സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നോട്ട് നിരോധനത്തെ പിന്തുണച്ച് ഗീതാ ഗോപിനാഥ്

വിമെന്‍പോയിന്‍റ് ടീം

നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി മോദിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് രംഗത്ത്. പ്രോജക്റ്റ് സിന്‍ഡിക്കേറ്റ് എന്ന മാധ്യമത്തിലെഴുതിയ ലേഖനത്തിലാണ് ഗീതാ ഗോപിനാഥ് നേട്ടുകള്‍ പിന്‍വലിച്ച നടപടിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖരുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും ലോകത്താകെ 500ലേറെ മീഡിയ ഔട്ട്‌ലെറ്റുകളുള്ളതുമായ മാധ്യമമാണ് പ്രോജക്റ്റ് സിന്‍ഡിക്കേറ്റ്. നോട്ട് അസാധുവാക്കല്‍ ധീരമായ തീരുമാനമാണെന്ന് അഭിപ്രായപ്പെട്ട അവര്‍ സാധാരണക്കാര്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കുന്നു. 

500, 1000 നോട്ടുകള്‍ പിന്‍വലിച്ച നടപടി രാജ്യത്തെ 85 ശതമാനത്തോളം പണമിടപാടുകളെ ബാധിച്ചെങ്കിലും ഇത് മോദിയുടെ ഇതുവരെയുള്ള ഏറ്റവും ധീരമായ സാമ്പത്തിക നയ ഇടപെടലാണെന്നും ഗീത ഗോപിനാഥ് പറയുന്നു. ഈ ധീരമായ നടപടിക്ക് പിന്നിലെ സാമ്പത്തിക യുക്തി വിമര്‍ശനങ്ങള്‍ക്കതീതമാണ്. തിടുക്കപ്പെട്ടുള്ള പിന്‍വലിക്കലിന് പകരം, സമയമെടുത്തുള്ള ധനകാര്യ ഇടപെടല്‍ ആയിരുന്നെങ്കില്‍ ഇത്രയും പരിഭ്രാന്തിയും രോഷവും ഉണ്ടാകില്ലായിരുന്നെന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. നികുതിവെട്ടിപ്പും അഴിമതിയും വ്യാജ നോട്ടുമായി ബന്ധപ്പെട്ട കള്ളപ്പണത്തെയാണ് മോദി ഉന്നം വെച്ചിരിക്കുന്നത്. ലഹരി കടത്തുകാരെയും കള്ളക്കടത്തുകാരെയും തീവ്രവാദികളെയുമാണ് ഈ നടപടി ബാധിക്കുകയെന്നും ഗീതാ ഗോപിനാഥ് ലേഖനത്തില്‍ പറയുന്നു.

നികുതി വെട്ടിപ്പുകാരെയും കള്ളപ്പണക്കാരെയും കുടുക്കുന്ന ഈ തീരുമാനത്തെ ശമ്പളം പറ്റുന്ന നികുതിദായകരും പാവപ്പെട്ടവരും ആദ്യം സ്വീകരിച്ചെങ്കിലും ഈ ആവേശം ക്രമേണ നിലയ്ക്കുന്നതാണ് കണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ നോട്ടുകളുടെ അഭാവമാണ് ജനങ്ങള്‍ സര്‍ക്കാരിനെതിരെ തിരിയാന്‍ കാരണമായത്. ഇന്ത്യയിലെ വാണിജ്യമേഖല പ്രധാനമായും കറന്‍സി വിനിമയത്തിലധിഷ്ഠിതായതുകൊണ്ട് അനൗപചാരിക സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും ചെറുകിട വ്യവസായങ്ങളെയും പണത്തിന്റെ ലഭ്യത ദോഷകരമായി ബാധിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തില്‍ കേരളം കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയും സഹകരണ പ്രതിസന്ധിയില്‍ കേരളം കേന്ദ്ര സര്‍ക്കാരിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയും റിസര്‍വ്വ് ബാങ്കിന് മുമ്പില്‍ സത്യാഗ്രഹമിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് മോദിയുടെ തീരുമാനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
നേരത്തെ ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചപ്പോള്‍തന്നെ മോദിയെ പിന്തുണയ്ക്കുന്ന ആളാണെന്ന ആരോപണം ഉണ്ടായിരുന്നു. മോദിയുടെ സാമ്പത്തിക നയങ്ങളെ വാഴ്ത്തുന്ന ആളെന്നതായിരുന്നു ഗീതാ ഗോപിനാഥിനെ വിമര്‍ശിച്ചവരുടെ പ്രധാന ആരോപണം. ഈ ആരോപണം ശരിയാണെന്ന് തെളിയിക്കുന്നതാണ് പുതിയ ലേഖനം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും