സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇഎംഎസിനെ അട്ടിമറിക്കാന്‍ ഇന്ദിരാ ഗാന്ധി ജാതിക്കോമരങ്ങളെ കൂട്ടുപിടിച്ചുഃ സ്വീഡിഷ് എഴുത്തുകാരന്‍

വിമെന്‍പോയിന്‍റ് ടീം

ഇഎംഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ദിരാ ഗാന്ധി കേരളത്തിലെ ജാതികോമരങ്ങളെ ഉപയോഗിച്ചെന്ന് വെളിപ്പെടുത്തല്‍. 1959ല്‍ കോണ്‍ഗ്രസ് അധ്യക്ഷയായിരിക്കെയാണ് ഇന്ദിരയുടെ ഈ നീക്കമെന്നും ഫിറോസ് ഗാന്ധിയെ കുറിച്ചുള്ള പുസ്തകം അവകാശപ്പെടുന്നു. സ്വീഡിഷ് എഴുത്തുകാരനായ ബെര്‍ടില്‍ ഫോക്കിന്റെ ‘ഫിറോസ്, ദ് ഫോര്‍ഗോട്ടണ്‍ ഗാന്ധി' എന്ന പുസ്തകത്തിലാണ് ലോകത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിക്കാന്‍ ഇന്ദിര നടത്തിയ നീക്കങ്ങളെ കുറിച്ച് പറയുന്നത്.
പിതാവും പ്രധാനമന്ത്രിയുമായിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റുവിന് കമ്യൂണിസ്റ്റ് ഭരണത്തെ താഴെ ഇറക്കാന്‍ മനസ്സില്ലായിരുന്നു. കേരളത്തിലെ ജാതീയ ഹിന്ദുക്കളെ ഉപയോഗിക്കാനുള്ള ഇന്ദിരയുടെ നീക്കത്തെ ഭര്‍ത്താവ് ഫിറോസ് ഗാന്ധിയും എതിര്‍ത്തിരുന്നു. എന്നാല്‍ ഇന്ദിര ഡല്‍ഹിയിലിരുന്ന് കേരളത്തിലെ രാഷ്ട്രീയ അസ്വാസ്ഥ്യത്തിന് കോപ്പുകൂട്ടി. കേരളത്തിലെ തന്റെ അടുപ്പക്കാരായ കോണ്‍ഗ്രസ് നേതാക്കളെ ഉപയോഗിച്ചായിരുന്നു ഇത്. വര്‍ഗീയത പുലര്‍ത്തിയിരുന്ന ഹിന്ദുക്കളെയും മുസ്ലിം ലീഗിനെയും കൂട്ടി ഇന്ദിര തന്റെ പദ്ധതി നടപ്പാക്കിയെന്നും പുസ്തകം പറയുന്നു. ഇഎംഎസ് സര്‍ക്കാരിനെ അട്ടിമറിച്ചതിനെ കുറിച്ച് പറയാന്‍ 'അപ്ഹീവല്‍ ഇന്‍ കേരള' എന്ന അധ്യായം തന്നെ പുസ്തകത്തില്‍ ഉള്‍പ്പെടത്തിയിട്ടുണ്ട്.

1957ല്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സംസ്ഥാനത്ത് വന്‍തോതില്‍ സാമ്പത്തിക, രാഷ്ട്രീയ പരിഷ്‌ക്കരണങ്ങള്‍ക്ക് തുടക്കം കുറിച്ചു. എന്നാല്‍ സ്‌കൂളുകളില്‍ മഹാത്മാ ഗാന്ധിയുടെ പടങ്ങള്‍ക്ക് പകരം മാര്‍ക്‌സും ലെനിനും ഇടംപിടിച്ചതടക്കമുള്ള മാറ്റങ്ങള്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് പിടിച്ചില്ല. ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ് അതെല്ലാമെന്ന നിലയ്ക്ക് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ലെങ്കിലും ഇന്ദിര ഇതിനെ എതിര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് തന്റെ സുഹൃത്ത് ദൊറോത്തി നോര്‍മന് ഇന്ദിര അയച്ച കത്തില്‍ പറയുന്ന ഭാഗങ്ങളും പുസ്തകത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

‘തുടക്കത്തില്‍ അദ്ദേഹം വളരെ നല്ല നായകത്വമാണ് നല്‍കിയതെങ്കില്‍ മുതിര്‍ന്ന സഹപ്രവര്‍ത്തകരുടെ കാഴ്ച്ചപ്പാടുകള്‍ക്ക് മേല്‍ ഏകാധിപത്യം പ്രയോഗിക്കാന്‍ അദ്ദേഹത്തിനാകുന്നില്ല. നിങ്ങള്‍ക്ക് അല്‍ഭുതം തോന്നും.. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധരാണെന്ന് നമ്മള്‍ കരുതുന്ന പല മന്ത്രിമാരും ഇപ്പോള്‍ കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു.’- കത്തില്‍ ഇന്ദിര പറയുന്നു.
കേരളത്തിലെ ഇഎംഎസ് മന്ത്രിസഭയെ അട്ടിമറിക്കാനുള്ള ഇന്ദിരയുടെ ശ്രമത്തിന് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിട്ടത്ത് സ്വന്തം കുടുംബത്തില്‍ നിന്നായിരുന്നു. തീന്‍ മൂര്‍ത്തി ഭവനിലെ വസതിയില്‍ പ്രഭാത ഭക്ഷണത്തിനിടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധി ഇതിന്റെ പേരില്‍ ഇന്ദിരയുമായി വഴക്കിട്ടു. ഇത് ശരിയല്ല, നീ ജനത്തിന് മേല്‍ അമിതാധികാരം പ്രയോഗിക്കുകയാണ്. നീ ഒരു ഫാസിസ്റ്റാണ്. ഫിറോസ് കുറ്റപ്പെടുത്തി. നിങ്ങളെന്നെ ഫാസിസ്റ്റ് എന്ന് വിളിക്കുമല്ലേ.. ഞാനതെടുക്കില്ല എന്നും ആക്രോശിച്ച് പ്രാതല്‍ കഴിക്കുന്നിടത്ത് നിന്ന് ഇന്ദിര ഇറങ്ങിപ്പോയെന്നും ബെര്‍ടില്‍ ഫോക്ക് പുസ്തകത്തില്‍ പറയുന്നു.

കേരളത്തിലെ ഭരണം അട്ടിമറിക്കാനുള്ള ഇന്ദിരയുടെ നീക്കം ഫിറോസ് ഗാന്ധി പുറത്തും ഉന്നയിച്ചു. എവിടെയാണ് കോണ്‍ഗ്രസിന്റെ ആദര്‍ശം. നമ്മള്‍ തന്നെ ഉണ്ടാക്കിയ ജാതി കോമരങ്ങളുടെ ഇംഗിതത്തിന് അനുസരിച്ചാണോ നമ്മള്‍ പോകുന്നത്. അദ്ദേഹം ചോദിച്ചു. എന്നാല്‍ ഈ രാഷ്ട്രീയ പോരില്‍ ഇന്ദിര വിജയിച്ചു. ലോകത്തിലെ തന്നെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച് കേരളത്തില്‍ നെഹ്‌റു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.
ഇന്ദിര-ഫിറോസ് ബന്ധത്തിലും കേരളത്തിലെ പ്രശ്‌നങ്ങള്‍ വിള്ളല്‍ വീഴ്ത്തിയെന്നും പുസ്തകം പറയുന്നു. 1960 സെപ്തംബര്‍ ഏഴിന് ഫിറോസ് ഗാന്ധി ഡല്‍ഹിയില്‍ മരണപ്പെട്ടു.

പത്തു വര്‍ഷത്തിലേറെ നീണ്ട ഫീല്‍ഡ് വര്‍ക്കിലൂടെയും ഗവേഷണങ്ങളിലൂടെയുമാണ് ഫോക്ക് തന്റെ പുസ്തകം തയ്യാറാക്കിയത്. ഇന്ദിരയുടെയും ഫിറോസിന്റെയും നിരവധി സഹപ്രവര്‍ത്തകരെ അഭിമുഖം നടത്തി വിവരങ്ങള്‍ ശേഖരിച്ചു. ഫിറോസ് ഗാന്ധി നെഹ്‌റുവിന്റെ മരുമകന്‍, കോണ്‍ഗ്രസ് എംപി എന്നതിലുപരി അപ്രഖ്യാപിത പ്രതിപക്ഷ നേതാവായിരുന്നുവെന്നാണ് ഫോക്ക് പറയുന്നത്. സാമ്പത്തിക കെടുകാര്യസ്ഥതയിലും രാഷ്ട്രീയ അമിതാധികാര പ്രയോഗത്തിലും ഫിറോസ് നെഹ്‌റു സര്‍ക്കാരിനെ എതിര്‍ത്തിരുന്നുവെന്നും പുസ്തകത്തില്‍ ഫോക്ക് പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും