയത്.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് പോലീസ് സ്റ്റേഷനുകളില്‍ വനിതാ ഹെല്‍പ്പ് ഡെസ്ക്ക് എന്ന സമ്പ്രദായം കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. . ഈ സമ്പ്രദായം ഫലപ്രദമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. പോലീസെന്ന് കേള്‍ക്കുമ്പോള്‍ ഭയമല്ല സുരക്ഷിതത്വബോധമാണ് ജനങ്ങള്‍ക്ക് ഉണ്ടാകേണ്ടത്. പോലീസ് സ്റ്റേഷനുകള്‍ ജനകീയമാക്കാന്‍ എല്ലാ സ്റ്റേഷനുകളിലും പി.ആര്‍.ഓ.മാരെ നിയമിക്കാന്‍ തീരുമാനിച്ചത് ഇതിന്റെ ഭാഗമായാണ്.

അതേസമയം മികച്ച സേവനം സമൂഹത്തിന് നല്‍കാന്‍ സേനാംഗങ്ങളും പ്രവര്‍ത്തിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തിലും സേവനവേതന വ്യവസ്ഥയുടെ കാര്യത്തിലും പുരോഗതിയുണ്ടായതോടെ പോലീസിന്റെ ജനങ്ങളോടുളള പെരുമാറ്റത്തില്‍ ഗുണപരമായ മാറ്റം ദൃശ്യമാകുന്നുണ്ട്. ഇത് നിലനിര്‍ത്തി ആ ബന്ധം ഒന്നുകൂടി ഊട്ടിയുറപ്പിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ എം.ഫില്‍, എല്‍.എല്‍.ബി, എം.ബി.എ, എം.എഡ്, എം.സി.എ യോഗ്യത നേടിയവരുണ്ട്. ബിരുദാനന്തര ബിരുദം നേടിയ 57 പേരും ബി.റ്റെക് ബിരുദം നേടിയ 4 പേരും പരിശീലനം പൂര്‍ത്തിയാക്കിയവരിലുണ്ട്. നിയമം, ഫോറന്‍സിക് സയന്‍സ്, ഫോറന്‍സിക് മെഡിസിന്‍, ക്രിമിനോളജി, പീനോളജി, വിക്റ്റിമോളജി, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലും അത്യാധുനിക ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുമുളള പരിശീലനവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ സൈബര്‍ ക്രൈം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, മാവോയിസ്റ്റ്-നക്സലൈറ്റ് അതിക്രമങ്ങള്‍, മനുഷ്യക്കടത്ത്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ എന്നിവ തടയുന്നതിനും പ്രത്യേക പരിശീലനം സിദ്ധിച്ചവരാണ് ഈ സേനാംഗങ്ങള്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും