സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്വാധ്വി പ്രഗ്യാ സിങ് താക്കൂറിന് ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലഃ കേന്ദ്ര സർക്കാർ

വിമെന്‍പോയിന്‍റ് ടീം

മാലേഗാവ് സ്ഫോടനകേസില്‍ സ്വാധ്വി പ്രഗ്യാ സിങ് താക്കൂറിന് ജാമ്യം അനുവദിക്കാന്‍ അനുകൂല നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രഗ്യാ സിങ് താക്കൂറിന് ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ബോംബൈ ഹൈക്കോടതിയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറിയിച്ചു. കേസ് നേരത്തേ അന്വേഷിച്ച മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് മേധാവിയായിരുന്ന ഹേമന്ത് കര്‍ക്കരെ സാധ്വിക്കും കൂട്ടര്‍ക്കുമെതിരെ കണ്ടെത്തിയ തെളിവുകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ് ഇവരെ കുറ്റവിമുക്തരാക്കുന്ന നിലപാടാണ് എന്‍ഐഎ മുന്‍പുതന്നെ സ്വീകരിച്ചത്. 

ജസ്റ്റിസ് രഞ്ജിത്ത് മോരെ, ജസ്റ്റിസ് ശാലിനി ഫന്‍സാല്‍ക്കാര്‍ ജോഷി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിനുമുന്നില്‍ എന്‍ഐഎയ്ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് ആണ് നിലപാട് അറിയിച്ചത്. 

ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് സ്ഫോടനത്തില്‍ പരിക്കേറ്റ നിസാര്‍ അഹമ്മദ് സൈദ് ബിലാല്‍ എന്നയാള്‍ ഇടപെടല്‍ ഹര്‍ജി നല്‍കാന്‍ അനുവാദം തേടി. ഇത് തള്ളിയ കോടതി ആദ്യം കേസ് അന്വേഷിച്ച തീവ്രവാദ വിരുദ്ധ സ്ക്വാഡിനും എന്‍ഐഎയ്ക്കും മുന്നില്‍ ഹാജരായ എല്ലാ സാക്ഷികളുടെയും മൊഴികള്‍ ഹാജരാക്കാനും എന്‍ഐഎയോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വാദം കേള്‍ക്കുന്നത് നവംബര്‍ 29ലേക്ക് കോടതി മാറ്റിവെച്ചു. ഇവര്‍ മുന്‍പ് എന്‍ഐഎ സ്പെഷ്യല്‍ കോടതിയിലും ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജി നല്‍കിയിരുന്നു.

പ്രഗ്യാ സിങ് താക്കൂറിന് ജാമ്യം നല്‍കുന്നതിന് തടസമില്ലെന്ന് എന്‍ഐഎ ജൂണ്‍ ഏഴിന് എന്‍ഐഎ പ്രത്യേക കോടതിയെ അറിയിച്ചിരുന്നു. ചാര്‍ജ്ഷീറ്റ് പ്രകാരം പ്രഗ്യാ സിങ് താക്കൂറിനെതിരെ കേസുകള്‍ ഒന്നും എടുത്തിട്ടില്ലെന്നും എന്‍ഐഎ അറിയിച്ചു. എന്നാല്‍ ജാമ്യാപേക്ഷ എന്‍ഐഎ പ്രത്യേക കോടതി തള്ളി. തുടര്‍ന്ന് മെയ് 13ന് എന്‍ഐഎ അനുബന്ധ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു. പ്രഗ്യാ സിങിനും മറ്റ് അഞ്ച് പേര്‍ക്കും എതിരെ ചുമത്തിയ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യം നിയന്ത്രണ (മക്കോക്ക) നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ ഒഴിവാക്കിയാണ് അനുബന്ധ ചാര്‍ജ് ഷീറ്റ് നല്‍കിയത്.

സ്ഫോടനത്തിനുപയോഗിച്ചത് പ്രഗ്യാ സിങിന്റെ മോട്ടോര്‍ സൈക്കിളാണെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് 2009ല്‍  നല്‍കിയ ചാര്‍ജ് ഷീറ്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ തെളിവുകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ് ഇവരെ കുറ്റവിമുക്തരാക്കുന്ന നിലപാടാണ് എന്‍ഐഎ സ്വീകരിച്ചത്.

2008ല്‍ സെപ്തംബര്‍ 29ന് നടന്ന സ്ഫോടനത്തില്‍ നാല് മുസ്ളിങ്ങള്‍ മരിക്കുകയും 79 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹിന്ദു തീവ്രവാദികളായിരുന്നു സ്ഫോടനത്തിനുപിന്നില്‍.സ്ഫോടനം നടത്തിയത് മുസ്ളീങ്ങളാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഹേമന്ദ് കര്‍ക്കരയുടെ നേതൃത്വത്തില്‍ ഭീകരവാദ വിരുദ്ധ സ്ക്വാഡ് നടത്തിയ അന്വേഷണത്തില്‍ ഹിന്ദു തീവ്രവാദികളാണ് സ്ഫോടനം നടത്തിയതെന്ന് കണ്ടെത്തി. തുടര്‍ന്ന് സ്വാധി പ്രഗ്യാ സിങ്ങ് താക്കൂര്‍, കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത് എന്നിവരടക്കം 12 പേര്‍ അറസ്റ്റിലായി.

മുബൈയിലെ 26/11 ഭീകരാക്രമണത്തില്‍ ഹേമന്ദ് കര്‍ക്കരെ കൊല്ലപ്പെട്ടതോടെയാണ് അന്വേഷണം എന്‍ഐഎ പ്രത്യേകസംഘം ഏറ്റെടുത്തത്.

നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ മലേഗാവ് സ്ഫോടനക്കേസ് നടപടികളില്‍ മൃദു സമീപനം സ്വീകരിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ ശക്തമായ സമ്മര്‍ദ്ദമുണ്ടെന്ന് രോഹിണി സലിയന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു തയാറാകാത്തതോടെ, സംസ്ഥാന സര്‍ക്കാരിനുവേണ്ടി കേസില്‍ ഹാജരാകുന്നതില്‍നിന്ന് രോഹിണി സലിയനെ ഒഴിവാക്കിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും